Image

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്

Published on 28 June, 2020
മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ ശിലാസ്ഥാപനകര്‍മം വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനള്‍ ദിനമായ ജൂലൈ മൂന്നിനു (വെള്ളി) മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിക്കും.

വൈകുന്നേരം 4.30 നു നടക്കുന്ന ശിലാസ്ഥാപനകര്‍മത്തില്‍ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സീസ് കോലഞ്ചേരി, രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍, ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ഫ്രെഡി എലുവത്തിങ്കല്‍, കത്തീഡ്രല്‍ നിര്‍മാണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.

ശിലാസ്ഥാപനത്തോടനുബന്ധിച്ചു തയാറാക്കിയിട്ടുള്ള സുവനീറിന്റെ പ്രകാശനം വിക്ടോറിയന്‍ പാര്‍ലമെന്റ് എംപിയും ഗവണ്‍മെന്റ് വിപ്പുമായ ബ്രൗണിയന്‍ ഹാഫ്‌പെന്നി എംപി ചടങ്ങില്‍ നിര്‍വഹിക്കും. ലുമെയിന്‍ ബില്‍ഡേഴ്‌സ്, ഐഎച്ച്എന്‍എ, സെഹിയോന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, യു ഹോംസ്, സബ്‌റിനി ഫുഡ്‌സ്, ഇന്‍ഡ്യാഗേറ്റ് ഗ്രോസറി ഷോപ്പ് എപ്പിംഗ് എന്നിവരാണ് സുവനീറിന്റെ സ്‌പോണ്‍സര്‍മാര്‍.

സ്വന്തമായി ഒരു ദേവാലയം എന്ന കത്തീഡ്രല്‍ ഇടവകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവിലാണ് ഏറെ പ്രതീക്ഷകളോടെ ദേവാലയനിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. എപ്പിങ്ങില്‍ ഹനം ഫ്രീവേക്ക് സമീപം കത്തീഡ്രലിന്റെ സ്വന്തമായ രണ്ടേ മുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് ദേവാലയവും പാരീഷ് ഹാളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ഓസ്‌ട്രേലിയായിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ ലുമെയിന്‍ ബില്‍ഡേഴ്‌സിനാണ് ഇതിന്റെ നിര്‍മാണ ചുമതല.

റോമില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയാണ് കത്തീഡ്രല്‍ ദേവാലയത്തിന്റെ അടിസ്ഥാന ശില വെഞ്ചരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും സീറോ മലബാര്‍ സഭയിലെ മറ്റു പിതാക്കന്മാരുടെയും സാന്നിധ്യത്തില്‍ മാര്‍ ബോസ്‌കോ പുത്തൂരിനു നല്‍കിയത്.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ ഓരോ അംഗങ്ങളുടെയും സമൂഹങ്ങളുടെയും ഇടവകകളുടെയും വിശ്വാസകൂട്ടായ്മയുടെയും സ്‌നേഹഐക്യത്തിന്റെയും പ്രതീകവും കേന്ദ്രവുമാണ് കത്തീഡ്രല്‍ ദേവാലയം. രൂപതകളില്‍ കത്തീഡ്രല്‍ ദേവാലയത്തിനുള്ള പ്രമുഖസ്ഥാനത്തെപ്പറ്റി രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നല്കിയ പ്രസ്താവന സൂചിപ്പിച്ചുകൊണ്ട് മാര്‍ ബോസ്‌കോ പുത്തൂര്‍ രൂപതാംഗങ്ങള്‍ക്കായി നല്കിയ പ്രത്യേക സര്‍ക്കുലറിലൂടെ കത്തീഡ്രല്‍ നിര്‍മാണത്തിനുവേണ്ടി പ്രാര്‍ഥിക്കാനും സഹകരിക്കാനും അഭ്യര്‍ഥിച്ചു.

ശിലാസ്ഥാപനകര്‍മങ്ങള്‍ക്കുശേഷം വൈകുന്നേരം 7 ന് മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തി ന്നാളിനോടനുബന്ധിച്ച് റിസര്‍വോ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ അര്‍പ്പിക്കുന്ന റാസ കുര്‍ബാനയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ശിലാസ്ഥാപനകര്‍മത്തിന്റെയും തുടര്‍ന്നു നടക്കുന്ന റാസകുര്‍ബാനയുടെയും തല്‍സമയ സംപ്രേഷണം കത്തീഡ്രല്‍ ഇടവകയുടെ യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭിക്കും ശിലാസ്ഥാപനകര്‍മത്തിലും റാസ കുര്‍ബാനയിലും ഓണ്‍ലൈനിലൂടെ പങ്കെടുത്തുകൊണ്ട് കത്തീഡ്രല്‍ ദേവാലയ നിര്‍മാണത്തിനുവേണ്ടി പ്രാര്‍ഥിക്കുവാനും സഹകരിക്കാനും വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക