Image

പരാജയ ഭയത്തിന്റെ വിഭ്രാന്തിയിൽ കോ.ലീ.ബി സഖ്യം കേരളത്തിൽ മതവർഗ്ഗീയത ഇളക്കിവിടുന്നു:  എം.ഷാജിർ

Published on 29 March, 2021
പരാജയ ഭയത്തിന്റെ വിഭ്രാന്തിയിൽ കോ.ലീ.ബി സഖ്യം കേരളത്തിൽ മതവർഗ്ഗീയത ഇളക്കിവിടുന്നു:  എം.ഷാജിർ
ദമ്മാം: പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാരിന് തുടർഭരണം ഉണ്ടാകുമെന്ന്  അഭിപ്രായ സർവ്വേകളൊക്കെ ഒരുപോലെ പ്രവചിച്ച സാഹചര്യത്തിൽ, തങ്ങൾക്ക് നേരിടാൻ പോകുന്ന പരാജയത്തിന്റെ വിഭ്രാന്തിയാണ് ,  യു ഡി എഫ് -ബിജെപി രഹസ്യസഖ്യം കേരളസമൂഹത്തിൽ മതവർഗ്ഗീയതയുടെ വിഷവിത്തുകൾ വാരിവിതറുന്നതെന്ന്  ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജിർ പറഞ്ഞു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ഇടതുപക്ഷ മുന്നണി കണ്ണൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുസർക്കാരിന്റെ തുടർഭരണം തടയുന്നതിന് വേണ്ടി, ഈ നിയമസഭ തെരെഞ്ഞെടുപ്പിൽ പല സീറ്റുകളിലും മുൻകാലത്തെപ്പോലെ കോൺഗ്രസ്സ്-ലീഗ്-ബിജെപി രഹസ്യസഖ്യം നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഭരണപരവും വികസനസംബന്ധിയുമായ വിഷയങ്ങളിൽ സർക്കാരിനെതിരെ പറയാൻ ഒന്നുമില്ലാതെ വന്നതിനാലാണ്, സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കാത്ത ശബരിമല, ലവ്ജിഹാദ് മുതലായ മതപരമായ അജണ്ടകൾ ഈ കോ.ലീ.ബി സഖ്യം പ്രചാരണത്തിന് ഉപയോഗിക്കുന്നത്.എന്നാൽ ഈ വിവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട്, ഏതു മത,ജാതി,വിശ്വാസങ്ങൾക്കും അപ്പുറം, തങ്ങൾ നേരിട്ട പ്രളയവും, കൊറോണയുംപോലുള്ള പ്രതിസന്ധികളിൽ തുണയായി ഒപ്പം നിൽക്കുകയും, സമസ്ഥ മേഖലകളിലും വികസനം കൊണ്ടുവരികയും ചെയ്ത  ഇടതുപക്ഷ സർക്കാറിനെത്തന്നെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കും എന്നതിൽ സംശയമില്ല എന്ന് അദ്ദേഹം പറഞ്ഞു.

സൂമിലും ഫേസ്ബുക്കിലുമായി നടന്ന കണ്ണൂർ ജില്ലാ ഓൺലൈൻ നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഉമേഷ് കളരിക്കൽ അധ്യക്ഷത വഹിച്ചു.കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇടതുപക്ഷപ്രവർത്തകരും നേതാക്കളും പങ്കെടുത്ത ചടങ്ങിൽ പവനൻ മൂലക്കീൽ ആശംസപ്രസംഗം നടത്തി.
ലിൻഷ പ്രജീഷ് സ്വാഗതവും, പ്രണബ് രാഘവ് നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക