Image

ജര്‍മനിയില്‍ തെരുവു വേശ്യകള്‍ക്ക്‌ വെന്‍ഡിംഗ്‌ മെഷീന്‍ മുഖേന ടാക്‌സ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 01 September, 2011
ജര്‍മനിയില്‍ തെരുവു വേശ്യകള്‍ക്ക്‌ വെന്‍ഡിംഗ്‌ മെഷീന്‍ മുഖേന ടാക്‌സ്‌
ബോണ്‍: ജര്‍മനിയിലെ റൈന്‍ലാന്‍ഡ്‌ ഫാല്‍സ്‌ സംസ്ഥാനത്തിലെ മെട്രോ നഗരവും ജര്‍മനിയുടെ മുന്‍ തലസ്ഥാനവുമായ ബോണില്‍ ലൈംഗികവൃത്തി നടത്തുന്നവര്‍ക്ക്‌ നികുതി ഏര്‍പ്പെടുത്താന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. തെരുവുകളില്‍ ജോലിക്കിറങ്ങാന്‍ ഇനി അവര്‍ വെന്‍ഡിങ്‌ മെഷീനില്‍ നിന്നു ദിവസേന ടാക്‌സ്‌ ടിക്കറ്റ്‌ വാങ്ങേണ്‌ടി വരും.

വേശ്യാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ മറ്റു രീതിയില്‍ കൃത്യമായി നികുതി ചുമത്തുന്നുണ്‌ട്‌. ഇത്‌ തെരുവിലുള്ളവര്‍ക്കും ബാധകമാക്കാനാണ്‌ വെന്‍ഡിങ്‌ മെഷീന്‍ സമ്പ്രദായം. ബിസിനസ്‌ തുടങ്ങും മുന്‍പു തന്നെ ആറു യൂറോയുടെ ടിക്കറ്റ്‌ എടുത്തിരിക്കണമെന്നാണ്‌ നിര്‍ദേശം. കസ്റ്റമേഴ്‌സ്‌ എത്രയായാലും ഇതിനു മാറ്റമില്ല.

വേശ്യകളുടെ ജോലി സമയവും വെന്‍ഡിംഗ്‌ മെഷീനില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാത്രി എട്ടേകാല്‍ മുതല്‍ രാവിലെ ആറു വരെയാണ്‌ സമയപരിധി.

ഈ സംസ്ഥാനത്തിലെ മറ്റൊരു നഗരമായ ഡോര്‍ട്ട്‌മുണ്‌ടിലും ടാക്‌സ്‌ ടിക്കറ്റ്‌ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പെട്രോള്‍ പമ്പുകള്‍ വഴിയാണ്‌ ഇതു വിതരണം ചെയ്യുന്നത്‌. വെന്‍ഡിംഗ്‌ മെഷീന്‍ വഴി ബോണ്‍ നഗര അധികൃതര്‍ പ്രതീക്ഷിക്കുന്നത്‌ പ്രതിവര്‍ഷം മൂന്നു ലക്ഷം യൂറോയാണ്‌.

വേശ്യാവൃത്തിയുടെ ശ്രേഷ്‌ഠത കൂട്ടാനും ഈ ജോലിയില്‍ ഏര്‍പ്പെടുന്ന താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക്‌ ടാക്‌സ്‌ അടയ്‌ക്കാന്‍ അവര്‍ക്കുണ്‌ടാകുന്ന (ഫോം ഫില്ലിംഗ്‌ മുതലായവ) ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമാണ്‌ ഇത്തരമൊരു സംവിധാനം പ്രാബല്യത്തിലാക്കിയതെന്ന്‌ നഗര കൗണ്‍സില്‍ വക്താവ്‌ മോനിക്ക ഫ്രോംഗെന്‍ പറഞ്ഞു. ടാക്‌സ്‌ ടിക്കറ്റ്‌ എടുക്കാതെ ഒരുദിവസം പണി തുടര്‍ന്നാല്‍ അവര്‍ക്ക്‌ ആദ്യം വാണിംഗ്‌ നോട്ടീസും പിന്നിട്‌ ആവര്‍ത്തിച്ചാല്‍ പിഴയും ജോലിക്ക്‌ നിരോധനവും ഉണ്‌ടാകുമെന്ന്‌ ഫ്രോംഗെന്‍ പറഞ്ഞു.

നിലവില്‍ നഗരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആറുഭാഗങ്ങളിലാണ്‌ മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്‌ ഇവിടെ താമസിക്കുന്നവര്‍ക്ക്‌ ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ കസ്റ്റമേഴ്‌സിന്‌ വന്നെത്താവുന്ന സ്ഥലങ്ങളാണ്‌ നഗരകാര്യാലയം ഒരുക്കിയിരിക്കുന്നത്‌. പാര്‍ക്കിംഗ്‌ സൗകര്യവും ഒപ്പമുണ്‌ട്‌.
ജര്‍മനിയില്‍ തെരുവു വേശ്യകള്‍ക്ക്‌ വെന്‍ഡിംഗ്‌ മെഷീന്‍ മുഖേന ടാക്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക