Image

അഭിമാനിക്കണം പെണ്ണായി പിറന്നതില്‍( റീന ജോബി, കുവൈറ്റ് )

റീന ജോബി, കുവൈറ്റ് Published on 08 March, 2021
 അഭിമാനിക്കണം പെണ്ണായി പിറന്നതില്‍( റീന ജോബി, കുവൈറ്റ് )
മാര്‍ച്ച് 8 ലോകമെങ്ങും വനിതാ ദിനമായി ആചരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ദിനം, വനിതാ ദിനം.''Women in leadership: Achieving an equal future in a COVID-19 world'. ഇതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം. 1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭത്തിന്റെ ചുവട് പിടിച്ചാണ് മാര്‍ച്ച് 8 ലോക വനിതാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകള്‍ നടത്തിയ ആദ്യ ചെറുത്ത് നില്‍പ്പായിരുന്നു ഇത് എന്ന് വേണമെങ്കില്‍ പറയാം. 1910ല്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോണ്‍ഗ്രസില്‍ വെച്ച് ക്ലാരാ സെറ്റ്കിന്‍ എന്ന ജര്‍മ്മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകയാണ് വനിതാ ദിനം എന്ന ഒരു ആശയം മുമ്പോട്ട് വെച്ചത്. 1911ലാണ് ആദ്യമായി ലോക വനിതാ ദിനം ആഘോഷിച്ചത്. ആസ്ട്രിയയിലും ഡെന്മാര്‍ക്കിലും ജര്‍മനിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും ആയിരുന്നു ഇത്. എന്നാല്‍ 1975ലാണ് ഐക്യരാഷ്ട്രസഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വനിതാ ദിനം കടന്ന് വരുന്നത് . സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്ന് പറയുന്നത് പോലും മാനക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്ന് പറയാതിരിക്കാന്‍ വയ്യ . സ്ത്രീ അവള്‍ ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ പാടില്ല ,അടക്കത്തോടും ഒതുക്കത്തോടും കൂടി ജീവിക്കണം ,വീട്ടിലെ ജോലികളൊക്കെ കൃത്യമായി ചെയ്ത് തീര്‍ക്കണം ,പുരുഷന്റെ സംരക്ഷണയില്‍ അവള്‍ ജീവിക്കണം .ഒരു പെണ്ണിനെക്കുറിച്ചുള്ള  മൂല്യ സങ്കല്പങ്ങള്‍ ഇങ്ങനെയൊക്കെയാണ് .കുട്ടിക്കാലം മുതല്‍ക്കേ ഒരു പെണ്‍കുഞ്ഞിന്റെ മനസ്സിനെ ഇത്തരം ചിന്തകള്‍ അടിച്ചേല്‍പ്പിക്കുകയാണ് നമ്മളില്‍ പലരും .എന്നിട്ട് സംഭവിക്കുന്നതോ ഇത്തരം മൂല്യങ്ങളുടെ തടവുകാരിയായി മാറുകയാണവള്‍ .കുടുംബവും സമൂഹവും കല്‍പ്പിച്ചു തരുന്ന പുരുഷനോടല്ലാതെ മറ്റൊരു വ്യക്തിയോട് സംസാരിച്ചാല്‍ അവള്‍ അപഹസിക്കപ്പെട്ടവളാകുന്നു,ഉച്ചത്തില്‍ ഒന്ന് സംസാരിച്ചാല്‍ അഹങ്കാരിയാകുന്നു ,തന്നിഷ്ടക്കാരിയാകുന്നു .എന്നാല്‍ പിന്നീട് നാം അങ്ങോട്ട് കണ്ടത് സ്ത്രീ മുന്നേറ്റത്തിന്റെ കാലമായിരുന്നു .നീതിക്കായി ,അവകാശത്തിനായി, സ്വാതന്ത്ര്യത്തിനായി ,സമത്വത്തിനായി ,സ്ത്രീ സുരക്ഷയ്ക്കായി .

ഇന്ത്യയില്‍ ഓരോ ഇരുപത് മിനിറ്റിലും ഒരു സ്ത്രീ ലൈംഗിക അധിക്രമണത്തിന് ഇരയാവുന്നുണ്ട് .അവകാശങ്ങളല്ല എനിക്ക് വേണ്ടത് സുരക്ഷയാണ് .പുറത്തു പോയാല്‍ വീട്ടില്‍ സുരക്ഷിതയായി തിരിച്ചെത്തുമെന്ന ഉറപ്പ്, പൊതുഇടങ്ങളില്‍ ഞാന്‍ ഭയപ്പെടേണ്‍ടേണ്ടതില്ല എന്ന ഉറപ്പ് ,ഞാന്‍ ജനിച്ചതും ,വളര്‍ന്നതും ഇപ്പോള്‍ ജീവിക്കുന്നതും ഈ നാട്ടിലാണ് എന്റെ രാജ്യമാണിത് .ഇനിയും എനിക്ക് ഇവിടെത്തന്നെയാണ് ജീവിക്കേണ്ടത് .ഭയമില്ലാതെ ...എന്നാല്‍ ഞാന്‍ അടങ്ങുന്ന സ്ത്രീ സമൂഹം ഓരോ നിമിഷവും ഭയത്തോടെയാണ് ജീവിക്കുന്നത് .എന്റെ ചുറ്റും അക്രമമാണ് .ചങ്കു പൊള്ളിക്കുന്ന വാര്‍ത്തകളാണ് ഓരോ നിമിഷവും എന്നെ തേടിയെത്തുന്നത് .ഉന്നാവും ,ഡല്‍ഹിയും ,ഹൈദരാബാദും ഒന്നുമങ്ങു ദൂരത്തല്ല .ജോലി ചെയ്ത് തളര്‍ന്ന് വീട്ടിലേക്ക് പൊത് വാഹനങ്ങളില്‍ യാത്ര ചെയ്യ്യുംമ്പോള്‍ ഒന്ന് മയങ്ങാന്‍ പോലും ഭയമാണെനിക്ക് .വീടെത്തുവോളം എന്റെ നേരെ ഉയര്‍ന്നു വരുന്ന കൈകളുണ്ടോ എന്ന് നോക്കിയിരിക്കണം ഞാന്‍ . ഇന്ന് ഞാന്‍ സുരക്ഷിതയാണെങ്കില്‍ ഇന്നലെ ഞാന്‍ ഏതോ അതിക്രമത്തെ അതിജീവിച്ചവളാണ് .സ്ത്രീയെ അപമാനിക്കുനടുത്തു ,അവളെ അവഹേളിക്കുന്നടുത്തു പുരോഗതിയില്ലായെന്നു നാം തിരിച്ചറിയണം .''നീ വെറും പെണ്ണാണ് ''എന്ന പരാമര്‍ശം ഇനി വിലപ്പോവില്ല .അതേ സമയം തന്നെ ഈ ലോകത്തു എനിക്ക് സുരക്ഷിതമായി ജീവിക്കാന്‍  സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കും കൂടിയാണ് . വിവാഹവും കുട്ടികളെ വളര്‍ത്തലും അടുക്കള ജോലിയും മാത്രമായി ഒതുങ്ങുകയല്ല, മറിച്ച് തങ്ങള്‍ക്ക് തങ്ങളുടേതായ ഇടം കണ്ടെത്തേണ്ടതുണ്ട് ഓരോ സ്ത്രീയ്ക്കും. 

ഇന്‍ഡ്യാമഹാരാജ്യം എ?ല്ലാ?വ?ര്‍?ക്കും തുല്യമായ നീതിയോടെയും അവകാശങ്ങളോടെയും സന്തോഷങ്ങളോടെയും ജീവിക്കാനുള്ളതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരും സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുത്തവരുമായ മഹാരഥന്മാര്‍ അതിനുവേണ്ടിയാണ് എല്ലാ പൗരന്മാരേയും തുല്യതയോടെ ഉള്‍ക്കൊള്ളുന്ന ഭരണഘടനയും ജനാധിപത്യസംവിധാനങ്ങളും ഉണ്ടാക്കിയുള്ളതാണ്. ജനാധിപത്യവും നീതിപരിപാലനവും ശക്തിപ്പെടുത്താനുള്ള നീതിന്യായവ്യവസ്ഥയെയും ഭരണഘടനമൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ന്യാധിപസമൂഹത്തെയുമാണ് ഇന്ത്യയില്‍ അധികാരവും അക്രമവും വേട്ടയാടുന്ന സ്ത്രീകളടക്കമുള്ള എല്ലാവരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതു .പ്രതീക്ഷകള്‍ക്ക് ഓരോ തവണയും മങ്ങലേല്‍ക്കുമ്പോള്‍ നമ്മുടെ ഭരണഘടന കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാക്കപ്പെടുകയാണ്. വേട്ടക്കാര്‍ സംരക്ഷിക്കപ്പെടുകയും ഇരകള്‍ അരക്ഷിതമാക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത് അക്രമവും അനീതിയും മാത്രമാണ് വളരുക .സ്‌നേഹവും സാഹോദര്യവുമുള്ള സാമൂഹിക, കുടുംബജീവിതമല്ല. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിനുള്ള പ്രചോദനമാകട്ടെ ഓരോ വനിതകള്‍ക്കും ഈ വനിതാദിനാഘോഷം. എല്ലാ വനിതകള്‍ക്കും വനിതാ ദിനാശംസകള്‍ നേരുന്നു.

 അഭിമാനിക്കണം പെണ്ണായി പിറന്നതില്‍( റീന ജോബി, കുവൈറ്റ് )
Join WhatsApp News
ഞാന്‍ എന്ന സ്ത്രീ 2021-03-08 12:50:50
ഞാൻ ആരുടെയും പെങ്ങൾ അല്ല; ആകാൻ ഉദ്ദേശവുമില്ല. ഞാൻ എന്റെ കുഞ്ഞിന്റെ മാത്രം അമ്മയാണ്; എനിക്ക് വിശ്വമാതാവിന്റെ മുഖമൊന്നും വേണ്ട. എനിക്ക് നിങ്ങൾ പറയുന്നത്‌ രണ്ടാമതൊന്ന് കേൾക്കാൻ പോലും ക്ഷമയില്ല; അതുകൊണ്ട് എന്നെ ഭൂമിയുമായി ഉപമിക്കേണ്ട. ഞാൻ അമ്മയാകുന്നതിന്റെ ആനന്ദം അറിയാൻ വേണ്ടി മരണവേദന സഹിച്ചാണ് പ്രസവിച്ചത്; അല്ലാതെ സർവ്വംസഹയായത് കൊണ്ടല്ല. പതിനാറ് കൈകളിൽ കുടുംബഭാരവും ജോലിഭാരവും ഒറ്റയ്ക്ക് താങ്ങുന്ന ദുർഗ്ഗയൊന്നുമല്ല; ഇവിടെ എന്റെ കാര്യങ്ങൾ തന്നെ ചുറ്റും ഉള്ളവരുടെ സഹകരണം കൊണ്ടാണ് നടന്നുപോകുന്നത്. ഞാൻ അവസാനം ഉണ്ണുന്നവൾ അല്ല; കണവന്റെ പ്ളേറ്റിലെ മുരിങ്ങാക്കോലും കേക്കിലെ ചെറിയും ആർത്തിയോടെ തട്ടിയെടുക്കുന്ന, കുഞ്ഞിന് 2 സ്പൂണ് സെറിലാക്ക് കൂടുതൽ ഉണ്ടാക്കി അവസാനം വരെ വായിൽ വെള്ളമൂറി കാത്തിരിക്കുന്നവളാണ്. എന്റെ ഗർഭപാത്രത്തിൽ ലോകത്തിന്റെ പുരോഗതിയല്ല; എന്റെ ബയോളജി മാത്രമാണുള്ളത്. ഞാൻ മാസാമാസം പുറംതള്ളുന്നത് ആശുദ്ധിയല്ല; എന്റെ യൗവനത്തിന്റെ പ്രൗഢമായ കയ്യൊപ്പുകളാണ്. ഞാൻ സ്ഥിരമായി നെറുകയിൽ സിന്ദൂരമോ കഴുത്തിൽ നീണ്ട താലിയോ ധരിക്കുന്നില്ല; എന്റെ പ്രണയം മനസ്സിൽ ആഴത്തിൽ തന്നെ പതിഞ്ഞിട്ടുണ്ട്. ഞാൻ കാലകത്തിയേ ഇരിക്കൂ - കാരണം നിങ്ങളുടെ മുൻവിധികളേക്കാൾ എനിക്ക് പ്രധാനം എന്റെ സുഖം തന്നെയാണ്. നിങ്ങൾ പറയുന്ന വസ്ത്രം ഞാൻ ധരിക്കില്ല - കാരണം എന്റെ ശരീരം എന്റെ മാത്രം സ്വാതന്ത്ര്യമാണ്. എന്റെ നീണ്ട മുടിയിഴകൾ എനിക്ക് തോന്നുന്നത് പോലെ ഞാൻ മുറിച്ചെറിയും; കാരണം നിങ്ങളുടെ സൗന്ദര്യസങ്കല്പങ്ങളെക്കാൾ എനിക്ക് പ്രധാനം എന്റെ തൃപ്തിയാണ്. ഞാൻ മതിയാവോളം മെയ്ക്ക് അപ്പ്‌ ഇടും, ചുണ്ടിൽ ചായം തേയ്ക്കും, ചിലപ്പോൾ തേയ്ക്കാതിരിക്കും, ഒരുങ്ങും, ഒരുങ്ങാതിരിക്കും, കുളിക്കും, കുളിക്കാതിരിക്കും, ഉറങ്ങും, ഉറങ്ങാതിരിക്കും. ഞാൻ പൂർണ്ണയായ ഒരു സ്ത്രീയാണ്. നിങ്ങൾ ഉദ്ദേശിക്കുന്നത് ഈ ടൈപ്പ് പൂർണ്ണതയല്ലെങ്കിൽ നിങ്ങളുടെ ഉദ്ദേശശുദ്ധിയിൽ തകരാറുണ്ട്.- Anagha Jayan's FB post
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക