-->

kazhchapadu

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

Published

on

മകള്‍ക്ക് പനിച്ചൂടുണ്ടെന്നും ഇന്നലെ മുതല്‍ ഒന്നും കഴിക്കുന്നില്ലെന്നും ഡെറാഡൂണില്‍ നിന്ന് ഭാര്യ വിളിച്ചറിയിച്ചപ്പോള്‍ തുടങ്ങിയതാണ് മനസ്സിലെ അസ്വസ്ഥത. കട്ടിലില്‍ മുഖം ചരിച്ച് തളര്‍ന്നുറങ്ങുന്ന മകളെ ഭാര്യ മൊബൈലില്‍ അയാളെ കാട്ടിക്കൊടുത്തു. ഒന്നുരണ്ടാവൃത്തി അയാള്‍ 'മോളേ, മോളേ' എന്നാവര്‍ത്തിച്ച് വിളിച്ചെങ്കിലും അവള്‍ ഒന്ന് ഞരങ്ങുക മാത്രമേ ചെയ്തുള്ളൂ.

 ' ഗൗരീ, നിങ്ങടെ കാമ്പസിലെ ക്ലിനിക്കില്‍ അവളെ ഒന്നുകൊണ്ടുപോയി കാണിക്ക്.'

' ഇന്ന് സണ്ടേയല്ലേ, ക്ലിനിക്കില്ല. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന അഹാന ടീച്ചറും ഹസ്ബന്‍ഡും പത്തുമണിയാകുമ്പോള്‍ എത്തും. പീഡിയാട്രീഷ്യനെ കാണിക്കാം. ക്വാര്‍ട്ടേഴ്‌സില്‍ പണിക്ക് വരുന്ന പെണ്‍കുട്ടിയും അപ്പോഴേക്കും എത്തും.' ഗൗരി പറഞ്ഞു.

'മോളേ.... ആത്മേ... ' അയാള്‍ മകളെ വീണ്ടും വിളിച്ചു. മകള്‍ നേര്‍ത്ത് മൂളുക മാത്രം ചെയ്തു. ആധി നിറഞ്ഞ മനസ്സോടെ അയാള്‍ ഉമ്മറത്തെ ചാരുകസേരയില്‍ വന്ന് ഇരുന്നു. അന്നത്തെ പത്രങ്ങളും വാരികകളും തിണ്ണയില്‍ ചിതറിക്കിടക്കുന്നു. ഒന്നിലും കണ്ണു തറയ്ക്കാതെ അങ്ങനെയിരുന്നു.

 -ഇത്രയും ദൂരം ഗൗരി ജോലിക്ക് പോകണോ? കഴിയാനുള്ളതില്‍ കൂടുതല്‍ നമുക്കുണ്ടല്ലോ...ഭാര്യയ്ക്ക് കേന്ദ്ര സര്‍വകലാശാലയില്‍ സെലക്ഷനായപ്പോള്‍ അങ്ങുമിങ്ങും തൊടാതെ പറയണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. പക്ഷേ അവളുടെയും വീട്ടുകാരുടെയും സന്തോഷത്തില്‍ എതിര്‍സ്വരങ്ങളൊന്നും ഉയര്‍ത്താതെ ജീവിതത്തെ വരുന്നപോലെ കാണാമെന്ന് അയാള്‍ സ്വയം തീരുമാനിക്കുകയായിരുന്നു.

 'ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് പോകുകയാണ്.' വീണ്ടും ഭാര്യയുടെ ഫോണ്‍ വന്നപ്പോഴാണ് മണി പത്തു കഴിഞ്ഞെന്ന് അറിയുന്നത്. ഇത്രയും നേരം രാവിലത്തെ കൃത്യങ്ങളൊന്നും ചെയ്യാതിരിക്കുകയാണ്.  ഒരു കട്ടന്‍ ചായ ഉണ്ടാക്കാമെന്ന് കരുതി കസേരയില്‍ നിന്ന് എണീക്കുമ്പോഴാണ് പറമ്പില്‍ കിണറിനടുത്തു നിന്ന് പൂച്ചകളുടെ കടിപിടി ശബ്ദവും ചീറ്റലും കരച്ചിലും കേള്‍ക്കുന്നത്.

കിണറിന് മുകളില്‍ വിരിച്ചിരിക്കുന്ന നൈലോണ്‍ വലയില്‍ കിടന്നാണ് പൂച്ചകളുടെ കടിപിടി. മകളുടെ വളര്‍ത്തുപൂച്ചയായ പിങ്കിയുടെ കുഞ്ഞ് ടിപ്പുവിനെ ഏതോ ഒരു കണ്ടന്‍പൂച്ച ആക്രമിക്കുന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ പിങ്കി കണ്ടനോട് പൊരുതുകയാണ്.

 ഡെറാഡൂണില്‍ ഗൗരിക്ക് സെലക്ഷന്‍ അറിയിപ്പ് വന്ന സമയം ഒരു രാത്രി നഗരത്തില്‍ പോയി സാധനങ്ങളൊക്കെ വാങ്ങി വീട്ടിലേക്ക് എത്തുമ്പോഴാണ് ചാറ്റല്‍ മഴയില്‍ കുതിര്‍ന്ന് ഒരു കുഞ്ഞുപൂച്ച ഗേറ്റിനരുകില്‍ ഇരിക്കുന്നത് കാറിന്റെ വെട്ടത്തില്‍ കാണുന്നത്. നനഞ്ഞ് വിറച്ച് കരയുന്ന പൂച്ചക്കുഞ്ഞിനെ കണ്ടപ്പോള്‍ ആത്മയ്ക്ക് സങ്കടം. പൂച്ചകളോട് ഒട്ടും ഇഷ്ടമില്ലാത്ത ഗൗരിക്കും അനുകമ്പ. പൂച്ചക്കുഞ്ഞിനെ ചെവിയില്‍ തൂക്കി കാര്‍ഷെഡ്ഡിന്റെ മൂലയില്‍ കൊണ്ടുവച്ചു. പിറ്റേന്നുമുതല്‍ മകളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി പിങ്കിയെന്ന് വിളിപ്പേരിട്ട പൂച്ചക്കുഞ്ഞ്.

 'കൊച്ചേ,  പൂച്ചയുമായി അധികം കളിക്കണ്ട. പൂച്ചകള്‍ക്കും പേ ഉണ്ട്. ഈ കാമ്പൗണ്ടില്‍ ഇല്ലാത്ത ജീവികള്‍ ഒന്നുമില്ല. പൂച്ചയുടെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗൗരി കെറുവിച്ചു.'

അയാള്‍ക്ക് പൈതൃകമായി കിട്ടിയ വിസ്തൃതമായ പറമ്പിലും മാളികയിലും വിവാഹം കഴിഞ്ഞെത്തിയ നാളുകളില്‍ ഭാര്യയ്ക്ക് വലിയ അഭിമാനമായിരുന്നെങ്കിലും ചുറ്റുവട്ടത്തെ ഉപയോഗമില്ലാത്ത വലിയ തൊഴുത്തും ചായ്പ്പുകളും കിണറും ഇടതൂര്‍ന്ന ഫലവൃക്ഷങ്ങളും അവയ്ക്കരുകിലെ കുടിപാര്‍പ്പുകാരായ കീരിയും പാമ്പും വവ്വാലും കൂമനുമൊക്കെ അവളില്‍ നേരിയ ഭയം സൃഷ്ടിച്ചിരുന്നു.

 'മോളേ, പൂച്ച മാന്തിയാല്‍ വിഷമാണ്.' ഗൗരി ഓര്‍മ്മപ്പെടുത്തി.

 'പൂച്ച വീട്ടില്‍ കയറിവരുന്നത് ഭാഗ്യമാണെന്നാണ് അമ്മ പറഞ്ഞുകേട്ടിട്ടുള്ളത്.' അയാള്‍ പറഞ്ഞു.

 'വല്ല കാര്യത്തിനും ഇറങ്ങുമ്പോള്‍ പണ്ടാരം കുറുകെ ചാടിയാല്‍ അക്കാര്യം നടക്കില്ലെന്നാണ് ഞാന്‍  കേട്ടിട്ടുള്ളത്'. അവള്‍ പറഞ്ഞു.

പൂച്ച വലത്തുനിന്ന് ഇടത്തോട്ട് ചാടുന്നത് ശുഭലക്ഷണമാണ് ഗൗരി. പുരാതന ഈജിപ്തില്‍ പൂച്ച കുറുകെ ചാടുന്നത് നല്ല ശകുനമായാണ് കണ്ടിരുന്നത്. ബാസ്‌തെറ്റ് എന്ന പേരില്‍ ഒരു പൂച്ച ദൈവവും അവര്‍ക്കുണ്ടായിരുന്നു.'

 മകളുടെ പരിചരണത്തില്‍ പിങ്കിപൂച്ച ഉരുണ്ടുകൊഴുത്ത് സുന്ദരിയായി വീട്ടില്‍ സ്വാതന്ത്ര്യം കാട്ടാന്‍ തുടങ്ങിയെങ്കിലും ഗൗരിയെ കണ്ടാല്‍ ഒന്നു പമ്മുക പതിവായിരുന്നു. എങ്കിലും ഗൗരി കാണാതെ പിങ്കിയെ മകൾ പുതപ്പിനടിയിൽ ഒളിപ്പിക്കുമ്പോഴൊക്കെ അവൾ ഉറങ്ങി കഴിയുമ്പോൾ പിങ്കിയെ പൊക്കി പഞ്ഞി നിറച്ച കുട്ടയിൽ കൊണ്ടുകിടത്തുമായിരുന്നു.

 ഡെറാഡൂണില്‍ ഗൗരിയെയും മകളെയും കൊണ്ടുചെന്നാക്കാന്‍ പോകുമ്പോഴും മകളുടെ സങ്കടമൊക്കെ ഒറ്റയ്ക്കാകുന്ന പിങ്കിയെക്കുറിച്ചായിരുന്നു.

അയാള്‍ വൈകിട്ട് ഓഫീസില്‍ നിന്നെത്തി മകളെ വിളിച്ചാല്‍ അവള്‍ക്ക് ആദ്യം അറിയേണ്ടത് പിങ്കിയുടെ വിശേഷങ്ങളായിരുന്നു. ഡെറാഡൂണിൽ രാത്രി  ഗൗരിയും മോളും അത്താഴം കഴിക്കുമ്പോൾ വീട്ടിൽ അയാളും പിങ്കിയും ഒന്നച്ചിരുന്ന് പ്രാതലും അത്താഴവും കഴിച്ചു. ഉച്ചയ്ക്ക് പിങ്കിക്കുള്ള ഭക്ഷണം ഒരുക്കി വച്ച് പുറത്തേക്കുള്ള ഒരു ജനൽ പാളിയും തുറന്നുവച്ചാണ് ഓഫീസിൽ പോയിരുന്നത്.

 ഒരു ദിവസം കാര്‍ ഷെഡ്ഡില്‍ ഒതുക്കി ഇറങ്ങുമ്പോഴാണ് മൂലയില്‍ പിങ്കി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കിടക്കുന്നത് കാണുന്നത്.

 ചിന്നു, ചിഞ്ചു, ടിപ്പുവെന്നാണ് പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് മകളിട്ട പേരുകള്‍. അവ പാലുകുടിക്കുന്നതും തത്തി തത്തി നടക്കുന്നതുമെല്ലാം മകളെ മൊബൈലില്‍ കാട്ടിക്കൊടുക്കലായി വൈകുന്നേരത്തെ അയാളുടെ ജോലികളിലൊന്ന്. പൂച്ചക്കുഞ്ഞുങ്ങള്‍ക്കരുകിലേക്ക് മൊബൈല്‍ ചേര്‍ത്ത് വയ്ക്കുമ്പോള്‍ അവ കുഞ്ഞിക്കൈകള്‍ കൊണ്ട് മൊബൈലില്‍ മാന്തുകയും അങ്ങേ തലയ്ക്കല്‍ മകള്‍ 'ച്ഛ്, ച്ഛ് ' ശബ്ദമുണ്ടാക്കി അതിരറ്റ സന്തോഷത്തോടെ അവയ്ക്കിട്ട പേരു വിളിക്കുമ്പോള്‍ അയാള്‍ മകളെയെന്നപോലെ ഓരോ കുഞ്ഞുങ്ങളെയും തടവിയും തഴുകിയും ഉള്ളിലെ വാത്സല്യം പകര്‍ന്നു.

 'ഒരു പൂച്ച പ്രേമി അച്ഛനും മകളും..' ഗൗരി ഇടയ്ക്കിടെ ശുണ്ഠിയെടുത്തെങ്കിലും പതിവുകള്‍ തുടര്‍ന്നു.

 അതുകഴിഞ്ഞൊരു ദിവസം പിങ്കിയെയും മക്കളേയും കാണാതായി. വീടും പരിസരവും മുഴുവന്‍ തെരഞ്ഞെങ്കിലും കണ്ടില്ല. 'പൂച്ച പെറ്റാല്‍ നാലില്ലം നിരങ്ങും'. എന്ന അമ്മയുടെ മൊഴിയാണ് അയാള്‍ക്ക് ഓര്‍മ്മയില്‍ ഉത്തരമായെത്തിയത്.

കടിപിടിയുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലായതോടെ അയാള്‍ മുറ്റത്തിറങ്ങി കിണറനരുകിലേക്ക് വേഗം നടന്നു. കിണറിന് മുകളില്‍ വിരിച്ചിരിക്കുന്ന നൈലോണ്‍ വലയില്‍ കുരുങ്ങിപ്പോയ ടിപ്പുവിനെ ഒരു കണ്ടന്‍പൂച്ച കടിച്ചുപറിക്കുകയാണ്. പിങ്കി കഴിയുംവിധം എതിരിട്ട് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. വലപൊട്ടി പൂച്ചകള്‍ കിണറിലേക്ക് വീഴുമോയെന്ന് ഒരുനിമിഷം അയാള്‍ ഭയന്നു. കിണറിന്റെ ഉയരമുള്ള ആള്‍മറയില്‍ ഇവ എന്തിന് ചാടിക്കയറിയെന്നും വിചാരിച്ചു.

തന്റെ പൂര്‍വ്വികരുടെ തിരുശേഷിപ്പുകളില്‍ ഗൗരി  ആകെ അംഗീകരിക്കുന്നത് ഈ കിണറിനെയാണ്. ഗൗരിയെ കല്ല്യാണം കഴിച്ചുകൊണ്ടുവന്ന നാളില്‍ കിണറിലെ വെള്ളത്തില്‍ കുളിക്കാന്‍ അമ്മ നിര്‍ബന്ധിക്കുമായിരുന്നു. തൊടികളില്‍ കറ്റാര്‍വാഴയും കൈതോന്നിയും നിറഞ്ഞ കിണറിന്റെ ഉറവകളില്‍ നിന്നുള്ള തെളിനീര് അവളുടെ മുടിയുടെ ഉള്ള് കൂട്ടിയതാണ് കിണറിനോടുള്ള താല്പര്യത്തിന് കാരണം.

 'പോ പൂച്ചേ, പോ പൂച്ചേ' എന്നുച്ചത്തില്‍ വിളിച്ച് കയ്യില്‍ കിട്ടിയ മടലുമായി അയാള്‍ കിണറിനരുകിലേക്ക് പാഞ്ഞു. കണ്ടന്‍പൂച്ചയും പിങ്കിയും തറയിലേക്ക് ചാടിയെങ്കിലും കുഞ്ഞു ടിപ്പുവിന്റെ കാലുകള്‍ വലയുടെ ഒത്തനടുക്ക് കുരുങ്ങിപ്പോയിരുന്നു. വലയുടെ ഒരുഭാഗം പൊക്കി പൂച്ചക്കുഞ്ഞിനെ തെറിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അത് ഉയര്‍ന്നുചാടി കിണറിനുള്ളിലേക്ക് പതിച്ചു. എന്തു ചെയ്യണമെന്നറിയാതെ അല്പനേരം നിന്നുപോയി. അയാള്‍ പിന്നെ കിണറിനുള്ളിലേക്ക് നോക്കി. കറ്റാര്‍വാഴയുടെയും പന്നല്‍ച്ചെടികളുടെയും ഇടയിലൂടെ മാത്രം കാണാവുന്ന വെള്ളത്തിന്റെ ഇത്തിരിവട്ടം. അല്പനേരം കാതോര്‍ത്തപ്പോള്‍ പൂച്ചക്കുഞ്ഞിന്റെ കരച്ചില്‍ നേരിയ ശബ്ദത്തില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങി.  

ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ ചുറ്റും നോക്കി. പിന്‍പുറത്ത് കെട്ടിയിരുന്ന അഴയുടെ കയര്‍ അഴിച്ചെടുത്ത് അതില്‍ ബക്കറ്റ് കെട്ടി കിണറിലേക്ക് ഇറക്കി. ബക്കറ്റ് വെള്ളത്തില്‍ മുട്ടിച്ച് ക്ഷമയോടെ കാത്തിരുന്നു. പിന്നെ വലിച്ചുപൊക്കിയെങ്കിലും പൂച്ചക്കുഞ്ഞ് കയറിയിരുന്നില്ല. മറ്റ് പോംവഴികള്‍ക്കായി പരതുന്നതിനിടെയിലാണ് കരിനൊച്ചി ചെടിയുടെ ചുവട്ടിലിരുന്ന് ഭയന്നും പരിഭ്രമിച്ചും പിങ്കി അയാളെ തന്നെ നോക്കിയിരിക്കുന്നത് കണ്ടത്. ബക്കറ്റ് ഒന്നുകൂടി കിണറ്റിലിറക്കി. കുറച്ചുകഴിഞ്ഞ് വലിച്ചുകയറ്റിപ്പോഴും പൂച്ചക്കുഞ്ഞ് കയറിയിരുന്നില്ല.

മറ്റു മാര്‍ഗ്ഗങ്ങളൊന്നും കാണാതെ അയാള്‍ വീട്ടിലെ സ്ഥിരം തെങ്ങുകയറ്റക്കാരനെ ഫോണില്‍ വിളിച്ചു. തെങ്ങുകയറ്റക്കാരന്‍ സഹായിയുമായെത്തുമ്പോള്‍ പിങ്കി കിണറിന്റെ കൈവരിയിലിരുന്ന് ആഴത്തിലേക്ക് നോക്കിക്കരയുകയായിരുന്നു. അവരെ കണ്ടപാടെ അത് ചാടിയിറങ്ങി കരിനൊച്ചികള്‍ക്കിടയില്‍ പോയിരുന്നു നോട്ടം തുടര്‍ന്നു.

 ടിപ്പുവിന്റെ കരച്ചിലിനായി കാതുകൂര്‍പ്പിച്ചെങ്കിലും അവര്‍ക്ക് ഒരു ശബ്ദവും കേള്‍ക്കാനായില്ല.
'സാറെ, ചത്തപൂച്ച വെള്ളം ചീത്തയാക്കും. എന്തായാലും ഇറങ്ങിയെടുക്കാം'.  കിണറിന്റെ തൂണില്‍ വടംകെട്ടി ടോര്‍ച്ച് തെളിച്ച് സഹായി ഉള്ളിലേക്കിറങ്ങി. കിണറിനുള്ളില്‍ ഇറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചതും പാമ്പുകടിയേറ്റതുമായ വാര്‍ത്തകളാണ് അന്നേരം അയാളുടെ മനസ്സിലൂടെ  കടന്നുപോയത്. സകലദൈവങ്ങളെയും അയാള്‍  അറിയാതെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

'സാര്‍, ഇവിടെ പൂച്ചയേയും ഒന്നി നേയും കാണുന്നില്ല.' കിണറിന്റെ ആഴങ്ങളില്‍ നിന്ന് സഹായി വിളിച്ചു പറഞ്ഞു.

 'മാര്‍ജ്ജാരവര്‍ഗ്ഗമല്ലേ, അത് വാട്ടര്‍പമ്പിന്റെ ഹോസിലൂടെ പിടിച്ചുകയറി രക്ഷപ്പെട്ടിട്ടുണ്ടാവും സര്‍'. തെങ്ങുകയറ്റക്കാരന്‍ പറഞ്ഞു.

കൊടുത്ത പണവും വാങ്ങി തെങ്ങുകയറ്റക്കാരും സഹായിയും പോയി. അയാള്‍ വല പഴയതുപോലെ കിണറിന് മുകളില്‍ വിരിച്ച് അല്പനേരം ചെവികൊടുത്തുനിന്നു.

 മൊബൈലിന്റെ റിംഗ്‌ടോണ്‍ കേട്ട് വീട്ടിലേക്ക് നടന്നു.

 'മോളെ ഇവിടെ അഡ്മിറ്റ് ചെയ്തു.'

 'ങേ', ഭാര്യയുടെ ശബ്ദം കേട്ട് അയാള്‍ ഒന്നു നടുങ്ങി. 'ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവരൊക്കെ ഇവിടെ എത്തിയിട്ടുണ്ട്.' ഗൗരി ഫോണ്‍ കട്ട് ചെയ്തു.

- ആശുപത്രിയില്‍ മകളെയും കൊണ്ട് ഗൗരി ഒറ്റയ്ക്ക് എന്തുചെയ്യും?

  ഡെറാഡൂണില്‍ എത്രയും പെട്ടെന്ന് അവര്‍ക്കരുകിലെത്താന്‍ മാര്‍ഗ്ഗങ്ങളന്വേഷിച്ച് അയാള്‍ വീട് പൂട്ടി പുറത്തേക്കിറങ്ങി. യാത്രയ്ക്കുള്ള ടിക്കറ്റ് ശരിയാക്കി ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ണുകള്‍ കിണറിനരുകിലേക്ക് നീണ്ടു. പിങ്കി കിണറിന്റെ കൈവരിയിലിരുന്ന് ആഴങ്ങളിലേക്ക് നോക്കുന്നു. അയാള്‍ കിണറിനരുകിലേക്ക് നടന്നു. പിങ്കിയെ മെല്ലെ തലോടി. കിണറിനുള്ളില്‍നിന്ന് ശബ്ദങ്ങള്‍ എന്തെങ്കിലും കേള്‍ക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ചു. -ഇല്ല, ഒരു ശബ്ദവുമില്ല. പിന്നെയീ തള്ളപൂച്ച എന്തിനിവിടെ ചുറ്റിക്കറങ്ങുന്നു.

 യാത്രയ്ക്കുള്ള വസ്ത്രങ്ങള്‍ പെട്ടിയില്‍ അടുക്കിവച്ച് അയാള്‍ അല്പനേരം കയറിക്കിടന്നു. കണ്ണു തുറന്നപ്പോള്‍ ഇരുട്ടിതുടങ്ങിയിരുന്നു. ആശുപത്രിയിലേക്ക് വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. മകള്‍ നിരീക്ഷണത്തില്‍ തന്നെയാണ്. പ്രാര്‍ത്ഥനകളുമായി കുറെനേരം മുറിക്കുള്ളിലെ ഇരുട്ടില്‍ തന്നെയിരുന്നു. ഭാര്യയെ വീണ്ടും വിളിക്കാന്‍ അയാള്‍ക്ക് ധൈര്യം തോന്നിയില്ല. വെളുപ്പിനുള്ള യാത്രയ്ക്ക് വേണ്ടതെല്ലാം ഒതുക്കിവച്ച് കിടക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ഒന്നുകൂടി കിണറിനുള്ളിൽ ടോര്‍ച്ച് തെളിച്ച് നോക്കണമെന്നു തോന്നി. പിങ്കി കിണറിന്റെ വക്കില്‍ തന്നെയിരിക്കുന്നു. അയാള്‍ പുറത്തിറങ്ങി വീണ്ടും കിണറിനരുകിലേക്ക് നീങ്ങി. വല മാറ്റി ഉള്ളിലേക്ക് ലൈറ്റ് പായിച്ച് എല്ലായിടത്തും പരതി. ഇല്ല ഒന്നും കാണുന്നില്ല.

 വല പൂര്‍വ്വസ്ഥിതിയിലാക്കി വീട്ടിലേക്ക് നടന്നു. നടക്കുന്നതിനിടയില്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പിങ്കി വീണ്ടും കിണറിന്റെ വക്കില്‍ ചാടിക്കയറിയിരിക്കുന്നു. സന്ദേഹത്തോടെ അത് നോക്കിനിന്നു. കിണറിനരുകിലേക്ക് തിരിച്ചുനടന്ന് കയറില്‍ കെട്ടിയ ബക്കറ്റ് കിണറിന്റെ ആഴത്തിലേക്കിറക്കി തൂണില്‍ കെട്ടിയിട്ടു. ഉറക്കം വരാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ അലാം കേട്ടെണീറ്റു. ഇളം മഞ്ഞിലേക്ക് വെളിച്ചം അരിച്ചിറങ്ങുന്നതേയുള്ളായിരുന്നു. യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടയില്‍ ജനല്‍ തുറന്ന് കിണറിനരുകിലേക്ക് ഒന്നുകൂടി നോക്കി. പിങ്കിയെ അവിടെ കാണാനുണ്ടായിരുന്നില്ല. നേരിയൊരാശ്വാസം അയാള്‍ക്കനുഭവപ്പെട്ടു. കിണര്‍ ഒന്നുകൂടി മൂടിയിടാനായി ധൃതിയില്‍ അങ്ങോട്ട് ചെന്നു. തലേന്ന് കയറില്‍ കെട്ടിയിട്ട ബക്കറ്റ് വലിച്ചുപൊക്കി. ബക്കറ്റിലെ വെള്ളത്തില്‍ പൂച്ചകുഞ്ഞ് ടിപ്പു ചത്തുമലച്ചുകിടക്കുന്നു.

 കാറിന്റെ ഡിക്കിയില്‍ ലഗേജുകള്‍ വച്ച് തിരിയുമ്പോള്‍ ഫോണ്‍ മുഴങ്ങി.

 'അച്ഛാ' ,മകള്‍ കട്ടിലിൽ എഴുന്നേറ്റിരിക്കുന്നു. സമാധാനം നിറഞ്ഞ മുഖവുമായി പിന്നില്‍ ഗൗരിയും. 'അച്ഛാ, പിങ്കിയും മക്കളും തിരികെ വന്നോ അച്ഛാ'.

 മകളോട് ഉത്തരം പറയാന്‍ തുടങ്ങുന്നതിനിടയില്‍ പിന്നില്‍ നേരിയ നിശബ്ദമായൊരു കരച്ചില്‍ കേട്ടുവോയെന്നു സംശയിച്ചു. ഷെഡിന്റെ മൂലയില്‍ പിങ്കി അയാളെ നോക്കി  ശബ്ദമില്ലാതെ കരയുന്നു. ഫോണില്‍ മകള്‍ എന്തൊക്കെയോ കൊഞ്ചുന്നുണ്ടായിരുന്നെങ്കിലും അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.
----------------------------

രമേശ്‌ ബാബു

ആലപ്പുഴയിലെ സനാതനം വാര്‍ഡില്‍ ആര്‍ ബി രവീന്ദ്രന്റെയും കെ കെ തങ്കമ്മയുടെയും മകനായി 1963 ജൂണ്‍ 2 ന്‌ ജനിച്ചു. ബാല്യം മുതല്‍ തിരുവനന്തപുരത്ത്‌ സ്ഥിരതാമസം.
കേരളത്തിലെ ആദ്യത്തെ ട്രേഡ്‌ യൂണിയനായ "തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' സ്ഥാപകനും "തൊഴിലാളി' പത്രമുടമയുമായ വാടപ്പുറം പി കെ ബാവയുടെ പൗത്രനാണ്‌.
കേരള മീഡീയ അക്കാഡമി ഫെല്ലോഷിപ്പ്, തകഴി അവാര്‍ഡ്‌, പൊന്‍കുന്നം വര്‍ക്കി കഥാ അവാര്‍ഡ്‌, മികച്ച തിരക്കഥാകൃത്ത്‌ (കേരള സ്റ്റേറ്റ്‌ ചില്‍ഡ്രന്‍സ്‌ എഡ്യൂക്കേഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2012), ഫൊക്കാന ഗ്ലോബല്‍ ലിറ്റററി അവാര്‍ഡ്‌ ഫോര്‍ ഷോര്‍ട്ട്‌ സ്റ്റോറീസ്‌, പി. കൃഷ്‌ണപിള്ള ജന്മശതാബ്‌ദി സ്‌മാരക കഥാപുരസ്‌ക്കാരം, സി. വി. ശ്രീരാമന്‍ കഥാപുരസ്‌ക്കാരം, യുവകലാസാഹിതി അവാര്‍ഡ്‌, മുംബൈ വൈറ്റ്‌ ലൈന്‍ ജേണല്‍ അവാര്‍ഡ്‌, സൈന്ധവ ബുക്‌സ്‌ അവാര്‍ഡ്‌, പത്രാധിപര്‍ സുകുമാരന്‍ സ്‌മാരക അവാര്‍ഡ്‌, പി കെ ബാലകൃഷ്‌ണന്‍ സ്‌മാരക ചെറുകഥാ അവാര്‍ഡ്‌, ഹ്യൂമനിസ്റ്റ്‌ മീഡിയാ അവാര്‍ഡ്‌, സമഷ്‌ടി അവാര്‍ഡ്‌ (2008,2010.2014), പാം ലിറ്റററി അവാര്‍ഡ്‌, ഔവര്‍ സാഹിത്യ പുരസ്‌ക്കാരം, പ്രവാസി ഭാരതി പ്രതിഭാ പുരസ്‌ക്കാര്‍, ഡോ. അംബേദ്‌ക്കര്‍ നാഷണല്‍ ഫെലോഷിപ്പ്‌ അവാര്‍ഡ്‌, ഗ്രാമിക കനകജൂബിലി കഥാപുരസ്‌ക്കാരം 2014, ഗ്രന്ഥപ്പുര അവാര്‍ഡ്‌ 2014, തിരുവിതാംകൂര്‍ കയര്‍ത്തൊഴിലാളി യൂണിയന്‍ പ്ലാറ്റിനം ജൂബിലി കഥാ അവാര്‍ഡ്‌ 2014, തിക്കുറിശ്ശി ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌ക്കാരം 2015, പുരോഗമന കലാസാഹിത്യ സംഘം ബക്കര്‍ സ്‌മാരക കഥാ അവാര്‍ഡ്‌ 2015, നവരസം സംഗീത സഭ ഗോവിന്ദ്‌ രചന പുരസ്‌കാരം 2015,മിഥുന സ്വാതി പുരസ്‌ക്കാരം, ഹരിതകേരളം പുരസ്‌ക്കാരം,നെഹ്‌റു പീസ്‌ ഫൗണ്ടേഷന്‍ അവാര്‍ഡ്‌, തുളുനാട്‌ അവാര്‍ഡ്‌ , രാജ് നാരായണൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ മീഡീയ അവാർഡ് എന്നിവ നേടിയിട്ടുണ്ട്‌.
2001 ലെ ഏറ്റവും നല്ല കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ "സായന്തനത്തിന്റെ പടവുകള്‍ക്ക്‌' തരിക്കഥ രചിച്ചു. നിരവധി ടെലിഫിലിമുകള്‍ക്കും തിരക്കഥ രചിച്ചിട്ടുണ്ട്‌.
കലാകൗമുദി വാരികയില്‍ "പ്രദക്ഷിണ വഴിയില്‍' എന്ന കോളവും കേരളകൗമുദി ഓണ്‍ലൈനിലും "മാറ്റൊലി' എന്ന കോളവും എഴുതിയിരുന്നു. ജനയുഗത്തിലും കേരള പോസ്റ്റിലും കോളമെഴുതുന്നു.
കഥകള്‍ ഇംഗ്ലീഷ്‌, ഹിന്ദി, രാജസ്ഥാനി, ബംഗാളി, ഇറ്റാലിയന്‍ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്നു. കേരള കൗമുദിയില്‍ പതിന്നാലു വര്‍ഷക്കാലം പത്രാധിപസമിതി അംഗമായിരുന്നു. ഇപ്പോള്‍ ജനയുഗത്തില്‍ ന്യൂസ്‌ എഡിറ്ററാണ്‌. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും കാഷ്വല്‍ ന്യൂസ്‌ എഡിറ്ററായും സേവനമനുഷ്‌ടിക്കുന്നു.
 ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, ജേണലിസത്തിലും പബ്ലിക്‌ റിലേഷന്‍സിലും പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിപ്ലോമ.
"ജനിതകവിധി' (കഥകള്‍ - ഇന്ന്‌ ബുക്‌സ്‌), "ജനറ്റിക്‌ കനോണ്‍സ്‌' (കഥകള്‍ - കേരള യൂണിവേഴ്‌സിറ്റി പൊയട്രീ ഗാര്‍ഡന്‍), ജനനിക്‌ നിയതി (ഹിന്ദി- ജവഹര്‍ പുസ്‌തകാലയ,ഡല്‍ഹി),"അസൂറയുടെ കുഞ്ഞിവിരല്‍' (കഥകള്‍ - ഡി സി ബുക്‌സ്‌), അശ്വത്ഥാമാവിന്റെ തീരം (എന്‍ ബി എസ്‌ ), നിമന്ത്രമണം( പ്രഭാത് ബുക്ഹൗസ്) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങള്‍.
ഭാര്യ: മിന്നു (കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌)
മക്കള്‍: വര്‍ഷ, കീര്‍ത്തന
വിലാസം: പ്രണവം, കോവളം

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

View More