Image

ചിന്നക്കനാലില്‍ ഒരു രാത്രി (അഷ്‌ടമൂര്‍ത്തി)

Published on 04 April, 2015
ചിന്നക്കനാലില്‍ ഒരു രാത്രി (അഷ്‌ടമൂര്‍ത്തി)
ഗിരീഷ്‌ (പ്രശസ്‌ത തിരക്കഥാകൃത്ത്‌ കെ. ഗിരീഷ്‌കുമാര്‍) തന്റെ റെനോ സ്‌കാലയുമായി മിഥില റെസ്റ്റോറന്റിനരികെ കാത്തുനില്‍പ്പുണ്ടായിരുന്നു. വേണുവും (ഡോ.എ. വേണുഗോപാലന്‍) ഞാനും അവിടേയ്‌ക്ക്‌ എത്തിയതോടെ ഞങ്ങള്‍ യാത്ര തുടങ്ങി. അശോകന്‍ ചരുവില്‍ ആളൂരില്‍ കാത്തുനില്‍ക്കാമെന്നു പറഞ്ഞിട്ടുണ്ട്‌.

നിത്യ ഹളങ്ങള്‍ വിട്ട്‌ എവിടേയ്‌ക്കെങ്കിലും ഒന്നു പോവണമെന്ന്‌ ഗിരീഷ്‌ പറഞ്ഞു തുടങ്ങിയിട്ട്‌ മാസങ്ങളായിരുന്നു. ബോംബെയിലുള്ള വേണു ഒപ്പം വേണമെന്നു മാത്രമായിരുന്നു ഗിരീഷിന്റെ നിബന്ധന. വേണുവിന്റെ വരവും അശോകന്റെ ഒഴിവും ഗിരീഷിന്റെ ലീവും എല്ലാം ഒത്തു വന്നപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞുവെന്നു മാത്രം. കുംഭത്തിലെ ചൂടില്‍നിന്ന്‌ ഒരൊഴിഞ്ഞുമാറ്റം വേണമെന്നുള്ളതുകൊണ്ടാണ്‌ മൂന്നാര്‍ തിരഞ്ഞെടുത്തത്‌. ചിന്നക്കനാല്‍ എന്നു കേട്ടപ്പോള്‍ത്തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. എന്താണ്‌ അവിടെ കാണാനുള്ളത്‌? കുന്നുണ്ടോ? പുഴയുണ്ടോ? വെള്ളച്ചാട്ടമുണ്ടോ? വാട്ടര്‍തീം പാര്‍ക്കുണ്ടോ? ഏതു റിസോര്‍ട്ടാണ്‌ ബുക്‌ ചെയ്‌തിരിയ്‌ക്കുന്നത്‌? ഗിരീഷ്‌ എല്ലാം തീരുമാനിച്ചിരുന്നു. കോപ്പിയെഴുത്തു പോലെയുള്ള ഒരു യാത്രയല്ല ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്‌. തങ്ങുന്നത്‌ റിസോര്‍ട്ടിലല്ല. ചിന്നക്കനാലില്‍ ഗിരീഷിന്റെ സുഹൃത്ത്‌ മോഹനനുണ്ട്‌. മോഹനന്‍ അവിടെ കുടും മായി താമസിയ്‌ക്കുകയാണ്‌. ഉള്ളതു പങ്കിട്ട്‌ അവിടെ കൂടാം.

തച്ചങ്കരിയുടെ റിസോര്‍ട്ടിനു മുന്നില്‍ ഗിരീഷ്‌ വാഹനം നിര്‍ത്തി. മോഹനന്റെ വീട്‌ അവിടെനിന്ന്‌ നാലഞ്ചു കിലോമീറ്റര്‍ ഉള്ളിലാണ്‌. കാറ്‌ പോവില്ല. മോഹനന്‍ ജീപ്പുമായി വരും. കാടിന്റെ ഉള്ളില്‍ മൊബൈലിനു റേയ്‌ഞ്ച്‌ കിട്ടിയെന്നു വരില്ല. ഇനി കാട്ടില്‍നിന്നു പോരും വരെ വിളിയുണ്ടാവില്ല എന്ന്‌ വീട്ടുകാരെ വിളിച്ചു വിവരം കൊടുത്തു. നേരം ഉച്ചതിരിഞ്ഞിരുന്നു. മങ്ങിയ വെയില്‌. നേരിയ തണുപ്പുണ്ട്‌. മോഹനന്‍ എത്താന്‍ വൈകി. ആടിയുലഞ്ഞുകൊണ്ട്‌ ജീപ്പിലിരിയ്‌ക്കുമ്പോള്‍ കഴിഞ്ഞ തവണ അതിലൂടെ പോവുമ്പോള്‍ ആനയെ കണ്ടിരുന്നുവെന്ന്‌ ഗിരീഷ്‌ പറഞ്ഞു. ഇത്തവണ ആനയെയൊന്നും കാണാന്‍ സാദ്ധ്യതയില്ലെന്ന്‌ മോഹനന്‍ അറിയിച്ചു. രണ്ടു ദിവസം മുമ്പ്‌ കാടിനു പരക്കെ തീയിട്ടു. ഉണങ്ങിക്കരിഞ്ഞു നില്‍ക്കുന്ന ചെടികളും മരങ്ങളും കാണുന്നില്ലേ? ഇനി ഒരു മഴയ്‌ക്കു മുമ്പ്‌ പച്ചില തേടി ആനകള്‍ ഇവിടെ വരില്ല. തന്റെ വീട്ടിലേയ്‌ക്കു മാത്രമായുള്ള വഴിയിലൂടെ ജീപ്പോടിയ്‌ക്കുന്നതിനിടയില്‍ മോഹനന്‍ പറഞ്ഞു. ആനയിറങ്ങി ഡാമിന്റെ ജലസംഭരണിയുടെ തീരത്താണ്‌ മോഹനന്റെ താമസം. ഷീറ്റു മേഞ്ഞ ചെറിയ ഒരു വീട്‌. ചുറ്റും യൂക്കാലിപ്‌റ്റസ്‌ മരങ്ങള്‍. അവയ്‌ക്കിടയില്‍ അല്‍പം ഏലമുണ്ട്‌. വേറെ കൃഷിയൊന്നുമില്ല. ഈ യൂക്കാലിയുടെ ഇടയില്‍ ഒന്നും വളരില്ല, മോഹനന്‍ പറഞ്ഞു. ഉള്ള വെള്ളം മുഴുവന്‍ അത്‌ വലിച്ചെടുക്കും.

വൈദ്യുതി എത്തിയിട്ടില്ല. അത്യാവശ്യത്തിന്‌ ജനറേറ്ററുണ്ട്‌. ഭാര്യയ്‌ക്ക്‌ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിയ്‌ക്കാന്‍ വേണ്ടി മാത്രമേ അത്‌ ഉപയോഗിയ്‌ക്കാറുള്ളു. ഒരു മണിക്കൂര്‍ ഓടിയ്‌ക്കാന്‍ ഒരു ലിറ്റര്‍ ഡീസല്‍ വേണം. അത്‌ മോഹനനെ സംബന്ധിച്ച്‌ ധൂര്‍ത്താണ്‌. മക്കള്‍ റാന്തല്‍ വെളിച്ചത്തിലിരുന്നാണ്‌ പഠിയ്‌ക്കുക. ടിവി ഉണ്ടെങ്കിലും പ്രവര്‍ത്തിപ്പിയ്‌ക്കാറില്ല. വെള്ളം മാത്രം സൗജന്യമാണ്‌. മലമുകളില്‍നിന്ന്‌ പൈപ്പു വഴി എത്തിയ്‌ക്കുകയാണ്‌. മകള്‍ മേഘാമോഹന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിയ്‌ക്കുന്നു. മകന്‍ മേഘനാദന്‍ രണ്ടില്‍. അക്കരേയ്‌ക്ക മോഹനന്‍ തോണി കടത്തിക്കൊടുക്കും. അവിടെനിന്ന്‌ വീണ്ടും പോണം സ്‌കൂളിലേയ്‌ക്ക്‌. സ്‌കൂള്‍ ബസ്സുള്ളതുകൊണ്ട്‌ കുഴപ്പമില്ല. വൈകുന്നേരം സ്‌കൂള്‍ വിട്ടു വരും വഴി അച്ഛനെ കണ്ടില്ലെങ്കില്‍ കുട്ടികള്‍ രണ്ടു കിലോമീറ്റര്‍ കാടു താണ്ടി വീട്ടിലെത്തിക്കോളും. ഈശ്വരാ, ഇങ്ങനെയൊരു സ്ഥലമോ എന്ന്‌ അത്ഭുതപ്പെടുന്നതിനിടെ മറ്റൊരത്ഭുതം. മൊബൈല്‍ ഫോണുകളില്‍ എല്ലാത്തിലും നല്ല റേയ്‌ഞ്ച്‌! തച്ചങ്കരി റിസോര്‍ട്ടിന്റെ മുന്നില്‍ നിന്ന്‌ വീട്ടുകാരെ അവസാനത്തെ വിളിയെന്നു വിശേഷിപ്പിച്ചു ബന്ധപ്പെട്ടത്‌ വെറുതെയായി. ഉച്ചയൂണു കഴിഞ്ഞപ്പോള്‍ വൈകുന്നേരമായി. നേരം അധികം കളയാതെ കൊളുക്കുമലയുടെ അടുത്തുള്ള ടോപ്‌ സ്റ്റേഷനിലേയ്‌ക്ക്‌ ഒരു യാത്രയാവാമെന്നു വെച്ചു. ഞങ്ങള്‍ ഉത്സാഹത്തോടെ ജീപ്പില്‍ കയറി.

വഴി ഇത്ര ദുര്‍ഘടമാണെന്ന്‌ ഞങ്ങള്‍ സങ്കല്‍പ്പിച്ചതേയില്ല. വഴി എന്നു പറയാന്‍ തന്നെ ഒന്നുമില്ല. വലിയ കരിങ്കല്‍ക്കഷ്‌ണങ്ങളും മരത്തടികളും കല്ലുകളും പരന്നുകിടക്കുന്നു. ജീപ്പിന്റെ നാലു ചക്രങ്ങളും മണ്ണില്‍ തൊടുന്ന സമയമില്ല. എല്ലാവരുടെ ദേഹവും ഉലഞ്ഞുകൊണ്ടിരിയ്‌ക്കുകയാണ്‌. അശോകനും വേണുവും ഗിരീഷും നടുവേദനക്കാരാണ്‌. ജീപ്പിന്‌ അത്തരം പരിഗണനകളൊന്നുമില്ല. കീശയില്‍നിന്ന്‌ മൊബൈല്‍ ഫോണ്‍ തെറിച്ചു പോവാതിരിയ്‌ക്കാന്‍ ഇടത്തെ കൈകൊണ്ട്‌ കീശയും സ്വന്തം ദേഹം തന്നെ തെറിച്ചുപോവാതിരിയ്‌ക്കാന്‍ വലത്തെ കൈകൊണ്ട്‌ ജീപ്പിന്റെ ഉള്ളിലെ കമ്പിയിലും പിടിച്ച്‌ ഗിരീഷ്‌ അഭ്യാസിയേപ്പോലെ ഇരിയ്‌ക്കുന്നത്‌ കാണേണ്ട കാഴ്‌ചയായിരുന്നു. മോഹനന്‍ അതിലും വലിയ അഭ്യാസമാണ്‌ നടത്തുന്നത്‌. ചെറിയ ഒരു കൈപ്പിഴ കൊണ്ട്‌ ജീപ്പ്‌ കൊക്കയിലേയ്‌ക്കു മറിയാം. ജീവിതവും മരണവും മുഖാമുഖം നിന്ന നിരവധി മുഹൂര്‍ത്തങ്ങള്‍.മോഹനന്റെ ചിരിയ്‌ക്കുന്ന മുഖം മാത്രമായിരുന്നു ഞങ്ങള്‍ക്കുള്ള ആശ്വാസം. ടോപ്‌ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സന്ധ്യയായിരുന്നു. അവിടെനിന്ന്‌ കൊളുക്കുമല തൊട്ടടുത്തു കണ്ടു. പൊത്തിപ്പിടിച്ചു കേറണം. അത്‌ ഏതായാലും അടുത്ത തവണയാവട്ടെ എന്നു തീരുമാനിച്ച്‌ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി.

മോഹനന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. യൂക്കാലിപ്‌റ്റസ്‌ മരങ്ങള്‍ക്കിടയിലൂടെ സംഭരണിയിലെ വെള്ളം ഒരു തടാകം പോലെ തോന്നിച്ചു. ഇപ്പോള്‍ ആര്‍ക്കും യാത്രയുടെ ക്ഷീണം അനുഭവപ്പെട്ടില്ല. ആരും അതിരു വിട്ട്‌ ആഹ്‌ളാദിയ്‌ക്കണ്ട, എല്ലാം നാളെ അറിയാം എന്ന്‌ വേണു പറഞ്ഞു. ഒന്ന്‌ ഉറങ്ങിയു ണരുമ്പോഴാണല്ലോ ഇത്തരം കെടുതികള്‍ പുറത്തു വരിക.

കുംഭമാസത്തിലെ അരണ്ട നിലാവുണ്ട്‌. ആകാശത്ത്‌ നിറയെ നക്ഷത്രങ്ങള്‍. മേശപ്പുറത്തെ കമ്പിറാന്തല്‍ മങ്ങിയ വെളിച്ചം പൊഴിച്ചു. അമ്പതു വര്‍ഷം മുമ്പത്തെ ഒരു രാത്രിയായിരുന്നു ഞങ്ങള്‍ക്കത്‌. ഓര്‍മ്മകളില്‍ മാത്രം ബാക്കിയായ ഒരു രാത്രി. തണുപ്പുണ്ട്‌. അശോകന്‍ ഒരു ചുവന്ന ഷാള്‍ പുതച്ചാണിരിപ്പ്‌. വൈകുന്നേരത്തെ കുളി വേണ്ടെന്നു വെച്ച്‌ മുറ്റത്തേയ്‌ക്കിട്ട ചെറിയ മേശയ്‌ക്കു ചുറ്റും ഞങ്ങള്‍ ഇരുന്നു. ലോകത്തിലെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ കറുത്ത സായിപ്പ്‌ പീറ്റര്‍ സ്‌കോട്ട്‌ കൂട്ടിരുന്നു.

തിരു-കൊച്ചി ഭരണകാലത്ത്‌ പട്ടം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്നാറില്‍ വലിയ തോതില്‍ പട്ടയവിതരണം നടത്തി, അശോകന്‍ ചരിത്രം ചികഞ്ഞു. അഞ്ച്‌ ഏക്കറും അയ്യായിരം രൂപയും ആയിരുന്നു ഒരു കുടും ത്തിനു കൊടുത്തിരുന്നത്‌. ആന വീട്ടിലുണ്ടാവും എന്ന വാഗ്‌ദാനവും ഉണ്ടായിരുന്നുവത്രേ. വനങ്ങള്‍ കൃഷിയ്‌ക്ക്‌ ഉപയോഗയോഗ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ അതിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യവും ഉണ്ടായിരുന്നുപോല്‍. മൂന്നാറില്‍ തമിഴ്‌ വംശജരായിരുന്നു അധികം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിയ്‌ക്കാനുള്ള നീക്കം നടക്കുന്ന കാലമായിരുന്നു. കഴിയുന്നത്ര മലയാളികളെ കുടിയിരുത്തി മൂന്നാര്‍ കേരളത്തിന്റെ ഭാഗമായി നിലനിര്‍ത്താന്‍ പട്ടം താണുപ്പിള്ള നടപ്പാക്കിയ തന്ത്രമായിരുന്നു പോല്‍ അത്‌. അത്‌ ഏതായാലും ഫലം കണ്ടുവെന്നു തന്നെ കരുതണം. മൂന്നാര്‍ ഇപ്പോഴും കേരളത്തിലാണല്ലോ.ചര്‍ച്ചയ്‌ക്കിടയ്‌ക്കെപ്പോഴോ ഞങ്ങള്‍ക്കിടയില്‍നിന്ന്‌ ഊര്‍ന്നു പോയിരുന്ന മോഹനന്‍ അത്താഴം തയ്യാറായി എന്ന്‌ അറിയിച്ചു. മോഹനന്റെ കുട്ടികള്‍ ഉറക്കമായി എന്നുതോന്നുന്നു. അത്താഴം കഴിഞ്ഞ്‌ ഏറെ വൈകാതെ ഞങ്ങളും ചകലാസ്സിനുള്ളിലേയ്‌ക്ക്‌ ചുരുണ്ടു കൂടി.

രണ്ടു മണി കഴിഞ്ഞു കാണും. ഞാന്‍ ഉണര്‍ന്നു. മൂത്രമൊഴിയ്‌ക്കണം. അകത്ത്‌ എവിടെയാണ്‌ ഓവറ എന്ന്‌ നോക്കിവെയ്‌ക്കാന്‍ വിട്ടുപോയി. ഉറങ്ങുന്നവരെ വിളിയ്‌ക്കാനും മടി തോന്നി. ഞാന്‍ വാതില്‍ തുറന്ന്‌ പതുക്കെ മുറ്റത്തേയ്‌ക്കിറങ്ങി.ഒരു രാക്കിളി പോലും കരയാത്ത കനത്ത നിശ്ശ ്‌ദതയായിരുന്നു പുറത്ത്‌. ജലസംഭരണിയില്‍നിന്ന്‌ നനുത്ത കാറ്റു വീശുന്നുണ്ട്‌. അരണ്ട നിലാവില്‍ പരിസരം മുഴുവന്‍ സ്വപ്‌നസമാനമായി അനുഭവപ്പെട്ടു. യൂക്കാലിപ്‌റ്റസ്‌ മരങ്ങള്‍ അടക്കം സകല ജീവജാലങ്ങളും നല്ല ഉറക്കമാണ്‌.

മൂത്രമൊഴിച്ചു കഴിഞ്ഞ്‌ മോഹനന്റെ വീടിനെ നോക്കി ഞാന്‍ കുറച്ചു നേരം നിന്നു. ഒറ്റപ്പെട്ട വീട്‌. അധികമാരുമറിയാതെ ചെറിയ ഒരു കുടുംബം സംതൃപ്‌തിയോടെ കഴിയുന്നുണ്ട്‌ അതിന്റെ ഉള്ളില്‍. പട്ടത്തിന്റെ പട്ടയക്കാലത്തല്ല മോഹനന്റെ അച്ഛന്‍ ഇവിടെ വന്ന്‌ താമസം തുടങ്ങിയത്‌. മുപ്പതു കൊല്ലമേ ആയിട്ടുള്ളു മോഹനന്റെ കുടുംബം ഇവിടെ താമസമാക്കിയിട്ട്‌. ഇങ്ങനെ ഒരു സ്ഥലത്ത്‌ വന്നു കൂടുകൂട്ടാന്‍ എന്തായിരിയ്‌ക്കാം കാരണം? വീടു വെയ്‌ക്കാന്‍ നമുക്ക്‌ ഒരുപാടു നിബന്ധനകളുണ്ട്‌. ബസ്‌ സ്റ്റോപ്പ്‌ അടുത്തു തന്നെ വേണം. ആശുപത്രിയും വേണം അടുത്തു തന്നെ. സ്‌കൂളിലേയ്‌ക്ക്‌ നടന്നുപോവാന്‍ ഉദ്ദേശ്യമൊന്നുമില്ലെങ്കിലും അതും അകലെയാവാന്‍ പാടില്ല. നല്ലൊരു ഹോട്ടല്‍അരികെയുണ്ടാവുന്നതു നല്ലതാണ്‌. എന്നും അടുക്കളയില്‍ കയറാനൊന്നും പറ്റിയെന്നുവരില്ലല്ലോ. അധികം ദൂരത്തല്ലാതെ അമ്പലമോ പള്ളിയോ വേണം. റെയില്‍വേ സ്റ്റേഷന്‍അടുത്താവണമെന്നു നിര്‍ബ്ബന്ധം. എയര്‍പോര്‍ട്ടിലേയ്‌ക്ക്‌ പത്തു കിലോമീറ്ററിലധികം ദൂരംപാടില്ല. (കേട്ടാല്‍ത്തോന്നും എന്നും വിമാനത്തില്‍ പോവേണ്ട ആവശ്യമുണ്ടെന്ന്‌.) ഇതിനൊക്കെപ്പുറമേയാണ്‌ അയല്‍ക്കാര്‍ ആരൊക്കെയാണെന്ന അന്വേഷണം. എത്ര കൊടികെട്ടിയ മതേതരവാദിയും അന്വേഷിയ്‌ക്കുക അടുത്തുള്ളവര്‍ `നമ്മുടെ' ആളുകള്‍ തന്നെയാണോ എന്നാണ്‌.

അപ്പോഴാണ്‌ ഒരാള്‍ അടുത്തൊന്നും ആള്‍വാസം പോലുമില്ലാത്ത ഒരു ദുര്‍ഗ്ഗമസ്ഥലത്ത്‌ വീടു കെട്ടി പാര്‍ക്കുന്നത്‌. പോരാത്തതിന്‌ എപ്പോള്‍ വേണമെങ്കിലും ആനയിറങ്ങി വരാവുന്ന ഒരു സങ്കേതം! ആശുപത്രി പോട്ടെ, ഒരു പെട്ടിക്കട കാണണമെങ്കില്‍ അഞ്ചുനാഴിക പോണം!

ചെറിയ ചെറിയ മോഹങ്ങള്‍ മോഹനനുമുണ്ടായിരിയ്‌ക്കാം. രണ്ടു കുട്ടികള്‍ വളരുന്നുണ്ട്‌. അവരേച്ചൊല്ലി സ്വപ്‌നങ്ങള്‍ ഉണ്ടായിരിയ്‌ക്കാം. വലിയ വരുമാനമൊന്നുമില്ല. ഇറച്ചി ക്കച്ചവടക്കാര്‍ക്ക്‌ വില്‍ക്കാന്‍ വേണ്ടി അക്കരെ മുപ്പതോളം പോത്തുകളെ വളര്‍ത്തുന്നുണ്ട്‌. പ്രധാനവരുമാനം അതു തന്നെയാണ്‌. ഏലക്കൃഷി പേരിനു മാത്രമേയുള്ളു. യൂക്കാലിപ്‌റ്റസ്‌ മരങ്ങള്‍ പതിനഞ്ചു വര്‍ഷം മൂപ്പെത്തിയാല്‍ മുറിച്ചു വില്‍ക്കാം. ടണ്ണിന്‌ പതിനായിരം രൂപ വിലയുണ്ട്‌. ഒരു മരം ഏകദേശം നാലു ടണ്ണോളമുണ്ടാവും. പക്ഷേ അതൊന്നും സ്ഥിരമായ വരുമാനമാര്‍ഗമല്ലല്ലോ. പിന്നെ എന്തെല്ലാം തൊഴില്‍ ചെയ്‌താവും മോഹനന്‍ കുടുംബംപുലര്‍ത്തുന്നത്‌?

ഒരു നിഴലനക്കം തോന്നി നോക്കിയപ്പോള്‍ മുന്നില്‍ ഒരു കൂറ്റന്‍ നായ നില്‍ക്കുന്നു. സാധാരണ കാണുന്ന നായ്‌ക്കളുടെ ഇരട്ടി വലുപ്പം. മൂന്നോ നാലോ അസാധാരണ വലിപ്പ മുള്ള കോഴികളെ ഒഴിച്ചാല്‍ തലേന്ന്‌ മറ്റൊരു ജന്തുവിനേയും ഇവിടെ കണ്ടില്ലല്ലോ. നായയെ വളര്‍ത്തുന്ന കാര്യം മോഹനനും പറഞ്ഞില്ല.

നായ എന്റെ കണ്ണിലേയ്‌ക്കു തന്നെ സൂക്ഷിച്ചു നോക്കി നില്‍ക്കുകയാണ്‌. ആരാണ്‌ ഈ അപരിചിതന്‍? എനിയ്‌ക്ക്‌ വല്ലാത്ത പേടി തോന്നി. വിറയ്‌ക്കുന്ന കാലുകളോടെ പതുക്കെ ഇറയത്തേയ്‌ക്കു കയറി നിന്നു. കുറച്ചു നേരം നോക്കി നിന്ന്‌ നായ എന്നെ വിട്ട്‌നടന്നു. മണം പിടിച്ച്‌ വീടിനെ രണ്ടുവട്ടം വലം വെച്ചു. കുറച്ചു നേരം ജലസംഭരണിയിലേയ്‌ക്ക്‌ ണ്ണയച്ചു നിന്നു. എന്തോ ഓര്‍ത്തിട്ടെന്ന പോലെ ജീപ്പു പോവുന്ന വഴിയിലേയ്‌ക്കു കയറി. പിന്നെ തിരക്കിട്ട്‌ ആ കയറ്റം കയറി ഓടി മറഞ്ഞു.ആരുമില്ലാത്തവര്‍ക്ക്‌ ഈശ്വരന്‍ തുണ എന്നു പറഞ്ഞതു പോലെ മോഹനന്റെ കുടും ത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത നായയായിരിയ്‌ക്കാം! വല്ലാതെ തണുപ്പു തോന്നിയപ്പോള്‍ ഞാന്‍ അകത്തേയ്‌ക്കു കയറി. ഇനിയും മൂന്നു നാലു മണിക്കൂര്‍ ഉറങ്ങാന്‍ സമയമുണ്ടല്ലോ.

രാവിലെ പ്രാതല്‍ കഴിഞ്ഞതോടെ മടങ്ങാനുള്ള സമയമായി. യാത്രയാക്കാന്‍ മോഹനന്റെ കുടുംബം പുറത്തേയ്‌ക്കു വന്നു. `മോള്‌ അടുത്ത കൊല്ലം പത്തിലേയ്‌ക്കായി, മോഹനന്‍ പറഞ്ഞു. `അവള്‍ റാന്തല്‍ വെളിച്ചത്തിലാണ്‌ പഠിയ്‌ക്കുന്നതെന്നും വൈദ്യുതി എത്തിയ്‌ക്കണമെന്നും പറഞ്ഞ്‌ ആര്യാടന്‌ നിവേദനം കൊടുത്തു. കഴിഞ്ഞ ഡിസംറില്‍ സി ഡി അടച്ചു. ജനുവരിയില്‍ കറന്റ്‌ തരാമെന്നു പറഞ്ഞതാണ്‌. ഇതുവരെ കിട്ടിയില്ല.'

മേഘ ചിരിച്ചുകൊണ്ടു നിന്നു. ആ മിടുക്കി അച്ഛനില്ലാത്ത സമയത്ത്‌ അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഏറ്റവും അടുത്ത പലചരക്കു കടയിലേയ്‌ക്ക്‌ ജീപ്പോടിച്ചു പോവാറുണ്ടത്രേ. കുപ്രസിദ്ധ വ്യവസായി നിഷാമിന്റെ പതിനാറു വയസ്സുള്ള മകന്‌ വാഹനം ഓടിയ്‌ക്കുന്നത്‌ വെറും ഒരു നേരമ്പോക്കാണ്‌. പക്ഷേ ഈ കുട്ടിയ്‌ക്ക്‌ അത്‌ അതിജീവനത്തിന്റെഭാഗമാണ്‌. എല്ലാ സമയത്തും അച്ഛന്‍ സഹായത്തിന്‌ ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ. മോഹനന്‍ ഞങ്ങളെ തച്ചങ്കരിയുടെ റിസോര്‍ട്ട്‌ വരെ ജീപ്പില്‍ വിട്ടു. `മറക്കരുത്‌,' ഞങ്ങളുടെ കൈപിടിച്ച്‌ മോഹനന്‍ ചിരിച്ചു. എങ്ങനെ മറക്കാന്‍ കൂട്ടുകാരാ, ഞങ്ങള്‍ നിശ്ശബ്‌ദം പറഞ്ഞു. മോഹനന്റെ മുഖത്തെ പുഞ്ചിരിയും ആത്മവിശ്വാസവും ഞങ്ങള്‍ എങ്ങനെ മറക്കാനാണ്‌? വീട്ടിലെ ഹൃദ്യമായ ആതിത്ഥ്യവും എളുപ്പം മറക്കാനാവില്ല ഞങ്ങള്‍ക്ക്‌. ഇനി അഥവാ അതെല്ലാം മറന്നാലും ടോപ്‌ സ്റ്റേഷനിലേയ്‌ക്കുള്ള ആജീപ്പുയാത്ര ഞങ്ങള്‍ ജീവിതത്തില്‍ മറക്കില്ല.

ആ ജീപ്പുയാത്ര ഒരു പ്രതീകമാണ്‌. അത്‌ മോഹനന്റെ ജീവിതം തന്നെയല്ലേ? ഇല്ലാത്ത വഴികളിലൂടെ ജീപ്പിന്റെ മൂന്നു ചക്രങ്ങള്‍ മാത്രം നിലം തൊടുന്ന ആ യാത്ര! ഗിരീഷ്‌ സ്റ്റിയറിങ്ങ്‌ വീലില്‍ കൈവെച്ചതോടെ ചിന്നക്കനാലില്‍നിന്നുള്ള മടക്കയാ ത്രയുടെ തുടക്കമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക