Image

അറ്റ്‌ലാന്റയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 August, 2011
അറ്റ്‌ലാന്റയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
അറ്റ്‌ലന്റാ: സഹനത്തിന്റെ മാതൃകയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ അറ്റ്‌ലാന്റയിലുള്ള വി. അല്‍ഫോന്‍സാ ദേവാലയത്തില്‍ ആഘോഷിച്ചു.

ജൂലൈ 30-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ കൊടിയേറ്റത്തോടുകൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക്‌ തുടക്കമായി. തുടര്‍ന്ന്‌ ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. ഇടവക വികാരി ഫാ. ജോണി പുതിയാപറമ്പില്‍ ഏവരേയും തിരുനാളിലേക്ക്‌ സ്വാഗതം ചെയ്‌തു. ഫാ. എബി വടക്കേക്കര, ഫാ. പോള്‍ പൂവത്തിങ്കല്‍, ഫാ. ജോസഫ്‌ മുല്ലക്കര, എം.എസ.്‌എഫ്‌.എസ്‌ റീജിയണല്‍ സുപ്പീരിയര്‍ ഫാ. അഗസ്റ്റിന്‍ തറപ്പേല്‍ തുടങ്ങിയ പത്തോളം വൈദീകര്‍ ദിവ്യബലിയില്‍ പങ്കെടുത്തു. ഫാ. ആന്റണി തുണ്ടത്തില്‍ തിരുനാള്‍ സന്ദേശം നല്‍കി.

അല്‍ഫോന്‍സാ ഇടവകയുടെ സംയുക്ത ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ തിരുനാള്‍ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി. ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വി. അല്‍ഫോന്‍സാമ്മയുടേതുള്‍പ്പടെ വിവിധ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം 12 ഏക്കര്‍ വരുന്ന ദേവാലയവും പരിസരവും വലംവെച്ച്‌ രണ്ടു സ്ഥലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തി. ഏതാണ്ട്‌ ഒരു മണിക്കൂറിനു ശേഷം തിരിച്ച്‌ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. ആവേശകരമായ ചെണ്ടമേളവും, താളമേളങ്ങളും, വര്‍ണ്ണപ്പകിട്ടാര്‍ന്ന മുത്തുക്കുടകളും, കൊടിതോരണങ്ങളുമായി ആയിരക്കണക്കിന്‌ വിശ്വാസികള്‍ പ്രാര്‍ത്ഥനാനിരതമായി പ്രദക്ഷിണമായി തിരുനാളിനെ മോടിപിടിപ്പിച്ചു.

വൈദ്യുത ദീപാലങ്കാരങ്ങളും കരിമരുന്ന്‌ കലാപ്രകടനവും തിരുനാളിന്റെ പ്രൗഡിക്ക്‌ മാറ്റുകൂട്ടി. തുടര്‍ന്ന്‌ ലദീഞ്ഞും നേര്‍ച്ച കാഴ്‌ച സമര്‍പ്പണവും നടന്നു. പ്രദക്ഷിണത്തിന്റെ സമാപനത്തില്‍ പ്രസുദേന്തിയുടെ വകയായി വിഭവസമൃദ്ധമായ തിരുനാള്‍ സദ്യ നടത്തപ്പെട്ടു. തുടര്‍ന്ന്‌ പ്രസിദ്ധ ക്രിസ്‌തീയ ഗായകന്‍ ഫാ. പോള്‍ പൂവത്തിങ്കല്‍ നയിച്ച ക്രിസ്‌തീയ ഗാനമേള അത്യന്തം ഹൃദ്യവും ആസ്വാദ്യകരവും സര്‍വ്വോപരി സംഗീതസാന്ദ്രവുമായി. ഏതാണ്ട്‌ ആയിരത്തോളം വിശ്വാസികള്‍ ശനിയാഴ്‌ച നടന്ന ചടങ്ങുകളില്‍ പങ്കെടുത്ത്‌ ആല്‍ഫോന്‍സാമ്മയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു.

തിരുനാളിന്റെ രണ്ടാംദിവസമായ ജൂലൈ 31-ന്‌ ഞായറാഴ്‌ച രാവിലെ 10.30-ന്‌ ഫാ. പോള്‍ പൂവത്തിങ്കലിന്റെ നേതൃത്വത്തില്‍ നിരവധി വൈദീകര്‍ പങ്കെടുത്ത ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. മനോഹരവും ഭക്തിനിര്‍ഭരവും സംഗീതസാന്ദ്രവുമായ ദിവ്യബലി ഭക്തിജനങ്ങള്‍ക്ക്‌ പ്രത്യേകമായ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കി. എം.എസ്‌.എഫ്‌.എസ്‌ റീജിയണല്‍ സുപ്പീരിയര്‍ ഫാ. അഗസ്റ്റിന്‍ തറപ്പേല്‍ തിരുനാള്‍ സന്ദേശം നല്‍കി. നാനാജാതി മതസ്ഥരായ ആയിരക്കണക്കിന്‌ വിശ്വാസികള്‍ ജോര്‍ജിയയിലും പരിസര പ്രദേശങ്ങളിലും, കൂടാതെ നിരവധി അന്യ സംസ്ഥാനങ്ങളില്‍ നിന്നുമായി തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുകയും അനുഗ്രഹങ്ങള്‍ നേടുകയും ചെയ്‌തു.

കേരളത്തിനിമയാര്‍ന്ന ആഘോഷങ്ങളോടും, ഭക്തിനിര്‍ഭരമായ ചടങ്ങുകളോടുംകൂടി നടത്തപ്പെട്ട ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ ഏബ്രഹാം ആഗസ്‌തി മുണ്ടുപാലയ്‌ക്കലും കുടുംബാംഗങ്ങളുമാണ്‌.

പ്രസുദേന്തിയോടൊപ്പം പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും, കൈക്കാരന്മാരും തിരുനാള്‍ കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. രണ്ടുദിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ ഇടവകാംഗങ്ങള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേക അനുഭവവും മറക്കാനാവാത്ത ഓര്‍മ്മയുമായി. ഞായറാഴ്‌ച നടന്ന സ്‌നേഹവിരുന്നോടുകൂടി തിരുനാള്‍ സമാപിച്ചു. ഏബ്രഹാം ആഗസ്‌തി അറിയിച്ചതാണിത്‌.
അറ്റ്‌ലാന്റയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക