Image

കണക്കുകൾ (കവിത: ശ്രീജേഷ് ശ്രീ)

Published on 16 March, 2021
കണക്കുകൾ (കവിത: ശ്രീജേഷ് ശ്രീ)
കറുത്ത ബോർഡിൽ
വെളുത്ത ചോക്കോണ്ട്
മലയാളം ടീച്ചർ
"അ" എഴുതുമ്പോൾ
നിറഞ്ഞ കണ്ണിനാൽ
കാഴ്ചകൾ മങ്ങീട്ട്
ഉണ്ണിക്കുട്ടനോർക്കും
അച്ഛൻ വന്നില്ലെന്ന്

കല്ലേറ്റാൻ പോയ അച്ഛൻ
കല്ല്പെൻസിൽ കൊണ്ടോരുമെന്ന്
പറഞ്ഞു പോയിട്ടിപ്പോ
വരാത്തതെന്താണെന്ന്

സ്കൂള് വിട്ട് വീട്ടിലെത്തി
അച്ഛൻ വന്നോയെന്ന്
അമ്മയോട് ചോദിക്കുമ്പോൾ
അമ്മ കരയുന്നതെന്തിനാണെന്ന്..

കണക്ക് ടീച്ചർ
രണ്ടും ഒന്നും മൂന്നെന്ന് എഴുതുമ്പോഴും
ഉണ്ണിക്കുട്ടൻ ഓർക്കും...

രണ്ടും ഒന്നുമാണ് മൂന്ന്
അച്ഛനെന്ന ഒന്നില്ലെങ്കിൽ
ബാക്കി രണ്ടാണെന്ന്,
അമ്മക്ക് രണ്ട് കണ്ണാണെന്ന്
അതെപ്പോഴും നിറയാറുണ്ടെന്ന്

ചിത്രരചന ക്ലാസ്സിൽ ടീച്ചറൊരു
മരം വരയ്ക്കും
വക്ക്പൊട്ടിയ സ്ലേറ്റിന്റെ തുണ്ടെടുത്ത്‌
ഉണ്ണിക്കുട്ടനും വരയ്ക്കും,
വെട്ടി വീഴ്ത്തിയൊരു മാവ്.

സ്ലേറ്റിന്റെ നടുക്ക് അതൊരു
കല്ല് വരയാവും
മായ്ച്ചിട്ടും മായാത്ത കല്ല് വര.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക