-->

America

ദശ വാർദ്ധക്യം (കവിത: വേണുനമ്പ്യാർ)

Published

on

രാത്രി   രണ്ടാം ശൈശവത്തിലെ മറവി മാതിരി
നീണ്ടു പോയ  വിട ചൊല്ലൽ
ബോധധാരയിലെ വിള്ളൽ

ഒരു പോള കണ്ണടയ്ക്കാത്തവന്
കാലത്തുണരാൻ ഒരു കാരണം വേണോ  

പ്രഭാതസവാരിക്ക്  അനുമതിയില്ല  
മടക്കം   ആംബുലൻസിലാകരുതല്ലോ
വിലക്കുകൾ വേറെയും -
ഉപ്പു കുറക്കണം
മധുരം പാടില്ല
എണ്ണ തൊടരുത്
അനാവശ്യമായി സംസാരിക്കേണ്ട
ഡയപ്പർ  അഴിച്ചെറിയരുത്    
അതിഥികളുടെ സമക്ഷം  കരയരുത്
കൂർക്കം വലിക്കരുത്  

ഉറക്കം കിട്ടാക്കനിയാകുമ്പോൾ  കണ്ണടച്ച്   എണ്ണും :    
അശ്വതി, ഭരണി, കാർത്തിക, രോഹിണി....

രോഹിണി ആരുടെ  നക്ഷത്രമാണ്
അർബുദം    രക്തത്തിലാകാം എല്ലിനാകാം    ഓർമ്മയില്ല  
രോഹിണി... അത്  കഴിഞ്ഞാൽ പിന്നെ  എണ്ണാൻ നാളില്ല    

നക്ഷത്രമില്ലാത്ത   ശൂന്യാകാശം .....
ജീവിതം...
ബോധധാരയിലെ വിള്ളൽ......

ഒറ്റയ്ക്ക് ജീവിക്കാനാകാത്ത അത്രയും വയസ്സായോ  
ഓൾഡ് ഈസ് ഗോൾഡ് ഓർ ഈസ് ഇറ്റ്  എ റെയ്‌നിങ്  ഓഫ് ബർണിങ് കോൾ ഫ്രം ഹെൽ  
ഒറ്റയ്ക്ക് മരിക്കാൻ എന്തിനിത്ര  പേടി

ഏകാകിതയ്ക്കുള്ളതാം ഒറ്റമൂലി
കാന്തേ നീയാണേകാന്തത

ആകാശഗംഗകളുടെ  തീരത്തു  തനിച്ചാണോ സുഖമാണോ
നോവും കണ്ണീരും മാത്രം സമ്മാനിക്കുന്ന  ഓർമ്മക്കിളികൾ കൂട്ടിനില്ലേ

എന്റെ കിളികളെ ഇതാ  വിട്ടയക്കാം  -  മരണമേ, നിന്റെ കൂടു   എനിക്കായി
തുറന്നു തരുമോ -  സ്‌ട്രോക്കിന്റെ സ്മാരകം - ഇടതു  കയ്യിലെ മരവിച്ചു പോയ ചൂണ്ടുവിരൽ - മടക്കാനാവാത്ത   അത് തിരിച്ചേൽപ്പിക്കണം.

കുരിശാകരുതെന്ന ആ പഴയ  പിടിവാശി ഉപേക്ഷിക്കുന്നു.
ഈ  നിമിഷം        വഹിക്കാനാകാത്ത  ആ  കുരിശ് ഞാനല്ലാതെ
മറ്റാര്?  വേദനിക്കുന്ന നാഡികളും ധമനികളും പേശികളും അസ്ഥികളും  
മൂലം    നിലവിളിക്കുന്ന ഒരു കുരിശ് !

ഏലി ഏലി ലമ ശബക്താനി......  

ഗോചരം ദർപ്പണം   ഭവസാഗരം   മഹാദുഃഖം,,,,,,
എങ്കിലും     തേയ്‌മാനമോ  ജീര്‍ണ്ണതയോ   പ്രയാസമോ  പരിഭവമോ പകയോ  
ആസക്തിയോ കൂനോ ചുളിവൊ നരയോ ഇടിവോ ചതവോ ഇല്ല ഉള്ളിലെ അഗോചരത്തിന്

ന ഹന്യതേ ന ഹന്യമാനെ ശരീരേ.....  
 
ചീറിയടിച്ച കാറ്റിൽ  അസ്തമിച്ചു  പോയ നക്ഷത്രത്തിന്റെ    ശബ്ദം ഒഴുകിയെത്തി :

ഇരുട്ടും മുമ്പേ വീട്ടിലെത്തണേ!
 
ദശകളുടെ പരിണാമക്രമങ്ങൾ   ഉദകക്രിയക്കപ്പുറത്തേക്കും   നീളുന്നു.
വൃദ്ധന്റെ ക്ഷയിച്ച  വാരിയെല്ലുകൾക്കടിയിൽ    അഞ്ചുവയസ്സുള്ള ഒരു കുട്ടി      മറവു ചെയ്യപ്പെട്ടിരിക്കുന്നു. മുറിയാത്ത  ബോധ ധാരയുടെ സാക്ഷി   അവൻ!  പ്രായം തൊടാത്ത   ജരാനര തീണ്ടാത്ത   കേവലം സാക്ഷി!!

കാതിൽ വീണ്ടും ആ   നക്ഷത്രപല്ലവിയുടെ മാറ്റൊലി :

ഇരുട്ടും മുമ്പേ വീട്ടിലെത്തണേ! 

Facebook Comments

Comments

  1. വിദ്യാധരൻ

    2021-03-17 04:01:24

    "അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി യഥാസ്മൈ രോചതേ വിശ്വം തഥേദം പരിവർത്തതേ" (ആനന്ദവർദ്ധനൻ ) അനന്തമായ ഈ കാവ്യലോകത്തിൽ ഒരേയൊരു സൃഷ്ടാവേയുള്ളു -കവി . അദ്ദേഹം ആഗ്രഹിക്കുംപോലെ ഈ ലോകം ചുറ്റി തിരിയുന്നു. "പുരാണമിത്യേവ ന സാധുസർവ്വം ന ചാപികാവ്യം നവമിത്യവദ്യം സന്തഃ പരീക്ഷാന്യതരദ് ഭജന്തേ മൂഢ പരപ്രത്യയനേയ ബുദ്ധി " (കാളിദാസൻ -മാളവികാഗ്നിമിത്രം ) പഴയതാണ് എന്നതുകൊണ്ടുമാത്രം എല്ലാം നന്നായികൊള്ളണമെന്നില്ല . പുതിയാതാണ് എന്നതുകൊണ്ട് കാവ്യം നിന്ദ്യവും ആകുന്നില്ല. വിവേകികൾ പരിശോധിച്ചിട്ട് നല്ലത് തിരഞ്ഞെടുക്കുന്നു .മൂഡന്മാർ അന്യരാൽ നയിക്കപ്പെടുന്ന ബുദ്ധിയോടുകൂടിയവരാണ് . ഒരു ഗാനത്തിന് രാഗമെന്നപോലെ കാവ്യത്തിന് വൃത്തവും ഉചിതമത്രെ. മനുഷ്യവികാരങ്ങളുമായി ഇതിന് ബന്ധമുണ്ട്. ആയത്കൊണ്ട് ഹൃദയഭിത്തികളിൽ അവ പെട്ടെന്ന് ആലേഖനം ചെയ്യപ്പെടുന്നു. നിത്യചൈതന്യ പറഞ്ഞതുപോലെ , " രൂപദർശനം ആരേയും ഹഠാദാകർഷിക്കും. കണ്ടാലും കണ്ടാലും മതിവരാത്ത ദര്ശനങ്ങളുണ്ട് അവയെ കാണാതിരിക്കുമ്പോഴും ഓർമ്മിക്കുന്നത് ആകർഷകമായ രൂപംകൊണ്ടാണ്. മൂവായിരമോ അതിലുമേറെ വർഷങ്ങൾക്ക് മുൻപോ രചിക്കുവാൻ കഴിഞ്ഞിട്ടുള്ള ഋഗ്വേദ സൂക്തങ്ങളും പഴയനിയമത്തിലെ സങ്കീർത്തനങ്ങളും ആ കാവ്യതല്ലജങ്ങളുടെ പ്രാണേതാക്കൾ എവിടെപോകുമ്പോഴും മനസ്സിലെ വിലതീരാത്ത ഒരു നിധിനിക്ഷേപമായി കൊണ്ടുനടന്ന് ആനന്ദത്തോടെ അതെല്ലാം ആവർത്തിച്ചാവർത്തിച്ച് ചൊല്ലി അവയുടെ ഗംഭീരമായ ആശയങ്ങളുമായി പിന്നേയും പിന്നേയും ബന്ധപ്പെട്ട്. ജീവിതത്തെ ഉല്ക്കർഷമുള്ളതാക്കുന്നു. മക്കത്തുള്ള പരിശുദ്ധ കാബാ ഒരാൾക്കും പുഴക്കിയെടുത്ത് തന്റെ യാത്രയിൽ കൂടെ കൊണ്ടുപോകാൻ ആവുകയില്ല . എന്നാൽ മക്കത്തു വച്ച് മുത്തുനബിക്ക് പരമകാരുണികനായ അല്ലാഹു വെളുപ്പെടുത്തിക്കൊടുത്ത പരിശുദ്ധ ഖുറാനിലെ ഏത് സൂറായിൽനിന്നുള്ള ഏത് ആയത്തും ഭക്തന് എത്ര പ്രാവശ്യം വേണമെങ്കിലും എവിടെ ഇരുന്നും ചൊല്ലാം . അതാലോചിക്കുമ്പോൾ കയ്യിൽ കൊണ്ട് നടാക്കാവുന്ന കവിതപുസ്തകങ്ങളാണ് നല്ലത് " വൃത്തനിബന്ധനകളിൽ അധിഷ്ഠതമായി രചിക്കപ്പെട്ട കവിതകൾ ഈണത്തിൽ ആലപിക്കാൻ കഴിയുന്നതുകൊണ്ടാണ്, നൂറ്റാണ്ടുകളായിട്ടും അത് ഒളിമങ്ങാതെ കിടക്കുന്നത് . എങ്കിലും കാളിദാസൻ പറഞ്ഞതുപോലെ "പുരാണമിത്യേവ ന സാധുസർവ്വം ന ചാപികാവ്യം നവമിത്യവദ്യം സന്തഃ പരീക്ഷാന്യതരദ് ഭജന്തേ മൂഢ പരപ്രത്യയനേയ ബുദ്ധി " (കാളിദാസൻ -മാളവികാഗ്നിമിത്രം ) -വിദ്യാധരൻ

  2. Sudhir Panikkaveetil

    2021-03-16 16:54:00

    കവിതകൾ ഈണത്തിൽ പാടിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ കവികൾ കാര്യങ്ങൾ ചുരുക്കമായി ഗദ്യത്തിൽ പറയുന്നു. ഗദ്യം പോലെ എല്ലാം വിവരിക്കാതെ പ്രതീകാത്മകമായി പറയുന്നു. ആ പറയുന്നതിലെ ഭംഗിയും ഗഹനതയും വായനക്കാരെ ആകർഷിക്കാം. അല്ലെങ്കിൽ നമ്പൂതിരി പറഞ്ഞപോലെ വായനക്കാർ പറയും. ഇയാൾക്ക് ഇത് ഗദ്യത്തിൽ പറയാമായിരുന്നില്ലേ. ശ്രീ വേണു നമ്പ്യാർ വാർദ്ധക്യ ദശയെ നോക്കി കാണുന്നു. ബൈബിളും ഗീതയുമൊക്കെ അദ്ദേഹത്തിന് കൂട്ടിനായി വരുന്നുണ്ട്. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു? (സങ്കീർത്തനം 22 :1 ) പിന്നെ ഗീത ആത്മാവ് മരിക്കുന്നില്ല ശരീരമാണ് മരിക്കുന്നത്. രോഹിണി നക്ഷത്രത്തിന്റെ അധിപൻ ബ്രഹ്‌മാവാണു. ആയുസ്സ് അദ്ദേഹത്തിന്റെ കയ്യിൽ പിന്നെ നക്ഷത്രം എണ്ണിയിട്ട് എന്ത് കാര്യം. ഭവസാഗരം ദുഖമാണെന്നു ബുദ്ധൻ പറയുന്നു. ജീവാത്മാവ് ത്രിഗുണങ്ങളെ ജയിക്കുമ്പോൾ ദേഹി ദേഹം വിടും. ഓരോ ദശകൾ പിന്നിട്ട് വീണ്ടും ജനനം. കവി സത്യങ്ങൾ പറയുന്നത് സൗന്ദര്യം നിറച്ചുവച്ചിട്ടാണ്. ഒറ്റക്ക് ജീവിക്കാനാവാത്ത അത്രയും വയസ്സായോ? ഏകാകിതക്കുള്ളതാം ഒറ്റമൂലി കാണാതെ നീയാണെകാന്തത.. ചിതറിയ ചിന്തകൾ ക്രമപ്പെടുത്താൻ ശ്രമിക്കുന്നു കവി. അത് നമ്മെ ചിന്തിപ്പിക്കുന്നു. അപ്പോൾ കവിക്ക് അഭിമാനിക്കാം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

വരുവിൻ, കാണുവിൻ, ധൃതംഗപുളകിതരാകുവിൻ (നർമ്മകഥ: നൈന മണ്ണഞ്ചേരി)

Is Love Real or Does an Arranged Marriage Just Make Sense? (Asha Krishna)

സന റബ്സിന്റെ ഏറ്റവും പുതിയ നോവലെറ്റ് --- വെയിട്രസ്

മഷിക്കുമിളകൾ (രാജൻ കിണറ്റിങ്കര)

ജാതകദോഷം (ചെറുകഥ: സാംജീവ്)

എങ്കില്‍ (കവിത: വേണുനമ്പ്യാര്‍)

കുട്ടൻ (കവിത: ശങ്കരനാരായണൻ മലപ്പുറം)

ജന്മം (കവിത: ദീപ ബിബീഷ് നായര്‍)

അനിത (കഥ : രമണി അമ്മാൾ)

എന്റെ പ്രണയം (ജയശ്രീ രാജേഷ്)

വരിവരിയായ് (കാവ്യ ഭാസ്കർ)

ഹൃദയം വിൽക്കാനുണ്ട് (കവിത: ദത്താത്രേയ ദത്തു)

TRUE FRIEND (Apsara Alanghat)

അനീതി (കവിത: ബീന ബിനിൽ)

ഹണി യു ആർ റൈറ്റ്  (തമ്പി ആന്റണി)

പാമ്പും കോണിയും - നിർമ്മല - നോവൽ -44

മെയ് ദിനകവിത (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം -8 )

അതിര് (കവിത: സന്ധ്യ എം)

View More