Image

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ ന്യൂസ് ടീം Published on 17 March, 2021
 ഫോമാ മുഖാമുഖം :  മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള  കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളും,  നഗരങ്ങളും,  സാങ്കേതികരംഗത്തും, ആരോഗ്യരംഗത്തും, സാമ്പത്തിക രംഗത്തും, വ്യാവസായിക രംഗത്തും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഇത് വരും കാലങ്ങളില്‍ പുതിയ തലമുറയ്ക്ക് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നുവെന്നും അത് കൊണ്ട് തന്നെ  കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്നു പ്രത്യാശിക്കുന്നുവെന്നു മുന്‍ ഐ.പി.എസ്  ഓഫിസര്‍ ശ്രീ ജേക്കബ് തോമസ്. ഫോമയുടെ രണ്ടാമത്തെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ന് ഞാൻ എറണാകുളത്ത് ഒരു സുഹൃത്തിന്റെ ഓഫീസിൽ ചെന്നപ്പോൾ ഞങ്ങൾ ചർച്ച ചെയ്തത് വാരണാസി വളരെ ഭംഗിയായിരിക്കുന്നു എന്നതിനെക്കുറിച്ചാണ്. പത്തുവർഷം മുൻപ് ആ സ്ഥലം വൃത്തിഹീനമായിരുന്നതിനാൽ ആർക്കും അവിടെ പോകാൻ ഇഷ്ടമുണ്ടായിരുന്നില്ല. വൃത്തിക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന നമ്മൾ മലയാളികൾക്ക് പ്രത്യേകിച്ചും അങ്ങനൊരു സ്ഥലത്ത് പോകാൻ താല്പര്യം തോന്നുമായിരുന്നില്ല. രണ്ടുമാസങ്ങൾക്ക് മുൻപ് ഞാൻ അവിടെ പോയിരുന്നു. അത്ഭുതപ്പെടുത്തുന്ന ആ മാറ്റം എന്തുകൊണ്ടാണെന്ന് ചിന്തിച്ചു. അലക്ഷ്യമായി നടന്നിരുന്ന വാരണാസിയിലെ ജനങ്ങളിലേക്ക് ലക്ഷ്യബോധം വന്നതിന്റെ പ്രതിഫലനമാണ് ആ മാറ്റം. അവർ ലോൺ എടുത്തും മറ്റും നിരവധി ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങി. എങ്ങനെയും കൂടുതൽ ആളുകളെ ആ പട്ടണത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പടി എന്നോണം അവിടം വൃത്തിയായി സൂക്ഷിക്കണമെന്ന പ്രതിജ്ഞ എടുത്തു. ഇപ്പോൾ, അവിടുത്തുകാർ എപ്പോഴും ജോലിയിൽ വ്യാപൃതരാണ്. അച്ചടക്കത്തോടും ചിട്ടയോടുമുള്ള അവരുടെ പ്രവർത്തനങ്ങൾ വിജയം കണ്ടു.  മറ്റൊന്നിനും വേണ്ടി പാഴാക്കി കളയാൻ ഇപ്പോൾ അവർക്ക് സമയമില്ല. 

ഗുജറാത്തിലെ വെരവാൾ എന്ന  ചെറിയ തുറമുഖ പട്ടണത്തിലും കാണാൻ സാധിക്കുന്നത് ഇതുപോലൊരു വികസന മുഖമാണ്. നമ്മുടെ കേരളത്തിലെ തുറമുഖപട്ടണങ്ങളായ കൊല്ലം പോലെയോ ബേപ്പൂർ പോലെയോ ഒന്നുമല്ല.  അരീക്കൽ പോലെയോ കൊടുങ്ങല്ലൂർ പോലെയോ ഉള്ള ചെറിയ പട്ടണം. എന്നാൽ, പുതിയ സംരംഭങ്ങൾ വന്നതോടെ  വെരവാളിലെ ഒരുപാട് ആളുകൾക്ക് ജോലിയായി. ഒരു ലക്ഷത്തിലധികം  മലയാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്. സെന്റ്.മേരിസ് എന്ന പേരിൽ മലയാളി കുട്ടികൾക്ക് വേണ്ടി അവിടൊരു സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. 
മുൻപൊക്കെ മലയാളികൾ ജോലി തേടി മുംബൈക്കും ചെന്നൈക്കും ഒക്കെയാണ് അധികം പോയിരുന്നത്. ഇന്നത് മാറി ബാംഗ്ലൂരിലേക്കാണ് കൂടുതൽ പേർ എത്തുന്നത്.
കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം വരുംകാലങ്ങളിൽ കൂടുമോ കുറയുമോ എന്നതും ഒരു ചർച്ചാവിഷയമാണ്. ഗൾഫ് രാജ്യങ്ങളുടെ കാര്യം ഒരു യുദ്ധം വന്നാലോ ഇന്ധന വില താഴ്ന്നാലോ  പ്രതിസന്ധിയിലാകും. 2035 ആകുന്നതോടെ പൂർണമായും ഇലക്ട്രിക്ക് വാഹനങ്ങള്‍ ആയിരിക്കും അമേരിക്ക, ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളെല്ലാം ഉപയോഗിക്കുക എന്ന സാധ്യത പരിഗണിക്കുമ്പോൾ ഇന്ധന വില ഇടിയും. അങ്ങനെ വരുമ്പോൾ  തൊഴിൽ സാധ്യത കുറയുകയും തദ്ദേശീയരെ കൂടുതലായി നിയമിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും.
കേരളത്തിൽ പഠിച്ചിറങ്ങിയാൽ ഇവിടെ തന്നെ മികച്ച തൊഴിൽ സാധ്യതയും നല്ല  ജീവിതരീതിയും ഉറപ്പാക്കുന്ന ഒരു കാലം വന്നാലും പ്രവാസികളുടെ എണ്ണം കുറയാം.
ഗുജറാത്തിലെ തന്നെ മറ്റൊരു പട്ടണത്തിൽ 16,000 മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അവിടെ ഒരുലക്ഷത്തിലധികം പുതിയ ചെറു  സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്,  2 വര്‍ഷം കൊണ്ടുണ്ടായിരിക്കുന്ന നിക്ഷേപം 2 ലക്ഷം കോടി രൂപയാണ്. 5 വർഷങ്ങൾക്കിടെ 20 ലക്ഷം പേർക്കവിടെ ജോലി കിട്ടി.കേരളത്തിൽ കണ്ണൂരോ മലപ്പുറത്തോ മൂവാറ്റുപുഴയിലോ ഇരിങ്ങാലക്കുടയിലോ കാസർഗോഡോ പന്തളത്തോ ഇത് നടക്കാവുന്നതേ ഉള്ളു. അങ്ങനെ ഉണ്ടായാൽ, പുറം രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം കുറയും.

വരുംകാലങ്ങളിൽ പ്രവാസികളുടെ എണ്ണം കൂടരുതെന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഇവിടെ പഠിച്ചിറങ്ങുന്നവർക്ക് ഇവിടെ തന്നെ തൊഴിൽ അവസരങ്ങൾ  ഉണ്ടാകണം. ചൈനയ്ക്കും ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിലേക്കു പോലും പലരും ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നത് നിലവാരമുള്ള പഠനം ഉറപ്പാക്കുന്നതിനാണ്. ആരോഗ്യരംഗത്തും കേരളം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. 

രാജ്യത്ത് വിവിധ നഗരങ്ങള്‍ വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് വ്യാവസായികമായി വളരാനുള്ള സാഹചര്യങ്ങളിലേക്കും,  തൊഴില്‍ ദായകരെ ഉള്‍ക്കൊള്ളുന്നതിനുള്ള കരുത്തും നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യമൊട്ടാകെ പ്രതിഫലിക്കുന്നുണ്ട്.  വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും അത് വഴി കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേടാനും ചില നഗരങ്ങള്‍ മാറി കൊണ്ടിരിക്കുന്നു. എന്നാല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനത്തില്‍ നിന്ന് മറ്റു മേഖലകളില്‍ നിന്ന് മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയും നമുക്ക് കാണാം. വികസിത രാജ്യങ്ങളില്‍ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പകരം വൈദ്യതിയിലോടുന്ന വാഹനങ്ങളിലേക്ക് മാറുന്നതും നമുക്ക് കാണാം. പശ്ചിമേഷ്യന്‍-മധ്യപൂര്‍വ രാജ്യങ്ങള്‍ സ്വദേശി വല്‍ക്കരണവും, കൂടിക്കൊണ്ടിരിക്കുന്നു. ഇതെല്ലം പ്രവാസികളുടെ കുടിയേറ്റത്തെ കുറച്ചേക്കാം. 

മാത്രമല്ല, നമ്മള്‍ കേരളത്തിന്റെ ഭരണ തന്ത്രജ്ഞതയില്‍ ഉണ്ടാകുന്ന-ഉണ്ടാകാവുന്ന മാറ്റങ്ങള്‍ കുടിയേറ്റത്തെ കുറക്കുകയും ചെയ്യും. ഇത് കേരളത്തിന്റെ ഗുണപരമായതോ    ഗുണപരമല്ലാത്തതോ ആയ മാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. ജീവിത രീതികളില്‍ മുമ്പില്ലാത്ത വിധം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരോഗ്യ രംഗത്തും നമ്മള്‍ വളര്‍ന്നിട്ടുണ്ട് . തൊഴില്‍ സാധ്യതകള്‍ ചെറുകിട രംഗത്തും, വന്‍കിട വ്യവസായ രംഗത്തും നിരവധിയാണ്. സാധ്യതകളെ വേണ്ട വിധം നമുക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ തൊഴില്‍ രംഗത്ത് വലിയ കുതിച്ചു ചാട്ടം ഉണ്ടാകും. ഗതാഗത രംഗത്തും നമ്മള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വളര്‍ച്ച ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്. പുതിയ പദ്ധതികളും പരിപാടികളും നമുക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഗതാഗത രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിനു സാക്ഷ്യം വഹിക്കും.

നമ്മുടെ വിദ്യാഭ്യാസ രംഗവും, ആരോഗ്യ രംഗവും, ഇനിയും വളരണം. ആരോഗ്യത്തിന്റെ അളവുകോലായി ആശുപത്രികളെയും, മരുന്ന് കടകളെയും കാണുന്നത് ശരിയല്ല. ആരോഗ്യ രംഗത്ത് നമ്മള്‍ ദുര്‍ബലരാണ് എന്നാണു ഇത് കാണിക്കുന്നത്. ജീവിതത്തോടുള്ള നിലപാടുകല്‍ മാറണം.സാസ്‌കാരിക വളര്‍ച്ചയും ശുചിത്വ പരിപാലനവും ഉണ്ടാകണം. മാലിന്യ സംസ്‌കരണത്തിന് പുതിയ രീതികള്‍ പരീക്ഷിക്കണം. കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന അപകടാരമായ പ്രവൃത്തികള്‍ കുറക്കണം. ശുദ്ധജല വിതരണം സുസ്ഥിരമായി മുന്നേറണം. ഇത്തരം ഗുണപരമായ മാറ്റങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ കുറയ്ക്കുമെന്ന് പ്രത്യാശിക്കാമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖാമുഖത്തില്‍, ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയന്‍ ആര്‍.വി.പി. സുജനന്‍ ടി.തോമസ്,   മെട്രോ റീജിയന്‍ ആര്‍.വി.പി. ബിനോയി തോമസ്, മിഡ്-അറ്റലാന്റിക് റീജിയന്‍ ആര്‍.വി.പി. ബൈജു വര്‍ഗ്ഗീസ്,  കാപിറ്റല്‍ റീജിയന്‍ ദേശീയ കമ്മറ്റി അംഗം ഡോക്ടര്‍ മധു നമ്പ്യാര്‍, ന്യൂയോര്‍ക്ക് കെ.സി.എ.എന്‍.എ  ജനറല്‍ സെക്രട്ടറി ഫിലിപ്പ് മഠത്തില്‍,  ബഹാമാസിലെ വ്യവസായി ആന്റണി പ്രിന്‍സ്, ഫ്ലോറിഡയില്‍ നിന്ന് തോമസ് പനവേലില്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് അദേഹം  വിശദമായ മറുപടി നല്‍കി. വളരെ കാര്യ പ്രസക്തവും, ഗൗരവമായ ചര്‍ച്ചകളും മുഖാമുഖത്തെ ശ്രദ്ധേയമാക്കി. 

ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്  ഡോക്ടര്‍ തോമസ് ജേക്കബിനെ സദസ്സിനു പരിചയപ്പെടുത്തി.  ഫോമ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,  ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  മുഖാമുഖം പരിപാടിക്ക് നേതൃത്വം നല്‍കികൊണ്ട്  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും, തോമസ്  ടി ഉമ്മന്‍ നന്ദിയും  രേഖപ്പെടുത്തി.
 ഫോമാ മുഖാമുഖം :  മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള  കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക