Image

ഹസാരെയെ വിമര്‍ശിക്കുന്നവര്‍ - ഒരു വിയോജനക്കുറിപ്പ്‌...

Published on 27 August, 2011
ഹസാരെയെ വിമര്‍ശിക്കുന്നവര്‍ - ഒരു വിയോജനക്കുറിപ്പ്‌...
അണ്ണാ ഹസാരെയുടെ നിരാഹാര സമരം ഈ ലേഖനം കുറിക്കുമ്പോഴും തുടരുകയാണ്‌. നിരാഹാര സമരം അവസാനിപ്പിച്ചാലും ജനകീയ സമരം തുടരുമെന്ന്‌ തന്നെയാണ്‌ മനസിലാക്കേണ്ടത്‌. അഴിമതിക്കെതിരെയുള്ള സമരം ഒരു ജനലോക്‌പാല്‍ ബില്ലില്‍ ഒതുങ്ങി നില്‍ക്കുന്നില്ലെന്ന്‌ അണ്ണാഹസാരെ തന്നെ പറയുന്നു.

ഇവിടെ ജനലോക്‌പാല്‍ എന്ന സംവിധാനം നടപ്പാക്കിയാല്‍ അഴിമതി തുടച്ചു നീക്കപ്പെടുമോ എന്ന ചോദ്യമല്ല പ്രധാനം. ഇനി ജനലോക്‌പാല്‍ സംവിധാനം അഴിമതിയില്‍ നിന്നും മുക്തമായിരിക്കുമോ എന്ന ചോദ്യവും അവിടെ നില്‍ക്കട്ടെ. ജനലോക്‌പാല്‍ സംവിധാനത്തെക്കുറിച്ച്‌ ഗവണ്‍മെന്റിനെ കൊണ്ട്‌ ചര്‍ച്ച ചെയ്യിച്ചു എന്നതിനേക്കാള്‍ അണ്ണാ ഹസാരെയുടെ സമരത്തിന്‌ മറ്റൊരു തലമുണ്ട്‌. അത്‌ ഇന്ത്യയില്‍ കാശ്‌മീര്‍ തൊട്ട്‌ കന്യാകുമാരി വരെ അഴിമതിക്കെതിരെ ഒരു ജനകീയ ശബ്‌ദം രൂപപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ്‌.

ഹസാരെയെ പിന്തുണക്കുന്നതില്‍ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളുടെ മാര്‍ക്കറ്റിംഗ്‌ താത്‌പര്യങ്ങളുണ്ട്‌ എന്നത്‌ ശരിയായിരിക്കാം. അതെന്തുമാകട്ടെ ജനങ്ങള്‍ ഹസാരെക്കൊപ്പം നില്‍ക്കുന്നത്‌ കാണാന്‍ കഴിയുന്നുണ്ട്‌ ഇന്ന്‌ ഇന്ത്യയില്‍. അത്‌ ഹസാരെയുടെ വിമര്‍ശകര്‍ പറയുന്നത്‌ പോലെ മാധ്യമങ്ങളുടെ പെരുപ്പിച്ചു കാട്ടിയ ജനങ്ങളുടെ എണ്ണമല്ല. മറിച്ച്‌ പ്രതികരിക്കാനുള്ള ഒരു സാധ്യത തുറന്നു കിട്ടിയപ്പോള്‍ ശബ്‌ദമുയര്‍ത്തുന്ന ജനങ്ങളുടെ കൂട്ടമാണ്‌.

ഇത്‌ മാധ്യമങ്ങള്‍ പെരുപ്പിച്ച്‌ കാട്ടിയ ജനശബ്‌ദമായിരുന്നെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയുമൊന്നും അണ്ണാഹസാരെയുമായി സമരസപ്പെടാന്‍ ഇത്രയധികം തിടുക്കം കാണക്കില്ലായിരുന്നു. പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി നടത്തുന്ന നാടകമാണ്‌ അണ്ണാഹസാരെയുടെ സമരമെങ്കില്‍ കോണ്‍ഗ്രസ്‌ ഇതുപോലെ നിസഹായരായി ഈ സമരത്തെ നോക്കി നില്‍ക്കില്ലായിരുന്നു. ഇവിടെ ഹസാരെയും സംഘത്തെയും അവര്‍ക്ക്‌ കിട്ടുന്ന ജനകീയ പിന്തുണയെയും സര്‍ക്കാര്‍ ഭയക്കുന്നുവെന്നത്‌ പകല്‍ പോലെ വ്യക്തം. നിവൃത്തിയില്ലാതെ ഹസാരെയ പിന്തുണച്ച്‌ രാഷ്‌ട്രീയ ലാഭം കൊയ്യാമെന്ന്‌ കരുതുന്ന ബി.ജെ.പി പോലും അണ്ണാഹസാരെ സംഘം മുമ്പോട്ടു വെക്കുന്ന പല നിര്‍ദ്ദേശങ്ങളോടും യോജിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ്‌ ഇവിടെ നിന്നും ബോധ്യപ്പെടുന്നതാണ്‌. ഏറ്റവും കൗതുകകരമായ സംഗതി രാജ്യത്തെ ഒരു രാഷ്‌ട്രീയ കക്ഷി പോലും, അത്‌ പ്രദേശിക രാഷ്‌ട്രീയ കക്ഷികള്‍ അടക്കം, ഹാസരെയുടെ ജനലോക്‌പാല്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല എന്നതാണ്‌. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്‌ട്രീയ തന്ത്രങ്ങള്‍ മാത്രമാണ്‌ ഹസാരെയുടെ വിഷയത്തില്‍ രാഷ്‌ട്രീയ കക്ഷികളുടെ നിലപാടുകള്‍.

അണ്ണാഹസാരെയ്‌ക്ക്‌ വേണ്ടി ഇന്റര്‍നെറ്റ്‌ പ്ലാറ്റ്‌ഫോമുകളില്‍ ഉയരുന്ന ശബ്‌ദങ്ങള്‍ കണ്ടില്ലെന്ന്‌ നടക്കാന്‍ ഇന്നത്തെ സമൂഹത്തിനാവില്ല. ഇവിടെ മനസിലാക്കേണ്ടത്‌ രാജ്യത്തെ ഏതാണ്ട്‌ എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ച്‌ അണ്ണാഹസാരെക്ക്‌ വേണ്ടി രംഗത്തിറങ്ങുന്നു എന്നത്‌ തന്നെയാണ്‌. ഇന്ന്‌ കേരളത്തിലെ ഗാന്ധി പ്രതിമകള്‍ക്ക്‌ ചുറ്റും അണ്ണാഹസാരെക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചെറു സംഘങ്ങള്‍ സമരത്തിനിരിക്കുന്നത്‌ സാധാരണ കാഴ്‌ചയായി മാറിയിരിക്കുന്നു. ഒരു ജനകീയ സമരത്തിന്റെ വിശാലമായ മുഖം എങ്ങനെയെന്നാണ്‌ ഈ കാഴ്‌ചകള്‍ കാട്ടിത്തരുന്നത്‌.

എന്നാലിവിടെ അണ്ണാഹസാരെയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ക്കും ഒരു കുറവുമില്ല. കപില്‍ സിംബലിനെ പോലെ തീവ്ര ഹസാരെ വിരുദ്ധര്‍ മാത്രമല്ല ഹസാരെയുടെ രണ്ടാം നിരാഹാര സമരം ശക്തമായപ്പോള്‍ അരുദ്ധതി റോയിയെ പോലുള്ള ഒരു സോഷ്യല്‍ ആക്‌ടിവിസ്റ്റ്‌ വരെ ഹസാരെക്കെതിരെ ശബ്‌ദമുയര്‍ത്തി. ഹസാരെയ്‌ക്ക്‌ പിന്നിലുള്ളത്‌ കോര്‍പ്പറേറ്റ്‌ ശക്തികളാണെന്നും ആര്‍.എസ്‌.എസ്‌ ആണെന്നുമൊക്കെയുള്ള വാദഗതികള്‍ അവര്‍ നിരത്തുന്നു. ഇതൊന്നും ഇതുവരെ തെളിയിക്കപ്പെട്ടില്ല എങ്കില്‍ പോലും ഒരു ഹസാരെ വിരുദ്ധ വാദഗതികളും ജനലോക്‌പാല്‍ വിരുദ്ധ വാദഗതികളും സജീവമാണ്‌.

ഏറ്റവും പ്രധാനമായ വിമര്‍ശനം ജനലോക്‌പാല്‍ ഒരു സര്‍ക്കാരിനെ പോലെ ഒരു സമാന്തര സംവിധാനമായി മാറുമെന്നും അത്‌ പാര്‍ലമെന്ററി ജനാധിപത്യത്തിന്‌ ഭീഷണിയാകുമെന്നുമാണ്‌. കപില്‍ സിംബല്‍ തുടങ്ങിയവരുയര്‍ത്തുന്ന വാദഗതിയാണിത്‌. എന്നാല്‍ ഇത്‌ തികച്ചും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാദഗതിയാണ്‌. എക്‌സിക്യുട്ടീവ്‌ പുറത്തു നില്‍ക്കുന്നതാണല്ലോ ഇന്ത്യന്‍ ജനാധിപത്യത്തിലെ കോടതികള്‍. കോടതികള്‍ സമാന്തര സര്‍ക്കാര്‍ സംവിധാനമായി പ്രവര്‍ത്തിക്കുന്നുണ്ടോ. ഒരിക്കലുമില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ കറ പുരളുമ്പോള്‍ അത്‌ കോടതികള്‍ ചൂണ്ടിക്കാട്ടുന്നു എന്നത്‌ സത്യമാണ്‌. ഇത്തരമൊരു കാഴ്‌ചപ്പാട്‌ തന്നെയാണ്‌ ജനലോക്‌പാല്‍ എന്ന സംവിധാനം കൊണ്ടും അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്‌.

അഴിമതിക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കുക, പരിശോധിക്കുക, അന്വേഷണം നടത്തുക, കേസ്‌ കോടതിയിലെത്തിക്കുക എന്ന നപടികള്‍ മാത്രമേ ഹസാരെ ടീം വിഭാവനം ചെയ്‌ത ലോക്‌പാലിലുള്ളു. അവിടെയും നിയമം നടപ്പാക്കപ്പെടുക കോടതി വഴിയാണ്‌. ഇത്‌ തികച്ചും ജനാധിപത്യ പ്രക്രീയ തന്നെയാണ്‌. അപ്പോള്‍ പിന്നെയെങ്ങനെയാണ്‌ ജനലോക്‌പാല്‍ ബില്‍ ജനാധിപത്യത്തിനുള്ള വെല്ലിവിളിയാകുന്നത്‌. എന്നാല്‍ ജനലോക്‌പാല്‍ പരിധിയില്‍ എല്ലാ വിധ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ്‌ സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു.

ജനലോക്‌പാല്‍ സംവിധാനത്തില്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അതിലെ അംഗങ്ങളെക്കുറിച്ച്‌ പരാതികളുണ്ടെങ്കില്‍ ഏത്‌ പൗരനും നേരെ കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയും അണ്ണാഹസാരെ മുമ്പോട്ടു വെച്ചിരിക്കുന്ന ജനലോക്‌പാല്‍ ബില്ലിലുണ്ട്‌. ഈ വ്യവസ്ഥ അംഗീകരിക്കാനും സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിക്കുന്നു എന്നത്‌ മറ്റൊരു കാര്യം.

ഇനി അരുദ്ധതി റോയി ഉയര്‍ത്തുന്ന വിമര്‍ശനം ശ്രദ്ധിക്കാം. മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ പത്ത്‌ വര്‍ഷമായി സമരം ചെയ്യുന്ന ഇറോം ശര്‍മ്മിളയുടെ സമരത്തിന്‌ കിട്ടാത്ത ജനകീയ എന്തുകൊണ്ട്‌ അണ്ണാഹസാരെക്ക്‌ എന്നാണ്‌ അരുദ്ധതി റോയിയുടെ ചോദ്യം. കൂടംകുളം ആണവനിലയത്തിനെതിര റിലേ നിരാഹാര സമരം ചെയ്യുന്നവര്‍ക്കും മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നില്ലെന്ന്‌ അരുദ്ധതി റോയി വിമര്‍ശിക്കക്കുന്നു. അതേ സമയം അണ്ണാഹസാരക്ക്‌ ചുറ്റുമുള്ളത്‌ ഇന്ത്യയിലെ മുഴുവന്‍ ജനക്കൂട്ടവുമാണെന്ന്‌ തെറ്റിദ്ധരിപ്പിക്കുകയാണ്‌ മാധ്യമങ്ങള്‍ എന്നാണ്‌ അരുദ്ധതി റോയിയുടെ വാദം.

ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്‌. ഇന്ത്യ കണ്ട ഏറ്റവും വലിയ നിശബ്‌ദ വിപ്ലവം തന്നെയാണ്‌ ഇറോം ശര്‍മ്മിള നടത്തുന്നത്‌. ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണവുമാണത്‌. ഇറോംശര്‍മ്മളയെ മനസ്‌ കൊണ്ട്‌ ഇഷ്‌ടപ്പെടാത്ത അവര്‍ക്ക്‌ പിന്തുണ നല്‍കാത്ത ഇന്ത്യക്കാര്‍ ഉണ്ടാവുമെന്ന്‌ തന്നെ വിശ്വസിക്കാന്‍ വയ്യ. അതുപോലെ തന്നെയാണ്‌ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ കാര്യവും. ഇവിടെയെല്ലാം പൗരാവകാശം ഹനിക്കപ്പെടുക തന്നെയാണ്‌. പക്ഷെ ഒരു വലിയ ദേശിയ ശ്രദ്ധയിലേക്ക്‌ ഈ വിഷയങ്ങള്‍ ഉയരത്താത്തിന്‌ പിന്നില്‍ മറ്റു പല കാരണങ്ങളുമുണ്ട്‌. ഇറോം ശര്‍മ്മിളയുടെ സമരവും, കുടുംകുളം അണവ നിലയത്തിനെതിരെയുള്ള സമരവുമൊക്കെ പലപ്പോഴും ദേശിയ ശ്രദ്ധയിലേക്ക്‌ വരുമെങ്കില്‍ തന്നെ ഇന്ത്യയെന്ന വലിയ രാജ്യത്ത്‌ പല ഭാഗങ്ങളിലുള്ള സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മുകളില്‍ പറഞ്ഞ സമരങ്ങളൊക്കെ മറ്റെവിടെയെങ്കിലും നടക്കുന്ന പ്രദേശിക പ്രശ്‌നങ്ങളാണ്‌. മനസുകൊണ്ട്‌ ഒരു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നതില്‍ കവിഞ്ഞ്‌ സാധാരണക്കാരായ മനുഷ്യരില്‍ നിന്ന്‌ ഒരു പ്രതികരണമുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഇന്ത്യയില്‍ നിത്യജീവിതത്തിന്‌ അന്നന്ന്‌ തൊഴില്‍ ചെയ്‌താല്‍ മാത്രമേ കഴിയുന്ന എന്ന അവസ്ഥയില്‍ ജീവിക്കുന്നവര്‍ ഭൂരിഭാഗമാകുമ്പോള്‍ എല്ലാവര്‍ക്കും സോഷ്യല്‍ ആക്‌ടിവിസ്‌റ്റാകാന്‍ കഴിയുകയുമില്ല.

എന്നാല്‍ അണ്ണാഹസാരെ ഉയര്‍ത്തിയിരിക്കുന്നത്‌ ഒരു സാര്‍വ്വദേശിയ വിഷയമാണ്‌. എല്ലാജനങ്ങളും ഒരു പോലെ വെറുക്കുന്ന അഴിമതി എന്ന വിഷയം. ഒരു തരത്തില്‍ നോക്കിയാല്‍ എല്ലാവിധ ഭരണകൂട ഭീകരതയുടെയും അടിസ്ഥാനം അധികാരമുള്ളവര്‍ അഴിമതി കാണിക്കാന്‍ കാട്ടുന്ന ത്വര തന്നെയാണ്‌. ഇത്‌ ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും ഒരുപോലെ തന്നെയാണ്‌. 1947ന്‌ മുമ്പ്‌ രാജ്യം ഒരുപോലെ സ്വാതന്ത്രം ആഗ്രഹിച്ചത്‌ പോലെ ഇന്ന്‌ രാജ്യം ഒരുപോലെ അഴിമതിയില്‍ നിന്ന്‌ മോചനം ആഗ്രഹിക്കുന്നു. കാരണം അഴിമതി ഏത്‌ ജനവിഭാഗത്തെയും ഒരുപോലെ ബാധിക്കുന്നതാണ്‌. കോര്‍പ്പറേറ്റുകള്‍ മുതല്‍ സാധാരണക്കാരനെ വരെ അത്‌ ഒരു പോലെയാണ്‌ ഗ്രസിക്കുന്നത്‌.

ഹസാരെയുടെ സമരത്തിന്‌ ഒരു ദേശിയ പിന്തുണ ലഭിക്കുന്നതിന്റെ പൊരുള്‍ മറ്റൊന്നുമല്ല. ഇതുകൊണ്ട്‌ ഹസാരെയുടെ സമരം ഇറോം ശര്‍മ്മിളയുടെ സമരത്തേക്കാള്‍ വലുതാകുന്നില്ല. ഒട്ടും ചെറുതുമാകുന്നില്ല. ഈയൊരു യാഥാര്‍ഥ്യമാണ്‌ വിമര്‍ശകര്‍ ഈ വിഷയത്തില്‍ മനസിലാക്കേണ്ടത്‌.

മറ്റൊരു പ്രധാന സംഗതി ഹാസരെ സമരത്തിനിരിക്കുന്ന മൈതാനിയിലേക്ക്‌ ഏറ്റവും കൂടുതല്‍ ആളുകളെത്തിയത്‌ ഒഴിവു ദിനങ്ങളിലായിരുന്നു. പ്രവൃത്തി ദിവസങ്ങളില്‍ ഹസാരെക്ക്‌ ചുറ്റും ആള്‍ക്കൂട്ടം കുറഞ്ഞു. ഏതെങ്കിലും ഒരു സംഘടന വിളിച്ചു കൂട്ടിയവരാണ്‌ ഹസാരെയ്‌ക്ക്‌ ചുറ്റും കൂടിയതെങ്കില്‍ അവര്‍ എല്ലാ ദിവസവും അവിടെ കാണേണ്ടതായിരുന്നു. പക്ഷെ അഴിമതിക്കെതിരെ വികാരം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ തങ്ങള്‍ക്ക്‌ സമയം ലഭിക്കുമ്പോഴെല്ലാം രാംലീലാ മൈതാനിയിലേക്ക്‌ വരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം.

ഇവിടെ ജനലോക്‌പാല്‍ ബില്ല്‌ അഴിമതിക്കെതിരെയുള്ള അവസാന വാക്കാകുമോ എന്ന ചോദ്യത്തിന്‌ ഇനിയും ഉത്തരമില്ല. എങ്കിലും ഒന്നുമനസിലാക്കണം, നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധാരണക്കാരന്‌ പ്രാപ്യമല്ലാത്ത വിധത്തില്‍ വഷളായി മാറിയിരിക്കുമ്പോഴാണ്‌ ഒരു പുതിയ സമരമുഖം തുറക്കപ്പെട്ടത്‌. അതായത്‌ നിലിവുള്ള സംവിധാനങ്ങള്‍ പലപ്പോഴും പരാജയങ്ങളാണെന്ന്‌ വിലയിരുത്തപ്പെടുന്നു. അപ്പോള്‍ പിന്നെ പുതിയ സംവിധാനങ്ങളെക്കുറിച്ച്‌ തീര്‍ച്ചയായും ആലോചിക്കേണ്ടതുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക