Image

ജനിക്കാതിരുന്നുകൂടെ നിനക്കെൻ മടിയിൽ? : കവിത - അല്ലു സി.എച്ച്

Published on 09 March, 2021
ജനിക്കാതിരുന്നുകൂടെ നിനക്കെൻ മടിയിൽ? :  കവിത -   അല്ലു സി.എച്ച്
കാലങ്ങൾക്കു മുൻപേ കാലത്തിനു 
തെറ്റിയൊരോർമ്മത്തെറ്റായ് 
ഇന്നും ഒഴുകുന്നുണ്ടൊരു
തുഴയില്ലാ കടത്തുവള്ളം 

അവിടെ മിഴി നിറഞ്ഞൊഴുകിയ 
കണ്ണീർ പാടങ്ങൾക്ക് നടുവിൽ 
ചത്ത് മലച്ചു കിടക്കുന്നുണ്ട്  
എന്റെ മോഹങ്ങളൊക്കെയും

നിദ്രയിൽ കൂട്ടായെത്തും 
സ്വപ്നങ്ങളിലെല്ലാം 
കടവിലന്നു പെയ്ത
മഴയുടെ മരണപെയ്ത്തിൽ 
മരവിച്ചു പോയ എന്നെയും കാണുന്നു

അന്നെന്നിൽ രമിച്ചു മദിച്ചു
ജീവൻ  ബാക്കിവെച്ചുപോയവരുടെ
ഉന്മാദ ശാപതുള്ളി  
ഗർഭപാത്രചൂടിൽ സംരക്ഷണം 
തേടിയൊരു ജീവനായി
ജനിച്ചു  വീണ് തുടിക്കുമ്പോൾ

പിതൃ ശൂന്യതയിൽ 
ശപിക്കുമോ ഈ മാതാവിനെ

ഉദരത്തിലൂറിക്കൂടിയ 
ശാപത്തിന്റെ വിത്തെങ്കിലും 
നിന്നെ ഞാൻ സ്നേഹിച്ച് 
തുടങ്ങിയിരിക്കുന്നു 
മാതൃത്വമെന്ന കീഴ്പെടുത്തലുമായ്
എങ്കിലും കുഞ്ഞേ 
ജനിക്കാതിരുന്നുകൂടെ
നിനക്കെൻ മടിയിൽ?

           
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക