Image

ഇലക്ഷനിൽ കാറ്റു മാറി വീശുകയാണോ? തുടര്‍ഭരണം ഒരു കടങ്കഥയാവും?

ഇ മലയാളി ടീം Published on 01 April, 2021
ഇലക്ഷനിൽ  കാറ്റു മാറി വീശുകയാണോ? തുടര്‍ഭരണം ഒരു  കടങ്കഥയാവും?
അധികാര രാഷ്ട്രീയം സാത്താന്‍ സ്നേഹത്തോടെ നീട്ടുന്ന ആപ്പിളിന്  തുല്യമാണ് എന്ന് പൊതുവേ എല്ലാ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും കരുതുന്നു. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ എന്ന നരകത്തില്‍ വീഴാന്‍ അവര്‍ ആരും തയ്യാറാകില്ല. അതുകൊണ്ടു തന്നെ കണ്ണൂരില്‍ നിന്നുള്ള കറകളഞ്ഞ  കമ്മ്യൂണിസ്റ്റ്‌ നേതാവും  വ്യവസായ മന്ത്രിയുമായ ഇ പി ജയരാജന്‍ താന്‍ ഇനി അധികാര രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് വാര്‍ത്താസമ്മേളനത്തില്‍  പ്രഖ്യാപിച്ചപ്പോള്‍  അതിനെ പുകയുന്ന  അഗ്നിപര്‍വതമായാണ്  പലരും കണ്ടത് .

നരേന്ദ്ര മോദി എഴുപത്തഞ്ചു കഴിഞ്ഞവരെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള നേതാക്കള്‍ ആയി ഉന്നത പീഠത്തില്‍ പ്രതിഷ്ടിച്ചത് പോലെ വലിയ പീഠങ്ങള്‍ തനിക്കു വേണ്ട എന്ന് അദ്ദേഹം ഭംഗ്യന്തരേണ പറഞ്ഞു വയ്ക്കുകയായിരുന്നു . അധികാരം ഇല്ലെങ്കില്‍ ജനാധിപത്യത്തില്‍ പുല്ലു വിലയാണെന്ന് അനുഭവിച്ചവര്‍ക്ക് നന്നായി അറിയാം. ജയരാജന്‍ മാത്രമല്ല പി ജയരാജനും തോമസ്‌ ഐസക്കും ജി സുധാകരനുമെല്ലാം അങ്ങനെ അധികാര രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. സ്പീക്കര്‍  ശ്രീ ശിവരാമകൃഷ്ണന്‍ ആകട്ടെ, സ്വപ്നയുടെ മൊഴികളില്‍ കുരുങ്ങി അന്വേഷണ ഏജന്‍സികളെ നേരിടെണ്ട നിലയിലും. തെരഞ്ഞെടുപ്പിന് മുന്‍പ് അന്വേഷണം വഴിവിടുമെന്ന സൂചനകളും പൊതുവേ രാഷ്ട്രീയ നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു.

തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കുമ്പോള്‍ ഉണ്ടാകുന്ന  അപ്രതീക്ഷിതമായ  കുടമാറ്റങ്ങള്‍  ഭരണമുന്നണിയെ വല്ലാതെ പ്രതിരോധത്തില്‍ ആക്കുകയാണ്.. ഈ മത്സരം  കിറ്റിന്റെ പേരിലും ക്ഷേമ പെന്ഷനുകളുടെ പേരിലും ആയിരിക്കുമെന്നും ഒരു വോക്ക്  ഓവര്‍ ആയിരിക്കും എന്ന ധാരണകളെ അവസാനപാദ പ്രചാരണങ്ങള്‍  തിരുത്തിക്കുറിച്ചിരിക്കുകയാണ്. ആദ്യമായി പാര്‍ട്ടികള്‍ കടുത്ത പീഡാനുഭവങ്ങളിലൂടെ കടന്നു പോകുകയാണ് . നിരന്തരമായി പുറത്തു വന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ ഉറപ്പായും തുടര്ഭരണം എന്ന് അടിവരയിട്ടപ്പോള്‍  മുഖ്യമന്ത്രി പിണറായി വിജയനും ഇടതു  ജനാധിപത്യ മുന്നണിയും  പ്രകടിപ്പിച്ച ആത്മവിശ്വാസം നാള്‍ക്കു നാള്‍ ഇല്ലാതാകുന്ന കാഴ്ചയാണ് പ്രചാരണ രംഗത്തുള്ളത് .

ഇടതു മുന്നണിക്ക്‌ തുടക്കത്തില്‍ വലിയൊരു മേല്‍കൈ അഭിപ്രായ സര്‍വേകള്‍ നല്‍കി. നൂറിനടുത്ത് സീറ്റുകള്‍ പ്രവചിച്ച സര്‍വേകള്‍ പിന്നിട് അത്ര വരില്ല എന്ന് സൂചിക താഴ്ത്തിയെങ്കിലും 140 ഇല്‍ 78 വരെ അവര്‍ മുന്നണിക്ക് നല്‍കി. പ്രമുഖ നേതാക്കളെ ഇടതു മുന്നണി ഒഴിവാക്കിയതും പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക്  നേരെ കുറ്റിയാടിയിലും പൊന്നാനിയിലും ഉണ്ടായ എതിര്‍പ്പുമൊന്നും അവര്‍ ഗൌനിച്ചില്ല 

പിണറായി നമ്മെ നയിക്കും നാടിന്റെ ഐശ്വര്യം പിണറായി എന്ന് സര്‍വേകള്‍ അസന്നിഗ്ദ്ധമായി പറഞ്ഞു . അത് വെറും അഭിപ്രായം മാത്രമാണ് എന്ന് പിണറായി തന്നെ മുന്നറിപ്പ് നല്‍കേണ്ട നില ഉണ്ടായി . സ്ഥാനാര്‍ഥികളെ പോലും  നിശ്ചയിക്കാത്ത നേരത്ത് അശനിപാതം പോലെ വന്ന ഈ പ്രവചനങ്ങള്‍  യു ഡി എഫിന്റെ എല്ലാ പ്രതീക്ഷകളും കെടുത്തുന്നതായിരുന്നു . 

എന്നാല്‍ ഇതൊരു മുന്നറിയിപ്പാണ് എന്ന്  കരുതി പ്രവര്‍ത്തിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു . നേമം സീറ്റിന്റെ പേരില്‍ ഉണ്ടായ കോണ്‍ഗ്രസിലെ പടല പിണക്കങ്ങളും ഏറ്റുമാനൂര്‍ സീറ്റിന്റെ പേരില്‍ ലതിക സുഭാഷിന്റെ തലമുണ്ഡനം ചെയുതുള്ള പ്രതിഷേധവും യു ഡി എഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കി.

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്‌ എം മുന്നണി വിട്ടത് ആയിരുന്നു മറ്റൊരു പ്രഹരം . മുന്നണിയില്‍ നിന്ന ജോസഫ്‌ ഗ്രൂപ്പ്‌ ആകട്ടെ കോതമംഗലം ഉള്‍പടെ പത്തു സീറ്റും പിടിച്ചു വാങ്ങി. പാലയില്‍ തന്നെ സി പി എം പ്രവര്‍ത്തകര്‍ ജോസ് കെ മാണി വിഭാഗത്തിന് നേരെ കൈയ്യാങ്കളി നടത്തിയ പുതിയ സാഹചര്യം ഫലത്തില്‍ മുന്നണിയിലേക്ക് പുതുതായി വന്ന എന്‍ സി പിയുടെ മാണി സി കാപ്പനെയും എന്തിനു ജോസഫ്‌ വിഭാഗത്തെയും സ്വാധീനിച്ചെക്കാം .

 പുതിയ പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ വലയുന്ന ഇടുക്കിയിലെ വോട്ടര്‍മാര്‍ യു ഡി എഫിനോപ്പമാണ് എന്നാണു സൂചനകള്‍. വൈദ്യുതി മന്ത്രി എം എം മണി പോലും തോല്‍വി അറിഞ്ഞെക്കാം എന്ന് മനോരമ  ന്യൂസ്‌ സര്‍വ്വേ തന്നെ പറയുന്നു . ഈ മൂഡ്‌ യു ഡി എഫിന് വളരെ അനുകൂലമാണ് .പ്രത്യേകിച്ചും ജോസ് കെ മാണി മുന്നണി വിട്ടതിന്റെ ആഘാതം ഇത് കുറയ്ക്കും .കോട്ടയം എറണാകുളം ജില്ലകളില്‍ അത് പ്രതിഫലിക്കുമെങ്കിലും അവിടെ മറ്റു രാഷ്ട്രീയ ഘടകങ്ങള്‍ കൂടി വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതിനാല്‍ യു ഡി എഫിനെ അവിടെ അങ്ങനെ തള്ളിക്കളയാന്‍ ആവില്ല 

പക്ഷെ ഇത്തരം പ്രാദേശികമായ ഘടകങ്ങള്‍ ആയിരിക്കില്ല ഇനി ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക . മുസ്ലിം ലീഗി ന്റെ കോട്ടയില്‍ ഈ സാഹചര്യത്തില്‍  2004 ഇലെ പോലെ ഒരു അട്ടിമറി നടത്താന്‍ ഇടതുമുന്നണിക്ക് ആവില്ല. തൃശൂര്‍  തൊട്ടു തെക്കന്‍ ജില്ലകളിലും വയനാടും കോഴിക്കോട്ടും അട്ടിമറി വിജയം നേടാന്‍ യു ഡി എഫ് ശ്രമിക്കേണ്ടതുണ്ട്  .ഇടതുപക്ഷത്തിനു ശക്തമായ വേരോട്ടമുള്ള  ഈ നിയോജകമണ്ഡലങ്ങളില്‍ രാഷ്ട്രീയമായി  സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന  സ്ഥാനാര്‍ഥികളെ പാര്‍ട്ടിക്ക് നിര്‍ത്താനായി .

വടകരയില്‍ കൊല ചെയ്യപ്പെട്ട ടി പി ചന്ദ്ര ശേഖരന്റെ ഭാര്യ കെ കെ രമ  സ്ഥാനാര്‍ഥിയായി എന്നത് അക്രമരാഷ്ട്രീയത്തിന് എതിരെ ഉള്ള ഒരു ചൂണ്ടു പലകയായി . ധര്‍മടത്തു പിണറായിക്കെതിരെ യു ഡി എഫ് സ്ഥാനാര്‍ഥി ഉണ്ടെങ്കിലും വാളയാര്‍ പീഡനത്തില്‍ കൊല്ലപ്പെട്ട ബാലികമാരുടെ അമ്മയും   മത്സരിക്കുന്നു എന്നത് നല്‍കുന്ന പ്രചാരണ ശക്തി ചെറുത് അല്ല. പെരിയയില്‍ കൊല്ലപ്പെട്ട യുവ പ്രവര്‍ത്തകരുടെ ഓര്‍മ്മ ഉണര്ത്തിയാണ് യു ഡി എഫിന്റെ പ്രചരണം .

ഇതൊക്കെ ഭരണത്തില്‍ ഇരിക്കുന്ന ഒരു സര്‍ക്കാരിനെ, അഭിപ്രായ വോട്ടെടുപ്പില്‍ ശക്തമായ ഒരു മുന്നണിയെ താഴത്തിറക്കാന്‍ പര്യാപ്തമല്ല . ഇത്തവണ കുടുതല്‍ യുവാക്കളെ രംഗത്തിറക്കി എന്നതും ഒരു തരംഗത്തിന്റെ അഭാവത്തില്‍ ഗുണം ചെയ്യണമെന്നില്ല .

പക്ഷെ തെരഞ്ഞെടുപ്പിന്റെ അവസാന പാദത്തില്‍ നാടകീയമായ ചില  കാര്യങ്ങള്‍ നടന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ ശക്തമായ ഇടപെടലുകള്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല നടത്തിയ്ടിരുന്നു എങ്കിലും പ്രളയാനന്തര സഹായങ്ങള്‍  വഴിയും കൊവിഡ്  മാനേജ്മെന്റ് വഴിയും പിണറായിവിജയന്‍ നടത്തിയ ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ അവ മുങ്ങി പോയി. അല്ലെങ്കില്‍ ആരോപണങ്ങള്‍  മാനിച്ചു മുന്നണി  തിരുത്തലുകള്‍ വരുത്തി. ഇങ്ങനെ ഒക്കെയാണെങ്കിലും ഒരു അഭിപ്രായ വോട്ടെടുപ്പില്‍ ചെന്നിത്തലക്ക് ലഭിച്ച പിന്തുണ ശുഷ്ക്കമായിരുന്നു . ഉമ്മന്‍ ചാണ്ടി തന്നെ അത് ശരിയല്ല എന്ന് ഉറപ്പിച്ചു പറയേണ്ട നിലയിലേക്ക് ആ റേറ്റിങ്ങ് എത്തിച്ചു . പക്ഷെ ചെന്നിത്തലക്ക് ശക്തമായ പിന്തുണയുമായി എത്തിയത് സംവിധായകന്‍ ജോയ് മാത്യു ആയിരുന്നു .സ്പ്രിങ്ക്ലെര്‍, ആഴകടല്‍ മത്സ്യ ബന്ധന വിവാദം , ബന്ധുനിയമനം  തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്ന ചെന്നിത്തല അല്ലെ കേമന്‍ എന്ന അദ്ദേഹത്തിന്‍റെ ചോദ്യം ചിന്താര്‍ഹമായിരുന്നു .

പക്ഷെ ചെന്നിത്തല തെരഞ്ഞെടുപ്പില്‍ റോക്ക് ചെയ്തത് ഇരട്ട വോട്ട് വിഷയം ഉന്നയിച്ച് കൊണ്ടാണ് . തെരഞ്ഞെടുപ്പു കമ്മിഷനെ വരെ കോടതിയില്‍ എത്തിച്ച ആക്രമണം ഒറ്റയടിക്ക് അദ്ദേഹത്തെ ഹീറോ ആക്കി . ഇരട്ട ചങ്കല്ല, ഇരട്ട വോട്ടാണ് ഈ തെരഞ്ഞെടുപിലെ വിഷയം എന്നാനില വന്നു . ചെന്നിത്തലയുടെ  ശക്തമായ നിലപാടൂ മൂലം കള്ളവോട്ടുകള്‍ ചെയ്യുക അത്ര എളുപ്പമാകില്ല . നാലായിരവും അയ്യായിരവും വോട്ടുകള്‍ വിജയം നിശ്ചയിക്കുന്ന  നിരവധി നിയോജകമണ്ഡലങ്ങള്‍ ഉള്ള 
സംസ്ഥാനത്തു ഇത് മുന്നണിക്ക്‌ പാതിവിജയം കയ്യോടെ നല്‍കുകയാണ് .

വോട്ടര്‍മാരുടെ പട്ടിക സിംഗപ്പൂരില്‍ ഹോസ്റ്റ് ചെയ്തത് ശക്തമായ പ്രതിഷേധത്തിന് വഴിതെളിച്ചു . പ്രൈവസി ചോര്‍ന്നു എന്ന ആരോപണം പഴയ സ്പ്രിങ്ക്ലര്‍ കരാര്‍ വീണ്ടും രംഗത്ത് കൊണ്ടു വന്നു . വോട്ടര്‍പട്ടികയല്ല, ആരോഗ്യവിവരങ്ങള്‍ കൈമാറുന്ന സ്പ്രിങ്ക്ലെര്‍ കരാര്‍ ആണ് ആപല്ക്കരം എന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി . ഇതിനിടെയാണ് ഡാം മാനേജ്മെന്റില്‍ ഉണ്ടായ വീഴ്ചയാണ് പ്രളയത്തിനും  ജീവനാശത്തിനും കാരണമായതെന്ന റിപ്പോര്‍ട്ട്‌ പുറത്തു വന്നത് .യു ഫി എഫ് അധികാരത്തില്‍ വന്നാല്‍ ഇത് അന്വേഷിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. വികസന വിരോധികള്‍ ആണ് സര്‍ക്കാരിനെതിരെ ആരോപണം നടത്തുന്നതെന്ന വാദവും ചാണ്ടി  തള്ളി .മെട്രോയും വിഴിഞ്ഞവും സ്മാര്‍ട്ട്‌ സിറ്റിയും ആരാണ് കൊണ്ടു വന്നത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം .

ഇതിനിടെ ശബരിമല വിഷയവും തലപൊക്കി . ബി ജെ പിക്ക് കുടുതല്‍ വോട്ടുകള്‍ നേടുന്നതിനു സഹായിച്ച ഈ വിവാദം കുത്തിപൊക്കിയത് ശബരിമല സംഭവങ്ങളുടെ പേരില്‍ ക്ഷമാപണം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആയിരുന്നു . പാര്‍ട്ടി തന്നെ അദ്ദേഹത്തെ തിരുത്തി ഘടകക്ഷികള്‍ വാളോങ്ങി . ഇതാകട്ടെ എന്‍ എസ എസിനെ പ്രകോപിപ്പിച്ചു. പൊതുവേ രാഷ്ട്രീയമായി സമദൂരം പാലിക്കുന്ന എന്‍ എസ എസിന്റെ രോഷം ആര്‍ക്കു അനുകൂലമാകും എന്നത് ഈ തെരഞ്ഞെടുപ്പിലെ വലിയ സമസ്യയാണ് .
അതൊടൊപ്പം  കിഫ്ബി കേരളത്തെ വലിയ കടക്കെണിയില്‍ പെടുത്തിയിരിക്കുകയാണ് എന്ന ആരോപണവും ഉയര്‍ന്നു .സംസ്ഥാനത്തിന്റെ കടം ഒന്നര  ലക്ഷം കോടിയില്‍  നിന്ന് മൂന്നു ലക്ഷം കോടി ആയി ഉയര്‍ന്നു എന്നായിരുന്നു ആരോപണം .അയ്യായിരം കോടി ഖജനാവില്‍ മിച്ചമുണ്ട് എന്ന് ധനമന്ത്രി വാദിക്കുന്നു .ഇന്നേക്ക് വേണ്ടി നാളത്തെ പൌരന്മാരെ കടക്കാരാക്കുന്നു എന്നാണു ശശി തരൂര്‍ എം പിയുടെ ആരോപണം .

പ്രചാരണം ഇങ്ങനെ കൊടുമ്പിരികൊണ്ടു വരുമ്പോഴായിരുന്നു രാഹുലും പ്രിയങ്കയും എത്തിയത് . മുന്‍പ് ജേഷ്ടനും ഒത്തു വയനാട്ടില്‍  പ്രചാരണം നടത്തിയിരുന്ന പ്രിയങ്ക കായങ്കുളം തൊട്ടു വടക്കാഞ്ചേരി വരെ വമ്പന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു .നൈസര്‍ഗ്ഗികമായ ഈ പ്രചാരണം ഉണ്ടാക്കിയ ഓളം വലുതായിരുന്നു .

മാസം ആറായിരം രൂപ നിക്ഷേപിക്കുന്ന ന്യായ പദ്ധതിയെ പറ്റി വാചാലയായ അവര്‍ ഹത്രാസും വാളയാറും താരതമ്യം ചെയ്തു .സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധതെയെ ആക്രമിച്ചു .സ്വര്‍ണ്ണക്കടത്തിനെ വിമര്‍ശിച്ചു . ജനങ്ങളുമായി അവര്‍  ഇഴുകി ചേര്‍ന്ന് സംസാരിച്ചു .മധ്യതിരുവതാന്കൂറില്‍ വലിയ പ്രകടനം കാഴ്ച വെച്ച രാഹുലിന്റെ പ്രചാരണത്തിന് ശേഷമായിരുന്നു പ്രിയങ്കയുടെ കടന്നുകയറ്റം .

ഇതിന്റെ  തുടര്‍ച്ചയായിരുന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം  സ്വര്‍ണത്തിന് നാടിനെ ഒറ്റിയ ജുദാസുമാര്‍ എന്നായിരുന്നു  അദ്ദേഹം പ്രതിയോഗികളെ വിശേഷിപ്പിച്ചത്‌ .

ഏതായാലും പ്രചാരണം കൊഴുത്തതോടെ തുടര്‍ഭരണം ഉറപ്പാണ് എന്ന മനോഭാവം പതുക്കെ വഴിമാറുകയാണ്  .കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആ പതിവ് തിളക്കമുണ്ടായിരുന്നില്ല. ഇന്ത്യ തിളങ്ങുന്നു എന്ന സുപ്രസിദ്ധമായ പ്രചാരണ വാക്യം പോലെ ഉറപ്പാണ് തുടര്‍ ഭരണം എന്ന വാക്കും  പാഴ് വാക്കായി മാറുകയാണോ .

ഏപ്രില്‍ ആറിനു ചൊവ്വാഴ്ച ജനം വിധിയെഴുതും .അതിനു മുന്‍പ് ഇനിയും  എത്രയോ നാടകീയ നിമിഷങ്ങള്‍ കാണാനിരിക്കുന്നു .ഒരേ ഒരു ആശ്വാസം അത് പണം കൊണ്ടുള്ള മനം മാറ്റം  ആയിരിക്കില്ല എന്നത് മാത്രമാണ് 

Join WhatsApp News
വർഗ്ഗീയ വിഷജന്തുക്കൾ 2021-04-02 09:32:22
രണ്ടായിരത്തി ഇരുപത് ഏപ്രിൽ അഞ്ചാം തീയതി രാത്രി ഒൻപത് മണി. ഒൻപത് മിനിട്ട് നേരം വീട്ടിലെ ലൈറ്റെല്ലാം കെടുത്തിയിട്ട് പന്തം കൊളുത്തി കൊറോണയെ ഓടിക്കാൻ പറഞ്ഞ നേരം. എനിക്കും പെമ്പറന്നോത്തിക്കും ഏതായാലും ലൈറ്റൊന്നും ഓഫ് ചെയ്യാനും പന്തം കൊളുത്താനും പ്ലാനൊന്നും ഇല്ലായിരുന്നത് കൊണ്ട് ഞങ്ങള് ഫ്ലാറ്റിന്റെ ഊണുമുറിയില് ചുമ്മാ കുത്തിയിരുന്നു സൊറ പറയുകയായിരുന്നു. ഒരു ദശകത്തിലേറെയായി ഞങ്ങൾ ജീവിക്കുന്ന ഉത്തരേന്ത്യൻ പട്ടണത്തിലെ ഞങ്ങളുടെ സ്വന്തം അപ്പാർട്ട്‌മെന്റിൽ ഇതൊന്നും ഒരു വലിയ ഇഷ്യൂ ആയി തോന്നിയിരുന്നില്ല എന്നതാണ് വാസ്തവം. കൗതുകം മൂത്ത് ബാൽക്കണിയിൽ പോയി നോക്കിയപ്പോൾ ചുറ്റും ഇരുട്ടിനിടയിലൂടെ മെഴുകുതിരികളുടെയും എണ്ണവിളക്കുകളുടെയും ചെറുവെട്ടം മാത്രം. തൊട്ടടുത്ത ഹൗസിംഗ് കോളനിയിലെ ഒരു വീട്ടിൽ മാത്രം വൈദ്യുതി വെളിച്ചം. ഒന്നോ രണ്ടോ മിനിട്ട് കഴിഞ്ഞിട്ടുണ്ടാവണം, അടുത്തെങ്ങോ നിന്ന് ജയ് ശ്രീരാം എന്ന ആക്രോശം ഉയർന്നു. ആരൊക്കെയോ അതേറ്റു പിടിച്ചു. നോക്കി നിൽക്കേ മറ്റേ വിമതന്റെ വീട്ടിലെ ലൈറ്റുകൾ അണഞ്ഞു. ജയ് ശ്രീരാം വിളികൾ എവിടെ നിന്നൊക്കെയോ നിർബാധം തുടർന്നു. ഞങ്ങളുടെ ചങ്കിടിപ്പിന്റെ വേഗം ദൃതഗതിയിലായി. ലൈറ്റ് അങ്ങ് ഓഫാക്കിയാലോ എന്ന് ചിന്തിച്ചു. മെയിൻ സ്വിച്ച് ഓഫാക്കാം എന്ന് തീരുമാനിച്ച്, ഭയം ആദർശത്തെ കവച്ചു വയ്ക്കുന്ന ഒരു അവസ്ഥയായപ്പോഴേക്കും ഒൻപത് മിനിട്ട് കഴിഞ്ഞു. ചുറ്റുമുള്ള ഫ്ലാറ്റുകളിലും വീടുകളിലും വൈദ്യുതിവെട്ടം തെളിഞ്ഞു. ഇരുട്ട് മറയാക്കിയ ജയ് ശ്രീരാം ആക്രോശങ്ങൾ നിലച്ചു. അന്നത്തെയാ ആക്രോശങ്ങൾ ഞങ്ങളുടെ ഫ്ളാറ്റിലെ വൈദ്യുതി വിളക്കുകളെ ഉദ്ദേശിച്ചായിരുന്നോ എന്നൊന്നും സത്യത്തിൽ ഇന്നും അറിയില്ല. പക്ഷേ, ആ സമയത്ത്, ഒരു മത പ്രാർത്ഥന കേട്ട് പേടിച്ചു വിറച്ചിരുന്ന നേരത്ത്, ഓർത്ത ഒരു കാര്യമുണ്ട്. കേരളത്തിൽ ആയിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു എന്ന്. ഇന്നിപ്പോൾ ആ ആത്മവിശ്വാസം ദിനംപ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ശുദ്ധ വർഗ്ഗീയത അല്ലാതെ മറ്റെന്ത് കാരണം കൊണ്ടാണെങ്കിലും ബീജേപ്പിക്കോ അവരുടെ ഘടകകക്ഷികൾക്കോ വോട്ട് ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ ഒന്നു കൂടി ഒന്നാലോചിക്കുക. മുമ്പ് ഞാൻ പറഞ്ഞ അവസ്ഥ ഇവിടെയും ഉണ്ടാകാം, അതിനുള്ള സാഹചര്യങ്ങൾ നമ്മൾ സൃഷ്ടിക്കുകയാണെങ്കിൽ, ഈ വർഗ്ഗീയ വിഷജന്തുക്കൾക്ക് വളരാനുള്ള വളം നമ്മൾ ഇട്ടു കൊടുക്കുകയാണെങ്കിൽ. അതു വേണോ വേണ്ടയോ എന്നത് നമ്മുടെ കൈകളിലാണ്.
നാരദൻ ഹ്യൂസ്റ്റൺ 2021-04-02 09:40:22
തലച്ചോർ ശരിയായി പ്രവർത്തിക്കുന്നവർ ആരും ബി ജെ പി ക്കു വോട്ട് ചെയ്യില്ല. വർഗീയ വിഷം കയറി മസ്തിഷ്ക കോശങ്ങൾ നശിച്ചവർ മാത്രമേ ബി ജെ പി ക്കു വോട്ട് ചെയ്യൂ.-നാരദൻ ഹ്യൂസ്റ്റൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക