Image

സംഘപരിവാറില്‍ നിന്നും ജനതപരിവാറിലേക്ക് ഇന്‍ഡ്യന്‍ രാഷ്ടീയം (ഡല്‍ഹികത്ത് :പി.വി. തോമസ്)

പി.വി. തോമസ് Published on 20 April, 2015
സംഘപരിവാറില്‍ നിന്നും ജനതപരിവാറിലേക്ക് ഇന്‍ഡ്യന്‍ രാഷ്ടീയം (ഡല്‍ഹികത്ത് :പി.വി. തോമസ്)
ഇന്‍ഡ്യയില്‍ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊള്ളുകയാണ്. രാജ്യത്തിന്റെ സമീപകാല രാഷ്ട്രീയത്തില്‍ അധികാരത്തിലേറിയ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി (ആം ആദ്മി പാര്‍ട്ടി) പിളര്‍പ്പിലേക്ക് നീങ്ങുമ്പോള്‍ അഞ്ച് പ്രാവശ്യം ഇന്‍ഡ്യ ഭരിക്കുകയും ഇപ്പോള്‍ രണ്ട് വലിയ സംസ്ഥാനങ്ങളില്‍ (ഉത്തര്‍പ്രദേശ്, ബീഹാര്‍) സര്‍ക്കാര്‍ ഉള്ളതുമായ ജനത പരിവാര്‍ സംഘ പരിവാറിനെതിരെ ഉടലെടുക്കുകയാണ്. ജനത പരിവാറിന്റെ പുനര്‍ ഏകീകരണത്തിലൂടെ രാജ്യത്ത് ഒരു പുതിയ അധികാര സമവാക്യം ഉരുത്തിരിയുകയാണ്.

കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചു വരുമ്പോഴും അത് ദിശാബോധം ഇല്ലാതെയും നേതൃത്വമില്ലാതെയും നട്ടം തിരിയുമ്പോഴും ആണ് ഈ പുതിയ രാഷ്ട്രീയ ധ്രൂവീകരണം നടക്കുന്നത്. ഇടതുപക്ഷത്തിന്റെ പൊതുവെയുള്ള തളര്‍ച്ചയും രാഷ്ട്രീയ പശ്ചാത്തലവും ഈ പുതിയ പരിവാറിന്റെ ആവിര്‍ഭാവത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യപരമായ നിലനില്‍പ്പിന് ശക്തമായ ഒരു പ്രതിപക്ഷവും ഭരണം ഏറ്റെടുക്കുവാന്‍ അനുയോജ്യമായ ഒരു ബദല്‍ കക്ഷിയും ആവശ്യം ആണ്. അതാണ് ജനത പരിവാര്‍ എന്നാണ് അതിന്റെ കാര്‍മ്മികര്‍ അവകാശപ്പെടുന്നത്. അത് പരിശോധിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ചും മോഡി ഭരണം പൊള്ളയായ വാഗ്ദാനങ്ങളുടെയും ജുഗുപ്‌സാപപരമായ ഹൈന്ദവ ഫാസിസത്തിന്റെയും പിടിയിലേക്ക് സാവാധാനം അമരുന്ന  ഈ സ്ാഹചര്യത്തില്‍ ഒരു സമാന്തര രാഷ്ട്രീയ വിചാരധാരക്ക് പ്രസക്തിയുണ്ട്. ജനത പരിവാര്‍ എന്ന ഈ പുതിയ രാഷ്ട്രീയ അവതാരം ആറ് മുന്‍ ജനത പാര്‍ട്ടികളുടെ സമന്വയം ആണ്. ഇവ സമാജ് വാദി പാര്‍ട്ടി, ജനതദള്‍ (യുണൈറ്റഡ്), രാഷ്ട്രീയ ജനതദള്‍, ജനതദള്‍ (സെക്കുലര്‍), ഇന്‍ഡ്യന്‍ നാഷ്ണല്‍ ലോക്ദള്‍, സമാജ് വാദി ജനതപാര്‍ട്ടി എന്നിവയാണ്. ഇവര്‍ ഒരു കാലത്ത് ഒന്നായിരുന്നു.

അതിനുശേഷം വേര്‍പെട്ടു. ഒന്നായിരുന്ന കാലത്ത് ഇവര്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ചിരുന്നു. ഇപ്പോള്‍ യു.പി.യും ബീഹാറും ഭരിക്കുന്നു. ഇപ്പോള്‍ ഇവര്‍ക്ക് ലോകസഭയിലും രാജ്യസഭയിലും വെറും പതിനഞ്ചും ജരുപത്തിഅഞ്ചും അംഗങ്ങള്‍ മാത്രമെ ഉള്ളുവെങ്കിലും (ലോക്‌സഭ-സമാജ് വാദി പാര്‍ട്ടി അഞ്ച്, രാഷ്ട്രീയ ജനതദള്‍ 4, ജനതദള്‍ (യുണൈറ്റഡ്) രണ്ട്, ജനതദള്‍ (സെക്കുലര്‍) രണ്ട്, ഇന്‍ഡ്യന്‍ നാഷ്ണല്‍ ലോക്ദള്‍ രണ്ട്, രാജ്യസഭ- ജനതദള് (യുണൈറ്റഡ്)12, സമാജ് വാദി പാര്‍ട്ടി 10, ജനതദള്‍ സെക്കുലറും രാഷ്ട്രീയ ജനതദളും ഇന്‍ഡ്യന്‍ നാഷ്ണല്‍ ലോക്ദളും ഓരോന്ന് വീതവും) ഇവര്‍ ഹിന്ദി സംസാരിക്കുന്ന ഇന്‍ഡോ- ഗാജ്ഞറ്റിക് സമതലം എന്ന കൗ ബെല്‍റ്റിലെ പ്രധാന ജാതി രാഷ്ട്രീയ ശക്തിയാണ്. തെക്ക് കര്‍ണ്ണാടകയും ഇവര്‍ ഭരിച്ചിട്ടുണ്ട്.

എന്താണ് ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം? എന്താണ് ഇവരില്‍ നിന്നും ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് പ്രതീക്ഷിക്കാവുന്നത്? ഈ ജനത പരിവാറിന്റെ വേരുമായി ഒട്ടേറെ പ്രഗത്ഭന്‍മാരുടെ പേരുകള്‍ ബന്ധപ്പെട്ട് കിടക്കുന്നതു കൊണ്ട് ഇവരെ അത്രനിസാരമായി തള്ളികളയുവാനും ആവുകയില്ല. ഇതില്‍ ജയ്പ്രകാശ് നാരായണും, മൊറാര്‍ജി ദേശായിയും, ജഗജീവന് റാമും, ഹേമവതി നന്ദന്‍ ബഹുഗുണയും, ചൗധരി ചരണ്‍ സിംങ്ങും, വി.വി.സിംങ്ങും, ചന്ദ്രശേഖറും, ദേവഗൗഡയും, ഇന്ദര്‍ കുമാര്‍ ഗുജറാലും അങ്ങനെ ഒട്ടേറെ പേര്‍ ഉള്‍പ്പെടുന്നു. അഡല്‍ ബിഹാരി വാജ്‌പേയിയും ലാല്‍ കൃഷ്ണ അദ്വാനിയും ഈ പരിവാറിന്റെ ഭാഗം ആയിരുന്നു ഒരിക്കല്‍. ജോര്‍ജ്ജ് ഫെര്‍ണാണ്ടസും. അങ്ങനെ ഒട്ടേറെ പ്രഗത്ഭര്‍. അദ്വാനിയുടെയും വാജ്‌പേയിയുടെയും പിന്‍ഗാമികള്‍ക്കെതിരെയാണ് (ഭാരതീയ ജനത പാര്‍ട്ടി) ജനതപരിവാര്‍ ഇപ്പോള്‍ കച്ചകെട്ടിയിരിക്കുന്നത്. ഈ പുതിയ രാഷ്ട്രീയ പ്രതിഭാസത്തെ ആയതിനാല്‍ സമഗ്രമായി പഠിക്കേണ്ടിയിരിക്കുന്നു. അത് ഇപ്പോഴത്തെ ഭരണകക്ഷിക്ക് ഉയര്‍ത്തുന്ന വെല്ലുവിളി അത്ര നിസാരവും അല്ല.

ജനത പരിവാര്‍ ഇന്ദിരഗാന്ധിയുടെ അടിയന്തിരാവസ്ഥ രാഷ്ട്രീയത്തിന്റെ ഒരു ഉപോല്‍പന്നം ആണ്. 1975 മുതല്‍ 1977 വരെ ഉള്ള ഇന്ത്യന്‍ രാഷ്ട്രീയം കലുഷിതവും പ്രക്ഷുബ്ദവും ആയിരുന്നു. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ ജനാധിപത്യത്തെ ഗളഛേദം ചെയ്തു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഇതില്‍ ജയപ്രകാശ് നാരായണും മൊറാര്‍ജി ദേശായിയും അദ്ധ്വാനിയും ഫര്‍ണാണ്ടസും ഉള്‍പ്പെടുന്നു. പത്ര മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി. പത്രാധിപന്‍മാരെ ജയിലില്‍ അടച്ചു.

അടിയന്തിരാവസ്ഥക്ക് എതിരായി ദേശവ്യാപകമായ പ്രതിഷേധം പൊട്ടിപുറപ്പെട്ടു. ഇന്ദിര ഇതിനെ എല്ലാം ഒരു ഏകാധിപതിയുടെ സാമര്‍ത്ഥ്യത്തോടെ അടിച്ചമര്‍ത്തി. എന്നാല്‍ ഇന്ദിരയ്‌ക്കെതിരെ ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് രൂപം കൊള്ളുന്നുണ്ടായിരുന്നു. ജയിലിലായ ജെ.പി.യുടെ  സമ്പൂര്‍ണ്ണ വിപ്ലവവും മറ്റും അതിന്റെ പ്രചോദനം ആയിരുന്നു. 1977 ആരംഭത്തോടെ തെരഞ്ഞെടുപ്പ് ഉറപ്പായി. കാരണം ഇന്ദിരാഗാന്ധിക്ക് രഹസ്യാന്വേഷണ വിഭാഗം ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു: ഈ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ട് 1977 ജനുവരി 23ന് ജനതാ പാര്‍ട്ടി എന്ന ഒരു പുതിയ രാഷ്ട്രീയ പരീക്ഷണം നിലവില്‍ വന്നു. ഇത് ജയപ്രകാശ് നാരായണും മൊറാര്‍ജി ദേശായിയും നയിച്ച ജനതാ മോര്‍ച്ചയേയും ചരണ്‍ സിങ്ങ് നയിച്ച ഭാരതീയ ലോക്ദളിനേയും ഹിന്ദുത്വ പാര്‍ട്ടി ആയ ഭാരതീയ ജനസംഘിനേയും ഒരു കുടുക്കീഴില്‍ അണിനിരത്തി.

ഭാരതീയ ലോക്ദള്‍ 1974-ല്‍ ഏഴു പാര്‍ട്ടികളുടെ ലയന ഫലമായിട്ട് നിലവില്‍ വന്ന ഒരു ഉത്തരേന്ത്യന്‍ രാഷ്ട്രീയ പാര്‍്ട്ടി ആയിരുന്നു. ഇതിന്റെ നേതാക്കന്മാരില്‍ പ്രധാനികള്‍ അടിയന്തിരാവസ്ഥ കാലത്ത് ഒളിവില്‍ പോയി പിന്നീട് പിടിക്കപ്പെട്ട ബറോഡ ഡൈനാമിറ്റ് കേസിലെ പ്രതി ആയ ജോര്‍ജ് ഫര്‍ണാണ്ടസും ഇന്ദിരാ ഗാന്ധിക്ക് എതിരെ തെരഞ്ഞെടുപ്പ് ക്രമക്കേടില്‍ കേസ് വിജയിക്കുകയും ഇന്ദിരയെ 1977 ലെ തെരഞ്ഞെടുപ്പില്‍ റായ് ബറേലിയയില്‍ തോല്‍പ്പിക്കുകയും ചെയ്ത രാജ് നാരായണും ആയിരുന്നു. 1977 മെയ് മാസത്തില്‍ ഇന്ദിരയുടെ അടിയന്തരാവസ്ഥയോട് പ്രതിഷേധിച്ച് രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസിയും ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. ഈ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഇന്ദിരയുടെ പ്രതിരോധ മന്ത്രിയും ദളിത് നേതാവുമായ ജഗജീവന്‍ റാമും യു.പി.യിലേയും ഒഡീഷയിലേയും മുന്‍മുഖ്യമന്ത്രിമാരായ ബഹുഗുണയും നന്ദിനി സത്പതിയും ആയിരുന്നു. 1977-ല്‍ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രി ആയി.

ഈ ഗവണ്‍മെന്റ് സ്വാതന്ത്ര്യ സമ്പാദനത്തിന് ശേഷം ഇന്‍ഡ്യയില്‍ ആദ്യമായി അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റ് ആയിരുന്നു. അതിന് ഇടതുപക്ഷത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ ജനതാ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ അത്ര സുഗമം ആയിരുന്നില്ല. ചരണ്‍ സിങ്ങിന്റെ ഭാരതീയ ലോക്ദള്‍ ജനതാപാര്‍ട്ടി വിട്ടു. അദ്ദേഹം ജനതാ പാര്‍ട്ടി സെക്കുലര്‍ രൂപീകരിച്ചു. അത് പിന്നീട് ലോക്ദള്‍ ആയി മാറി. ഉള്‍പോര് രൂക്ഷമായി. ഭാരതീയ ജനസംഘം ജനതാപാര്‍ട്ടി വിട്ടു. അത് 1980-ല്‍ ബി.ജെ.പി. രൂപീകരിച്ചു. ജനതാ ഗവണ്‍മെന്റ് നിലംപൊത്തി. ആദ്യത്തെ കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റും ജനതാ പാര്‍ട്ടി എന്ന പരീക്ഷണവും പരാജയപ്പെട്ടു.

അതിന് ശേഷം ഇന്ദിരാ ഗാന്ധി അധികാരത്തില്‍ തിരിച്ച് വന്നതും ഇന്ദിര വധത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയതും ചരിത്രം ആണ്. ഇതിനിടെ വി.പി.സിങ്ങ് രാജീവുമായി തെറ്റി പിരിഞ്ഞു. അദ്ദേഹം ജനമോര്‍ച്ച എന്നൊരു രാഷ്ട്രീയ കക്ഷി രൂപീകരിച്ചു. 1988 ഒക്ടോബര്‍ 11-ാം തീയ്യതി. അതായത് ജെ.പി.യുടെ ജന്മ വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സെക്കുലറും ജനമോര്‍ച്ചയും ലോക്ദളും ലയിക്കുകയും ജനതാദള്‍ എന്ന ഒരു പുതിയ രാഷ്ടീയ കക്ഷി രൂപീകരിക്കുകയും ചെയ്തു. 1989-ല്‍ മൂന്നാം മുന്നണി ഗവണ്‍മെന്റ് അഥവാ ജനതാ പരിവാര്‍ ഗവണ്‍മെന്റ് അല്ലെങ്കില്‍ നാഷ്ണല്‍ ഫ്രണ്ട് അധികാരത്തില്‍ വന്നു.

വി.പി. സിങ്ങ് ആയിരുന്നു പ്രധാനമന്ത്രി. ദേവി ലാല്‍ ഉപപ്രധാനമന്ത്രിയും. ഇതില്‍ ജനതാ പരിവാറിലെ (നാഷ്ണല്‍ ഫ്രണ്ട്്) മറ്റൊരു പ്രധാന നേതാവായിരുന്ന ചന്ദ്രശേഖര്‍ അതൃപ്തനും അസ്വസ്ഥനും ആയിരുന്നു. രാജീവ് ഗാന്ധി അന്ന് പ്രതിപക്ഷ നേതാവായി. ബോഫേഴ്‌സ് കോഴ കേസിനെ തുടര്‍ന്ന് ഉണ്ടായ ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും ജനസമ്മതി (മാന്‍ഡേറ്റ്) കോണ്‍ഗ്രസിന് എതിരാണെന്ന് പറഞ്ഞ് രാജീവ് പ്രതിപക്ഷത്ത് ഇരിക്കുവാന്‍ തയ്യാറാവുകയായിരുന്നു. പഴയ യുവ തുര്‍ക്കി നേതാവായ ചന്ദ്രശേഖരും ദേവിലാലും 1990-ല്‍ ജനതാദളില്‍ നിന്നും വേര്‍പെട്ട് സമാജ് വാദി ജനതാ പാര്‍ട്ടി (രാഷ്ട്രീയ) രൂപീകരിച്ചു.

ഇതിനിടെ അയോധ്യ രഥ യാത്രയെ തുടര്‍ന്ന് അദ്ധ്വാനിയെ അറസ്റ്റ് ചെയ്യുകയാല്‍ വി.പി.സിംങ്ങ് ഗവണ്‍മെന്റിനെ പുറത്ത് നിന്ന് പിന്തുണച്ച ബി.ജെ.പി. ആ പിന്തുണ പിന്‍വലിച്ചു. വി.പി.സിംങ്ങ് ഗവണ്‍മെന്റ് രാജിവെച്ചു. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു ജനതാ പരിവാര്‍ ഗവണ്‍മെന്റ് (നാഷ്ണല്‍ ഫ്രണ്ട്) കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ അധികാരത്തില്‍ വന്നു. ഈ ഗവണ്‍മെന്റ് ആറു മാസത്തോളം മാത്രമേ നിലനിന്നുള്ളൂ. കാരണം കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. രാജീവ് ഗാന്ധിയുടെ നമ്പര്‍ 10 ജനപഥ് വീടിനു മുന്‍പില്‍ രണ്ട് ഹരിയാന പോലീസുകാര്‍ ചാരപ്രവര്‍ത്തി ചെയ്തിരുന്നു എന്നതായിരുന്നു കാരണം!

1992-ല്‍ മുലയം സിങ്ങ്് യാദവ് ജനതാദള്‍ വിട്ട് സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. 1994-ല്‍ ജോര്‍ജ് ഫര്‍ണാണ്ടസും നിധീഷ് കുമാറും ജനതാ ദള്‍ വിട്ട് സമത പാര്‍ട്ടി രൂപീകരിച്ചു. ഇതെല്ലാം വ്യക്തിപരമായ നിസ്സാര കാരണങ്ങളാല്‍ ആയിരുന്നു. 1991 മുതല്‍ 1996 വരെ പി.വി. നരസിംഹ റാവു നയിച്ച കോണ്‍ഗ്രസിന്റെ അല്പ കക്ഷി ഗവണ്‍മെന്റിന്റെ ഭരണം ആയിരുന്നെന്ന് ഓര്‍ക്കണം. 1996-ല്‍ മറ്റൊരു ജനതാ പരിവാര്‍ അവതാരമായ  യുണൈറ്റഡ് ഫ്രണ്ട് ഗവണ്‍മെന്റ് കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ അധികാരത്തില്‍ വന്നു.

എച്ച്.ഡി.ദേവഗൗഡ ആയിരുന്നു പ്രധാനമന്ത്രി. അതേ വര്‍ഷം തന്നെ അജിത് സിംങ്ങ് (ചരണ്‍ സിംങ്ങിന്റെ മകന്‍) ലോക്ദളില്‍ നിന്ന് വേര്‍പെടുകയും രാഷ്ട്രീയ ലോക്ദള്‍ രൂപീകരിക്കുകയും ചെയ്തു. 1997-ല്‍ ലാലു പ്രസാദ് യാദവ്് ജനതാദള്‍ വിടുകയും രാഷ്ട്രീയ ജനതാദള്‍ രൂപീകരിക്കുകയും ചെയ്തു. ഇതേ സമയം തന്നെ രാം കൃഷ്ണ ഹെഗ്‌ഡെ ജനതാദള്‍ വിട്ട് ലോക് ശക്തി പാര്‍ട്ടി രൂപീകരിച്ചു. അതുപോലെ തന്നെ നവീന്‍ പട്‌നായിക് (ഒഡീഷ) ജനതാദള്‍ വിട്ട് അദ്ദേഹത്തിന്റെ അച്ഛന്റെ പേരില്‍ ബിജു ജനതാദള്‍ രൂപീകരിച്ചു.

ഇതിനിടെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുകയാല്‍ ദേവഗൗഡ ഗവണ്‍മെന്റ് താഴെ വീണു. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുവാനുള്ള കാരണം ദേവഗൗഡ ഗവണ്‍മെന്റ് മതേതരത്വത്തെ ശരിക്കും പ്രതിനിധീകരിക്കുന്നില്ല എന്നുള്ളതായിരുന്നു. അന്ന് സീതാ റാം കേസരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തില്‍ ബി.ജെ.പി.യോടൊപ്പം ചേര്‍ന്ന് ഗൗഡ ഗവണ്‍മെന്റിനെ വോട്ട് ചെയ്ത് പുറത്താക്കി. ജനതാ പരിവാര്‍ അവിടെയും പരീക്ഷണം അവസാനിപ്പിച്ചില്ല. നാഷ്ണല്‍ ഫ്രണ്ട് കോണ്‍ഗ്രസിന്റെ പുറമെ നിന്നുള്ള പിന്തുണയോടെ ഇന്ദര്‍ കുമാര്‍ ഗുജറാളിന്റെ നേതൃത്വത്തില്‍ പുതിയൊരു ഗവണ്‍മെന്റ് രൂപീകരിച്ചു.

അതും അധികകാലം നിലനിന്നില്ല. കാരണം കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. രാജീവ് ഗാന്ധി വധകേസിനെ കുറിച്ച് അന്വേഷിച്ച ഒരു കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ദ്രാവിഡ മുന്നേറ്റ കഴഗത്തിന് രാജീവ് വധത്തിലുള്ള പങ്ക് തള്ളികളയുവാന്‍ ആവുകയില്ല. ഡി.എം.കെ. അന്ന് ഗുജറാള്‍ ഗവണ്‍മെന്റിലെ സഖ്യകക്ഷി ആയിരുന്നു. കോണ്‍ഗ്രസ് ഡി.എം.കെ.യുടെ ഗവണ്‍മെന്റില്‍ നിന്നുള്ള ബഹിഷ്‌കരണം ആവശ്യപ്പെട്ടു. ഗുജറാള്‍ സമ്മതിച്ചില്ല. ഗൗഡ ഗവണ്‍മെന്റിനെ വോട്ട് ചെയ്ത് പുറത്താക്കി. ജനതാ പരിവാര്‍ അവിടെയും പരീക്ഷണം അവസാനിപ്പിച്ചില്ല. നാഷണല്‍ ഫ്രണ്ട് കോണ്‍ഗ്രസിന്റെ പുറമെ നിന്നുള്ള പിന്തുണയോടെ ഇന്ദര്‍ കുമാര്‍ ഗുജറാളിന്റെ നേതൃത്വത്തില്‍ പുതിയൊരു ഗവണ്‍മെന്റ് രൂപീകരിച്ചു. അതും അധികകാലം നിലനിന്നില്ല. കാരണം, കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. 

രാജീവ് ഗാന്ധി വധകേസിനെ കുറിച്ച് അന്വേഷിച്ച ഒരു കമ്മീഷന്റെ റിപ്പോര്ട്ട് പ്രകാരം ദ്രാവിഡ മുന്നേറ്റ കഴഗത്തിന് രാജീവ് വധത്തിലുള്ള പങ്ക് തള്ളി കളയുവാന്‍ ആവുകയില്ല. ഡി.എം.കെ. അന്ന് ഗുജറാള്‍ ഗവണ്‍മന്റിലെ സഖ്യകക്ഷി ആയിരുന്നു. കോണ്‍ഗ്രസ് ഡി.എം.കെ യുടെ ഗവണ്‍മെന്റില്‍ നിന്നുള്ള ബഹിഷ്‌കരണം ആവശ്യപ്പെട്ടു. ഗുജറാള്‍ സമ്മതിച്ചില്ല. അങ്ങനെയാണ് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുകയും ഗുജറാള്‍ ഗവണ്‍മെന്റ് രാജി വെയ്‌ക്കേണ്ടി വരികയും ചെയ്തത്.
ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം ഈ നാല് കോണ്‍ഗ്രസ് ഇതര ബി.ജെ.പി ഇതര ജനതാ പരിവാര്‍ അഥവാ മൂന്നാം മുന്നണി ഗവണ്‍മെന്റുകളുടെ ഗതിയും വിധിയും ആണ്. 

ഒറിജിനല്‍ ജനതാപാര്‍ട്ടി ഗവണ്‍മെന്റിന്റെ കഥ ആദ്യമേ പറഞ്ഞുവല്ലോ. അപ്പോള്‍ വി.പി.സിങ്ങ്, ചന്രശേഖര്‍, ദേവ ഗൗഡ, ഗുജറാള്‍ എന്നീ ജനതാപരിവാര്‍/മൂന്നാം മുന്നണി ഗവണ്‍മെന്റുകളുടെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കേണ്ടത് മൂന്നാം മുന്നണി ഗവണ്‍മെന്റുകള്‍ക്ക് അല്ലെങ്കില്‍ ജനതാ പരിവാര്‍ ഗവണ്‍മെന്റുകള്‍ക്ക് തനിച്ച് ഭരിക്കുവാന്‍ ആവുകയില്ല. അവര്‍ക്ക് കേവല ഭൂരിപക്ഷ സംഖ്യയായ 272 തികയ്ക്കുവാന്‍ സാധിക്കുകയില്ല. അവര്‍ക്ക് ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ പുറമെ നിന്നുള്ള പിന്തുണ ആവശ്യമാണ്. ഈ പിന്തുണ ആകട്ടെ വിശ്വസിക്കാന്‍ ആവാത്തതും ആണ്. അപ്പോള്‍ ജനതാ പരിവാറിന്റെ പുതിയ അവതാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആരും ഇതൊക്കെ ആലോചിച്ച് പോകും. പക്ഷെ, അതുകൊണ്ട് ഒരു ബി.ജെ.പി ഇതര കോണ്‍ഗ്രസ് ഇതര രാഷ്ട്രീയസഖ്യത്തിന്റെ പ്രസക്തിയെ ആരും തള്ളിക്കളയുകയും ഇല്ല.

ജനതാ പരിവാറിന്റെ പിളര്‍പ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. 1999-ല്‍ അതായത് ബി.ജെ.പി. ഭരണകാലത്ത് ദേവഗൗഡ ജനതാദള്‍ വിട്ടു. കാരണം അദ്ദേഹത്തിന് ജനതാദള്‍ വാജ്‌പേയിയുടെ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് ഗവണ്‍മെന്റിനെ പിന്തുണയ്ക്കുവാനുള്ള തീരുമാനത്തെ അംഗീകരിക്കുവാന്‍ ആയില്ല. 2002-ല്‍ രാം വിലാസ് പാസ്വാന്‍ ജനതാദള്‍ (യുണൈറ്റഡ്) വിട്ട് ലോക് ജനശക്തി പാര്‍ട്ടി രൂപീകരിച്ചു. അപ്പോള്‍ ജനതാ പരിവാര്‍ പിളര്‍പ്പുകളുടെ ഒരു കഥയാണെന്ന് മനസ്സിലാക്കാം.

പുനര്‍ യോജിച്ച ഒരു ജനതാ പരിവാറിന് ഒന്നിച്ച് നില്‍ക്കാന്‍ ആകുമോ ? എത്രകാലം? 2019 ലെ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് വരെ മുലയം സിംങ്ങ് യാദവിനും ലാലും പ്രസാദ് യാദവിനും നിധീഷ് കുമാറിനും ദേവഗൗഡയ്ക്കും ചൗത്താലമാര്‍ക്കും ഒരുമിച്ച് നില്‍ക്കുവാന്‍ സാധിക്കുമോ? ഇവരുടെ ആദ്യത്തെ പരിക്ഷണഘട്ടം ഈ വര്‍ഷ അവസാനത്തെ ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആണ്. ഇതില്‍ ഇവര്‍ ബി.ജെ.പിയെ പരാജയപ്പെടിത്തിയാല്‍ അത് വലിയൊരു വിജയം തന്നെ ആയിരിക്കും. അതിന് സാധ്യതയും ഉണ്ട്. കാരണം കഴിഞ്ഞ വര്‍ഷത്തെ അസംബ്ലി ഉപതെരഞ്ഞെടുപ്പുകളില്‍ ജനതാ പരിവാര്‍ സഖ്യം ബിജെപിയെ മുട്ടുകുത്തിച്ചതാണ്. അതായത്, പത്ത് സീറ്റുകളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറും ജനതാ പരിവാര്‍ കൈക്കലാക്കി. പക്ഷെ, ഇവിടെ പ്രശ്‌നം ലാലു-നിധീഷ് സഖ്യത്തിന്റെ ആണ്. 

15 വര്‍ഷം നീണ്ട് നിന്ന ലാലുവിന്റെ ദുര്‍ഭരണത്തില്‍ സഹികെട്ടാണ് ബീഹാറിലെ ജനം നിധീഷിനെ അധികാരത്തില്‍ കൊണ്ടുവന്നത്. അതിനുശേഷം ലാലുവും നിധീഷും ഒത്ത് ചേര്‍ന്ന് വോട്ട് ചോദിക്കുന്വോള്‍ ജനം അതിനെ എങ്ങനെ നോക്കി കാണും? ഉപതെരഞ്ഞെടുപ്പ് ഫലം അവര്‍ക്ക് അനുകൂലം ആയിരുന്നു. അത് ശരി തന്നെ. അതുപോലെ തന്നെ നിധീഷ് അധികാരത്തില്‍ എത്തിയത് ബിജെപിയുടെ സഹായത്തോടെ ആണ്. ഇന്ന് അദ്ദേഹം ബിജെപിയ്ക്ക് എതിരെ സംസാരിക്കുമ്പോള്‍ ജനം അതിനെ എങ്ങനെ നോക്കികാണും? 

അതും മാത്രമല്ല, എന്താണ് ജനതാ പരിവാറിന്റെ വിശ്വാസ്യത? പിളര്‍പ്പുകള്‍ പോകട്ടെ ആരാണ് ഇവരുടെ നേതാക്കന്മാര്‍? ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലാണ്. അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്. മുലയം സിങ്ങ് യാദവാകട്ടെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിചാരണ നേരിടുകയാണ്. ഓം പ്രകാശ് ചൗത്താലയും അദ്ദേഹത്തിന്റെ മകനും ഒരു അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഇതാണ് ജനതാ പരിവാര്‍ നേതാക്കളുടെ ട്രാക്ക് റെക്കോര്‍ഡ്.

ഏതായാലും ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയത്തില്‍ സംഖപരിവാറിനു ബദലായി ഒരു രാഷ്ട്രീയ സഖ്യം ഉയര്‍ന്ന് വരേണ്ടത് ആവശ്യമാണ്. അങ്ങനെ മാത്രമേ ആരോഗ്യപരമായ ജനാധിപത്യ രാഷ്ട്രമീമാംസ നടപ്പിലാവുകയുള്ളൂ. കോണ്‍ഗ്രസിന്റെ അപജയവും ഇടതുപക്ഷത്തിന്റെ ദുര്‍ബലതയും ഇതാണ് അടിവര ഇട്ട് ചൂണ്ടിക്കാണിക്കുന്നത്. ജനതാ പരിവാറിന് ഒരു ക്രിയാത്മകമായ രാഷ്ട്രീയ ബദലായി രൂപപ്പെടുവാന്‍ സാധിക്കുമോ? കാത്തിരുന്നു കാണാം. 
സംഘപരിവാറില്‍ നിന്നും ജനതപരിവാറിലേക്ക് ഇന്‍ഡ്യന്‍ രാഷ്ടീയം (ഡല്‍ഹികത്ത് :പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക