Image

രാജ്യം പോകുന്ന രാജകുമാരിമാർ : ആൻസി സാജൻ

Published on 10 March, 2021
രാജ്യം പോകുന്ന രാജകുമാരിമാർ : ആൻസി സാജൻ
ഭർതൃഗൃഹത്തിൽ സ്ത്രീ ഏറ്റുവാങ്ങേണ്ടിവരുന്ന ഏതൊരു പീഡനത്തിനും ഉത്തരവാദി ഭർത്താവായിരിക്കുമെന്ന് സുപ്രീം കോടതി . കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും നിരന്തരമായി ആക്രമിക്കുന്നുവെന്ന് കാണിച്ച് ലുധിയാനയിൽ രജിസ്റ്റർ ചെയ്ത കേസാണ് സുപ്രീം കോടതി പരാമർശത്തിന് ആധാരം. ഭാര്യയെ ആക്രമിച്ചെന്ന് പരാതിപ്പെട്ട ഈ കേസിൽ ഭർത്താവിന്റെ മുൻകൂർ ജാമ്യം നിഷേധിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്. ബന്ധുക്കളിൽ നിന്നേൽക്കുന്ന പരുക്കായാലും അടിസ്ഥാനപരമായി ഭർത്താവാണ് ഉത്തരവാദിയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കാനും കത്തികൊണ്ട് കുത്താനും താനെന്തൊരു മനുഷ്യനാണെന്നായിരുന്നു കോടതി ചോദിച്ചത്.
നന്നായി. അകത്തെപ്പേജിന്റെ മൂലയിലല്ലാതെ ആദ്യ പേജിൽ വലിയ അക്ഷരത്തിൽ വരേണ്ട വാർത്തയായിരുന്നു ഇത്. അടിക്കുന്നവരും തൊഴിക്കുന്നവരുമൊക്കെ ജാഗ്രത പുലർത്തുക. ഭാര്യ കോടതിയിൽ പോയാൽ മൊത്തം ഉപദ്രവമാകും. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരുമൊക്കെ അന്വേഷിച്ചലഞ്ഞ് കലക്കൻ പെണ്ണാണെന്നും പറഞ്ഞ് കല്യാണമുറപ്പിക്കും. കല്യാണ ദിവസം വീട്ടിൽ വന്ന് ചമയങ്ങളഴിച്ച് കഴിഞ്ഞാൽ തീർന്നു. പിറ്റേന്നു മുതൽ അവൾ ആർക്കൊക്കെയോ അന്യയും ശത്രുവുമാകുന്നു. പിന്നെയങ്ങോട്ട് ഇരുണ്ട മുഖങ്ങളും അസംതൃപ്ത ഭാവങ്ങളുമാണവളെ എതിരേൽക്കുന്നത്. സ്വന്തം വീട്ടിലും രാജ്യംപോയ രാജകുമാരിയാകും അവൾ.
മുകളിൽ പറഞ്ഞത് ഇന്നത്തെ പത്രവാർത്തയാണ്. അതുകൊണ്ടു തന്നെ ഇന്നത്തെക്കാലത്ത് ഇങ്ങനൊന്നുമില്ലെന്ന് പറയാൻ വരട്ടെ. സാധാരണക്കാരുടെ കാര്യം പോട്ടെന്നു വേണേൽ പറഞ്ഞു വെക്കാം. രാജകുടുംബത്തിൽ നിന്നും നേരിട്ട കടുത്ത അവഗണനയും വിവേചനവും തുറന്നു പറഞ്ഞ് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ പുറത്തു പറഞ്ഞതൊക്കെ കേട്ട് അയ്യടാന്നായിരിക്കയാണ് കൊട്ടാരവും ലോകജനത തന്നെയും. അമേരിക്കൻ മാധ്യമമായ സി.ബി.എസിൽ ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിലാണ് മേഗന്റെ വെളിപ്പെടുത്തൽ. ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നും ഹാരി രാജകുമാരന്റെ ഭാര്യ പറഞ്ഞു. തന്റെ മകൻ ആർച്ചിക്ക് രാജകുടുംബത്തിൽ യാതൊരവകാശവും ഉണ്ടാകാൻ പോകുന്നില്ലെന്ന് പറഞ്ഞ മേഗൻ മകന്റെ ജനനത്തിനു മുന്നേ വർണവെറി നേരിടേണ്ടി വന്നിരുന്നുവെന്നും തുറന്നു പറഞ്ഞുവത്രെ. ഓപ്ര വിൻഫ്രിയുമൊത്തുള്ള അഭിമുഖത്തിന് ഹാരി രാജകുമാരനും മേഗനും ഒരുമിച്ചാണ് പങ്കെടുത്തത്. അമേരിക്കയിൽ മാത്രം 17.1 ദശലക്ഷം പേർ കണ്ട അഭിമുഖം സമീപകാല ടെലിവിഷൻ ചരിത്രത്തിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. നിരവധിപേർ മേഗന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.
കെട്ടിക്കയറിച്ചെന്ന രാജകുടുംബത്തിലെ പോര് വാർത്തകൾ വായിക്കുമ്പോൾ ലോകം മുഴുവനും സ്നേഹം വിതറിയ ഡയാനയുടെ മുഖവും ജീവിതവും ഹൃദയത്തിലെത്തുന്നില്ലേ ...! ദുഃഖിച്ച് ജീവിച്ച് അകാലത്തിൽ പൊലിഞ്ഞു പോയ ഒരു രാജകുമാരിനക്ഷത്രമായിരുന്നില്ലേ അവരും.
മേഗന്റെ വെളിപ്പെടുത്തൽ സങ്കടപ്പെടുത്തുന്നതായും ഗൗരവമായി കാണുന്നുവെന്നും എലിസബത്ത് രാജ്ഞി അറിയിച്ചതായും വാർത്ത കണ്ടു. ഹാരി രാജകുമാരാ ഇന്ത്യയുടെ സുപ്രീം കോടതി പരാമർശം ഓർത്താൽ ഭർത്താവായ താങ്കളാണ് എല്ലാത്തിനും ഉത്തരവാദി !!
ഇങ്ങനെ വലിയ അരമനകളിൽ പോലും പ്രശ്നങ്ങളുള്ളപ്പോൾ നമ്മൾ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ..? അതുകൊണ്ട് പ്രിയ ഭർത്താക്കന്മാരെ , നിങ്ങൾ ഒന്നും അറിഞ്ഞില്ല കേട്ടില്ല എന്നു പറഞ്ഞ് ഒഴിയാൻ ഇനിയും പറ്റുമെന്ന് തോന്നുന്നില്ല. നിങ്ങളും നിങ്ങൾക്കൊപ്പമുള്ളവരും എന്ത് ചെയ്താലും ഉപദ്രവം നിങ്ങൾക്കാണ്. അതുകൊണ്ട് പണ്ടാരാണ്ട് സ്വന്തം അപ്പനോട് പറഞ്ഞ പോലെ ....' അച്ചായൻ അച്ചായന്റെ ഭാര്യേടെ കാര്യം നോക്ക് ; ഞാൻ എന്റെ ഭാര്യേടെ കാര്യം നോക്കിക്കൊള്ളാം ' എന്നൊരു ലൈനിൽ പോകുന്നതാവും നല്ലത്.
രാജ്യം പോകുന്ന രാജകുമാരിമാർ : ആൻസി സാജൻ
Join WhatsApp News
Renu Sreevatsan 2021-03-10 14:04:13
വളരെ പ്രസക്തവും ശക്തവുമായ എഴുത്ത്. പ്രതീക്ഷ നൽകുന്ന വിധി. ഗംഭീരമായി ഈ ലേഖനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക