Image

കയ്പ്പുനീർത്തുള്ളികൾ (കവിത: മിനി ഉണ്ണി)

Published on 16 March, 2021
കയ്പ്പുനീർത്തുള്ളികൾ (കവിത: മിനി ഉണ്ണി)
കല്ലുപ്പും കണ്ണിമാങ്ങയും
കൂട്ടിക്കടിയ്ക്കും ബാല്യത്തിൽ
കല്ലുപെൻസിൽ കടംവാങ്ങിയെ-
ന്നച്ഛൻ തൻ ചിത്രം കോറി...

ഉമ്മറത്തിണ്ണയും
നാളികേരക്കിഴിയും
തെക്കോട്ടു വെച്ച
വെള്ളോട്ടു കിണ്ടിയും
വെള്ളപ്പുതപ്പിലുറങ്ങിയെ -
ന്നച്ഛനും വക്കുപൊട്ടി-
ത്തേഞ്ഞ സ്ലേറ്റിൽ
പടർന്നെരിഞ്ഞു...

കല്ല്പെൻസിൽ ഇരവ് തന്ന
കൂട്ടുകാരിയൊരുച്ചമഴയുടെ
തോഴിയായ് മറഞ്ഞനാളിലും
സ്വപ്‌നങ്ങൾ വർണമേറ്റി-
ച്ചുവന്ന കൗമാരത്തിൽ
തളത്തിലെ കോസടിത്തട്ടിലെ-
ന്നമ്മ കണ്ണുപൂട്ടി പുഞ്ചിരിച്ചുറങ്ങിയ
മൂവന്തിയിലും
ചായ്പുമുറി മൂലയിൽ
ഇരുമ്പുപെട്ടിയിലൊളിഞ്ഞ
കല്ലുപെൻസിലും വക്കുപൊട്ടി-
ത്തേഞ്ഞസ്ലേറ്റും വീണ്ടുമെന്നെ
പുണർന്നുറങ്ങി....

ബാല്യവും കൗമാരവും
കടന്നീയൗവ്വനതീക്ഷ്ണത
കന്മദകുതൂഹലം
കടന്നു കരിഞ്ഞപ്പോൾ
ഞാനുമൊരു കല്ല്പെൻസിലായ്
ഇരുമ്പുപെട്ടിയിലുറങ്ങി
Join WhatsApp News
ARUNKUMAR S. 2021-04-03 15:40:07
എൻ്റെ കൂട്ടുകാരിയുടെ ജീവിതഗന്ധിയായ കവിത 'കയ്പുനീർത്തുള്ളികൾ' മനസ്സിലെ ഓർമ്മകളുടെ ഏടുകൾ മറിക്കുന്ന ഒന്നാണ്. പാഠശാലയിലേക്കുള്ള പാതയോരത്തെ കണ്ണിമാങ്ങയുടെ പുളിപ്പും കല്ലുപെൻസിലാൽ സ്ലേറ്റിൽ കോറിയ ചിത്രം കണ്ട് വാരിയെടുത്ത് ചേർത്തു പിടിച്ച അച്ഛൻ്റെ നെഞ്ചിലെ ചൂടും എങ്ങോ മറഞ്ഞ കളിത്തോഴിയുടെ കൈവിരലിൻ്റെ മാർദ്ദവവും മഴയുടെ ഇരമ്പലും നനുത്ത രാവുകളും കൗമാരകാലത്തെ പ്രണയവും ആദ്യ ചുംബനത്തിൻ്റെ ആവേശവും യൗവനാരംഭത്തിലെ വിപ്ലവ ചുവപ്പും നേടാൻ കഴിയാത്ത നഷ്ടങ്ങളും നഷ്ടപ്പെടുത്താനാവാത്ത നേട്ടങ്ങളും തൂലികത്തുമ്പിനാൽ കോർത്തെടുത്തപ്പോൾ മനസ്സ് ഗതകാലത്തേക്ക് പോയി. അതി മനോഹരമാണീ കവിത. പ്രിയപ്പെട്ട മിനിയുടെ കവിതകളിൽ ഏറെ ഇഷ്ടപ്പെടുന്ന ഒന്ന്. എഴുത്തിന് ആശംസകൾ! ഭാവുകങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക