Image

പടിയിറങ്ങിയ ഒരു പ്രധാനമന്ത്രിയുടെ കുറ്റവിചാരണ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 16 March, 2015
പടിയിറങ്ങിയ ഒരു പ്രധാനമന്ത്രിയുടെ കുറ്റവിചാരണ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കുപ്രസിദ്ധമായ കല്‍ക്കരി കുംഭകോണത്തില്‍(2.86 ലക്ഷം കോടി രൂപ) പ്രതിയായി വിചാരണ ചെയ്യപ്പെടുവാന്‍ പോവുകയാണ് പ്രത്യേക സി.ബി.ഐ. കോടതിയുടെ തീരുമാനപ്രകാരം. ഇതിന്റെ പരിസമാപ്തി എന്തുതന്നെ ആയാലും എത്ര വര്‍ഷം കഴിഞ്ഞാലും ഇത് ഇന്ത്യയുടെ രാഷ്ട്രീയത്തേയും വ്യവസായത്തേയും പ്രകൃതി വിഭവത്തിന്റെ ഉപയോഗത്തേയും ഭരണ വ്യവസ്ഥിതിയേയും സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതുപോലൊരു വിചാര വിദേശ രാജ്യങ്ങളില്‍ സംഭവിച്ചാല്‍ അത്ഭുതത്തിന് അവകാശമില്ല. കാരണം ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഇവ സര്‍വ്വ സാധാരണമാണ്. അമേരിക്കയില്‍ സമീപകാല ചരിത്രത്തില്‍ റിച്ചാര്‍ഡ് നിക്‌സന്റേയും(വാട്ടര്‍ ഗേറ്റ്) ബില്‍ക്ലിന്റേയും(മോനിക്ക ലിവന്‍സ്‌കി) വിചാരണകള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. ഇന്ത്യയില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ വിരളമായിട്ടാണ് കോടതി മുറിയില്‍ എത്തുന്നത്. പ്രതികളായി. അതുകൊണ്ട് ഇതിനു മുമ്പ് ഒരു മുന്‍ പ്രധാനമന്ത്രിയും പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ലെന്ന് അര്‍ത്ഥമില്ല. ഇന്ദിരാ ഗാന്ധിയും  രാജീവ് ഗാന്ധിയും പി.വി. നരസിംഹ റാവുവും പ്രതികളായിട്ടുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കവേ തന്നെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തെ തുടര്‍ന്ന് കോടതിയില്‍ എത്തിയിട്ടുണ്ട്. 1975 ജൂണ്‍ 12ന് അലഹാബാദ് ഹൈക്കോടതി റായ് ബറേലിയില്‍ നിന്നും ഉള്ള ഇന്ദിരാ ഗാന്ധിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കുകയുണ്ടായി. ആറു വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഇന്ദിരാ ഗാന്ധിയെ അയോഗ്യയും ആക്കി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജി വെയ്‌ക്കേണ്ട അവസ്ഥയും സംജാതമായി. എന്നാല്‍ സുപ്രീം കോടതി(ജസ്റ്റിസ് വി.ആര്‍ കൃഷ്ണ അയ്യരുടെ ബെഞ്ച്) അലഹബാദ് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യുകയും ഇന്ദിരാഗാന്ധിയെ പാര്‍ലമെന്ററി നടപടികളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുകയും ചെയ്തു. പക്ഷെ വോട്ടവകാശം എടുത്തു കളഞ്ഞു. അത് ഒരു ചരിത്രം. രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തില്‍  നിന്നും വിരമിച്ച ശേഷം ബോഫേഴ്‌സ് പീരങ്കി കോഴകേസില്‍ പ്രതിയാക്കപ്പെട്ടു ഒരു സി.ബി.ഐ. കേസില്‍. പക്ഷെ അദ്ദേഹം മരിച്ചതിനാല്‍ വിചാരണയ്ക്ക് വിധേയനായില്ല. അടുത്തത് നരസിംഹ റാവു ആണ്. ഇദ്ദേഹം മൂന്ന് കേസുകളില്‍ പ്രതി ആയിരുന്നു, ഒരു മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍. ഒന്ന്, ജെ.എം. കോഴക്കേസ്. രണ്ട്, ലഖു ഭായ് പാഠക്ക് വഞ്ചനാ കേസ്. മൂന്ന്, സെന്റ് ക്വിറ്റസ് കള്ളപ്രമാണ കേസ്. ഇതില്‍ ജെ.എം.എം. കോഴ കേസില്‍ അദ്ദേഹത്തെ മൂന്ന് വര്‍ഷത്തേയ്ക്ക് കോടതി ശിക്ഷിച്ചെങ്കിലും ഡല്‍ഹി ഹൈക്കോടതി വെറുതെ വിട്ടു. ലഘുഭായ് പാഠക്ക് വഞ്ചനാകേസില്‍ അദ്ദേഹത്തിനെതിരെ കുറ്റപത്രം കോടതി തയ്യാറാക്കിയെങ്കിലും പിന്നീട് പരാതിക്കാരന്റെ മരണത്തെ തുടര്‍ന്ന് വെറുതെ വിട്ടു. അതുപോലെ തന്നെ സെന്റ് ക്വിറ്റ്‌സ് കള്ളപ്രമാണ നിര്‍മ്മാണകേസിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ റാവുവിനെ വെറുതെ വിടുകയാണ് ഉണ്ടായത്. ഈ കേസുകള്‍ എല്ലാം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ മാറ്റി മറിച്ചവയാണ്.

മന്‍മോഹന്‍ സിങ്ങ് കല്‍ക്കരി കുംഭകോണ കേസില്‍ പ്രതിയായി കോടതിയില്‍ എത്തുന്നത് പത്ത് നീണ്ട വര്‍ഷക്കാലത്തെ അന്വേഷണത്തിന്റെയും ന്യായാലയത്തിന്റെ ഇടപെടലിന്റെയും അവസാനമാണ്. അദ്ദേഹത്തിന് എതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിനെതിരെ വിചാരണ ചെയ്യപ്പെടേണ്ടതായി തെളിവുകള്‍ ഒന്നും ഇല്ലെന്നും സി.ബി.ഐ. കോടതി മുന്‍പാകെ ബോധിപ്പിച്ചു എങ്കിലും കോടതി അത് സ്വീകരിക്കുക ഉണ്ടായില്ല. സി.ബി.ഐ.യോട് കേസ് വീണ്ടും പരിശോധിക്കുവാനാണ് കോടതി ആവശ്യപ്പെട്ടത്. അവസാനം മാര്‍ച്ച് പതിനൊന്നാം തിയ്യതി സിങ്ങിനെ പ്രതി ആക്കി വിചാരണ ചെയ്യുവാനും കോടതി തീരുമാനിച്ചു. കോടതിയുടെ അഭിപ്രായ പ്രകാരം പ്രധാനമന്ത്രിയും കല്‍ക്കരി വകുപ്പ് മന്ത്രിയും ആയിരുന്ന സിങ്ങ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനമായ നെയ് വേലി ലിഗ് നൈറ്റ് കോര്‍പ്പറേഷന് നല്‍കുവാനിരുന്ന താലബിര-രണ്ട് കല്‍ക്കരിപാടം കുമാരമംഗലം ബിര്‍ളയുടെ ഹിന്റല്‍കോയ്ക്ക് നല്‍കിയത്. ഇതില്‍ കുറ്റകരമായ ഗൂഢാലോചന, വിശ്വാസ വഞ്ചന, അഴിമതി എന്നിവ ഉണ്ടെന്നാണ് കോടതിയുടെ നിലപാട്. മാത്രവുമല്ല പ്രഥമ ദൃഷ്ട്യാ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും അനാവശ്യമായ താത്പര്യം കാണിച്ചു എന്നും ആരോപിക്കപ്പെടുന്നു. 

ഇത് വളരെ ഗുരുതരമായ ഒരു ആരോപണം ആണ്. കാര്യം ശരിയാണ് സിങ്ങ് സത്യസന്ധനായ ഒരു പ്രധാനമന്ത്രി ആയിരുന്നു. അദ്ദേഹം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികല്‍ പോലും ആരോപിക്കുന്നില്ല. പക്ഷെ ഇവിടെ ചോദ്യം എന്തുകൊണ്ട് 2 ജി സ്‌പെക്ട്രം അഴിമതിയും(1.76 ലക്ഷം കോടി രൂപ) കല്‍ക്കരിപാട കുംഭകോണവും സംഭവിച്ചു എന്നതാണ്. ശരിയായിരിക്കാം, മന്‍മോഹന്‍ സിങ്ങ് വ്യക്തിപരമായി ഇവയില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടാവില്ല. പക്ഷെ എന്തുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ഇവ സംഭവിച്ചു? അദ്ദേഹത്തിന്റെ കഴിവ് കേടിനെ അല്ലേ അത് ചൂണ്ടി കാണിക്കുന്നത്? ഓര്‍മ്മിക്കണം. കല്‍ക്കരി കുംഭകോണം നടക്കുമ്പോള്‍ അദ്ദേഹം പ്രധാനമന്ത്രി മാത്രമല്ല കല്‍ക്കരി വകുപ്പിന്റെ മന്ത്രി കൂടി ആയിരുന്നു. കോടതി ചൂണ്ടി കാട്ടിയത് പോലെ അദ്ദേഹം ഈ വകുപ്പ് സ്വന്തമായി സൂക്ഷിച്ചത് സംശയാസ്പദം ആണ്. പ്രധാനമന്ത്രിയ്ക്ക് കല്‍ക്കരി വകുപ്പിന്റെ ഓരോ ഫയലും വ്യക്തിപരമായിട്ട് പരിശോധിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അദ്ദേഹം എന്തിന് ഈ ഭാരിച്ച ചുമതല സ്വയം ഏറ്റെടുത്തു? മന്‍മോഹന്‍ സിങ്ങ് എന്ന പ്രധാനമന്ത്രിയുടെ തൊപ്പിയിലെ പരാജയത്തിന്റെ രണ്ട് തൂവല്‍ ചിഹ്നങ്ങള്‍ ആണ് 2 ജി സ്‌പെക്ട്രവും കല്‍ക്കരി കുംഭകോണങ്ങളും. 2 ജി സ്്‌പെക്ട്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് അത് കൂട്ടുകക്ഷി ഭരണത്തിന്റെ നിര്‍ബന്ധങ്ങളുടെ ഭാഗമാണ് എന്നാണ്. അതായത് കൂട്ടു കക്ഷി ആയ ഡി.എം.കെ. ആണ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം കൈകാര്യം ചെയ്തിരുന്നത്. അപ്പോള്‍ അതില്‍ അഴിമതി നടന്നാലും ഗവണ്‍മെന്റിന്റെ സ്ഥിരതയ്ക്കായി സഹിച്ചേ പറ്റുകയുള്ളൂ. ഇത് ഒരു വാദവുമല്ല മിസ്റ്റര്‍. സിങ്ങ്. ഇനി ആര്‍ക്ക് വേണ്ടി ആരാണ് നെയ് വേലി ലിഗ് നൈറ്റ് കോര്‍പ്പറേഷനെ തഴഞ്ഞ് ബിര്‍ളയുടെ ഹിന്റല്‍ കോയെ തുണച്ചത്? ഇതില്‍ പ്രധാനമന്ത്രിയുടെ റോള്‍ എന്താണ്? മന്‍മോഹന്‍ സിങ്ങ് മാന്യനും സാത്വികനും ആണെന്ന് പറഞ്ഞാലൊന്നും അത് വിലപോവുകയില്ല. അദ്ദേഹം കാര്യപ്രാപ്്തി ഇല്ലാത്തവനും ദുര്‍ബലനും ആയ ഒരു ഭരണാധികാരി ആയിരുന്നു എന്ന് സമ്മതിക്കേണ്ടി വരും. അഴിമതിക്കാരും രാഷ്ട്രീയ കച്ചവടക്കാരും അങ്ങനെയുള്ള ഭരണാധികാരികളുടെ കീഴില്‍ തഴച്ച് വളരും. ദുര്‍ഭരണം അല്ലെങ്കില്‍ ഭരണം ഇല്ലായ്മ നടമാടും. അതാണ് മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ഇന്ത്യ അനുഭവിച്ചത്.

മന്‍മോഹന്‍ സിങ്ങ് തീര്‍ത്തും പരാജയപ്പെട്ട ഒരു മന്ത്രിയോ പ്രധാനമന്ത്രിയോ ആണെന്ന് ഇവിടെ വാദമില്ല. അദ്ദേഹം 1990 കളില്‍ നരസിംഹ റാവുവിന്റെ ഭരണകാലത്ത് സാമ്പത്തിക ഭരണ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച ധിഷ്ണാശാലിയായ ധനകാര്യ മന്ത്രിയാണ്. മുന്‍ ലോക ബാങ്ക് ഉദ്യോഗസ്ഥനും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും ആണ്. അദ്ദേഹത്തിന്റെ കഴിവിനേയോ പ്രതിഭയേയോ ഉദ്ദേശ ശുദ്ധിയേയോ സുതാര്യതയേയോ ദീര്‍ഘ വീക്ഷണത്തേയോ സത്യസന്ധതയേയോ ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ ആവുകയില്ല. പക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാജയം അദ്ദേഹം ഒരു രാഷ്ട്രീയക്കാരന്‍ അല്ല എന്ന് ഉളളതാണ്. രാഷ്ട്രീയ അടിത്തറ ഇല്ലാത്ത വ്യക്തി ആണ് എന്ന് ഉള്ളതാണ്. അങ്ങനെ ഉള്ളൊരു വ്യക്തിയ്ക്ക് ഇന്ത്യ പോലെ ലോകത്തിലെ ഏറ്റവും വലിയൊരു ജനാധിപത്യ രാജ്യം ഭരിക്കുവാന്‍ ആവുകയില്ല. രാഷ്ട്രീയത്തിന്റെ അതും കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ  ചുഴിയും ചതിയും അടിയൊഴുക്കുകളും ഉള്ളു കള്ളികളും മനസ്ിലാക്കുവാന്‍ സാധിക്കുകയില്ല. ഇതെല്ലാം മനസിലാക്കുവാന്‍ സാധിക്കുന്ന ഒരു ചാണക്യനു മാത്രമേ ഇന്ത്യയുടെ ഭരണ യന്ത്രം വിജയകരമായി തിരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതൊന്നും മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അങ്ങനെ ഉള്ളൊരു പ്രധാനമന്ത്രി അരങ്ങറിയാത്ത നടനെ പോലെ ആയിരിക്കും.

2004 ല്‍ ആണ് മന്‍മോഹന്‍സിങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയി ആദ്യം ചുമതല ഏറ്റെടുക്കുന്നത്. ജനവിധി സോണിയ ഗാന്ധിയ്ക്ക് പ്രധാനമന്ത്രി ആകുവാന്‍ അനുകൂലമായിരുന്നു. പക്ഷെ വിദേശ വനിത എന്ന മുദ്ര ഇപ്പോഴും എപ്പോഴും തന്റെ മേലുള്ള സോണിയ തന്ത്രപൂര്‍വ്വം പ്രധാനമന്ത്രിപദം ്അവിശ്വസനീയമായ തേജസ്സോടെ നിരാകരിച്ചു. പകരം മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രി ആക്കി. അന്ന് വേണമെങ്കില്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യനായ പ്രണാബ് മുഖര്‍ജിയെ തത്സ്ഥാനത്ത് പ്രതിഷ്ഠിക്കാമായിരുന്നു. പക്ഷെ സോണിയ അത് ചെയ്തില്ല. അതിന് പ്രധാനമായും രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, ഇന്ത്യയിലെ സിക്ക് മതസ്ഥരുടെ മനസ്സില്‍ ഉണങ്ങാത്ത ഒരു മുറിവായി 1984-ല്‍ കോണ്‍ഗ്രസ് നടത്തിയ സിക്ക് വിരുദ്ധ വംശീയ കലാപം  നിലകൊള്ളുന്നുണ്ടായിരുന്നു. സിക്കുകാരനായ മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി ആക്കുക വഴി സോണിയ സിക്ക് മത വിഭാഗക്കാരോട് പ്രായശ്ചിത്തം ചെയ്യുക ആയിരുന്നു. രാഷ്ട്രീയമായി അത് നല്ല ഒരു നീക്കവും ആയിരുന്നു. രണ്ട്, മന്‍മോഹന്‍ സിങ്ങ് രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത ഒരു നേതാവ് ആയതിനാല്‍ ഒരിക്കലും രാഹുല്‍ ഗാന്ധിയ്ക്ക് ഒരു ഭീഷണി ആവുകയില്ല. ഏത് നിമിഷം വേണമെങ്കിലും സോണിയ ആവശ്യപ്പെട്ടാല്‍ രാഹുലിന് വേണ്ടി മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രി പദം ഒഴിഞ്ഞ് കൊടുക്കും. പ്രണാബ് മുഖര്‍ജി ആണെങ്കില്‍ ഇത് സംഭവിക്കണമെന്ന് നിര്‍ബന്ധമില്ല. അപ്പോള്‍ സോണിയയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രി ആയതെന്ന് സാരം. മന്‍മോഹന്റെ ഭരണത്തില്‍ സോണിയയും രാഹുലും രഹസ്യമായും പരസ്യമായും ഇടപെട്ടിരുന്നു എന്നത്  പകല്‍ പോലെ ഒരു യാഥാര്‍ത്ഥ്യമാണ്. ശരിയാണ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് എന്ന നിലയിലും കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലും സോണിയയ്ക്കും രാഹുലിനും അതിനുള്ള അവകാശവും ഉണ്ട്. പക്ഷെ അത് ഒരിക്കലും ഭരണഘടനേതര അധികാര ഇടപെടല്‍ ആകരുത്. ഇവിടെ പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ചിലപ്പോള്‍ അവഹേളനപരവും. പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍. ഉദാഹരണമായി കുറ്റവാളികള്‍ക്ക്/ രാഷ്ട്രീയത്തില്‍ വിലക്ക് കല്‍പ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ശുദ്ധ അസംബന്ധം ആണെന്ന് പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ ഒരു പത്രസമ്മേളനത്തില്‍ ഇടിച്ച് കയറി വന്ന് അദ്ദേഹം പ്രസ്താവിച്ചത്. അദ്ദേഹം പറഞ്ഞ കാര്യം നൂറ് ശതമാനവും ശരി ആയിരുന്നു. പക്ഷെ അസംബന്ധം എന്നപദ പ്രയോഗം പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിന് തുല്യമായിരുന്നു. പിന്നീട് മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ ഒരിക്കല്‍ പറഞ്ഞ പോലെ സിങ്ങ് അന്ന് രാജി വയെക്കേണ്ടതായിരുന്നു. ഇങ്ങനെ ഒട്ടേറെ പോറലുകള്‍, പൊട്ടിത്തെറികള്‍ അന്തര്‍ നാടകങ്ങള്‍ കൊണ്ട് കലുഷിതമായിരുന്നു സിങ്ങിന്റെ ഭരണം.

ഏതായാലും സിങ്ങിനെ പ്രതി ആക്കി കൊണ്ടുള്ള അഴിമതി കേസ് അദ്ദേഹത്തിന് സംഭവിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയൊരു ദുരന്തമാണ്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ വ്യക്തി ചരിത്രം അറിയുമ്പോള്‍. ചരിത്രം അദ്ദേഹത്തെ എങ്ങനെ വിലയിരുത്തുമെന്ന് ആര്‍ക്കും അറിയില്ല. ഏതായാലും അഴിമതിക്കാരനായ ഒരു പ്രധാനമന്ത്രി ആയിട്ട് ചരിത്രം മന്‍മോഹന്‍ സിങ്ങിനെ വിലയിരുത്തുവാന്‍ സാധ്യത ഇല്ല. പക്ഷെ അദ്ദേഹത്തിന്റെ കാലത്ത് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ട് കുംഭകോണങ്ങള്‍- 2ജി സ്‌പെക്ട്രം, കല്‍ക്കരി പാടം- നടന്നെന്ന് തീര്‍ച്ചയായും ചരിത്രം വിധിയെഴുതും. ഇതില്‍ നിന്നും അദ്ദേഹത്തിന് പരിപൂര്‍ണമായും തടി ഊരുവാനും സാധിക്കുക ഇല്ല. കല്‍ക്കരി പാട കുംഭകോണത്തില്‍ അദ്ദേഹത്തെ കോടതി ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യാം. വകുപ്പുകള്‍ കുറ്റകരമായ ഗൂഢാലോചന(120 ബി.ഐ.പി.സി) കുറ്റകരമായ വിശ്വാസ വഞ്ചന(13(1) സി.ഐ.പി.സി.) അഴിമതി നിരോധന നിയമം(13(1)(d)(3) ആണ്. ഇതു പ്രകാരം ഏഴ് മുതല്‍ പത്ത് വരെ വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. പ്രായോഗിക തലത്തില്‍ ഇതൊന്നും സംഭവിക്കണമെന്ന് ഇല്ല. അല്ലെങ്കില്‍ സംഭവിക്കാന്‍ സാധ്യതയും ഇല്ല, സിങ്ങിന്റെ പദവിയും പ്രായവും വ്യക്തിപരമായ നില്‍പ്പും പരിഗണിച്ചാല്‍, പക്ഷെ ഇവിടെ അതല്ല പ്രശ്‌നം. സമുന്നതനായ ഒരു പ്രധാനമന്ത്രി ഒരു അഴിമതി കേസില്‍ പ്രതി ആയി വിചാരണ നേരിടുകയാണ്. അത് ഇന്ത്യയുടെ ജനാധിപത്യപരമായ നില്‍പ്പും പരിഗണിച്ചാല്‍ പക്ഷെ ഇവിടെ അതല്ല പ്രശ്‌നം. സമുന്നതായ ഒരു പ്രധാനമന്ത്രി ഒരു അഴിമതി കേസില്‍ ആയി വിചാരണ നേരിടുകയാണ്. അത് ഇന്ത്യയുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം നല്ലൊരു സംഭവവികാസം അല്ല. ഭരണ വ്യവസ്ഥയിലെ, രാഷ്ട്രീയത്തിലെ ചില പരാധീനതകളിലേയ്ക്ക് ആണ് ഇത് വിരല്‍ ചൂണ്ടുന്നത്.


പടിയിറങ്ങിയ ഒരു പ്രധാനമന്ത്രിയുടെ കുറ്റവിചാരണ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക