Image

യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

Published on 30 March, 2021
യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

ബ്രസല്‍സ്: ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പുതിയ കോവിഡ് വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നിര്‍ദേശത്തിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകാരം നല്‍കി.

യൂറോപ്യന്‍ യൂണിയനിലെ വാക്‌സിന്‍ ഉല്‍പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

ജര്‍മനിയിലെ മാര്‍ബര്‍ഗില്‍ ബയോണ്‍ടെക്-ഫൈസര്‍ വാക്‌സിനാണ് നിര്‍മിക്കുക. നെതര്‍ലന്‍ഡ്‌സിലെ ലീഡനില്‍ അസ്ട്രസെനക്കയുടെ വാകസിന്‍ നിര്‍മിക്കും.

സ്വിറ്റ്‌സര്‍ലന്‍ഡിലെ വിസ്പില്‍ മോഡേണയുടെ വാക്‌സിന്‍ നിര്‍മാണ പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്.


ജര്‍മനിയിലെ കോവിഡ് മൂന്നാം തരംഗം രണ്ടാമത്തേതിനെക്കാള്‍ വഷളാകാം


ബെര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തെക്കാള്‍ വഷളാകാനിടയുണ്ടെന്ന് മുന്നറിയിപ്പ്. ഏപ്രിലോടെ രാജ്യത്തെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശേഷിയുടെ പരമാവധിയിലേക്ക് എത്തിപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍.

ദിവസം ഒരു ലക്ഷം കോവിഡ് കേസുകള്‍ എന്ന നില വരെ എത്താമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

രാജ്യത്ത് ഇതിനകം പത്തു ശതമാനം പേര്‍ക്കു മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുള്ളത്. അതിന്റെ ഫലത്തെ നിഷ്പ്രഭമാക്കുന്ന വേഗത്തിലാണ് വൈറസ് വ്യാപനം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്നും ആശങ്ക നിലനില്‍ക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക