Image

കൊറോണകാലത്തും ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ

Published on 06 April, 2020
കൊറോണകാലത്തും ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ


ബര്‍ലിന്‍: രാജ്യത്താകെ കൊറോണവൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റേയും അവരുടെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റേയും ജനസമ്മതിയില്‍ വന്‍ കുതിച്ചുകയറ്റം.

വര്‍ഷങ്ങളായി ജനസമ്മതിയില്‍ റിക്കാര്‍ഡ് ഭേദിക്കുന്ന ഇടിവാണ് പാര്‍ട്ടി നേരിട്ടുകൊണ്ടിരുന്നത്. ഈ പ്രവണതയ്ക്കാണ് പുതിയ സാഹചര്യത്തില്‍ മാറ്റം വന്നിരിക്കുന്നത്. രാജ്യം നേരിടുന്ന ആരോഗ്യ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

നിലവില്‍ 32 മുതല്‍ 35 ശതമാനം വരെ വോട്ടര്‍മാര്‍ മെര്‍ക്കലിനെയും സിഡി യുവിനെയും പിന്തുണയ്ക്കുന്നതായി ഓണ്‍ലൈന്‍ സര്‍വേകളില്‍ വ്യക്തമാകുന്നു. ഏതാനും ആഴ്ചകള്‍ മുന്‍പു വരെയുള്ള പ്രതികരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ആറു മുതല്‍ ഏഴു ശതമാനം വരെ വര്‍ധനയാണ് ജനസമ്മതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2021ലെ തെരഞ്ഞെടുപ്പില്‍ ആരാകും പാര്‍ട്ടിയെ നയിക്കുക എന്നതിനെച്ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമായിരുന്ന സ്ഥാനത്തുനിന്നാണ് ആഴ്ചകള്‍ക്കുള്ളില്‍ പാര്‍ട്ടി ജനമനസുകളുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിലേക്ക് വളര്‍ന്നിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക