Image

ട്വന്റി/ട്വന്റി പാർട്ടിയുടെ പ്രസക്തി കേരള രാഷ്രീയത്തിൽ (വാൽക്കണ്ണാടി - കോരസൺ)

Published on 03 April, 2021
ട്വന്റി/ട്വന്റി  പാർട്ടിയുടെ പ്രസക്തി കേരള രാഷ്രീയത്തിൽ (വാൽക്കണ്ണാടി - കോരസൺ)
തിരഞ്ഞെടുപ്പ് വറചട്ടയിൽ ആയിരിക്കുന്ന ഇന്നത്തെ കേരളരാഷ്രീയത്തിൽ, ജനകീയ മുന്നേറ്റമാണോ അതോ കോർപറേറ്റ് മുന്നേറ്റമാണോ 2020 എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉയർത്തുന്നത് എന്നു നിരീക്ഷിച്ചേ മതിയാവുകയുള്ളൂ. പ്രവാസിചാനലിൽ വാൽകണ്ണാടിയിലൂടെ പ്രത്യക്ഷപ്പെട്ടത് 2020 പാർട്ടിയുടെ എറണാകുളം ഡിസ്ട്രിക്ട് ഇലക്ഷൻ കോഓർഡിനേറ്റർ ജോസ് ഫ്രാൻസിസ്, അറ്റ്ലാന്റാ 2020 പാർട്ടിയുടെ പ്രവാസി അഭ്യുദയകാംക്ഷി അനിൽ അഗസ്റ്റിൻ എന്നിവർ. 

കേരളത്തിന്റെ രാഷ്രീയ ഭൂപടം ആകെ മാറിമറിയാൻ സാധ്യതയുള്ള ഒരു തിരഞ്ഞെടുപ്പാണ് ഇത്. മുന്നണിഭരണത്തിൽ ഗതികെട്ട മലയാളി സമൂഹം ഒരു മാറ്റത്തിനായി നോക്കുമ്പോൾ മൂന്നാമതൊരു മുന്നണിയല്ല പരിഹാരം, വിവരവും വിവേകവുമുള്ള ഒരു ജനകീയ മുന്നേറ്റം അല്ലേ എന്നതാണ് ചോദ്യം. ഒരു കോർപ്പറേറ്റു സംവിധാനം രാഷ്രീയരൂപം കൈവരിക്കുമ്പോൾ അതിനു അടിസ്ഥാനമായി 'ലാഭം' എന്ന ലക്‌ഷ്യം അടിയിൽ മറഞ്ഞിരിപ്പുണ്ടോ? അതോ അടിസ്ഥാന ഭരണതലത്തിൽ ഉള്ള നിഷ്ക്രിയത്വവും അനീതികളും ഒരു കോർപറേറ്റ് സംവിധാനത്തെ മുറിവേറ്റ സിംഹമാക്കിമാറ്റുകയായിരുന്നോ?.

എന്തായാലും കേരളം ഒരു അഗ്നിപരീക്ഷണത്തിനു വേദിയാകുകയാണ്. ഒരു മുന്നണിക്കും ഭൂരിപക്ഷം വരാത്ത സാഹചര്യത്തിൽ കടന്നുവരാവുന്ന ചെറിയ 2020 സാന്നിദ്ധ്യം കേരളത്തിൽ വലിയ മാറ്റങ്ങൾക്കുള്ള ഒരു ഉണർത്തുപാട്ടാവും എന്നുതന്നെയാണ് എറണാകുളത്തുനിന്നും ഉള്ള വിളിച്ചുപറയൽ. ഇത് കേരളത്തിലുള്ള ഒരു രാഷ്രീയ നവോഥാനമുന്നേറ്റമാണോ അതോ അരാഷ്രീയമുന്നേറ്റമാണോ എന്ന് കാലം തെളിയിക്കും. കിഴക്കമ്പലത്തും സമീപ ഇടങ്ങളിലും ഞങ്ങൾ കാട്ടിക്കൊടുത്തു, ഇതാണ് ഞങ്ങൾക്ക് നല്കാൻ സാധിക്കുന്നത് എന്നാണ് ഉറപ്പോടെ 2020 പ്രസ്ഥാനത്തിന് പറയാനുള്ളത്. അല്ലാതെ അഴിമതിയുടെ കിറ്റുകളുമായി, അവമതികളുടെ സൗകര്യങ്ങളുമായി, അനീതിയുടെ പെൻഷനുകളുടെ ഉറപ്പുമായിട്ടല്ല 2020 പ്രസ്ഥാനത്തിന് കടന്നുവരാനാവുന്നത്. 

ഇത്തരം ഒരു 2020 മുന്നേറ്റം ഡൽഹിയിൽ നിന്നും പുറത്തേക്കു വളരാത്ത ആംആദ്മി പാർട്ടിപോലെ ആകുമോ? വർഗ്ഗീയ ലക്ഷ്യത്തോടെയുള്ള രാഷ്രീയക്രൂരജന്തുവിന്റെ മുന്നിൽ എങ്ങനെ പിടിച്ചുനിൽക്കാനാവും എന്നത് ഒരു വലിയ പരീക്ഷണം ആല്ലേ? കേരളത്തിലുടനീളം ഒരു രാഷ്ട്രീയ പ്രസ്ഥാനമായി 2020 ക്കു വളരാൻ പരിമിതികൾ ഇല്ലേ?. കേരളത്തിൽ ഒരു അടിസ്ഥാന ആവശ്യത്തിനുപോലും അഴിമിതിയില്ലാതെ നടക്കില്ല എന്ന സാഹചര്യത്തിൽ നിരാശരായ ഒരു ജനക്കൂട്ടമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 

കേരളത്തിലെ സമ്പന്നരായ കമ്പനികൾ സോഷ്യൽ റെസ്പോണ്സിബിലിറ്റി ഫണ്ട് പ്രകാരം അവരുടെ ലാഭത്തിന്റെ എത്ര വിഹിതമാണ് കേരളത്തിൽ ചിലവഴിക്കുന്നത് ? എന്തെങ്കിലും പബ്ലിക് ആക്കാവുണ്ടബിലിറ്റി  ഇക്കാര്യത്തിൽ ഉണ്ടോ? CSR  എന്ന പേരുപോലും കിഴക്കമ്പലത്തുനിന്നാണ് ആളുകൾ കേട്ടു തുടങ്ങിയത്. എല്ലാ കോർപൊറേറ്റുഭീമന്മാരിൽ നിന്നും അവിഹിതമായി രാഷ്രീയക്കാർ ഈ പണമെല്ലാം തട്ടിയെടുക്കുകയായിരുന്നില്ലേ ? വെറും നക്കാപ്പിച്ച കിറ്റുകളും സഖാക്കൾ ഒപ്പിച്ചുകൊടുക്കുന്ന തുച്ഛമായ പെൻഷൻ തുകയും കൊണ്ട് വോട്ടുപിടിച്ചു കൊടുക്കുന്ന രാഷ്ട്രീയ ഇടപെടൽ കേരളത്തെ ഒരു ക്യൂബ ആക്കാനുള്ള ശ്രമമാണ്. 

നിരന്തരം വാങ്ങിക്കൂട്ടിയ കടക്കെണിയിൽ പാപ്പരാകാനുള്ള ഒരു സംസ്ഥാനമാണോ കേരളം? നഗരവികസനം മന്ദഗതിയിലാണ് എന്നാൽ രാഷ്രീയപാർട്ടികൾക്കു കോർപ്പറേറ്റു വികസനമാണ്.  ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത 2020 ക്കു എന്ത് പദ്ധതികളാണ് മുന്നിൽ വെയ്ക്കാനുള്ളത്? എന്തായാലും പ്രവാസി മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പരീക്ഷണം ആണ് 2020 പാർട്ടി എന്നതിൽ തർക്കമില്ല. 

2020 പാർട്ടി, കേരളാതിരെഞ്ഞെടുപ്പിൽ ഒരു സ്പോയിലേർ പരിവേഷമാണോ അതോ രക്ഷക പരിവേഷമാണോ എന്നാണ് അറിയേണ്ടത്.  എല്ലാ മലയാളികളെയും ബാധിക്കുന്ന വിഷയമാണ്. വരമ്പത്തു നിന്ന് കൃഷി കാണൂകയല്ലവേണ്ടത്, അൽപ്പം ചേറും വെള്ളവും ഒക്കെ പുരണ്ടാലേ നല്ല വിളയുണ്ടാവൂ. പ്രവാസിചാനൽ-വാൽകണ്ണാടിയുടെ വിശദമായ ചർച്ചകളിലേക്കു ക്ഷണിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക