Image

വികസനവും വിവാദങ്ങളുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നൂറു നാള്‍

ജി.കെ. Published on 28 August, 2011
വികസനവും വിവാദങ്ങളുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നൂറു നാള്‍
രണ്‌ട്‌ അംഗങ്ങളുടെ മാത്രം മഹാ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുകയും ജനപക്ഷ തീരുമാനങ്ങളിലൂടെ ഭരണത്തിന്‌ നല്ലതുടക്കമിടുകയും ചെയ്‌ത ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിന്‌ നൂറു ദിനങ്ങളുടെ ആയുസ്‌. വികസനത്തിനൊപ്പം വിവാദങ്ങളും നിറഞ്ഞു നിന്ന നൂറു ദിനങ്ങള്‍ക്കാണ്‌ കേരള ജനത സാക്ഷ്യം വഹിച്ചത്‌. ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ നൂറു ദിവസമെന്നത്‌ ഏറ്റവും ചുരുങ്ങിയ കാലയളവാണെങ്കിലും സെപ്‌റ്റംബര്‍ 11ന്‌ പുറത്തിറക്കുന്ന നൂറുദിന കര്‍മപരിപാടിയുടെ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ ഭരണത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാര്‍ പാസ്‌ മാര്‍ക്ക്‌ നേടുമെന്ന്‌ ഉറപ്പിച്ചു പറയുമ്പോള്‍ തന്നെ വിവാദങ്ങളില്‍ ഡിസ്റ്റിംഗ്‌ഷന്‍ നേടുമെന്നും തലകുലുക്കി സമ്മതിക്കേണ്‌ടി വരും.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പുനരധിവാസ പാക്കേജ്‌ പ്രഖ്യാപിച്ചും ഡീസലിന്‌ ഏര്‍പ്പെടുത്തിയ അധികനികുതി പിന്‍വലിച്ചുമാണ്‌ നൂറു നാള്‍ക്കു മുമ്പ്‌ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാര്‍ ഭരണത്തിന്‌ തുടക്കമിട്ടത്‌. നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം സുതാര്യതയെന്ന്‌ പറയുന്ന അദ്ദേഹം സ്വന്തം ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കി മാതൃക സൃഷ്‌ടിക്കുകയും ചെയ്‌തു. ദിവസം 24 മണിക്കൂറും ആഴ്‌ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നവെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്‌ടാക്കാന്‍ ആദ്യത്തെ ഏതാനും നാളുകള്‍ കൊണ്‌ടുതന്നെ ഉമ്മന്‍ ചാണ്‌ടിക്കു കഴിയുകയും ചെയ്‌തു.

എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം സുതാര്യത നടപ്പിലായോ എന്നു ചോദിച്ചാല്‍ കുഞ്ഞൂഞ്ഞിന്‌ പോലും ഉറപ്പിച്ച്‌ പറയാനാവില്ല. കേരളത്തിലെ റോഡുകളിലെ കുഴിയിലിറങ്ങി നടുവൊടിഞ്ഞ ജനങ്ങള്‍ സംസ്ഥാനത്ത്‌ പൊതുമരാമത്ത്‌ എന്നൊരു വകുപ്പെണ്‌ടെന്നും അതിന്‌ ഇബ്രാഹിം കുഞ്ഞെന്നൊരു വലിയ മന്ത്രി ഉണ്‌ടെന്നുമുള്ള കാര്യം പോലും മറന്നു കഴിഞ്ഞ മട്ടാണ്‌. ഇതില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ല മറ്റു പല മന്ത്രിമാരുടെ കാര്യവും.

എങ്കിലും സ്‌മാര്‍ട്‌ സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ വന്‍കിട നിക്ഷേപ പദ്ധതികള്‍ക്ക്‌്‌ പുതിയ ഗതിവേഗം പകര്‍ന്നതും, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസമായി നല്‍കിയതും മൂലംപള്ളിയിലെയും ചെങ്ങറയിലെയും അട്ടപ്പാടിയിലെയും ഭൂസമരങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിക്കാനായതും മൂന്നാര്‍ ഒഴിപ്പിക്കലിന്‌ തുടക്കമിടാനായതും സേവന അവകാശ ബില്ല്‌ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിന്‌ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ നൂറ്‌ മാര്‍ക്ക്‌ നേടിക്കൊടുക്കാവുന്ന തീരുമാനങ്ങളാണ്‌. പ്ലസ്‌ ടു സീറ്റുകള്‍ വര്‍ധിപ്പിച്ചതും സ്‌കൂളുകളിലെ തലയെണ്ണല്‍ നിര്‍ത്തി അധ്യാപകര്‍ക്കു ജോലിസ്‌ഥിരത ഉറപ്പാക്കിയതും ജനപ്രിയ നടപടികള്‍ തന്നെയായിരുന്നു.

പക്ഷെ വികസനത്തിനൊപ്പം ഉയര്‍ന്നുവന്ന വിവാദങ്ങളാണ്‌ നൂറ്‌ മാര്‍ക്ക്‌ നേടി ജയിക്കേണ്‌ട സര്‍ക്കാരിനെ വെറും പാസ്‌ മാര്‍ക്കില്‍ ഒതുക്കുന്നതെന്ന്‌ പറയാതിരിക്കാനാവില്ല. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്‌ടിയുടെ പങ്കിനെക്കുറിച്ച്‌ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതോടെ അദ്ദേഹത്തിന്റെ ആദര്‍ശ പ്രതിച്ഛായക്ക്‌ മങ്ങലേറ്റു എന്നകാര്യത്തില്‍ രണ്‌ടു പക്ഷമില്ല. പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ ഔദ്യാര്യത്തില്‍ വിജിലന്‍സ്‌ വകുപ്പു മാത്രം ഒഴിഞ്ഞുകൊണ്‌ട്‌ പിടിച്ചു നില്‍ക്കാന്‍ കുഞ്ഞൂഞ്ഞിനായെങ്കിലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കപ്പിത്താന്‌ യുഡിഎഫ്‌ കപ്പലിനെ കരയ്‌ക്കടുപ്പിക്കാനാവുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. രണ്‌ടു മാസം കൂടി കഴിയുമ്പോള്‍ പാമോയില്‍ കേസ്‌ വിജിലന്‍സ്‌ കോടതി വീണ്‌ടും പരിഗണിക്കുന്നുണ്‌ട്‌. അത്‌ ഉമ്മന്‍ ചാണ്‌ടിയുടെയും സര്‍ക്കാരിന്റെയും ഭാവി നിര്‍ണയിക്കുന്നതില്‍ നാര്‍ണായകവുമായിരിക്കും.

മന്ത്രി മക്കള്‍ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ നേടിയ പ്രവേശനം മുതല്‍ തുടങ്ങിയതാണ്‌ വിവാദവര്‍ഷം. പിന്നീട്‌ തകര്‍ത്തുപെയ്യുന്ന മഴയ്‌ക്കൊപ്പം വിവാദങ്ങളും കേരളത്തില്‍ തിമിര്‍ത്ത്‌ പെയ്യുകയായിരുന്നു. മദ്യനയവും നിയമസഭയിലെ കള്ളവോട്ട്‌ വിവാദവും പിന്നിട്ട്‌ ആസൂത്രണബോര്‍ഡിലെ നിയമനം വരെ എത്തി നില്‍ക്കുകയാണ്‌ വിവാദങ്ങളുടെ കുത്തൊഴുക്ക്‌. കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീമിന്റെ തണുപ്പ്‌ വിടാതെ പിന്തുടരന്നതും മാണി സാറുടെ കോട്ടയം-മലപ്പുറം ബജറ്റുമെല്ലാം പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ മാര്‍ക്ക്‌ കുറയ്‌ക്കാനിടയാവുന്ന കാരണങ്ങളാണ്‌.

നിയമസഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനു ഫലപ്രദമായി പ്രവര്‍ത്തിക്കാനാകുമോ എന്ന സംശയത്തിന്‌ അടിസ്ഥാനമുണ്‌ടെന്ന്‌ തെളിയിക്കുന്നതായിരുന്നു ധനവിനിയോഗ ബില്ല്‌ വോട്ടെടുപ്പിനിടെയുള്ള സര്‍ക്കാരിന്റെ തലനാരിഴയ്‌ക്കുള്ള രക്ഷപ്പെടല്‍. വിവാദങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്‌ചവെക്കുമ്പോഴും വികസന കാര്യങ്ങളില്‍ സ്വീകരിച്ച നടപടികളുടെ പേരില്‍ മാത്രമാണ്‌ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പാസ്‌ മാര്‍ക്ക്‌ നേടുന്നത്‌.

ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കുഞ്ഞൂഞ്ഞും കൂട്ടരും പാസ്‌ മാര്‍ക്ക്‌ ഡിസ്റ്റിംഗ്‌ഷനാക്കിയൊന്നും ഉയര്‍ത്തിയില്ലെങ്കിലും ഒരു ഫസ്റ്റ്‌ ക്ലാസ്‌ ആയെങ്കിലും മാറ്റുമെന്ന്‌ പ്രതീക്ഷിക്കാം. കാരണം പ്രതീക്ഷകളാണല്ലൊ നമ്മെ എല്ലാം മുന്നോട്ടു നയിക്കുന്നതും കുഴിയില്‍ ചാടിക്കുന്നതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക