Image

ജോസ് ചെരിപുറം ആദര്‍ശങ്ങളുടെ കാവ്യഭാവം

വാസുദേവ് പുളിക്കല്‍ Published on 27 August, 2011
ജോസ് ചെരിപുറം ആദര്‍ശങ്ങളുടെ കാവ്യഭാവം
കേരളത്തില്‍ നിന്നുള്ള അമേരിക്കന്‍ കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ എത്തിയ കവിയാണ് ജോസ് ചെരിപുറം. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ പലരുടേയും ആദ്യകാലരചനകളെ ഗൃഹാതുരത്വം സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഈ കവി ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങള്‍ക്ക് അടിമയായിട്ടില്ല. എങ്കിലും ചില കവിതകള്‍ ജന്മനാടിന്റെ മധുരസ്മൃതികളുണര്‍ത്തുന്നുണ്ട്. സമൂഹത്തിലെ മൂല്യാധഃപതനം കവിയുടെ മനസ്സിനെ വേദനിപ്പിക്കുന്നതും ആ വേദനയില്‍ നിന്നുയരുന്ന പ്രതികരണവും പല കവിതകളിലും കാണാം. ഈ പ്രതികരണത്തിലൂടെ പ്രകടമാകുന്നത് ആദര്‍ശവിരുദ്ധമായ പ്രവൃത്തികളോടുള്ള കവിയുടെ ആത്മരോഷവും സാമൂഹ്യപ്രതിബദ്ധതയുമാണ്. ജോസ് ചെരിപുറത്തിന്റെ കവിതകള്‍ ഭാവാത്മകവും വിചാര സമ്പുഷ്ടവുമാണ്. വായനക്കാരുടെ ചിന്തയില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കി അവരെ ആദര്‍ശപരമായ ജീവിതത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്നതാണ് പല കവിതകളും. കാല്‍പനികതയുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന കവിതകളോടൊപ്പം തന്നെ ചുറ്റുപാടുകളില്‍ നിന്ന് കവിയുടെ മനസ്സില്‍ പതിച്ച യാഥാര്‍ത്ഥ്യങ്ങളെ കാവ്യാത്മകമായി ചിത്രീകരിച്ചിരിച്ചിട്ടുള്ള കവിതകളുമുണ്ട്. കഠിന പദങ്ങള്‍ കൊണ്ടോ അവതരണത്തിന്റെ വക്രീകരണം കൊണ്ടോ വായനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. പദഘടന ലളിതവും ആശയങ്ങളെ ധ്വനിപ്പിക്കാന്‍ ശക്തിയുള്ളതുമാണ്.

ഞാന്‍ ആദ്യമായി ഈ കവിയെ കാണുന്നത് പത്തുമുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഒരു മീറ്റിങ്ങില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ സംസാരം രസകരമായി തോന്നി. അമേരിക്കന്‍ മലയാളികളില്‍ വായനക്കാര്‍ കുറവാണെന്നും എഴുത്തുകാര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്നുമുള്ള പരിവേദനം കേള്‍ക്കുന്നുണ്ട്. അന്നു ജോസ് ചെരുപുറം പറഞ്ഞതിന്റെ പൊരുള്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ വായനക്കാര്‍ എവിടെ എന്നു തന്നെയായിരുന്നു. സംസാരമദ്ധ്യെ അദ്ദേഹം പറഞ്ഞു, "ഞാന്‍ ഒരു കവിത എഴുതി. അതിലെ ഒരു വാക്ക് മാറ്റിയാലോ എന്ന് തോന്നിയപ്പോള്‍ പ്രശസ്ത സാഹിത്യകാരനായ സുഹൃത്തിനോട് അഭിപ്രായം ചോദിച്ചു. പലവട്ടം ചോദ്യം ആവര്‍ത്തിച്ചതിനു ശേഷമാണ് സുഹൃത്തില്‍ നിന്ന് മറുപടി വന്നത്. താന്‍ എന്തു വേണമെങ്കിലും മാറ്റെടാ, അതൊന്നും ഇവിടെ ആരും വായിക്കാന്‍ പോകുന്നില്ല. എന്നായിരുന്നു മറുപടി". അപ്പോള്‍ ആ കവിക്കുണ്ടായ വികാരം ഊഹിക്കാവുന്നതേയുള്ളൂ. വായനക്കാര്‍ ഉണ്ടോ എന്ന് തിരക്കിയിട്ടല്ല എഴുത്തുകാര്‍ രചന നടത്തുന്നത്. സര്‍ഗ്ഗശക്തി വികസിക്കുമ്പോള്‍ ആശയങ്ങള്‍ വാക്കുകളായി ഉതിര്‍ന്നു വീഴുന്നു, സൃഷ്ടി നടക്കുന്നു. ജോസ് ചെരിപുറം നല്ല നല്ല കവിതകള്‍ എഴുതിയതിന്റെ കാരണവും അതു തന്നെ. ജോസ് ചെരിപുറത്തിന്റെ കവിതകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താതെ ചുരുക്കം ചില കവിതകളെ പറ്റി ഒരവലോകനം മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ.

കപടമായ ഭക്തി-വിശ്വാസങ്ങളെ കവി ശക്തമായി അപലപിക്കുന്ന കവിതയാണ് "നരകം". മുങ്ങാം ഞാനീ ഗംഗയില്‍ മുന്നൂറുവട്ടം, ഇവനെന്റെ പ്രിയപുത്രനെന്ന് അശരീരി കേള്‍ക്കില്‍ ഞാന്‍ മാമോദീസ മുങ്ങാം, പൊന്നാനിയില്‍ പോയി സുന്നത്ത് ചെയ്യാം, ഹജ്ജിനു പോകാം- കവി എന്തിനും തയ്യാറാണ്. ഇത് കവിയുടെ സ്വര്‍ഗ്ഗലാഭത്തിനു വേണ്ടിയുള്ള സ്വാര്‍ത്ഥത കൊണ്ടല്ല. മോക്ഷപ്രാപ്തിക്കുവേണ്ടി ജനങ്ങള്‍ കാട്ടികൂട്ടുന്ന അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ കവി വായനക്കാരുടെ മുന്നില്‍ വ്യഗ്യഭംഗ്യാ അവതരിപ്പിക്കുകയാണ്. മോക്ഷം എന്നാല്‍ പൂര്‍ണ്ണമായ ദുഃഖനിവാരണമെന്ന് പറയാം. അത് സ്വയം നന്മയിലൂടെയും ആത്മാര്‍ത്ഥമായ ഈശ്വരാര്‍പ്പണത്തിലൂടെയും നേടിയെടുക്കേണ്ടതാണെന്ന് കവിക്കറിയാം. അന്ധമായ വിശ്വാസം കൊണ്ടോ കള്ളപ്രചാരണം കൊണ്ടോ കുതന്ത്രം കൊണ്ടോ നേടാന്‍ സാധിക്കുന്ന ഒന്നല്ല എന്ന് കവി നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്.

ദൈവവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ വഴിതെറ്റിച്ച് സമൂഹത്തില്‍ അസ്വസ്ഥയുണ്ടക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കവിക്ക് യാതൊരു ഭയവുമില്ല എന്ന് തെളിയിക്കുന്ന കവിതയാണ് 'ഗാഗുല്‍ത്തായുടെ ഗദ്ഗദങ്ങ
ള്‍ '. കവി പറയുന്നതു നോക്കൂ,

എന്റെ വചനങ്ങള്‍ നിത്യവൃത്തിക്കായി
തെറ്റി വ്യാഖ്യാനിച്ച് പാപികളാകല്ലെ
ഞാനൊരു ജാതിയെ സൃഷ്ടിക്കുവാനായി
ജന്മമെടുത്തില്ല, കേള്‍ക്കുക മര്‍ത്യരെ

ഈ കവിത വായിച്ചപ്പോള്‍ 'ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം, ഗുണകര്‍മ്മ വിഭാഗശഃ' എന്ന ഗീത ശ്ലോകം ഓര്‍മ്മ വന്നു. ഗുണകര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ണ്ണങ്ങള്‍ ഞാന്‍ സൃഷ്ടിച്ചു എന്നാണിതിന്റെ അര്‍ത്ഥം. ഗുണവിശേഷങ്ങളനുസരിച്ച് ഏതൊരു സമൂഹത്തിലും വിഭജനങ്ങളുണ്ട്. ഭഗവാന്‍ കൃഷ്ണന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഹിന്ദുമതത്തില്‍ സൃഷ്ടിക്കപ്പെട്ട ജാതി വ്യവസ്ഥ്തിക്കും ഒടുങ്ങാത്ത പ്രശനങ്ങള്‍ക്കും വഴി തെളിച്ചു എന്നതിന്റെ ധ്വനി തന്നെയാണ് ഞാനൊരു ജാതിയെ സൃഷ്ടിക്കുവാനായി ജന്മമെടുത്തില്ല എന്ന യേശുദേവന്റെ വാക്കുകളില്‍ എന്ന് തോന്നി. മനുഷ്യന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കുന്നതിലുള്ള കവിയുടെ അമര്‍ഷം ഗാഗുല്‍ത്തായുടെ ഗദ്ഗദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടോ തരം താഴ്ത്തിയിട്ടോ അല്ല ഈശ്വരസാക്ഷാത്ക്കാരം നേടേണ്ടത്. സ്വയം ഈശ്വരനില്‍ ലയം പ്രാപിക്കണം.

വേഷങ്ങള്‍ കെട്ടേണ്ട കാര്യമില്ല, ന്യരെ
കുറ്റപ്പെടുത്തേണ്ട ദൈവം പ്രസാദിക്കാന്‍

എന്ന് കവി തെളിച്ചു പറയുന്നു. വായനക്കാരെ നന്മയുടെ വഴിയിലേക്ക് തിരിച്ചു വിടാന്‍ സഹായകമായ ഗാഗുല്‍ത്തായുടെ ഗദ്ഗദങ്ങള്‍ കാവ്യാത്മകമായി യാഥാര്‍ത്ഥ്യങ്ങളേയും താത്വികചിന്തകളേയും പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ പദഘടനകൊണ്ട് സവിശേഷമാണ്.

കഴിഞ്ഞ കാലത്തെ നന്മയെ സ്മരിച്ചുകൊണ്ട് വര്‍ത്തമാന കാലത്തെ വൈകൃതങ്ങളെ അനാവരണം ചെയ്തിരിക്കുന്ന കവിതയാണ് "മാവേലിനാട്". ഓങ്കാരനാദവും ബാങ്കുവിളികളും പള്ളിമണികളും ഉയര്‍ന്നിരുന്ന സമത്വത്തിന്റെ കാഹളവും പൊന്നിന്‍ ചിങ്ങത്തിലെ പൂക്കളും മേടപ്പുലരിയിലെ കാണിക്കയും കസവുമായെത്തുന്ന സുപ്രഭാതങ്ങളും കൊണ്ട് സ്വര്‍ഗ്ഗസമാനമായിരുന്ന നാടിനെ ഓര്‍ത്ത് കവി സംതൃപ്തിയുടെ മധുരം നുകരുന്നത് 'മാവേലിനാട്' എന്ന കവിതയില്‍ കാണാം. എന്നാല്‍ ഈ ആനന്ദം നീണ്ടു നില്‍ക്കുന്നില്ല. ജന്മനാടിന് ഒരു കാലത്തുണ്ടായിരുന്ന ഗുണവിശേഷങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് മനുഷ്യന്റെ മൂല്യാധഃപതനം കൊണ്ടു വന്നിട്ടുള്ള വ്യതിയാനങ്ങളോര്‍ത്ത് കവി ദുഃഖിക്കുന്നു. പഴമയുടെ സംസ്‌കാരമൂല്യങ്ങളുടേയും വിശുദ്ധിയുടേയും നഷ്ടബോധം കവിയെ അലോസരപ്പെടുത്തുന്നു. വ്യാകുലചിത്തനായി കവി നിരാശയോടെ പറയുന്നു:

വെട്ടിവെളുപ്പിച്ച വനങ്ങള്‍
വറ്റി വരണ്ട പുഴകള്‍ , ജലാശയങ്ങള്‍
അതുകൊണ്ടു തന്നെയി നാടിപ്പോള്‍
നാടല്ല, വെറും നാടയാണ്, ഏതു നിമിഷവും
അഭിനവ മാവേലി നീട്ടുന്ന വെട്ടിമുറിക്കുന്ന നാട.

മനുഷ്യന്റെ കുത്സിത പ്രവര്‍ത്തനങ്ങള്‍ ആപത്താണ്. സമൂഹത്തില്‍ സകല മൂല്യങ്ങളും നശിച്ചുകൊണ്ടിരിക്കുന്നതിന്റെ സജ്ജീവ ചിത്രമാണിവിടെ കവി വരച്ചു കാണിക്കുന്നത്.

നമ്മുടെ സംസ്‌കാരവും മൂല്യവും തകര്‍ന്നുപോകുന്നതിന് രാഷ്ട്രീയ നേതാക്കന്മാര്‍ വഹിക്കുന്ന പങ്കിനെപറ്റി 'നേതാവ്' എന്ന കവിതയില്‍ പ്രതിപാദിക്കുന്നു.

വര്‍ഗ്ഗീയ വിദ്വേഷ വാളുകളേന്തി
വെട്ടിമുറിക്കുന്നു നാടിനെ തുണ്ടമായ്
തമ്മിലടിച്ച് വീഴുന്ന ചെഞ്ചോര
ത്തുള്ളികള്‍ നുണയും ജംബുകവര്‍ഗ്ഗങ്ങള്‍ .

ഒരു കൂട്ടര്‍ ഞങ്ങള്‍ വര്‍ഗ്ഗീയപ്പാര്‍ട്ടിയാണെന്ന് മറ കൂടാതെ പറയുമ്പോള്‍ മറ്റു ചിലര്‍ മറക്കപ്പുറത്തുനിന്ന് മതാദ്ധ്യക്ഷന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി വര്‍ഗ്ഗീയതയുടെ വിത്തുവിതച്ച് ജനങ്ങളെ വഞ്ചിക്കുന്നു. വര്‍ഗ്ഗീയതയുടെ വിഭിന്ന മുഖങ്ങള്‍ കവിയിലുണ്ടാക്കുന്ന മാനസികക്ഷോഭം പ്രകടമാക്കുന്ന ഈ കവിത രാഷ്ട്രീയ നിലപാടിനെ പറ്റി ചിന്തിക്കാന്‍ വായനക്കാര്‍ക്ക് പ്രേരണ നല്‍കുന്നുണ്ട്. മതത്തിന്റെ പേരില്‍ ഭാരതീയരെ തമ്മിലടിപ്പിച്ച് ഭരിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷുകാരുടെ നയം തന്നെ നമ്മുടെ നേതാക്കന്മാരും സ്വീകരിച്ചിരിക്കുന്നുവെന്ന് കവി സൂചന നല്‍കുന്നു. ഒരു കാലത്ത് വിദേശീയരാല്‍ ചൂഷണം ചെയ്യപ്പെട്ടിരുന്ന ജനവര്‍ഗ്ഗം ഇന്നു സ്വദേശീയാരാല്‍ തന്നെ ചൂഷണം ചെയ്യാപ്പെടുന്നതോര്‍ത്ത് കുണ്ഠിതരാകുമ്പോള്‍ രാഷ്ട്രീയ നേതാക്കന്മാര്‍ നാണം കെട്ട് ആഹ്ലാദിക്കുന്നു.

പൃഷ്ടത്തില്‍ മുളച്ചൊരാലിന്‍ തണലിന്‍
തുഷ്ടിയോടെ കഴിയുന്നു മന്ത്രിക്കസേരയില്‍

എന്ന പരിഹാസത്തിലൂടെ രാഷ്ട്രീയ നേതാക്കന്മാരുടെ തനിസ്വരൂപം കവി വെളിപ്പെടുത്തുന്നു.

മാതൃസ്‌നേഹത്തിന്റെ ഉദാത്തയും നിസ്തുലതയും ഹൃദ്യയസ്പര്‍ശിയാം വിധത്തില്‍ പ്രതിപാദിക്കുന്ന 'മാതൃഹൃദയം' എന്ന കവിതയില്‍ കവി അമ്മയെ വാഴ്ത്തുകയാണ്. പലരും നമ്മെ സ്‌നേഹിക്കുമെങ്കിലും അമ്മയുടെ സ്‌നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. അമ്മയുടെ സ്‌നേഹത്തിന്റെ മാറ്റുരച്ചു നോക്കി തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

മാണിക്യരന്തം മരതകമൊക്കെയും
മാതൃസ്‌നേഹത്തിന് മുന്നില്‍ നിഷ്പ്രഭം
മായാ പ്രപഞ്ചത്തില്‍ മായാതനശ്വരം
മാതൃസ്‌നേഹം നിലനില്‍ക്കും സുനിശ്ചയം
ആദരിക്കുന്നു ഞാന്‍ നിന്മഹിമകളെ
ആകാശമൊക്കെ കേള്‍ക്കട്ടെയെന്‍ മൊഴി
വിസ്മരിച്ചീടുവാന്‍ കഴിയാത്ത നിന്‍
നിസ്തുല ത്യാഗകഥകളീ ഭൂമിയില്‍

എത്ര മനോഹരമായിട്ടാണ് അമ്മയുടെ മാഹാത്യത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നത്. അമ്മയുടെ സ്‌നേഹത്തിന്റെ ശീതളച്ഛായയില്‍ എന്നും നില്‍ക്കാന്‍ സാധിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യവും കവി വരച്ചു കാണിക്കുന്നു. പ്രായപൂര്‍ത്തിയാകുന്നതോടെ ഓരോരുത്തരും ജീവിതമാര്‍ഗ്ഗം തേടി അമ്മയെ വിട്ടു പോകുമ്പോള്‍ അമ്മയുടെ സ്‌നേഹത്തിന്റെ മധുരിമനുകരാനുള്ള അവസരം ഇല്ലാതാകുന്നു. നഷ്ടപ്പെട്ടുപോയ, അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ ആഹ്ലാദ ദിനങ്ങള്‍ തിരിച്ചു വന്നെല്ലങ്കില്‍ എന്ന് കവി ആഗ്രഹിക്കുന്നു.

വേര്‍പെട്ട ജീവിതമാം വഴിത്താരയില്‍
വാടിത്തളര്‍ന്നു ഞാനേകനായിന്നഹോ
വീണുറങ്ങാനൊരു മാത്ര കൊതിപ്പു നിന്‍
ശീതള സ്‌നേഹത്തണലില്‍ വീണ്ടും വൃഥാ.

ആഗ്രഹങ്ങള്‍ വെറുതെയാണെങ്കിലും പൂര്‍വ്വകാലസ്മരണങ്ങള്‍ കവിയെ തരളിത ചിത്തനാക്കുന്നു. ജോസ് ചെരിപുറം അവതരിപ്പിക്കുന്ന മാതൃബിംബം കവിയുടെ തന്നെ ആന്തരാത്മാവില്‍ ആണ്ടുകിടുക്കുന്നുണ്ട്. കവിയുടെ സര്‍ഗ്ഗചൈതന്യം വെട്ടിത്തിളങ്ങി നില്‍ക്കുന്ന കവിതയാണ് 'മാതൃസ്‌നേഹം'.

മലയാളഭാഷക്ക് ആദര്‍ശസുന്ദരവും ചിന്തോദ്ദീപകവും കാല്‍പനികതയുടെ വര്‍ണ്ണപ്പകിട്ടുള്ളതുമായ കവിതകള്‍ സമ്മാനിച്ച ജോസ് ചെരിപുറത്തിന് മനോഹരമായ കവിതകളെഴുതി കൈരളിയെ ഇനിയും ധന്യമാക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കവിക്ക് അഭിനന്ദനങ്ങള്‍ .

(വിചാരവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്)
ജോസ് ചെരിപുറം ആദര്‍ശങ്ങളുടെ കാവ്യഭാവംജോസ് ചെരിപുറം ആദര്‍ശങ്ങളുടെ കാവ്യഭാവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക