Image

അപരാജിത (കവിത-കല സജീവൻ)

Published on 11 March, 2021
അപരാജിത (കവിത-കല സജീവൻ)

ഒന്നിലധികം കാമുകൻമാരുള്ള
ഒരുവളുടെ ഏകാകിത അനിർവചനീയമാണ്.
മറ്റാരാണ് ആത്മാവിൽ അവളോളം
ദരിദ്രയും ചകിതയുമായിരിക്കുക !!!.
അല്ലയോ പ്രണയമേ, ഈ പാനപാത്രം
എന്റെ ചുണ്ടിൽ നിന്നകറ്റണേ -.
എന്നെത്രയോ വട്ടം അവൾ കാമുകരുടെ
അൾത്താരയ്ക്കു മുന്നിൽ മുട്ടുകുത്തിയിട്ടുണ്ട്.
അപ്പോഴൊക്കെ അവർ ചുംബനം കൊണ്ട്
അവളെ മുദ്രവെയ്ക്കുകയും
ഞാൻ നിന്റെശരീരത്തിന്റെ ഉടമ
എന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു.
കാമുകൻമാരുടെ
ഏകാന്തതകൾക്ക് കൂട്ടിരുന്നും
വിഷാദസമസ്യകൾക്ക്
ഉത്തരം കണ്ടെത്തിയും
അവൾക്കെന്നേ മടുത്തിരുന്നു.
അവൾക്കൊപ്പം തണുക്കാനും പനിക്കാനും
അവളുടെ നരച്ച വൈകുന്നേരങ്ങൾക്ക്
കൂട്ടിരിക്കാനും ആരും വന്നില്ല.
കാമുകൻമാരെല്ലാം കപ്പലിലേറി
ലോകഭൂപടങ്ങളിൽ
അധിനിവേശ മേഖലകൾ
അടയാളപ്പെടുത്തുകയായിരുന്നു.
അവരുടെ വിഷാദം തുന്നിച്ചേർത്ത
തൂവാല മാത്രം
അവൾക്കെറിഞ്ഞു കൊടുത്തിരുന്നു.
അതിൽ കണ്ണീരുകൊണ്ട്
പൂക്കൾ തുന്നിച്ചേർത്ത്
അവൾ വാസനിക്കണമായിരുന്നു.
അവർക്കു തിരക്കായിരുന്നു.
അവരെല്ലാം യാത്രികരായിരുന്നു.
ഉടൽ ചുരുക്കി മാത്രം പ്രത്യക്ഷപ്പെടുന്ന
ചിത്രകഥയിലെ മാലാഖയെ പോലെ,
ആവശ്യപ്പെടുമ്പോഴെല്ലാം
കാമുകൻമാർക്കു മുന്നിലവതരിക്കാൻ
അവൾ പരിഭ്രമം തടഞ്ഞു വീണിരുന്നു.
അവൾ അപ്പോൾ, അവിടെ,
അന്ന് വന്നില്ലായിരുന്നെങ്കിൽ
കാമുകൻമാരെല്ലാം ആത്മഹത്യ ചെയ്യുമായിരുന്നു
എന്നവൾ വിശ്വസിച്ചിരുന്നു.
ചുറ്റിലും പ്രണയം പരത്തുന്ന ജീവിയായി
അവൾ  അപവാദപ്പെട്ടിരുന്നു.
ആരുടെയൊക്കെയോ രാക്കിനാവിൽ
പലവക പണികളിലേർപ്പെട്ട്
അവളുടെ വിളക്കു കെട്ടുപോയിരുന്നു.
ഭൂമിയ്ക്കടിയിലുള്ള മൂന്നാമത്തെ അടരിലെ
നേർത്ത സംഗീതം പോലും
അവൾക്കന്യമായിത്തുടങ്ങിയിരുന്നു.
അവൾക്കു വേണ്ടി ആകാശത്തു നിന്ന്
ചില പ്രത്യേക സന്ദേശങ്ങൾ വരുന്നത്
 ഇനിയും കണ്ടില്ലെന്ന് നടിക്കുക വയ്യ.
വിരൽ മുറിച്ച് ചോരപ്പകർപ്പെടുത്ത്
മറുകുറി നൽകേണ്ടതുണ്ട്.
ഇതാ -ആകാശത്തിന്റെയും
ഭൂമിയുടെയുംനാമത്തിൽ
അവൾ
കാമുകൻമാരെ വിലക്കുകയാണ്.-
സ്വർഗ്ഗത്തിൽ സന്ധിക്കാമെന്ന്
സ്വന്തം മരണജാമ്യത്തിൽ
കാമുകൻമാർക്ക്
അടയാളവാക്യം നൽകുകയാണ്.-
"പ്രണയമേ, നീയും ഞാനും തമ്മിലെന്ത്?"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക