Image

വിക്കീലീക്‌സ് വെളിപ്പെടുത്തല്‍: ചര്‍ച്ച ശരിവെച്ച് ഐസക്‌

Published on 30 August, 2011
വിക്കീലീക്‌സ് വെളിപ്പെടുത്തല്‍: ചര്‍ച്ച ശരിവെച്ച് ഐസക്‌
തിരുവനന്തപുരം: സ്വകാര്യ മൂലധന നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് എത്തിയ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കൂടിക്കാഴ്ച്ച നടന്നുവെന്ന വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദമാകുന്നു. കേരളത്തിലെ സി.പി.എം. നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് ഡോ.തോമസ് ഐസക് വ്യക്തമാക്കി.

പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്, എം.എ.ബേബി എന്നിവരുമായി എംബസിയിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. എ.കെ.ജി. സെന്ററിലെത്തിയാണ് ചര്‍ച്ച നടത്തിയത്. അടിസ്ഥാന സൗകര്യവികസനത്തിന് അമേരിക്കന്‍ പണം ആവശ്യമാണെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞതായും സ്വകാര്യനിക്ഷേപവും വിദേശമൂലധനവും അനിവാര്യമാണെന്ന് നേതാക്കള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായും വിക്കീലീക്‌സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

മുതിര്‍ന്ന നേതാവായ തോമസ് ഐസക് ഇത് ശരിവെക്കുകയും ചെയ്തു. ചര്‍ച്ച നടത്തിയെന്നത് സത്യമാണെന്നും ചര്‍ച്ചകള്‍ പാര്‍ട്ടി നയരേഖയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സ്വകാര്യനിക്ഷേപത്തിന് പാര്‍ട്ടി പൂര്‍ണ്ണമായും എതിരല്ലെന്നും ഐസക് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിപ്ലവം കഴിഞ്ഞാല്‍ പോലും തിരഞ്ഞെടുത്ത മേഖലകളില്‍ വിദേശനിക്ഷേപം ആവാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ഐസക് പറഞ്ഞു.

കൊക്കക്കോളയ്‌ക്കെതിരെ കേരളത്തില്‍ നടക്കുന്ന സമരം വെറും പ്രാദേശികസമരം മാത്രമാണെന്നും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധമാണെങ്കില്‍ അതിന് തയ്യാറാണെന്ന് പിണറായി വിജയന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. വിദേശനിക്ഷേപത്തെ സൈദ്ധാന്തികമായി ന്യായീകരിച്ച് ലെനിന്‍ സിദ്ധാന്തങ്ങളും സ്റ്റാലിന്റെ നയപരിപാടികളും ഉദ്ധരിച്ച് എം.എ.ബേബി വാദിച്ചതായും വിക്കിലീക്‌സ് രേഖകളില്‍ പറയുന്നതായാണ് ഇത് സംബന്ധിച്ച് എക്‌സ്പ്രസ് വാര്‍ത്തയില്‍ പറയുന്നത്.

പിണറായി വിജയന്റെ പ്രത്യേക താല്‍പര്യത്തിലായിരുന്നു ചര്‍ച്ചയെന്നും റിപ്പോര്‍ട്ടിലുണ്ട്. സി.പി.എം. നേതാക്കളുടെ അനുകൂല പ്രതികരണം അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചെന്ന് ഡല്‍ഹി എംബസിയില്‍ നിന്ന് വാഷിങ്ടണ്ണിലേക്ക് അയച്ച രേഖയില്‍ പറയുന്നുണ്ട്. കൊക്കക്കൊളയ്‌ക്കെതിരായ സമരത്തെ പെരുപ്പിച്ചത് ചില വിദേശ വിരുദ്ധരായ എന്‍.ജി.ഒകളാണ് എന്ന് പിണറായി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

യു.എസ്. പൊളിറ്റിക്കല്‍ കോണ്‍സല്‍ അടക്കമുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. തോമസ് ഐസക് പിന്നീട് ഇദ്ദേഹത്തെ പ്രത്യേകം മാറ്റിനിര്‍ത്തി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ കൂടിക്കാഴ്ച്ചയില്‍ നിന്ന് വിട്ടുനിന്നുവെന്നും വിക്കീലീക്‌സ് രേഖയില്‍ വ്യക്തമാക്കുന്നുവെന്നാണ് എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം 2008 സപ്തംബറില്‍ വി.എസ്.അച്യുതാനന്ദന്‍ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് ആന്‍ഡ്രൂ സിംകിന്‍ എന്ന ഓഫീസര്‍ അയച്ച രേഖയില്‍ പറയുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക