മധ്യവയസ്സിന്റെ
വിഹ്വലതകൾ
ചുരമാന്തി നിൽക്കുന്ന
കറുത്ത രാത്രിയിൽ
അയാൾ -
മദ്യപിച്ച് തലതിരിഞ്ഞവൻ
തനിക്കു നേരെ വിക്ഷേപിച്ച
എല്ലാ തെറി വാക്കുകൾക്കും
പകരമായ്
പുല്ലിംഗ ശബ്ദത്തിലൊരു
സമസ്തപദം
തിരികെത്തൊടുക്കുവാൻ
ഉള്ളിൽ തിരഞ്ഞു നിന്ന
അവർക്കു നേരെ ,
ഇത്രനാളും
ഇംഗ്ലീഷ് മാസികകളും
പത്രങ്ങളും
പിന്നെ
ചായക്കപ്പുകളും
നിരത്തിയ
ടീപോയ് - യുടെ
പാദമൊരെണ്ണമൂരിയെടുത്ത്
തലതകർത്ത് അയാൾ,
അവർ കരഞ്ഞു
നിലവിളിച്ചൂ
നിലം പതിച്ചു...
വ്യായാമവും കഴിച്ച്
രാത്രിക്കുവേണ്ട
നാരും മറ്റ് പോഷകങ്ങളുമടങ്ങിയ
ഭക്ഷണവും പിന്നെ
ടി വി കോലാഹലങ്ങളും
കഴിഞ്ഞ്
അന്ത്യനിദ്രപോലെ
ആണ്ടുകിടക്കുന്ന അയൽപക്കം -
മക്കൾക്കും
ഒന്നുമറിയേണ്ട
എല്ലാവരും
പുറംനാടുകളിൽ
പഠനത്തിന്
പോയിരിക്കുന്നു..
കരയാനുമില്ലൊരാളും
കടന്നുവരാനുമില്ല
മരിച്ചുപോയ
മണംപരന്ന്
ചാനലും പത്രങ്ങളും
മുഷിഞ്ഞപ്പഴേക്കും
മതിലിനപ്പുറത്തെ
വീട്ടുവാതിലുമെത്തിനോക്കി തലവലിച്ചു
മരണം കഥയായ് പറന്നു കളിക്കുമെന്നാകിലും
പോരടിക്കും
വാഗ്വാദഘോഷങ്ങളും
ഇരുളിലുലയും
നിലവിളികളും
നിറയുന്ന
പാതിരാപ്പാതകങ്ങളാരറിയാൻ !!
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല