Image

ബ്രിട്ടനില്‍ നഴ്‌സിങ് ക്ഷാമം, ഇംഗ്ലീഷ് പരീക്ഷയില്‍ ഇളവുകള്‍, വീട്ടിലിരുന്നും പരീക്ഷ എഴുതാം

Published on 09 September, 2020
ബ്രിട്ടനില്‍ നഴ്‌സിങ് ക്ഷാമം, ഇംഗ്ലീഷ് പരീക്ഷയില്‍ ഇളവുകള്‍, വീട്ടിലിരുന്നും പരീക്ഷ എഴുതാം
ലണ്ടന്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒഇടി, പരീക്ഷാ നടത്തിപ്പിന്റെ രീതികളില്‍ ബ്രിട്ടനിലെ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൌണ്‍സില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം അവസാനത്തോടെ പ്രാവര്‍ത്തികമാകും.  ഇംഗ്ലീഷ് യോഗ്യതാ പരീക്ഷ പാസാകുന്ന നഴ്‌സിങ് ഉദ്യോഗാര്‍ഥികളുടെ ലഭ്യതക്കുറവാണ് പരീക്ഷാ നടത്തിപ്പിലെ ഈ ഇളവുകള്‍ക്കു പിന്നില്‍. ഒഇടി പരീക്ഷ വീട്ടില്‍ ഇരുന്നുകൊണ്ട് കംപ്യൂട്ടര്‍ വഴി എഴുതിയാലും അംഗീകാരം നല്‍കാനുള്ള തീരുമാനമാണ് ഉടന്‍ നടപ്പിലാകുന്നത്.  ലോക്ക്ഡൗണില്‍ കുടുങ്ങി പഠനം മുടങ്ങിയവര്‍ക്കും മറ്റും വീട്ടിലിരുന്ന് പരീക്ഷയെഴുതി വിദേശത്തേക്ക് പറക്കാമെന്ന് ചുരുക്കം.

പരീക്ഷാസെന്ററുകളിലും വീട്ടിലിരുന്നും കംപ്യൂട്ടര്‍ വഴി എഴുതുന്ന പരീക്ഷകള്‍ക്ക് അംഗീകാരം നല്‍കുമെന്നായിരുന്നു  നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ ആഴ്ചകള്‍ക്കു മുമ്പ് പ്ര്യഖ്യാപിച്ചത്.

ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംങ് സിസ്റ്റം, (ഐഇഎല്‍ടിഎസ്), വഴിയോ ഓക്കിപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് വഴിയോ (ഒ.ഇ.ടി.) ആണ് ബ്രിട്ടണിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കേണ്ടത്. ഇംഗ്ലീഷ് സംസാരഭാഷയല്ലാത്ത രാജ്യങ്ങളില്‍ പഠിക്കാത്ത എല്ലാവരും ഇത് പാസാകണം.

ഇതില്‍ ഒഇടിയ്ക്കാണ് സ്വന്തം വീടുകളില്‍ ഇരുന്ന് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുങ്ങുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കുന്ന അതേ രീതിയില്‍ തന്നെയാകും വീട്ടിലിരുന്നും പരീക്ഷ എഴുതേണ്ടത്.

പരീക്ഷാ കേന്ദ്രങ്ങളില്‍ കടലാസില്‍ എഴുതുന്ന നിലവിലെ സമ്പ്രദായം  തുടരും. ഒപ്പം കംപ്യൂട്ടറിലും പരീക്ഷയ്ക്ക് അവസരം ഉണ്ടാകും. ഇതേ പരീക്ഷ തന്നെയാണ് ഒ.ഇ.ടി.അറ്റ് ഹോം എന്ന പേരില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വീട്ടിലിരുന്നും എഴുതാനും അവസരം ഒരുക്കുന്നത്. പരീക്ഷയുടെ ഉള്ളടക്കത്തിലും മാര്‍ക്കിങ് മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകില്ല. പ്രത്യേക ക്ഷണം ലഭിക്കുന്ന ഏതാനും പേര്‍ക്കുമാത്രമാകും ആദ്യമാസങ്ങളില്‍ ഒഇടി.അറ്റ് ഹോമിന് അവസരം. പരീക്ഷാര്‍ഥിയുടെ സ്ഥലം, ടെസ്റ്റിങ് സെന്ററില്‍ എത്താനുള്ള ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താകും അപേക്ഷകര്‍ക്ക് ഈ സൗകര്യം അനുവദിക്കുക.

വെബ് കാമറയോടുകൂടിയ ലാപ്‌ടോപ്പ് അല്ലെങ്കില്‍ ഡെസ്ക് ടോപ്പ് എന്നിവയുള്ളവര്‍ക്കേ വീട്ടിലിരുന്ന് പരീക്ഷ എഴുതാനാകൂ. ഡെസ്ക് ടോപ്പ് കംപ്യൂട്ടറാണെങ്കില്‍ അതിലെ വെബ് കാമറ ചലിപ്പിക്കാന്‍ കഴിയുന്നതാകണം. എക്‌സാമിനര്‍ ചുറ്റുമുള്ള സ്ഥലം കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനുവേണ്ടിയാണിത്. ഡ്യൂവല്‍ മോണിറ്ററുകള്‍ അനുവദിനീയമല്ല. ഡോക്കിങ് സ്റ്റേഷന്‍ ഒഴിവാക്കി, പിസി നേരിട്ട് പവര്‍ സോഴ്‌സില്‍ പ്ലഗ്ഗ് ചെയ്യണം. വിന്‍ഡോസ്- സെവനോ അതിനു മുകളിലോ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കണം ഉപയോഗിക്കേണ്ടത്. വെബ് ബ്രൌസറായി ഉപയോഗിക്കുന്നത് ഗൂഗിള്‍ ക്രോമാണ്. ബ്രൌസറിന്റെ സൂം 100 ശതമാനമാക്കി ക്രമീകരിക്കണം. 0.6 എംബിപിഎസ് വേഗതയെങ്കിലും ഉള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമെല്ലാം  ആരോഗ്യമേഖലയില്‍ വിദേശ നഴ്‌സുമാര്‍ക്ക് ഒട്ടേറെ തൊഴില്‍ അവസരങ്ങളാണ് തുറക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മാത്രം 2039 നഴ്‌സുമാരെ ഉടന്‍ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് അവിടുത്തെ ആരോഗ്യ സെക്രട്ടറി പ്രഖ്യാപിച്ചത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക