Image

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

Published on 22 March, 2021
ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്.  മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.
ഭരണകക്ഷിയായ ഇടതുമുന്നണിയെ പ്രതിനിധീകരിച്ച രാജു ഏബ്രഹാം എംഎല്‍എ, യുഡിഎഫിനു വേണ്ടി   കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസന്‍, എന്‍ഡിഎയ്ക്കുവേണ്ടി മുന്‍ സ്റ്റേറ്റ് സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍ എന്നിവര്‍ അണിനിരന്നപ്പോള്‍ അമേരിക്കയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും ഉന്നം പിഴയ്ക്കാതുള്ള ചോദ്യങ്ങളുമായെത്തി. പ്രസ്‌ക്ലബ് നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം, മാധ്യമ പ്രവര്‍ത്തകന്‍ ജിനേഷ് തമ്പി എന്നിവരായിരുന്നു മോഡറേറ്റര്‍മാര്‍. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ സ്വാഗതവും ട്രഷറര്‍ ജീമോന്‍ ജേക്കബ് നന്ദിയും പറഞ്ഞു.

കേരളത്തിലെ മുന്നു മുന്നണികളുടേയും നേതാക്കളെ അണിനിരത്തി ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ഇലക്ഷന്‍ ഡിബേറ്റ് വാക്കുകള്‍ കൊണ്ടുള്ള പോര്‍ക്കളം സൃഷ്ടിച്ചു. വാക്ശരങ്ങളില്‍ പ്രകമ്പനം കൊണ്ട ചാര്‍ച്ചാവേദി അമേരിക്കന്‍ മലയാളികള്‍ക്ക് വേറിട്ട അനുഭവമായി.

പിണറായിയുടെ ഭരണത്തിന് തുടര്‍ച്ച ഉറപ്പാണെന്നു രാജു ഏബ്രഹാം പറഞ്ഞു. സര്‍വെകളെല്ലാം പറയുന്നത് അതാണ്. വിവാദങ്ങള്‍ പലതുണ്ടായി. പക്ഷെ രാവിലെ ഉണ്ടാകുന്ന വിവാദത്തിന് വൈകിട്ടു വരെയായിരുന്നു ആയുസ്. ജനം അതൊന്നും വിശ്വസിച്ചില്ല. ഓഖി, രണ്ട് പ്രളയം, കോവിഡ് തുടങ്ങി ദുരന്തങ്ങള്‍ പലതും ഉണ്ടായി. എന്നാല്‍ അവയ്ക്കൊന്നും തോറ്റുകൊടുക്കാതെയുള്ള പോരാട്ടമാണ് സര്‍ക്കാര്‍ നടത്തിയത്. ജനത്തെ ചേര്‍ത്തു നിര്‍ത്തി ഒരു ക്യാപ്റ്റനായി മുഖ്യമന്ത്രി മുന്നോട്ടുപോയി.

കെ ഫോണ്‍ വഴി സൗജന്യ ഡേറ്റ പദ്ധതി വലിയ നേട്ടമായി. കെ- റെയില്‍ പദ്ധതി ഇപ്പോള്‍ ആലോചനയിലുണ്ട്.

നീതി ആയോഗ് മികച്ച സംസ്ഥാനമായി കേരളത്തെയാണ് തെരഞ്ഞെടുത്തത്. ഒമ്പത് കാര്യങ്ങളില്‍ നാം മുന്നിലാണ്. ക്രമസമാധാനം മെച്ചം. മറ്റിടങ്ങളില്‍ വര്‍ഗീയ കലാപങ്ങളുണ്ടാകുമ്പോള്‍ കേരളം ഏറെക്കുറെ ശാന്തം. സ്ത്രീ പീഡനം ഒറ്റപ്പെട്ട സംഭവം മാത്രം.

കിഫ്ബി വഴി 60,000 കോടിയുടെ വികസനപദ്ധതികള്‍. അസാധ്യമെന്നു കരുതിയ ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കിയപ്പോള്‍ മോദി വരെ കയ്യടിച്ചു. പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ കൂട്ടുകയും അത് കൃത്യമായി നല്‍കുകയും ചെയ്തു.

വെറും 100 ആയിരുന്ന കോവിഡ്  രോഗബാധ 5000  ആയത് സമരങ്ങള്‍ കൊണ്ടാണ്. എന്നിട്ടും മരണസംഖ്യ കുറവ്. ലോകം തന്നെ നമ്മെ അതിശയത്തോടെ നോക്കുന്നു. കഴിഞ്ഞ പ്രകടനപത്രികയിലെ 600 കാര്യങ്ങളില്‍ 550 നടപ്പാക്കി. പുതിയതില്‍ 900 കാര്യങ്ങളാണുള്ളത്- അദ്ദേഹം പറഞ്ഞു.

ഇലക്ഷനില്‍ പ്രവാസികള്‍ കാണിക്കുന്ന താത്പര്യത്തിനു നന്ദിയുണ്ടെന്നു രാധാകൃഷ്ണമേനോന്‍ പറഞ്ഞു. ഇന്ത്യയില്‍ മാറ്റങ്ങളുടെ കാറ്റ് ആഞ്ഞടിക്കുന്നു. പക്ഷെ കേരളം ഒറ്റപ്പെട്ട തുരുത്തായി നില്‍ക്കുന്നു.  അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ കേരളം മാത്രം പഴയപടി നിന്നതു പോലെ.  അടുത്ത ഇലക്ഷനില്‍ കേരളം മാറി.

ദേശീയതയുടെ രാഷ്ട്രീയമാണ് മോദി നടപ്പാക്കുന്നത്. വികസന പദ്ധതികള്‍, സാധാരണക്കാരനെ സഹായിക്കാനുള്ള പദ്ധതികള്‍ എന്നിവ ഏറെ. അതില്‍ പലതും പേരുമാറ്റി ഇടതുമുന്നണി  സ്വന്തം പദ്ധതികളാക്കുന്നു.

കമ്യൂണിസ്റ്റുകള്‍ക്ക് മാറ്റം വന്നു  എന്നു പറയുമെങ്കിലും പുള്ളിപ്പുലിയ്ക്ക് യഥാര്‍ത്ഥ സ്വഭാവം മറച്ചുവയ്ക്കാന്‍ പറ്റില്ലെന്നു പറഞ്ഞപോലെയാണ്. അതുകൊണ്ട് അവരെ ജനം വിശ്വാസത്തിലെടുക്കുമെന്നു കരുതുന്നില്ല. ബിജെപിയും, ബിജെപി വിരുദ്ധ മുന്നണിയും എന്നതാണ് സ്ഥിതി. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്ത് കോണ്‍ഗ്രസിനു ശക്തനായ സ്ഥാനാര്‍ത്ഥിയില്ല. പുതുപ്പള്ളിയില്‍ നേര്‍ച്ചക്കോഴി കണക്കെ ആരെയെങ്കിലും നിര്‍ത്തും. ചെന്നിത്തലയ്ക്കെതിരേയും അങ്ങനെ തന്നെ. ഇതൊക്കെ ഒത്തുകളിയുടെ ഭാഗം.

അഭയ കേസില്‍ ഉള്‍പ്പെട്ട ബിഷപ്പും, മാഫിയയും പറഞ്ഞതനുസരിച്ചാണ് ഏറ്റുമാനൂര്‍ മണ്ഡലം കേരളാ കോണ്‍ഗ്രസിനു വിട്ടുകൊടുത്തതെന്നു തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് ആരോപിച്ചിരുന്നു.

മോദി ഒരു രൂപയ്ക്ക് സാനിട്ടറി നാപ്കിന്‍ നല്‍കുന്നു. ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കും സഹായമെത്തിക്കുന്നു. ഈ ഇലക്ഷനില്‍ ബിജെപി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകും - അദ്ദേഹം അവകാശപ്പെട്ടു.

ഇടതു മുന്നണിക്ക് ആശയ ദാരിദ്ര്യമാണെന്നു സി.എസ് ശ്രീനിവാസന്‍ പറഞ്ഞു. പ്രമുഖ നേതാവ് അച്യുതാനന്ദന്‍ വീട്ടില്‍ ഏകനായി അവഗണിക്കപ്പെട്ട് കഴിയുന്നു. ഉപദേശകര്‍  കൂടിയാല്‍ അപടത്തില്‍ ചാടും എന്ന ചാണക്യസൂത്രം ഫലിച്ചതുപോലെയാണ് മുഖ്യമന്ത്രിയുടെ കാര്യം. കൊച്ചു കുട്ടികളുടെ മുന്നില്‍ വരെ മുഖ്യമന്ത്രി അപഹസിക്കപ്പെട്ട ഒരു കാലമില്ല.

ആഴക്കടല്‍ കരാറില്‍ രാജമാണിക്യം ഐഎഎസും, പ്രശാന്ത്കുമാര്‍ ഐഎഎസും ഒപ്പിട്ടു. മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ അവരത് ചെയ്യുമോ?

കൂടുതല്‍ ആര്‍എസ്എസുകാരുടെ രക്തംവീണ സ്ഥലമാണ് തലശേരി. പക്ഷെ അവിടെ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല. ആരെ സഹായിക്കാനാണിത്. ഗുരുവായൂരും, ദേവികുളത്തും അതുപോലെ തന്നെ.

ഒരുകാലത്ത് ഇന്ത്യയിലെ വെളിച്ചം ലോകം ഉറ്റുനോക്കിയിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യ അന്ധകാരത്തിലാണ്. വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും അന്ധകാരം നിറഞ്ഞിരിക്കുന്നു. മോദി സര്‍ക്കാര്‍ 27 പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു. കേരളത്തിലുള്ള ബിപിസിഎല്ലിനു എട്ടുലക്ഷം കോടി രൂപ സ്റ്റേറ്റ് ബാങ്ക് വിലയിട്ടതാണ്. വിറ്റത് 72,000 കോടി രൂപയ്ക്ക്. പെട്രോളിന് 60 ശതമാനം ടാക്സ്. അതുകൊടുക്കുന്ന 81 ശതമാനം ഹിന്ദുക്കളാണ്. ഗ്യാസിന് 825 രൂപ കൂട്ടി. നാല്‍പ്പത്തഞ്ച് ശതമാനം പേര്‍ അതു വാങ്ങുന്നില്ല. ആറുലക്ഷം കക്കൂസുകള്‍ വെള്ളമില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്നു. വെള്ളത്തിന്റെ കാര്യം സര്‍ക്കാര്‍ മറന്നു. ബിജെപി ജനത്തെ  ശ്രദ്ധിക്കുന്നില്ല. 174 സമ്പന്നര്‍ക്കുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇടതു സര്‍ക്കാരാകട്ടെ കേരളീയര്‍ക്ക് മൂന്നുലക്ഷം കോടിയുടെ കടം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു തവണ പാര്‍ട്ടിയില്‍ എം.എല്‍എ ആയവര്‍ ചുരുക്കമാണെന്ന് രാജു ഏബ്രഹാം പറഞ്ഞു. മന്ത്രിയാകാത്തതില്‍ ദുഖമില്ല. പാര്‍ട്ടിക്ക് പ്രാധാന്യമില്ലാത്ത മന്ത്രിസഭയില്‍ അംഗമാകരുത് എന്നതാണ് സിപിഎം നയം. അതിനാല്‍ ജ്യോതിബാസു പ്രധനാമന്ത്രിയായില്ല.അതു ചരിത്രപരമായ മണ്ടത്തരമല്ല.

കേരള സര്‍ക്കാര്‍ ഭക്ഷ്യധാന്യ കിറ്റ് കൊടുക്കുന്നത് ഔദാര്യമല്ലെന്നും സര്‍ക്കാരിന്റെ കടമയാണെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

എന്നാല്‍ കിറ്റ് കൊടുക്കുന്നത് സര്‍ക്കാര്‍ പണം മുടക്കിയാണെന്ന് രാജു ഏബ്രഹാം പറഞ്ഞു. ആരും പട്ടിണി കിടക്കരുതെന്നാണ് സര്‍ക്കാര്‍ നയം. പ്രളയകാലത്ത് കേന്ദ്രം സഹായിച്ച പണം തിരിച്ചുവാങ്ങുകയായിരുന്നു.

എന്നാല്‍ പ്രളയ ഫണ്ട് എവിടെ പോയി എന്നു ശ്രീനിവാസന്‍ ചോദിച്ചു. അതു സഖാക്കള്‍ വീതിച്ചു. ഇതുവരെ കണക്ക് കാണിച്ചിട്ടില്ല.

കര്‍ഷക സമരം തെറ്റിദ്ധാരണ മൂലമാണെന്നു രാധാകൃഷ്ണമേനോന്‍ സമര്‍ത്ഥിച്ചു. വര്‍ഗ്ഗീയ മതപരമായ അധിക്ഷേപം ബിജെപിക്കെതിരേ ഉപയോഗിക്കുന്നത് വിശ്വസിക്കരുത്. ക്രൈസ്തവരേയും മുസ്ലീംകളേയും മോദി സര്‍ക്കാര്‍ തുണയ്ക്കുകയാണ് ചെയ്യുന്നത്.

ബി.ജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്നു ശ്രീനിവാസന്‍ പറഞ്ഞു. വിജയസാധ്യത കൂടുതലുണ്ടെന്ന് അവര്‍ കരുതുന്ന 9 എ ക്ലാസ് സീറ്റിലും അവര്‍ വിജയിക്കില്ല.

ശബരിമല വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച നടത്തി തീരുമാനങ്ങളെടുക്കുമെന്ന് രാജു ഏബ്രഹാം പറഞ്ഞു.

ആഴക്കടല്‍ വിവാദം മുതല്‍ സ്വപ്ന- ശിവശങ്കര്‍ പ്രശ്നം വരെ അറിയാത്ത മുഖ്യമന്ത്രി എന്തു ക്യാപ്റ്റനാണെന്ന എ.സി ജോര്‍ജിന്റെ ചോദ്യത്തിനു ഇത്തരം ആരോപണങ്ങള്‍ ജനം തള്ളിക്കളഞ്ഞതാണെന്നു രാജു ഏബ്രഹാം പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനം കേന്ദ്രം തീരുമാനിക്കേണ്ട കാര്യമാണ്. പ്രശാന്ത് ഒപ്പിട്ടത് ട്രോളര്‍ നിര്‍മിക്കാനുള്ള പ്രൊജക്ടുകളിലാണ്.

കമ്പനി ഒപ്പുവയ്ക്കുകയും രേഖകളെല്ലാം ചെന്നിത്തലയ്ക്ക് നല്‍കുകയുമായിരുന്നു. ഇലക്ഷനു മുമ്പ് ഒരു വിവാദമായിരുന്നു ലക്ഷ്യം. രാവിലെ വരുന്ന ആരോപണങ്ങള്‍ വൈകുന്നേരമാകുമ്പോള്‍ വാടി തളരുന്നു.

സ്ത്രീകളെ ചാക്കില്‍ കെട്ടി ശബരിമലയില്‍ കൊണ്ടുപോയി ഇട്ടിട്ട് മുഖ്യമന്ത്രിയുടെ പുച്ഛിച്ചുള്ള ചിരി കേരളീയര്‍ മറക്കില്ലെന്നു രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

ആഴക്കടല്‍ പദ്ധതി കമ്മീഷന്‍ അടിക്കാനുള്ള പരിപാടിയായിരുന്നുവെന്നു ശ്രീനിവാസന്‍ പറഞ്ഞു. സ്പ്രിംഗ്ളര്‍ കരാറും പിന്‍വലിച്ചു. എല്ലാം ചെന്നിത്തലയുടെ ഇടപെടല്‍ മൂലമായിരുന്നു.

ഡാമുകള്‍ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായതെന്നു രാജു ഏബ്രഹാം പറഞ്ഞു. ഡാമുകളില്ലാത്ത അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ നിറഞ്ഞുകവിഞ്ഞാണ് മല്ലപ്പളളിയിലും റാന്നിയിലുമൊക്കെ വെള്ളം കയറിയത്. ഡാം ദിവസങ്ങളായി തുറന്നിരിക്കുകയായിരുന്നു. പക്ഷെ ഡാമിനു ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ കൂടുതല്‍ വെള്ളം മഴ പെയ്ത് ഉണ്ടായി എന്നതാണ് സത്യം.

ശിവശങ്കറിനെതിരേ തെളിവൊന്നും കണ്ടെത്താനായില്ലെന്നു അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ 134 പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഏറ്റെടുത്ത് നല്‍കി. വിധി വരുന്നത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പക്ഷെ ഒരു പള്ളി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയത്.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു പറയുമ്പോള്‍ അഴിമതി രഹിത ഭാരതം എന്നാണ് വിവക്ഷിക്കുന്നതെന്നു രാധാകൃഷ്ണമേനോന്‍ പറഞ്ഞു. എന്നാല്‍ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്നത് അഴിമതി കൂടാതെയാണോ എന്നു രാജു ഏബ്രഹാം ചോദിച്ചു.
Sincere Regards,
Sunil Tristar
1-917-662-1122

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്.  മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്.  മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക