Image

മറവി എത്തുമ്പോൾ .....(കവിത: അശോക് കുമാർ .കെ)

Published on 24 March, 2021
മറവി എത്തുമ്പോൾ .....(കവിത: അശോക് കുമാർ .കെ)
ഇരവൊരു തിരയായെൻ
ബോധഭൂമികയുടെ
തല്‌പ്പമിഴി പൂട്ടുവാൻ
വന്നടുത്തോ ?

ഓർമ തൻ
ഭണ്ഡാരമാറാപ്പ് ഭാരങ്ങൾ
' അപ്പുപ്പൻ താടി' പോൽ
പൊങ്ങിക്കളിക്കുമോ ?

ചിന്തകൾ ചെന്നു തട്ടുന്നു പിന്നെയും
ചിന്തയില്ലാത്തയാ -
കബന്ധ ബിംബങ്ങളിൽ ....

ചന്ദനച്ചാർത്തിന്റെ കാന്തിയും
ചെഞ്ചിരാതിന്റെ ചുണ്ടും
ചേറിലെത്താമരത്തണ്ടും
ചിലങ്ക കെട്ടുന്ന ലാസ്യവും ...

എന്റെ മുന്നിലെത്തുന്ന-
തേതു ഭാവ നികേതമായി ....
ജീവിത വേഗ വഞ്ചി തൻ
കേവുഭാരം പിളർന്നോ ?

കക്ക വാരാൻ പോകുമെൻ
കൊക്കു വഞ്ചിയമരത്തിൽ
ഹംസമേഘങ്ങൾ തൻ
വർണച്ചിറക് വിടർത്തുമോ ..?

കാക്കത്തുരുത്തിലെ
കലപില മേളങ്ങൾ
പൂത്തുരുത്തിൽ വിരിയുന്ന
പൂമരമാകുമോ ?

മുറ്റത്തു വിരിയുന്ന
ചെമ്പനീർ പൂവിന്റെ
ചേലുകണ്ടുള്ളത്തിൽ
തേൻ കിനിയുമോ ?....

അച്ഛാ .. എന്നുള്ള
പൊൻ വിളി കേൾക്കുമ്പോൾ
ശബ്ദത്തിൻ പൊരുൾ തേടി
കണ്ണോടുമോ ., ........?

ചിന്തകൾ
ചാരു ചിന്തകളാകുമോ ?
ചിറകു വെട്ടിയ
ചാവു ചിന്തകളാകുമോ ?...

കുണ്ഡലനീയുടെ
കളകളാരവത്തിലെ
വിദ്യുത് തരംഗ
പ്രവാഹമേ.....

ഞാനറിഞ്ഞാവുമോ
ഞാനിങ്ങനെയാവുന്ന
മുൾചെടി കൊമ്പിലെ
മറവി തൻ അമാവാസി
പൂക്കൾ ....
കരിന്തിരി വിരിയുന്ന
പൂക്കൾ .........


         
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക