Image

കുരുക്ഷേത്രം( കവിത : രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 13 March, 2021
കുരുക്ഷേത്രം( കവിത : രാജന്‍ കിണറ്റിങ്കര)
അടുക്കള
ചിലപ്പോഴൊക്കെ
ഒരു കുരുക്ഷേത്ര
ഭൂമിയാകാറുണ്ട്

അഞ്ചു ഗ്ലാസ് വെള്ളവും
നൂറില്‍ പരം
അരിമണികളും
പാത്രത്തിനുള്ളില്‍
പരസ്പരം പോരാടും

തീയും പുകയും
ചൂടും വായുവില്‍
ഉയരും
അടുക്കള 
മുടിക്കെട്ടിനില്‍ക്കും

ദൂതുമായി ചെന്ന്
അമ്മ
ഇടയ്ക്കിടെ ഇളക്കി
ആശ്വസിപ്പിക്കും

എന്നിട്ടും വിട്ടുകൊടുക്കാതെ
ആധിപത്യം
സ്ഥാപിക്കാന്‍
പോരടിച്ചു കൊണ്ടിരിക്കും

അങ്കം ജയിച്ച്
വരുന്നവരെ കാത്ത്
ഉമ്മറത്ത് ചിലര്‍
കാത്തിരിപ്പുണ്ട്

ഒടുവില്‍ അമ്മ 
കൊളുത്തിയ തീയില്‍
വെള്ളം തളിക്കുമ്പോള്‍
യുദ്ധഭൂമി ശാന്തമാകും

വിജയികളായി
അഞ്ചു പേര്‍ സ്വാതന്ത്ര്യം
ആഘോഷിക്കുമ്പോള്‍
നൂറ്റുവര്‍ ചെമ്പിനുള്ളില്‍
ചത്തു കിടക്കും.

പല ഉദരങ്ങളില്‍
അവയെല്ലാം
ദഹിച്ചു തീരും .
ഉദകക്രിയകളില്ലാതെ ..

കുരുക്ഷേത്രം( കവിത : രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക