Image

നാസയുടെ 'പെഴ്‌സിവീയറന്‍സ്' ചൊവ്വാ ദൗത്യത്തിന് നേതൃത്വം കൊടുത്ത് ഇന്ത്യൻ വംശജ ഡോ. സ്വാതി മോഹൻ

Published on 19 February, 2021
നാസയുടെ 'പെഴ്‌സിവീയറന്‍സ്' ചൊവ്വാ ദൗത്യത്തിന് നേതൃത്വം കൊടുത്ത്   ഇന്ത്യൻ വംശജ ഡോ. സ്വാതി മോഹൻ
നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയ ചരിത്ര  ദൗത്യത്തിന് നേതൃത്വം നല്കിയവരിൽ ഇന്ത്യൻ വംശജ ഡോ. സ്വാതി മോഹനും . 

വ്യാഴാഴ്ച്ച  3 .55 (eastern US time)നാണ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ തേടുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

''പെഴ്സിവീയറന്‍സ് മാഴ്സിന്റെ ഉപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയിരിക്കുന്നു, ഗ്രഹത്തിൽ  ജീവൻ നിലനിന്നിരുന്നോ എന്നറിയാനുള്ള പരീക്ഷണങ്ങൾ തുടങ്ങാൻ പേടകം സജ്ജമാണ് .'' പെഴ്സിവീയറന്‍സ് മാഴ്സിന്റെ ഉപരിതലം തൊട്ട  നിമിഷം ഡോ. സ്വാതി സന്തോഷത്തോടെ  വിളിച്ചു പറഞ്ഞു . 

 ചരിത്ര മുഹൂർത്തത്തിൽ  സന്തോഷം പങ്കുവെക്കാനായി നാസ നിരവധി ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. 

പക്ഷെ നിരവധി ഇന്ത്യക്കാരുടെ കണ്ണുടക്കിയത് ഡോ. സ്വാതി മോഹന്‍ എന്ന ഇന്ത്യക്കാരി ആകാംക്ഷയോടെ ലാബില്‍ ഇരിക്കുന്ന ചിത്രത്തിലേക്കായിരുന്നു  . അതില്‍ തന്നെ അവര്‍ നെറ്റിയിലണിഞ്ഞ  പൊട്ടിലേക്കും . നിരവധി ഇന്ത്യക്കാരാണ് ഈ പൊട്ടിനെ അഭിനന്ദിച്ച്‌  ട്വീറ്റ് ചെയ്യുന്നത്.  

 പദ്ധതിയുടെ ഗൈഡൻസ്, കൺട്രോൾ ഓപ്പറേഷൻസ് വിഭാഗത്തിന് ചുക്കാൻ പിടിക്കുന്ന  ഡോ .സ്വാതി, നാസയുടെ കൺട്രോൾ സ്റ്റേഷനിലിരുന്ന്  നിർദ്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ  ഉടനെ തന്നെവാർത്തകളിലെങ്ങും  നിറഞ്ഞു .

ലോകം ലാൻഡിംഗ് നിരീക്ഷിച്ചു കൊണ്ടിരിക്കെ  കൺട്രോൾ റൂമിലിരുന്ന്  മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജിഎന്‍&സി സബ്സിസ്റ്റം കോ ഓർഡിനേറ്റ് ചെയ്യുകയുമായിരുന്നു  സ്വാതി .

ചൊവ്വാ ഗ്രഹത്തിൽ ചരിത്രാതീത കാലത്ത് ജീവൻ നിലനിന്നിരുന്നോ എന്നാണ് പെഴ്സിവീയറന്‍സ്    പ്രധാനമായി അന്വേഷിക്കുക.

Perseverance rover എന്ന ബഹിരാകാശ വാഹനം ഉപയോ​ഗിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ ലാന്റ് ചെയ്ത്. വിവരങ്ങൾ ശേഖരിക്കുന്ന  പദ്ധതിയുടെ  ഡെവലപ്മെൻറ് പ്രോസസ്സിൽ സിസ്റ്റം എൻജിനീയറുടെ പ്രധാന ചുമതല വഹിച്ച ഡോ. സ്വാതി  നിലവിൽ  പദ്ധതിയുടെ ഗൈഡൻസ്, കൺട്രോൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയാണ് .

ബംഗളുരുവിലായിരുന്നു സ്വാതിയുടെ ജനനം. സ്വാതിക്ക്‌  ഒരു വയസ് പ്രായമുള്ളപ്പോളാണ്  കുടുംബം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.  നോർത്തേൺ വിർജീനിയ -വാഷിങ്ടൺ ഡി സി മെട്രോ ഏരിയയിലായിരുന്നു സ്വാതിയുടെ ബാല്യം. തന്റെ കുടുംബത്തിന് ഇപ്പോഴും ബംഗളൂരുവില്‍ വീടുണ്ടെന്നും മാതാപിതാക്കള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും അവിടെ ചെലവഴിക്കാറുണ്ടെന്നും സ്വാതി വ്യക്തമാക്കുന്നു. 

ഒമ്ബത് വയസ് പ്രായമുള്ളപ്പോൾ  സ്റ്റാര്‍ ട്രെക് സീരീസിൽ  പ്രപഞ്ചത്തിലെ പുതു രഹസ്യങ്ങള്‍ കണ്ട് സ്വാതി അദ് ഭുതം കൂറി.  പ്രപഞ്ചത്തിലെ പുതിയ പ്രദേശങ്ങൾ കണ്ടെത്തണമെന്ന് അന്നേ ആ കൊച്ചു പെൺകുട്ടി  ഉറപ്പിച്ചു . 
  
പ്രപഞ്ച രഹസ്യങ്ങൾ തേടാൻ മോഹിച്ചതിനൊപ്പം തന്നെ  16 വയസ് വരെ ഒരു ശിശുരോ​ഗ വിദ​ഗ്ധ ആവണമെന്ന മോഹവും സ്വാതി ഉള്ളിലേറ്റിയിരുന്നു . സ്വാതിയുടെ ഭൗതിക ശാസ്ത്ര(Physics) അധ്യാപികയാണ്,  ബഹിരാകാശ ​ഗവേഷണത്തിൽ അവൾക്ക് പ്രചോദനം നൽകിയതും എഞ്ചിനീറിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചതും . അങ്ങിനെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നുംമെക്കാനിക്കൽ, ഏറോ സ്പേസ് എഞ്ചിനിയറിംഗ്  ബിരുദവും, എം.ഐ.ടിയിൽ നിന്നും എം എസും  ഡോക്ടറേറ്റും അവർ കരസ്ഥമാക്കി. 

നാസയുടെ വിവിധ ദൗത്യങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ചൊവ്വയില്‍ ജീവന്‍ തേടിയുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ദൗത്യത്തിന് സ്വാതി മോഹന്‍ നേതൃത്വ പങ്കാളിയാവുന്നത്. ഏഴ് കൊല്ലം മുമ്ബാണ് നാസയുടെ ചൊവ്വാദൗത്യപദ്ധതിയിലേക്ക്  സ്വാതി മോഹന്‍ എത്തിയത്.   

നാസയുടെ പാസഡീനയിലെ ചൊവ്വ പര്യവേഷണ  ​ഗവേഷണങ്ങളിൽ തുടക്കം മുതൽ അം​ഗമായിരുന്ന ഡോ .സ്വാതി,  നാസ  ശനിയിലേക്കും(Cassini ),ചന്ദ്രനിലേക്കും (GRAIL ) നടത്തിയ ​ഗവേഷണങ്ങളിലും പര്യവേഷണങ്ങളിലും പങ്കെടുത്തിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക