Image

ഗാര്‍ഫീല്‍ഡ്‌ മിഷന്‍ ഫാ: ജോയി ആലപ്പാട്ടിന്‌ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 24 August, 2011
ഗാര്‍ഫീല്‍ഡ്‌ മിഷന്‍ ഫാ: ജോയി ആലപ്പാട്ടിന്‌ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി
ന്യൂജേഴ്‌സി: കഴിഞ്ഞ ഒന്നര പതിറ്റാണ്ട്‌ കാലത്തോളം വടക്കന്‍ ന്യൂജേഴ്‌സിയിലെ കത്തോലിക്കാ സമൂഹത്തിന്‌ ആത്മീയ നേതൃത്വം നല്‍കുകയും, 2004 മുതല്‍ ഗാര്‍ഫീല്‍ഡിലെ സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ വികാരിയുമായി സ്‌ത്യുത്യര്‍ഹമായ സേവനമനുഷ്‌ഠിക്കുകയും ചെയ്‌തുവന്നിരുന്ന ഫാ. ജോയി ആലപ്പാട്ടിന്‌ ഗാര്‍ഫീല്‍ഡ്‌ ഇടവക സമൂഹവും, മറ്റ്‌ സമുദായ, സാമൂഹിക നേതാക്കളും ചേര്‍ന്ന്‌ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി.

അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ രൂപതാ കേന്ദ്രമാ ചിക്കാഗോയിലെ മാര്‍ത്തോമ്മാ കത്തീഡ്രല്‍ പള്ളിയുടെ വികാരിയായി സ്‌ഥലം മാറിപ്പോകുന്ന അദ്ദേഹത്തിന്‌ ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ചുകൊണ്ട്‌ ഓഗസ്‌റ്റ്‌ 7 ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയും അതെ തുടര്‍ന്ന്‌ വിവിധ പരിപാടികളും അരങ്ങേറി.

അന്നേദിവസം ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ ആരംഭിച്ച വിശുദ്ധ കുര്‍ബാനയില്‍ ഫാ: ജോയി മുഖ്യകാര്‍മ്മികനും, മോണ്‍സിഞ്ഞോര്‍ ഡോ: ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍ (ചിക്കാഗോ രൂപത മുന്‍ വികാരി ജനറാള്‍), ഫാ: ജോസ്‌ കണ്ടത്തിക്കുടി, ഫാ: മാത്യു കുന്നത്ത്‌, ഫാ: റോയ്‌സണ്‍ മേനോനിക്കല്‍, ഫാ:റിജോ ജോണ്‍സണ്‍, ഫാ: അര്‍മാണ്ടോ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കുര്‍ബാനയ്‌ക്കു ശേഷംആരംഭിച്ച പൊതുയോഗത്തിലേക്ക്‌ ഗാര്‍ഫീല്‍ഡിലെ കുട്ടികളുടെ ബാന്‍ഡിന്റെ അകമ്പടിയോടെ ഫാ:ജോയി ആനയിക്കപ്പെട്ടു. ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷന്‍ ഗായകസംഘം ആലപിച്ചപ്രാര്‍ത്ഥനാഗാനത്തോടെ പൊതുയോഗം ആരംഭിച്ചു. മിഷന്‍ കൈക്കാരന്‍ ജോയി ചാക്കപ്പന്‍സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ മിഷന്‍ കമ്മിറ്റി അംഗങ്ങളും, വിവിധ സേവന സംഘടനകളുടെപ്രതിനിധികളും മുന്‍ കൈക്കാരന്മാര്‍, സെക്രട്ടറിമാര്‍, സമ്മേളനത്തില്‍ സന്നിഹിതരായിരിന്ന വൈദീകര്‍, സന്യാസിനികള്‍, മറ്റ്‌ അതിഥികള്‍ എന്നിവരും ജോയി അച്ചന്‌ പുഷ്‌പോപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

മോണ്‍സിഞ്ഞോര്‍ ഡോ: ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍ പൊതുയോഗത്തില്‍ അധ്യക്ഷനായിരുന്നു. തന്റെ അദ്ധ്യക്ഷ പ്രസംഗത്തിനിടയില്‍ ജോയി അച്ചനുമായി തനിക്കുള്ള ദീര്‍ഘനാളത്തെ സൗഹൃദത്തെയും സ്‌നേഹബന്ധത്തെയുംപറ്റി അദ്ദേഹം പരാമര്‍ശിച്ചു സംസാരിച്ചു. ഗാര്‍ഫീല്‍ഡ്‌ മിഷനെ നല്ല ഒരു മാതൃകാ ഇടകയാക്കി മാറ്റാന്‍ ജോയി ആച്ചനു സാധിച്‌തില്‍ താന്‍ സന്തോഷിക്കുന്നുവെന്നും പുതിയ പ്രവര്‍ത്തനമേഖലയില്‍ അദ്ദേഹം ശോഭിക്കട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.

ന്യുവാര്‍ക്ക്‌ ബിഷപ്‌, ജോണ്‍ ഫ്‌ളീസ്സി അയച്ച സ്‌നേഹസന്ദേശം മൈക്കിള്‍ ജയിംസ്‌ വായിച്ചു.തുടര്‍ന്ന്‌ ഗാര്‍ഫീല്‍ഡ്‌ മേയറുടെ പ്രതിനിധി മിസ്‌ റ്റാന റെയ്‌മണ്ട്‌ ജോയി അച്ചന്റെ പ്രവര്‍ത്തനങ്ങളെഅഭിനന്ദിച്ചു സംസാരിക്കുകയും, അദ്ദേഹത്തിന്‌ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്‌തു. ഗാര്‍ഫീല്‍ഡ്‌ സിറ്റി കൗണ്‍സില്‍ പാസാക്കിയ പ്രമേയം സിറ്റി മാനേജര്‍ തോമസ്‌ ജെ. ഡച്ച്‌ തദവസരത്തില്‍ വായിക്കുകയും, ഗാര്‍ഫീല്‍ഡ്‌ പട്ടണത്തിന്റെ നാമത്തില്‍ തയ്യാറാക്കിയ ആശംസാ ഫലകം അദ്ദേഹംജോയി അച്ചനു സമ്മാനിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ ഫാ: ജോസ്‌ കണ്ടത്തിക്കുടി (ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളി വികാരി), ഫാ: ജോസ്‌ മനുവല്‍ (സെന്റ്‌ മാത്യുസ്‌ പള്ളി, റിഡ്‌ജ്‌ഫീല്‍ഡ്‌ പാര്‍ക്ക്‌, ന്യുജേഴ്‌സി), ഫാ:ബാബു മാത്യു (സെന്റ്‌ സ്‌റ്റീഫന്‍സ്‌ മലങ്കര ഒര്‍ത്തഡോക്‌സ്‌ പള്ളി വികാരി, ബെര്‍ഗന്‍ഫീല്‍ഡ്‌), ഫാ:ജോസ്‌ പി. ഏബ്രഹാം (റാന്‍ഡോള്‍ഫ്‌ മാര്‍ത്തോമാ പള്ളി വികാരി, ന്യൂ ജേഴ്‌സി എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫോറം വൈസ്‌ പ്രസിഡണ്ട്‌), ഫാ: തദേവൂസ്‌ അരവിന്ദത്ത്‌ (ന്യൂയോര്‍ക്ക്‌ റോക്ക്‌ലാണ്ട്‌ സീറോ മലബാര്‍ മിഷന്‍ വികാരി), ഫാ: തോമസ്‌ കടുകപ്പള്ളി (ന്യുജേഴ്‌സി, ഈസ്‌റ്റ്‌ മില്‍ സ്‌റ്റോണ്‍
സീറോ മലബാര്‍ പള്ളി വികാരി) എന്നിവരും, ഗാര്‍ഫീല്‍ഡ്‌ മിഷന്‍ മുന്‍ കൈക്കാരന്‍ മാത്യു ഏബ്രഹാം, വിമന്‍സ്‌ ഫോറം പ്രസിഡണ്ട്‌ ശ്രീമതി. മരിയ തോട്ടുകടവില്‍, യുവജന പ്രതിനിധി ശില്‍പ ഫ്രാന്‍സിസ്‌ എന്നിവരും ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ഗാര്‍ഫീല്‍ഡ്‌ മിഷന്റെ നാമത്തില്‍ തയ്യാറാക്കിയ ആശംസാഫലകം ഫാ: മാത്യു കുന്നത്ത്‌ (ഫാ: മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍) ജോയി അച്ചന്‌ കൈമാറി. തുടര്‍ന്ന്‌, ഗാര്‍ഫീല്‍ഡ്‌ മിഷനിലെ കുടുംബങ്ങളില്‍നിന്നും സമാഹരിച്ച പതിനായിരം ഡോളറിന്റെ ചെക്ക്‌, കൈക്കാരന്മാര്‍ ജോയി ചാക്കപ്പന്‍, ഫ്രാന്‍സിസ്‌ പള്ളുപ്പേട്ട, മിഷന്‍ സെക്രട്ടറി ബാബു ജോസഫ്‌ എന്നിവര്‍ ചേര്‍ന്ന്‌ ജോയി അച്ചന്‌ സമ്മാനിച്ചു.

ജോയി അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ തന്നെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്‌തു വന്ന വടക്കന്‍ ന്യൂജേഴ്‌സിയിലെ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു. ഗാര്‍ഫീല്‍ഡ്‌ മിഷനെ കഴിഞ്ഞ ഏഴു വര്‍ഷക്കാലം നയിക്കുവാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്നും, തന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായിച്ച എല്ലാ മിഷന്‍ അംഗളേയും, പ്രത്യേകിച്ച്‌ അതാതു വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന മിഷന്‍ കമ്മിറ്റികളേയും താന്‍
നന്ദിയോടെ സ്‌മരിക്കുന്നുവെന്നും പ്രസ്‌താവിച്ചു. ഗാര്‍ഫീല്‍ഡ്‌ മിഷന്റെ അഭ്യുദയകാംക്ഷികളായ എല്ലാസഹോദര സമുദായങ്ങള്‍ക്കും അദ്ദേഹം നന്ദിയര്‍പ്പിക്കുകയും തന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ദൈവഹിതമനുസരിച്ച്‌ നടത്തുവാനുള്ള അനുഗ്രഹത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

ജോയി അച്ചനും ശ്രീമതി മരിയ തോട്ടുകടവിലും രചിച്ച ഗാനങ്ങളടങ്ങുന്ന സി.ഡി യുടെ പ്രകാശനം തദവസരത്തില്‍ പ്രശസ്‌ത ക്രിസ്‌ത്യന്‍ സംഗീതജ്‌ഞന്‍ ജെ.എം. രാജു നിര്‍വഹിച്ചു. തുടര്‍ന്ന്‌, ജോയി അച്ചനുവേണ്ടിയും, ഷിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ അദ്യ വികാരി ജനറാളായി പത്തുവര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലേക്ക്‌ മടങ്ങുന്ന മോണ്‍സിഞ്ഞോര്‍ ഡോ: ജോര്‍ജ്‌ മഠത്തിപ്പറമ്പിലിനുവേണ്ടിയും പ്രത്യേകം തയ്യാറാക്കിയ കേക്കുകള്‍ അതാതു വവൈദീകര്‍ മുറിച്ചു പങ്കുവച്ചു. ഫാ: ബാബു തലപ്പിള്ളി കേക്ക്‌ മുറിക്കുന്നതിനു മുമ്പായി പ്രാര്‍ത്ഥന നടത്തി. ഗാര്‍ഫീല്‍ഡ്‌ യുവജനങ്ങളും, ജെ.എം. രാജു, ലതാ രാജു എന്നിവരും ആലപിച്ച ഗാനങ്ങള്‍ പരിപാടികള്‍ക്ക്‌ കൂടുതല്‍ കൊഴുപ്പേകി.

പൊതുയോഗത്തില്‍ മേല്‍ പ്രസ്‌താവിച്ചവരെക്കൂടാതെ, ഫാ: മത്യൂ ഈരാളി, വടക്കുകിഴക്കന്‍ മേഖലയിലെ വിവിധ സീറോ മലബാര്‍ മിഷനുകളില്‍നിന്നും ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികള്‍, മലയാളം ഐ.പി. ടെലിവിഷന്‍ പ്രതിനിധി സുനില്‍ ട്രൈസ്‌റ്റാര്‍, മലയാളം ഫൈന്‍ ആര്‍ട്‌സ്‌ സ്ഥാപകന്‍ പി. ടി. ചാക്കോ, ശാലോം മീഡിയ പ്രതിനിധി ഷോളി കുമ്പിളുവേലി എന്നിവരും സന്നിഹിതരായിരുന്നു.

മിഷന്‍ കൈക്കാരന്‍ ഫ്രാന്‍സിസ്‌ പള്ളുപ്പേട്ട നന്ദിപ്രകാശനം നടത്തി. സെക്രട്ടറി ബാബു ജോസഫ്‌ പരിപാടികള്‍ വളരെ ശ്ശാഘനീയമായ രീതിയില്‍ അവതരിപ്പിക്കുകയും അവസരോചിതമായി ജോയി അച്ചന്റെ വിവിധ ഗുണഗണങ്ങളെപ്പറ്റി സദസ്സിനെ ബോധവത്‌കരിക്കുകയും ചെയ്‌തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ക്ക്‌ തിരശീലവീണു.

യാത്രയയപ്പ്‌ കമ്മിറ്റി നേരത്തെ തീരുമാനിച്ചതനുസരിച്ച്‌ ഓഗസ്‌റ്റ്‌ 20 നു (ശനി) ഉച്ചയ്‌ക്കുശേഷം, ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്ക മിഷനിലെയും, സ്‌റ്റാറ്റന്‍ഐലന്റിലെ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍ മിഷനിലെയും ഒരുപറ്റം കുടുംബങ്ങളുടെ അകമ്പടിയോടെ ജോയി അച്ചന്‍ തന്റെ പുതിയ തട്ടകമായ ഷിക്കാഗോ കത്തീഡ്രലിലേക്ക്‌ വിനോദ സഞ്ചാര ബസ്സില്‍ യാത്ര തിരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട അച്ചനെ യാത്രയാക്കുവാനായി ഗാര്‍ഫീല്‍ഡ്‌ മിഷനിലെയും സ്‌റ്റാറ്റന്‍ ഐലന്റ്‌ മിഷനിലെയും മറ്റനേകം അംഗങ്ങള്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. മിഷന്റെ പുതിയ വികാരി ഫാ: പോള്‍ കോട്ടയ്‌ക്കല്‍ ജോയി അച്ചന്‌ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. വികാരി എന്ന നിലയില്‍ ജോയി അച്ചന്‍ ആദ്യമായി ഷിക്കാഗോയിലെ മാര്‍ത്തോമാ കത്തീഡ്രലില്‍ ഞായറാഴ്‌ച്ച അര്‍പ്പിച്ച ദിവ്യബലിയില്‍ സംബന്ധിച്ചശേഷം, അച്ചന്‌ അകമ്പടിയായി പോയ സംഘം ന്യൂജേഴ്‌സിയിലേക്ക്‌ മടങ്ങി. പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ സിറിയക്ക്‌ കുര്യന്‍ അറിയിച്ചതാണിത്‌.
ഗാര്‍ഫീല്‍ഡ്‌ മിഷന്‍ ഫാ: ജോയി ആലപ്പാട്ടിന്‌ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക