Image

ചില പ്രാദേശിക വാര്‍ത്തകള്‍ (ഇക്കരെയക്കരെയിക്കരെ! -9) രാജു മൈലാപ്രാ

Published on 13 December, 2014
ചില പ്രാദേശിക വാര്‍ത്തകള്‍ (ഇക്കരെയക്കരെയിക്കരെ! -9)  രാജു മൈലാപ്രാ
“ഈ ചൊറി അങ്ങോട്ടു കരിയുന്നില്ല”- ശിവരാമന്റെ ഈ ചൊറിയും ഞാനും തമ്മില്‍ ദീര്‍ഘകാല ബന്ധമുണ്ട്- അയാള്‍ ഞങ്ങളുടെ അടുത്തുള്ള ഒരു ആശാരിയാണ്. കൈയിലൊരു കാലന്‍ കുട. കവിളു നിറയെ മുറുക്കാന്‍ തുപ്പല്‍. സോഡാ കണ്ണാടി മേല്‍പ്പോട്ടും കീഴ്‌പ്പോട്ടും ചലിപ്പി ച്ചിട്ട്് കാക്ക ചെരിഞ്ഞു നോക്കുന്നതുപോലെ നോക്കിയാണ് മൂന്നാലുപേര്‍ ഇരിക്കുന്ന കൂട്ടത്തില്‍ നിന്നും ശിവരാമന്‍ എന്നെ തിരിച്ചറിഞ്ഞത് -
“രാവിലെ എങ്ങോട്ടാ ശിവരാമ?”
“ഞാന്‍ ചുമ്മാ മുക്കിനു വരെ പോകാന്‍ ഇറങ്ങിയതാ- എത്ര നേരമെന്നു കണ്ടാ വെറുതേ വീട്ടില്‍ കുത്തിയിരിക്കുന്നത്? അപ്പോഴാണു ഗേറ്റു തുറന്നു കിടക്കുന്നതു കണ്ടത്- കാറും കണ്ടു. കണ്ട സ്ഥിതിക്ക് ഒന്നു കേറാതെ പോകുന്നതു ശരിയല്ലല്ലോ!” എത്ര സ്‌നേഹമുള്ള നാട്ടുകാരന്‍. “എന്തൊക്കെയാണു ശിവരാമ വിശേഷങ്ങള്‍?” -ഉത്തരം കിട്ടിയില്ലെങ്കിലും വലിയ കുഴപ്പമില്ലെന്നുള്ള മട്ടില്‍ ഞാനൊരു ഉഴപ്പന്‍ ചോദ്യം ചോദിച്ചു. “ഓ ഇപ്പം പണിക്കൊന്നും പോകാന്‍ വയ്യാ (ശിവരാമന്‍ unemployed ആയിട്ട് കുറഞ്ഞത് ഇരുപതു വര്‍ഷമെങ്കിലുമായിട്ടുണ്ടെന്നുള്ള കാര്യം എനിക്കറിയാം.) പിന്നെ പെണ്ണിനെ, കെട്ടിയോന്‍ വീട്ടില്‍ കൊണ്ടു നിര്‍ത്തിയിട്ടു ബാക്കിയുമായി ഇനി അങ്ങോട്ടു ചെന്നാല്‍ മതിയെന്നു പറഞ്ഞേച്ചാ പോയത്”- ശിവരാമന്റേത് ലേറ്റ് മാര്യേജ് ആയിരുന്നു. ആ ദാമ്പത്യവല്ലരിയില്‍ ഒരേയൊരു കുസുമമേ വിരിഞ്ഞുള്ളൂ. വളരെ കഷ്ടപ്പെട്ടാണ് അതിനെ പറഞ്ഞു വിട്ടത്. അതാണിപ്പോള്‍ ഒരു അഡീഷണല്‍ മെംബറുമായി തിരികെ ലാന്‍ഡു ചെയ്തിരിക്കുന്നത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്നു നിയമമുള്ള ഒരു രാജ്യത്താണ് ഇത്തരം സംഭവങ്ങള്‍ ദിനംപ്രതി അരങ്ങേറുന്നത്. ഇതിന്റെ പേരില്‍ എത്രയെത്ര പീഡനവും, കൊലപാതകവും, ആത്മഹത്യയും നിത്യേന നടക്കുന്നു.
കുറച്ചു ദിവസത്തേക്കു മുറുക്കുവാനുള്ള കൈമടക്കു കൊടുത്തപ്പോള്‍, കിഴുത്ത വീണ കാലന്‍കുടയും നിവര്‍ത്തി, തേഞ്ഞു തുടങ്ങിയ വള്ളിച്ചെരുപ്പില്‍ കയറി അയാള്‍ മൈലപ്രാ മുക്കിലേക്കു യാത്രയായി. ശിവരാമന്റെ ചൊറി ഒരിക്കലും കരിയാതിരിക്കട്ടെ!
ശിവരാമന്‍ പോയപുറകേ മറ്റൊരാള്‍ രംഗപ്രവേശം ചെയ്തു. മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു വ്യക്തി. എവിടെയോ കണ്ടു മറന്ന മുഖം- അന്തരിച്ച സിനിമാനടന്‍ അഗസ്റ്റിന്റെ ഒരു അകന്ന ഛായ. “ സാറേ! ഒന്നും വിചാരിക്കരുത്. ഒരത്യാവശ്യ കാര്യമുള്ളതുകൊണ്ടാണ് ഞാന്‍ രാവിലെ വന്നു ബുദ്ധിമുട്ടിക്കുന്നത്. എന്റെ മകന്‍ നേഴ്‌സിംഗിനു ബാംഗ്ലൂരില്‍-- “ഇത്രയും കേട്ടപ്പോള്‍ ഞാന്‍ അയാളോടു പറഞ്ഞു-” പറഞ്ഞതു മതി. ബാക്കി കഥ ഞാന്‍ പറയാം- മകന്‍ ബാംഗ്ലൂരില്‍ നേഴ്‌സിംഗിനു പഠിക്കുകയാ. ഫൈനല്‍ ഇയര്‍ പരീക്ഷ അടുത്താഴ്ചയാണ്. ഈയാഴ്ച ഫീസുകെട്ടി വെച്ചിലെങ്കില്‍ അവര്‍ പരീക്ഷക്ക് ഇരുത്തുകയില്ല. ഇന്നു വൈകുന്നേരത്തെ വോള്‍വോയില്‍ ഒരാള്‍ പോകുന്നുണ്ടു- അയാളുടെ കൈയ്യില്‍ കാശു കൊടുത്തു വിട്ടാല്‍ അവനു പരീക്ഷക്ക് ഇരിയ്ക്കാം- “ ഞാന്‍ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നീട് ഒരു നിമിഷം പോലും അവിടെ നില്‍ക്കാതെ, ഒന്നും മിണ്ടാതെ അയാള്‍ സ്ഥലം വിട്ടു. കഴിഞ്ഞ തവണയും ഇതേ ആവശ്യം പറഞ്ഞ് എന്നെ പറ്റിച്ചതാണ്. അന്നു അയാളുടെ കഥ കേട്ടപ്പോള്‍ എനിക്കു സന്തോഷവും അയാളെപ്പറ്റി മതിപ്പും തോന്നി. ഒരപ്പന്‍ തന്റെ മകന്റെ പഠിത്തത്തിനു വേണ്ടി - ഭാവിക്കു വേണ്ടി ഇത്രയധികം ത്യാഗം സഹിക്കുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അയാളെ സഹായിക്കുന്നതില്‍ എനിക്കു സന്തോഷമേ തോന്നിയുള്ളൂ. “ സാറു വന്നിട്ടുണ്ടെന്ന് തയ്യിലെ അച്ചനാ പറഞ്ഞത്. അച്ചന്റെ വീട്ടില്‍ കയറിയപ്പോള്‍, അച്ചനാണ് എന്നെ ഇങ്ങോട്ടു പറഞ്ഞു വിട്ടത്-” പിന്നീട് ഞാന്‍ അച്ചനെ കണ്ടപ്പോള്‍, അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്നും, അത് അവന്റെ സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളത്തരം പറഞ്ഞെങ്കിലും, അയാള്‍ക്ക് ഒന്നും കൊടുക്കുവാന്‍ പറ്റാത്തതില്‍ എന്റെയുള്ളില്‍ ചെറിയൊരു വിഷമമുണ്ടായി. നമ്മള്‍ നാട്ടിലെത്തുന്ന വിവരം, രാവിലെ തന്നെ അറിയേണ്ടവര്‍ അിറയും. ഇന്‍ഫമേഷന്‍ ടെക്‌നോളജി അത്രയധികം വളര്‍ന്നിരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ബാര്‍ബര്‍ തങ്കച്ചന്‍ വന്നു. അയാളെ കണ്ടയുടന്‍ കാറ്റു ജോയി ഒരു കസേരയെടുത്തു പോര്‍ച്ചിലിട്ടു-” രാജച്ചായന്‍ ഇനി ഇങ്ങോട്ടിരിക്ക്”- അവിടെ നടക്കുവാന്‍ പോകുന്ന കര്‍മ്മമെന്താണെന്നു അവനു നല്ല നിശ്ചയമുണ്ട്.
“മോനിന്നു വരുന്ന കാര്യം വിന്‍സെന്റു പറഞ്ഞു ഞാനറിഞ്ഞായിരുന്നു”- വിവരാവകാശ നിയമം ഉപയോഗിച്ച് അയാള്‍ എന്റെ വരവിനെക്കുറിച്ച് നേരത്തെ തന്നെ അിറഞ്ഞിരിക്കുന്നു.
എന്നു നാട്ടില്‍ ചെന്നാലും എന്റെ കഷണ്ടി കയറിത്തുടങ്ങിയ തലയില്‍ കൂടി കത്രിക ഒന്നു ചിലപ്പിച്ചു ചലിപ്പിക്കണമെന്നും, മുഖത്തു കത്തി വെയ്ക്കണമെന്നും തങ്കച്ചനു നിര്‍ബന്ധമാണ്. അത് അയാളുടെ അവകാശമാണ്. തങ്കച്ചന്റെ അപ്പന്‍ പാപ്പി മൂപ്പരായിരുന്നു ഞങ്ങളുടെ വീട്ടിലെ ആസ്ഥാന ബാര്‍ബര്‍- അന്നു പത്തനംതിട്ട വേണുഗോപാല്‍ ടാക്കീസിനു സമീപം 'സിലോണ്‍ ബാര്‍ബര്‍ ഷോപ്പ്” എന്നൊരു സ്ഥാപനമുണ്ടായിരുന്നു. തമിഴ് പേശുന്ന ബാര്‍ബറന്മാര്‍- അവിടെ കയറി, കറങ്ങുന്ന കസേരയിലിരുന്നു, കറങ്ങുന്ന ഫാനിന്റെ കാറ്റുകൊണ്ട്, കുരുവി കൂടു സ്റ്റൈലില്‍ മുടിവെട്ടിയ്ക്കണമെന്ന് എനിക്കുണ്ടായിരുന്ന ബാല്യകാലമോഹങ്ങള്‍ക്ക് , കോളേജില്‍ എത്തിയതിനുശേഷമാണ് ആഭ്യന്തര, ധനകാര്യ വകുപ്പുകളുടെ അനുമതി ലഭിച്ചത്.
“മോനെ! പണ്ടത്തെപ്പോലെ പണി ചെയ്യുവാനൊന്നും വയ്യാ- നാലു ബ്ലോക്കുണ്ടെന്നാ ഡോക്ടറന്മാരു പറയുന്നത്. ഓപ്പറേഷന്‍ ചെയ്യണമെങ്കില്‍ രണ്ടു ലക്ഷം രൂപാ കെട്ടി വെയ്ക്കണം. അതു വല്ലോം നടക്കുന്ന കാര്യമാണോ? ഇപ്പോള്‍ എല്ലാ മാസവും കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി ചെക്കപ്പു ചെയ്യണം. അവിടുന്നു കുറിച്ചു തരുന്ന മരുന്നു വാങ്ങിക്കണം. എല്ലാത്തിനും ഭയങ്കര ചിലവാ- “ തങ്കന്റെ കാര്യവും കഷ്ടത്തിലാണ്. “നാലു ബ്ലോക്കുണ്ടെങ്കില്‍ അതു അളന്നു തിരിച്ച് പ്ലോട്ടായി വില്‍ക്കരുതോ?” കാറ്റു ജോയിയുടെ കമന്റ് അയാള്‍ക്കിഷ്ടപ്പെട്ടില്ല.
“എടാ ജോയി- നിനക്കു പണിയൊന്നുമില്ലെങ്കില്‍ അപ്പുറത്തെങ്ങാനും പോയിരിക്ക്.”- തങ്കന്റെ കോപം എന്റെ മുഖത്ത് ഒരു ചെറിയ മുറിവായി രൂപാന്തരപ്പെട്ടു.
“മോന്‍ ഇനി എന്നത്തേക്കു പോകും”- ഉത്തരം അയാള്‍ ശ്രദ്ധിച്ചില്ലായെന്നു തോന്നുന്നു-” എന്നാപ്പിന്നെ ഞാന്‍ ഇറങ്ങുകാ- ഇന്നു ചന്ത ദിവസമല്ലായോ? കട നേരത്തെ തുറക്കണം” - കത്തിയും കത്രികയുമായി തങ്കനും യാത്രയായി.
സന്ധ്യമയങ്ങും നേരം, ഗ്രാമച്ചന്ത പിരിയും നേരം ഇരുട്ടിലൂടെ മറ്റൊരു ഇരുട്ടുപോലെ തോമ്മക്കുട്ടി, വെളുക്കെ ചിരിച്ചു കൊണ്ട് ആഗതനായി. “ ഇവിടുത്തെ തിക്കൊന്നു കഴിഞ്ഞിട്ടു കയറാമെന്നു കരുതി. അതാ വൈകിയത്” വൈകി എത്തിയ വിദ്യാര്‍ത്ഥി അദ്ധ്യാപകന്റെ മുന്‍പാകെ കാരണം ബോധിപ്പിക്കുന്നതുപോലെ , സന്ധ്യ കഴിഞ്ഞുള്ള സന്ദര്‍ശനത്തിനുള്ള വിശദീകരണം നല്‍കി.
കഴിഞ്ഞ തവണ കണ്ടപ്പോള്‍ തോമ്മാക്കുട്ടി ഒരു പീഡനക്കേസിലെ പ്രതിയായിരുന്നു. ഗാര്‍ഹിക പീഡനം - പ്രക്കാനംകാരി ഒരു പെണ്‍കുട്ടിയെ പൂര്‍ണ്ണമായും ബുദ്ധി വികസിക്കാത്ത അയാളുടെ മകനെക്കൊണ്ട് കല്യാണം കഴിപ്പിച്ചു. ഏക്കേതോ പൂക്കേതോ എന്നറിയാത്ത പയ്യന്‍സിനു ഉണ്ണണം ഉറങ്ങണം എന്നതല്ലാതെ മറ്റു ലൗകിക ചിന്തകളൊന്നുമുണ്ടായിരുന്നില്ല. അടുത്ത ദിവസം ഉയരമുള്ള മുരിക്കിന്‍ മരത്തില്‍ പടര്‍ന്നു കയറിയ കുരുമുളകു പറിക്കുവാന്‍ വേണ്ടി ഒരു മുള ഏണിയുമായി തോമ്മക്കുട്ടി പറമ്പിലേക്കിറങ്ങി- “മോളുടെ അപ്പച്ചന്റെ കൂടെ വാ- ഈ ഏണി ഒന്നു പിടിച്ചു തരാനാ- ഏണിവഴി മുകളിലോട്ടു പോയ അപ്പച്ചന്റെ അവസ്ഥ നോക്കുവാന്‍ മുകളിലോട്ടു നോക്കിയ മരുമകള്‍ ഞെട്ടിപ്പോയി. തൂങ്ങിക്കിടക്കുന്നത് കോണക വാലല്ലെന്നു മനസ്സിലാക്കിയ പെണ്‍കുട്ടി ഏണിയില്‍ നിന്നും പിടിവിട്ടു കരഞ്ഞു കൊണ്ടു വീട്ടിലേക്കോടി. പൊട്ടന്‍ ചെറുക്കനു സംഗതിയുടെ കിടപ്പുവശം പിടികിട്ടിയില്ല. വിശദീകരണത്തിനൊന്നും മിനക്കെടാതെ പെണ്ണു പെട്ടിയുമെടുത്തു പ്രക്കാനത്തേക്കു പാഞ്ഞു. അന്നു വൈകീട്ട് പ്രക്കാനത്തുനിന്നുമുള്ള ചില പ്രാദേശിക നേതാക്കള്‍ ലോക്കല്‍ തുക്കടാ ഗുണ്ടകളുമായി വന്നു തോമ്മക്കുട്ടിയെ എടുത്തിട്ടു ശരിക്കൊന്നു പെരുമാറി- അടുത്ത ദിവസം ഒരു പോലീസുകാരന്‍ വന്നു. അയാളെ സ്‌റേറഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോക്കപ്പിന്റെ ഇരുട്ടു മൂടിയ മുറിയില്‍ എന്തൊക്കെ അരങ്ങേറിയെന്നു ആര്‍ക്കറിയാം ?
“കേസൊക്കെ എത്തറ്റമായി തോമ്മാക്കുട്ടീ?”- അയാളോടു വര്‍ത്താമാനം പറഞ്ഞിരിക്കുന്നത് ഒരു രസമാണ്.
“കേസോ? പോകാന്‍ പറ. ഞാനിത് എത്ര കണ്ടതാ? ആ പെണ്ണിന് ഏതാണ്ട് ഇമിപ്പിന്റെ സോക്കേടായിരുന്നു. അവള്‍ക്കു പ്രക്കാനത്തു ചില ചില്ലറ ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നെന്നാ കേട്ടത്. അഥവാ അവളു വല്ലോം കണ്ടാല്‍ത്തന്നെ, അത് അത്ര വലിയ ആനക്കാര്യമാണോ? ഇതൊക്കെയെന്താ ആരും കാണാത്തതാണോ?” - അയാള്‍ കുറ്റത്തിന്റെ ഗൗരവം ലഘൂകരിച്ചു.
“ഇപ്പോള്‍ പയ്യന്‍ എന്തു ചെയ്യുന്നു ?”
“ആ പിശാചു പോയിക്കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോള്‍, ചെറുക്കനെക്കൊണ്ടു ഞാന്‍ വേറെ പെണ്ണു കെട്ടിച്ചു. പൊന്നുംകുടം പോലത്തൊരു ഒരു പെണ്‍കൊച്ച്- അതൊക്കെ പോട്ടേ! എത്ര നാളത്തേക്കാ അവധി.
“ഇത്തവണ രണ്ടു മൂന്നു മാസം കഴിഞ്ഞേ പോകുന്നുള്ളൂ-”
“അതു ഏതായാലും നന്നായി. നിങ്ങളൊക്കെ വരുമ്പോഴെ ഒരു ആനന്ദവും, ഉല്ലാസവും, ആഹ്‌ളാദവുമൊക്കെയുള്ളൂ. അയാള്‍ പതിയെ സോപ്പു പതപ്പിക്കുവാന്‍ തുടങ്ങി.
“വീട്ടില്‍ ഇപ്പോള്‍ ആരൊക്കെയുണ്ട്?”
“ഓ- എന്നാ പറയാനാ? ആ മുടിഞ്ഞ കെട്ടിയവളും, പിന്നെ ചെറുക്കനും അവന്റെ പെണ്ണുംപിള്ളേം!”
“ഭാര്യയെന്താ വഴക്കൊക്കെ ഉണ്ടാക്കുമോ ?”
“എന്നോടു വഴക്കിനു വന്നാല്‍ അവടെ ചെവിക്കുറ്റി ഞാനടിച്ചു പൊട്ടിക്കും- ചതുക്കും മുതുക്കമായാലും അഹങ്കാരത്തിനൊരു കുറവുമില്ല. എന്നാ കൊണ്ടു കൊടുത്താലും ഒരു തൃപ്തിയില്ല- ഞാന്‍ വേലയെടുത്തു കിട്ടുന്ന കാശല്ലേയുള്ളൂ! ഉദ്യോഗം ഭരിക്കാന്‍ എനിക്കെന്താ പഠിത്തം വല്ലതുമുണ്ടോ?”
തോമ്മാക്കുട്ടിയുടെ എഡ്യുക്കേഷണല്‍ ബാക്ക് ഗ്രൗണ്ടിനെക്കുറിച്ച് എനിക്കതു വരെ യാതൊരു അിറവുമില്ലായിരുന്നു.- “എത്ര വരെ പഠിച്ചു” എന്നുള്ള എന്റെ ചോദ്യത്തിന് ദീര്‍ഘമായ ഒരു മറുപടിയാണു കിട്ടിയത്.
“മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ വെച്ചാണ് പഠിത്തം നിര്‍ത്തിയത്. മിക്കവാറും ഒന്നും കഴിക്കാതെയാണ് പള്ളിക്കൂടത്തില്‍ പോകുന്നത്. ഒരിക്കല്‍ വശന്നു പൊരിഞ്ഞു സ്‌കൂളില്‍ നിന്നും വന്നപ്പോള്‍ വീട്ടില്‍ കഞ്ഞിവെള്ളം പോലുമില്ല. വയറു വിശന്നു കത്തുന്നു. സങ്കടവും വിശപ്പും സഹിക്കാതെ വന്നപ്പോള്‍ ഞാന്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കരഞ്ഞു. അന്നേ എനിക്കു തെറി പറയുവാന്‍ നല്ല കഴിവുണ്ടായിരുന്നു” - അഭിമാനത്തോടെ തോമ്മാക്കുട്ടി തുടര്‍ന്നു- “ഇതൊക്കെ കണ്ടും കേട്ടും വരാന്തയിലിരുന്നു അപ്പന്‍, മുറ്റത്തു കിടന്ന ഒരു പത്തല്‍ എടുത്തു എന്നെ തലങ്ങും വിലങ്ങും അടിച്ചു. ഇനി അവിടെ നിന്നിട്ടു കാര്യമില്ലെന്നു മനസ്സിലായി. പത്തു പിള്ളേരാണു കൂര നിറയെ. അപ്പനാണെങ്കില്‍ സൃഷ്ടികര്‍മ്മമല്ലാതെ മറ്റു പണിയൊന്നുമുണ്ടായിരുന്നില്ല. പിന്നെ മൂത്ത ചേട്ടന്മാരു വല്ലപ്പോഴും വേലക്കു പോയി കിട്ടുന്ന കാശു കൊണ്ടാ വല്ലപ്പോഴും അടുപ്പില്‍ തീ കത്തിയത്”- തോമ്മാക്കുട്ടിയുടെ കണ്ഠമിടറി- ഒരു മിനിറ്റ് മൗനമായി ഇരുന്ന ശേഷം, ഉരുണ്ടുകൂടി ഒരു കണ്ണീര്‍ക്കണം തുടച്ചതിനുശേഷം വീണ്ടും കഥയുടെ രണ്ടാം ഭാഗം തുടര്‍ന്നു.
“വീട്ടില്‍ നിന്നുമിറങ്ങി നടന്നു നടന്നു ഞാന്‍ കുമ്പഴ വടക്കെത്തി. അപ്പോള്‍ നമ്മുടെ അട്ടച്ചാക്കലെ റമ്പാച്ചന്‍ പള്ളിമുറ്റത്തു നില്‍ക്കുന്നു. വരുന്നതുവരട്ടെ എന്നു കരുതി ഞാനങ്ങോട്ടു കയറിച്ചെന്നു. 'എന്തിനാടാ കരയുന്നത്? ' എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. കൂടുതല്‍ വിശദീകരിക്കാനൊന്നും നില്‍ക്കാതെ 'വിശന്നിട്ടാണെന്നു' മാത്രം ഞാന്‍ പറഞ്ഞു. 'നീ അടുക്കളയിലോട്ടു ചെല്ല്'- അവിടെ വല്ലോം കാണും”—- അടുക്കളയില്‍ ചെന്നപ്പോള്‍ കുശിനിക്കാന്‍ ചാക്കോച്ചേട്ടന്‍ 'എന്തവാടാ ചെറുക്കാ നിന്നു മോങ്ങുന്നത് എന്നു ചോദിച്ചിട്ടു വയറു നിറയെ കഞ്ഞി തന്നു. കഞ്ഞികുടി കഴിഞ്ഞപ്പോള്‍ നല്ല സുഖം. ഞാന്‍ അടുക്കളയിലെ തണുത്ത സിമിന്റു തറയില്‍ കിടന്നു. റമ്പാച്ചന്‍ അങ്ങോട്ടു കയറി വന്നു എന്നോടൊരു ചോദ്യം, 'വയറു നിറഞ്ഞോടാ ?'-
'നിറഞ്ഞു തിരുമേനി- ഞാന്‍ താഴ്മയോടെ കൈകൂപ്പി പറഞ്ഞു.
'എന്നാല്‍ നീ ആ പറമ്പില്‍ പോയി കുറേ പുല്ലു പറിച്ച് ആ പശുക്കള്‍ക്ക് കൊടുക്ക് - അതങ്ങള്‍ക്കും വിശപ്പു കാണും- പണിയെടുക്കാതെ മറ്റുള്ളവര്‍ തരുന്ന ആഹാരം കഴിച്ചു ശീലിക്കരുത്. - എന്റെ രാജു മോനേ!'- തോമ്മാക്കുട്ടീ കൈനീട്ടി എന്റെ കൈയ്യില്‍ പിടിച്ചു . 'അതില്‍പ്പിന്നെ ഇന്നുവരെ പണിയെടുക്കാതെ പത്തു പൈസാ ഞാനാരോടും വാങ്ങിച്ചിട്ടില്ല.'
തോമ്മാക്കുട്ടി അതിശയോക്തി കലര്‍ന്ന കഥകള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍, പുഷ്പ, അപ്പാന്‍, വിന്‍സെന്റ് , കാറ്റു ജോയി എന്നിവരാണ് ഓഡിയന്‍സ്-
“ശരിയല്ലിയോടാ കുണ്ടുമോനോ ?”
“ജോയി നീ ഓര്‍ക്കുന്നുണ്ടോ ?”
“വിന്‍സെന്റ് കണ്ടതല്ലാരുന്നോ ?”
എന്ന ചില ചോദ്യങ്ങളിലൂടെ കഥകളുടെ നിജസ്ഥിതി ഉറപ്പിച്ചു കൊണ്ടിരുന്നു-
“നേരം ഒത്തിരിയായി. ഞാനിറങ്ങുകാ”-
“ശരി- പിന്നെക്കാണാം” ഞാന്‍ പച്ചക്കൊടി കാണിച്ചു.
“എന്നാല്‍ നമുക്ക് ഒരു മിനിറ്റൊന്നും പ്രാര്‍ത്ഥിക്കാം”- തോമ്മാക്കുട്ടി ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചപ്പോള്‍ ഞാന്‍ നിന്ന ഭൂമി ഒന്നു കുലുങ്ങി.
എന്റെ മുന്നില്‍ നില്‍ക്കുന്നത് തോമ്മാക്കുട്ടി തന്നെയാണെന്ന് കണ്ണു തിരുമ്മിയടച്ചശേഷം, തുറന്നു നോക്കി ഞാനുറപ്പു വരുത്തി.
'ഞങ്ങളുടെ സര്‍വ്വവശക്തനായ കര്‍ത്താവേ!'
ഇന്നു ഈ ഭവനത്തില്‍ വരുവാനും, കുഞ്ഞുങ്ങളെ കാണുവാനും അവരോടൊപ്പം അങ്ങയെ സ്തുതിക്കുവാന്‍ ഇടയാക്കിയതിനും സ്‌ത്രോത്രം ചെയ്യുന്നു. ആരോഗ്യത്തോടുകൂടി അവര്‍ ഇവിടെ നിന്നും തിരിച്ചു പോകുവാന്‍ ഇടായക്കേണമേ….. സാധുക്കള്‍ക്ക് വാരിക്കോരി കൊടുക്കുന്ന ഈ ഭവനത്തിലെ അമേരിക്കയിലുള്ള മൂന്നു കുഞ്ഞുങ്ങളേയും അനുഗ്രഹിക്കണമേ! ('വാരിക്കോരി കൊടുക്കുന്ന' എന്ന ഭാഗം വന്നപ്പോള്‍ തോമ്മാക്കുട്ടി എന്നെ ഏറുകണ്ണിട്ടു നോക്കിയത് കണ്ടില്ലെന്നു ഞാന്‍ നടിച്ചു) പ്രാര്‍ത്ഥന ഏതാണ്ട് അഞ്ചു മിനിറ്റോളം നീണ്ടുനിന്നു. പ്രാര്‍ത്ഥനക്കു ശേഷം ഞാന്‍ തോമ്മാക്കുട്ടിക്കു പതിവുള്ള “കൈമുത്തു” കൊടുത്തു.
“മോനോ! ഇതുകൊണ്ടു തികയുകയില്ല- കുടിവെള്ളത്തിനൊക്കെ വില കൂടി. തന്നെയുമല്ല കടയടക്കുന്നതിനു മുന്‍പ് അവിടെയെത്തണമെങ്കില്‍ ഓട്ടോ പിടിച്ചു പോണം' -
അയാള്‍ വിശദമായി ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് കമ്മി നികത്തിക്കൊടുത്തപ്പോള്‍, വീണ്ടും വെളുക്കെ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞ തോമ്മാക്കുട്ടി ഇരുളില്‍ അലിഞ്ഞ് ഇല്ലാതായി
(തുടരും)
ഫോട്ടോ
1. ബാര്‍ബര്‍ തങ്കച്ചന്‍
2. തോമ്മാക്കുട്ടി
ചില പ്രാദേശിക വാര്‍ത്തകള്‍ (ഇക്കരെയക്കരെയിക്കരെ! -9)  രാജു മൈലാപ്രാചില പ്രാദേശിക വാര്‍ത്തകള്‍ (ഇക്കരെയക്കരെയിക്കരെ! -9)  രാജു മൈലാപ്രാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക