Image

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതില്‍ സന്തോഷം:കാതോലിക്കാ ബാവ

Published on 25 May, 2011
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതില്‍ സന്തോഷം:കാതോലിക്കാ ബാവ
ന്യൂയോര്‍ക്ക്‌: സഭാംഗമായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.എന്നാല്‍ സഭയ്‌ക്ക്‌ എന്തെങ്കിലും അവിഹിതമായ നേട്ടം പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും ബാവ പറഞ്ഞു.

നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങായ സുന്തോണീസയ്‌ക്ക്‌ അമേരിക്കയില്‍ എത്തിയ പരിശുദ്ധ ബാവാ ലോംഗ്‌ ഐലന്റിലെ ഭദ്രാസന ആസ്ഥാനത്ത്‌ ഇന്ത്യാ പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച പ്രസ്സ്‌ മീറ്റില്‍ സംസാരിക്കുകയായിരുന്നു.

ക്രൈസ്‌തവ വൈദീകര്‍ എതിര്‍ത്തിട്ടും ഇടതുമുന്നണിക്ക്‌ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൈവരിക്കാനായത്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന്‌ മാര്‍ നിക്‌ളാവോസ്‌ ചൂണ്ടിക്കാട്ടി. സ്വാധീനശക്തിക്ക്‌ വഴങ്ങി വോട്ട്‌ ചെയ്യുന്നവരല്ല ജനം.സഭയില്‍ യുവജനങ്ങളുടെയും വനിതകളുടേയും പങ്കാളിത്തം കൂട്ടുമെന്ന്‌ ബാവ പറഞ്ഞു.

അമേരിക്കയില്‍ സഭാകാര്യങ്ങളില്‍ യുവജന പങ്കാളിത്തം സജീവമാണ്‌.സുദീര്‍ഘമായ കുര്‍ബാനയും ശുശ്രൂഷകളും യുവജനതയെ അകറ്റിനിര്‍ത്തുന്നു എന്നത്‌ ശരിയല്ലെന്ന്‌ പിന്നീടു സംസാരിച്ച നിക്കളാവോസ്‌ തിരുമേനി പറഞ്ഞു.

പാരമ്പര്യത്തിലധിഷ്‌ഠിതമായ ശുശ്രൂഷയാണ്‌ നടക്കുന്നത്‌. അത്‌ ഇംഗ്ലീഷിലായപ്പോള്‍ യുവാക്കളുടെ പങ്കാളിത്തം സജീവമായി. അമിതമായ മദ്യാസക്തി കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കു പോലും പടര്‍ന്നിരിക്കുന്നു. ഇതിനെതിരേ സഭ ബോധവത്‌കരണവുമായി സജീവമായി രംഗത്തുണ്ട്‌. മദ്യത്തെ സര്‍ക്കാര്‍തന്നെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയില്‍ എന്തുചെയ്യാനാകുമെന്നും ബാവ ചോദിച്ചു. മദ്യത്തിനെതിരേ പല കര്‍മ്മപരിപാടികളും നടക്കുന്നുണ്ട്‌. അതേസമയം മദ്യം കഴിക്കുന്നവരെ നേതൃത്വത്തില്‍ നിന്നോ പള്ളികളില്‍ നിന്നോ അകറ്റിനിര്‍ത്തണമെന്ന്‌ ആവശ്യപ്പെടുന്നില്ലെന്നും ബാവ പറഞ്ഞു

സ്‌ത്രീകള്‍ ഉത്തരവാദിത്വബോധമുള്ളവരുമായിരിക്കുമെന്നും നേതൃരംഗങ്ങളില്‍ സ്‌ത്രീകള്‍ വന്നാല്‍ പൊതുവില്‍ എല്ലാവരും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ശ്രദ്ധപാലിക്കുമെന്നും പരിശുദ്ധ ബാവ പറഞ്ഞു.അതേസമയം വനിതകളുടെ പൗരോഹിത്യം പോലുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നുപോലുമില്ലെന്ന്‌ ബാവാ പറഞ്ഞു. സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശം ലഭിക്കണമെങ്കില്‍ ഭരണഘടനയില്‍ മാറ്റംവരുത്തണം. അല്ലെങ്കില്‍ നിയമ പ്രശ്‌നങ്ങള്‍ വരും.അതിന്‌ വ്യക്തമായ
ചട്ടം ഉണ്ടാകണം.

വിശുദ്ധരെ പ്രഖ്യാപിക്കുന്ന പാരമ്പര്യം സഭയ്‌ക്കില്ലെന്ന്‌ ബാവ പറഞ്ഞു. അവരുടെ കബറില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. പരുമല തിരുമേനി, വട്ടശ്ശേരില്‍ തിരുമേനി എന്നിവരാണ്‌ രണ്ട്‌ പ്രഖ്യാപിത വിശുദ്ധന്മാര്‍. മരിച്ച്‌ അമ്പത്‌ വര്‍ഷമെങ്കിലും കഴിയാതെ വിശുദ്ധരെ തീരുമാനിക്കുന്നതിനോട്‌ സഭ അനുകൂലമല്ല.സഭാംഗങ്ങള്‍ റീത്തിലേക്കും, പെന്തക്കോസ്‌തല്‍ സഭകളിലേക്കും പോകുന്നത്‌ വൈദീകരുടേയും സഭാ നേതൃത്വത്തിന്റേയുമൊക്കെ പ്രവര്‍ത്തനവൈകല്യങ്ങളാലാകാമെന്ന്‌ ബാവാ പറഞ്ഞു.

തന്റെ ഗുരു കൂടിയായ ബര്‍ണബാസ്‌ തിരുമേനിയെ അമേരിക്കയ്‌ക്ക്‌ അയയ്‌ക്കുമ്പോള്‍ അദ്ദേഹം എത്രകണ്ട്‌ വിജയിക്കുമെന്ന്‌ ഉറപ്പില്ലായിരുന്നു. എന്നാല്‍ 19 വര്‍ഷങ്ങള്‍കൊണ്ട്‌ വലിയ നേട്ടങ്ങളാണ്‌ അദ്ദേഹം കൈവരിച്ചത്‌. ഭദ്രാസനത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇപ്പോഴില്ല. മനോഹരമായ ആസ്ഥാനവും ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നു. അടിസ്ഥാനപരമായ എല്ലാ ചട്ടക്കൂടുകളും നിര്‍മ്മിച്ചശേഷമാണ്‌ അദ്ദേഹം മടങ്ങുന്നത്‌.മാര്‍ ബര്‍ണബാസിനെപ്പോലെ റിട്ടയര്‍ ചെയ്യുന്ന തിരുമേനിമാര്‍ക്കായി കോട്ടയത്ത്‌ പത്തുകോടി ചെലവില്‍ മന്ദിരം പണിയാന്‍ പദ്ധതിയുണ്ടെന്നും ബാവ പറഞ്ഞു.വെല്ലുവിളികളും പ്രശ്‌നങ്ങളും നേരിടുമ്പോഴും മനുഷ്യസ്‌നേഹത്തിലധിഷ്‌ഠിതമായ സഭ പ്രവര്‍ത്തനങ്ങളാണ്‌ ലക്ഷ്യമിടുന്നും ബാവ കൂട്ടിച്ചേര്‍ത്തു

പ്രസ്സ്‌ ക്ലബ്‌ പ്രസിഡന്റ്‌ സുനില്‍ ട്രസ്റ്റാര്‍ അധ്യകഷത വഹിച്ച പത്രസമ്മേളനത്തില്‍ സെക്രട്ടറി മധു കൊട്ടാരക്കര സ്വാഗതവും ട്രഷറര്‍ സജി എബ്രഹം നന്ദിയും പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതില്‍ സന്തോഷം:കാതോലിക്കാ ബാവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക