ബിജി മോളുടെ പ്രതിഷേധം ജനകീയ സമരത്തിന്റെ ഭാഗം: കാനം

ബിജി മോളുടെ പ്രതിഷേധം ജനകീയ സമരത്തിന്റെ ഭാഗം: കാനം

കണ്ണൂര്‍: ഇടുക്കി എ.ഡി.എമ്മിനെ കയ്യേറ്റം ചെയ്ത പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോളുടെ നടപടിയെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധങ്ങള്‍ ജനകീയ സമരങ്ങളുടെ ഭാഗമാണ്. ബിജിമോള്‍ എ.ഡി.എമ്മിനെ കയ്യേറ്റം ചെയ്‌തോയെന്ന് പാര്‍ട്ടി പരിശോധിക്കും. ബിജിമോള്‍ക്കെതിരായ കേസിനെ പാര്‍ട്ടി നിയമപരമായി നേരിടുമെന്നും കാനം പറഞ്ഞു. പെരുവന്താനത്ത് ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ എസ്‌റ്റേറ്റ് പൊതുവഴിയടച്ചിതിന്റെ പേരില്‍ പൊളിച്ചുനീക്കിയ ഗേറ്റ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കാനെത്തിയ എ.ഡി.എം മോന്‍സി.പി.അലക്‌സാണ്ടറെയാണ് ബിജിമോള്‍ കയ്യേറ്റം ചെയ്തത്. കാല്‍പാദത്തിലുണ്ടായ പൊട്ടലിനെ തുടര്‍ന്ന് ചികിത്സയിലാണ് എ.ഡി.എം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് ബിജിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ക്രപാരം കേസെടുത്തിരിക്കുന്നത്. എ.ഡി.എമ്മിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്നലെ ഉച്ചകഴിഞ്ഞതു മുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പണിമുടക്കിലാണ്. സമരം ഇന്നും തുടരുന്നുണ്ട്.