Image

പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു

Published on 18 August, 2011
പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഇന്ന്‌ രാത്രിയാണ്‌ അന്ത്യം. ചെന്നൈയിലെ കാട്ടുപാക്കത്തുള്ള വസതിയില്‍ വെച്ചാണ്‌ വിയോഗം. റാണിയാണ്‌ ഭാര്യ. ഷാന്‍, റെന്‍ എന്നിവര്‍ മക്കള്‍.

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, അമരം, മണിച്ചിത്രത്താഴ്‌, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ ഈണം നല്‍കിയത്‌ ജോണ്‍സനാണ്‌.

തൃശൂരിലെ നെല്ലിക്കുന്നിലാണ്‌ 1953 മാര്‍ച്ച്‌ 26 ന്‌ ജോണ്‍സണ്‍ ജനിച്ചത്‌. നെല്ലിക്കുന്ന്‌ സെന്റ്‌ സെബാസ്‌റ്റിയന്‍സ്‌ ചര്‍ച്ചില്‍ ഗായകനായിരുന്ന അദ്ദേഹം ചെറുപ്പകാലത്തു തന്നെ ഗിത്താറിലും ഹാര്‍മോണിയത്തിലും പ്രതിഭ തെളിയിച്ചു. 1968 ല്‍ ജോണ്‍സണും ചില സുഹൃത്തുക്കളും രൂപീകരിച്ച വോയ്‌സ്‌ ഓഫ്‌ തൃശൂര്‍ ട്രൂപ്പിലൂടെ നിരവധി വേദികളില്‍ ശ്രദ്ധേയനായി. കുറച്ച്‌ വര്‍ഷങ്ങള്‍ക്കകം തന്നെ കേരളത്തിലെ പ്രമുഖ സംഗീത ട്രൂപ്പുകളിലൊന്നായി അത്‌ മാറി.

ഗായകന്‍ ജയചന്ദ്രന്‍, മാധുരി എന്നിവരും ഈ ട്രൂപ്പിനോട്‌ സഹകരിച്ചിരുന്നു. ഗായകന്‍ ജയചന്ദ്രനാണ്‌ ജി.ദേവരാജന്‍ മാസ്‌റ്റര്‍ക്ക്‌ ജോണ്‍സണെ പരിചയപ്പെടുത്തുന്നത്‌. 1974 ല്‍ ജോണ്‍സണെ ചെന്നൈയിലേക്ക്‌ ഒപ്പം കൂട്ടിയ ദേവരാജന്റെ അന്നത്തെ പല ചിത്രങ്ങളിലും ജോണ്‍സന്റെ സംഗീതസാന്നിധ്യം കൂടി കേട്ടറിയാവുന്നതാണ്‌. ആരവം എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി. ആരവത്തിനു പിന്നാലെ തകര, ചാമരം തുടങ്ങിയ ഭരതന്‍ ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കി.

കൂടെവിടെ എന്ന ചിത്രം മുതല്‍ പത്മരാജന്‍ ചിത്രങ്ങളിലും അദ്ദേഹം സ്‌ഥിരസാന്നിധ്യമായി. കൂടെവിടെയിലെ ആടിവാ കാറ്റേ എന്ന ഗാനം സംഗീതസംവിധാനരംഗത്ത്‌ അദ്ദേഹത്തിന്റെ സ്‌ഥാനം ഉറപ്പിച്ചു. പത്മരാജന്റെ അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വന്‍ വരെ 17 പത്മരാജന്‍ ചിത്രങ്ങള്‍ക്കാണ്‌ ജോണ്‍സണ്‍ ഈണമിട്ടത്‌.

മുന്നൂറോളം മലയാളചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീത സംവിധാനമൊരുക്കി. ഇതില്‍ തന്നെ 1991 ല്‍ 31 ചിത്രങ്ങള്‍ക്ക്‌ ഈണമിട്ട റെക്കോര്‍ഡും ഉള്‍പ്പെടുന്നു. ഇതില്‍ 29 ചിത്രങ്ങളുടെയും ഗാനരചന നിര്‍വഹിച്ചത്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയായിരുന്നു. പൊന്തന്‍മാട(1993), സുകൃതം(1994) എന്നീ ചിത്രങ്ങള്‍ക്ക്‌ പശ്‌ചാത്തലസംഗീതമൊരുക്കിയതിന്‌ ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന്‌ ലഭിച്ചു. ഇത്തരത്തില്‍ രണ്ടു തവണ പശ്‌ചാത്തല സംഗീതത്തിന്‌ പുരസ്‌കാരം നേടിയ ഏക സംഗീതസംവിധായകന്‍ കൂടിയാണ്‌ അദ്ദേഹം.

ഓര്‍മക്കായ്‌(1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി(1989), അങ്ങനെ ഒരു അവധിക്കാലത്ത്‌(1999) എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീതസംവിധായകനുള്ള സംസ്‌ഥാനസര്‍ക്കാറിന്റെ പുരസ്‌കാരം അദ്ദേഹത്തിന്‌ ലഭിച്ചു. സദയം(1992), സല്ലാപം(1996) എന്നീ ചിത്രങ്ങളിലൂടെ പശ്‌ചാത്തല സംഗീതത്തിനുള്ള സംസ്‌ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങളും ജോണ്‍സനെ തേടിയെത്തി. യേശുദാസിനെ പ്രിയഗായകനായും ജാനകി, ചിത്ര എന്നിവരെ പ്രിയ ഗായികമാരായും വിശേഷിപ്പിച്ച ജോണ്‍സന്റെ ജനപ്രിയഗാനങ്ങളിലൂടെ ഈ ഗായകരും ജനഹൃദയങ്ങളില്‍ തുടര്‍ഹിറ്റുകളുമായി ശക്‌തസാന്നിധ്യമായി.

പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്‌, ടി.വി.ചന്ദ്രന്‍, കമല്‍, ലോഹിതദാസ്‌, ബാലചന്ദ്രമേനോന്‍ തുടങ്ങിയ മുന്‍നിര സംവിധായകരുടെ ഇഷ്‌
സംവിധായകന്‍ കൂടിയായിരുന്നു ജോണ്‍സണ്‍.
പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക