Image

ജോണ് സി. വർഗീസ് ഫോമാ അഡ്വൈസറി ബോർഡ് ചെയർ: സ്ഥാപക നേതാക്കളിലൊരാൾ വീണ്ടും നേതൃനിരയിൽ

Published on 26 September, 2020
ജോണ് സി. വർഗീസ് ഫോമാ അഡ്വൈസറി ബോർഡ് ചെയർ: സ്ഥാപക നേതാക്കളിലൊരാൾ വീണ്ടും നേതൃനിരയിൽ
ഫോമായുടെ സ്ഥാപക സെക്രട്ടറി അനിയൻ ജോർജ് പ്രസിഡന്റായി വരുമ്പോൾ അഡ്വൈസറി ബോർഡ് ചെയർ ആയി എത്തുന്നത് മറ്റൊരു സ്ഥാപക നേതാവായ ജോണ്‍ സി. വര്‍ഗീസ് (സലിം). തീർച്ചയായും സംഘടനയെ ഉയർന്ന തലത്തിലേക്കെത്തിക്കുവാൻ സ്ഥാപകരേക്കാൾ യോഗ്യർ മറ്റാരുമില്ലെന്ന് തീർച്ച. 

അവശ്യ സമയത്ത് പ്രവാസിക്കു വേണ്ടി പോരാട്ടത്തിനിറങ്ങാൻ  മടി കാട്ടാത്ത സലിം സംഘടനയുടെ  സെക്രട്ടറിയും ജോണ് ടൈറ്റസ് പ്രസിഡണ്ടും ആയിരിക്കുമ്പോഴാണ്   ഫോമാ കരുത്തുറ്റ സംഘടനായി മാറുന്നത്. ഫോമാ ഭരണ ഘടനക്കു രൂപം നല്കിയവരില്‍ ഒരാളും. 

നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അഡൈ്വസറി കൗണ്‍സിലിനു പ്രത്യേക പ്രാധാന്യമുണ്ട്. സംഘടനയില്‍ തഴക്കവും പഴക്കവും നേതു രംഗത്തു പ്രവര്‍ത്തിച്ച പരിചയവുമുള്ളവരാണു കൗണ്‍സില്‍ ചെയര്‍ ആകേണ്ടത്. അതിനാല്‍ സലിമിനേക്കാള്‍ അർഹര്‍ ഉണ്ടൊ എന്നു സംശയം.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മുപ്പതു വര്‍ഷത്തിലേറെ പ്രകാശമാനമായ പ്രവര്‍ത്തന പാരമ്പര്യമുള്ള, സലീം 1987ല്‍ ന്യൂയോര്‍ക്കിലെത്തി. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ കര്‍മ ഭൂമിയിലെ ജനസേവന സപര്യക്ക് ഹരിശ്രീ കുറിച്ച ഇദ്ദേഹം ഇത്രയും കാലം കൊണ്ട് വിവിധ പദവികള്‍ അലങ്കരിച്ച്, തന്റെ സംഘടനാ ശക്തി തെളിയിച്ച് ഏവരുടെയും ആദരവിനും സ്‌നേഹത്തിനും പാത്രീഭൂതനായി. ഇപ്പോള്‍ സുപ്രധാനമായൊരു ദൗത്യമേറ്റെടുക്കാന്‍ ചുവടുറപ്പിക്കുകയാണ് പൊതു സമ്മതനായ ഈ ചെങ്ങന്നൂര്‍ സ്വദേശി.

കറയറ്റ സംഘടനാ പ്രവര്‍ത്തനത്തിന്റെ തെളിച്ചമുള്ള സംവത്സരങ്ങളുടെ ചരിത്രം ഇദ്ദേഹത്തിന് പറയാനുണ്ട്.

ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ സി വര്‍ഗീസ് 1987ലാണ് അമേരിക്കയിലെത്തുന്നത്. അധികം താമസിയാതെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ ചേര്‍ന്നു. ഈ സംഘടനയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികള്‍ വഹിച്ചു. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും പലവട്ടം നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായി തിളങ്ങി. പിന്നീട് ഫോമാ പിറന്നപ്പോള്‍ സംഘടനയുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനായി. 2008 മുതല്‍ 2010 വരെ നാഷണല്‍ സെക്രട്ടറിയായി. ഇപ്പോള്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ട്രസ്റ്റിയും ഭദ്രാസന ഫാമിലി കോണ്‍ഗ്രസിന്റെ ട്രഷററുമായിരുന്നു.

ഇപ്രകാരം സാമൂഹികവും സാംസ്‌കാരികവും സാമുദായികവുമായ സംഘടനാ തലങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വമായ ജോണ്‍ സി വര്‍ഗീസ് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ 2005ല്‍ തുടങ്ങി വച്ച സൗജന്യ ഉച്ചഭക്ഷണ വിതരണം ഇന്നും മുടക്കമില്ലാതെ തുടരുന്നു.

അദ്ദേഹത്തിന്റെ മികച്ച സേവനം ഇനിയും സംഘടനക്കും മലയാളി സമൂഹത്തിനും അഭംഗുരം ലഭിക്കുമെന്നത് സന്തോഷം പകരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക