Image

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

ഇ മലയാളി ഫിലിം ബ്യുറോ Published on 10 April, 2021
ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി
കുറ്റവാസന പൊതുവേ സര്‍ഗാത്മകതക്ക് വഴങ്ങുന്ന വിഷയമല്ല .എന്നാല്‍ അത് സമ്മാനിക്കുന്ന സാധ്യതകളോ?ചിന്തിക്കാനാവാത്ത വഴികളില്‍ കൂടി വ്യാപരിക്കാന്‍ ഒരു പ്രതിഭയ്ക്ക് അവസരം നല്‍കുന്നു. ഇത്തരം തീം .മനുഷ്യ മനസ്സിന്റെ ഉള്ളറകളില്‍ കൂടി കടന്നു ചെന്ന് സ്നേഹവും പ്രണയവും പകയും വഞ്ചനയും വിഷയമാക്കിയ ഷേക്ക്‌സ്പിയറിന്റെ മക്ബെത് വീണ്ടും വീണ്ടും വിഷയമാകുന്നത് അത് കൊണ്ടാകാം .ക്രൈസ്തവ കുടുംബങ്ങളിലെ മാനസിക അപചയത്തിന്റെ കഥ ഇരകളില്‍ മലയാളത്തിന്റെ പ്രഗല്‍ഭ ചലച്ച്ത്രകാരന്‍ കെ ജി ജോര്‍ജ് മുന്‍പും വിഷയമാക്കിയിട്ടുണ്ട്.ഇവ രണ്ടും  ഒരു പരിധി വരെ സമ്മേളിക്കുന്നു ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജിയില്‍ .ഒ ടി ടി യില്‍ റിലീസ് ചെയ്ത ജോജി നമ്മുടെ ഉള്ളിന്റെ ഉള്ളിലെ കറുത്ത ചിന്തകളെ നിഴലിലും വെളിച്ചത്തിലും സര്ഗാല്‍മകമായി കൈകാര്യം ചെയ്യുന്നു .തിരക്കഥ ശ്യാം പുഷ്ക്കരന്‍ 

സാഹസികതയും കുറ്റവാസനയും ആര്‍ത്തിയും വെറുപ്പും ജീവിതത്തിന്റെ ഭാഗമായ ഒരു കോട്ടയം ക്രിസ്ത്യാനി കുടുംബത്തിലെ പൊള്ളുന്ന സംഭവങ്ങള്‍ ആണ് ജോജി എന്ന വ്യത്യസ്തമായ സിനിമ .ഫഹദ് ഫാസില്‍ പ്രതിനായകന്‍ ആയി വേഷം കെട്ടുന്ന സിനിമയില്‍ ക്രൈസ്തവകുടുംബങ്ങളിലെ വാര്‍പ്പ് മാതൃകകള്‍ ഹൃദ്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു .കൈക്കരുത്ത് കൊണ്ടു കാറും ബംഗ്ലാവും സ്ഥലവും കൈവശപ്പെടുത്തിയ പനചെല്‍ ജേക്കബ്‌  എന്ന എഴുപത്തിനാലുകാരന്റെ കൈകരുത്തിനു മുന്നില്‍ അയാളുടെ മുന്ന്  മക്കളും ഒന്നുമല്ല .സെക്കണ്ട് റേറ്എറ്ന്നോ തോല്‍വി എന്നോ വിശേഷിപ്പിക്കാവുന്ന മക്കള്‍ .അപ്പച്ചന്റെ ബാങ്ക് ബാലന്‍സും സ്വത്തും കാത്തിരിക്കുന്ന മക്കള്‍ .
പക്ഷെ ഈ കാത്തിരിപ്പ് അവിരാമമായ ഒരു പ്രക്രിയ അല്ല .ജീവിതത്തിന്റെ കറുത്ത നിയമങ്ങള്‍ക്കുള്ളില്‍ ആണ് അവരെല്ലാം .മൂത്ത മകന്‍ ജോമോന്‍ ഒഴിച്ചു എല്ലാവരുടെയും ഉള്ളില്‍ ഭാരമായ അപ്പനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ത്വര നിറഞ്ഞു നില്‍ക്കുന്നു .കൈവശമുള്ള താക്കോലും സ്ട്രോക് വന്നിട്ടും ഒരു കുഴപ്പവും വരാത്ത കൈയ്യൊപ്പും ഒരിക്കലും കുട്ടികളുടെ   ആഗ്രഹങ്ങള്‍ക്ക്  വഴങ്ങാത്ത ,സമ്പത്ത് കെട്ടിപ്പിടിച്ചിരിക്കാനുള്ള വാര്‍ധക്യത്തിന്റെ അതിമോഹവും സംവിധായകന്‍ തന്മയത്തോടെ വരയ്ക്കുന്നു .
നേര്‍വഴി ചൊല്ലിക്കൊടുക്കുന്ന വൈദീകനും കുടുംബത്തിന്റെ വിളക്ക് ആകേണ്ട ഉണ്ണിമായ അവതരിപ്പിക്കുന്ന  ബിന്‍സി എന്ന ചേച്ചിയും ചിത്രത്തിന് കുടുതല്‍ മിഴിവ് നല്‍കുന്നു .ടോയ് ഗണ്‍ മോഷ്ടിച്ച പണം കൊണ്ടു വാങ്ങുന്ന ഇളമുറക്കാരനില്‍  നിന്ന് തുടങ്ങുന്നു കുറ്റവാസനയുടെ ചരിത്രം .
വളഞ്ഞ വഴികളും നിറഞ്ഞ തോട്ടങ്ങളും കൂറ്റന്‍ മാളികകളും ഉള്ള  ഈകൃസ്ത്യന്‍ ഗ്രാമത്തില്‍ പാപബോധമോ ദൈവിക ഇടപെടലുകളോ ഇല്ലെന്നു പറഞ്ഞു കൂടാ.പക്ഷെ ആര്‍ത്തി ആ കുടുംബത്തിന്റെ കൂടപിറപ്പാണ് .അഹങ്കാരം കൂടി മരണനേരത്തുപോലും പടക്കമായി പൊട്ടിത്തെറിക്കുന്നു .സമൂഹം പ്രതികാരം തുടങ്ങുകയായി .

എല്ലാ കുറ്റവാളിയെയും പോലെ അക്ഷോഭ്യനും, ആരാലും അപ്ര്രപ്യനുമാണ്  താന്‍ എന്ന് ജോജി കരുതുന്നു .അപ്പന്റെ മരണത്തിനു വെമ്പല്‍ കൊള്ളുന്ന കുടുംബാംഗങ്ങള്‍ക്കിടയില്‍ കറുത്ത കരുക്കള്‍ നീക്കുന്ന ജോജി ഉറക്കത്തില്‍ സ്വപ്നത്തില്‍ മാത്രമാണ് ഭീതിക്ക് അടിമയാകുന്നത് .തന്റെ കൈകളിലെ പാപത്തിന്റെ കറ ഒരിക്കലും മായ്ക്കാനവില്ല എന്നറിയുമ്പോള്‍ പോലും അയാള്‍ പരിഭ്രാന്തനാകുന്നില്ല .താന്‍ കൊലയാളി ആണെന്ന് ജേഷ്ടന്‍ അറിയുന്ന നിമിഷം പാപബോധം  അല്ല സ്വയംരക്ഷാ ബോധവും  പകയുമാണ് അയാളെ നയിക്കുന്നത് .സൌഹൃദവും സ്നേഹവും ഒറ്റുകൊടുക്കുന്ന അയാള്‍ തന്റെ എല്ലാ പാപങ്ങളുടെയും കൂട്ടാളിയെപ്പോലും അവസാനം ഒറ്റു കൊടുക്കുന്നു 
പാപത്തിന്റെ ശിക്ഷ മരണമാണ് ,പാപബോധവും പ്രായചിത്തവും അതില്‍ പ്രധാനഘടകമാണ് .മരണം വരിക്കുന്ന ഒരു പ്രതിനായകനെക്കാള്‍ ആര്‍ക്കാണ് ആ അന്തിമ മൊഴി രേഖപ്പെടൂത്താന്‍  ആവുക .അവിടെ സംവ്ധായകന്‍ പതറുന്നു 
  ആഴത്തിലുള്ള  ഉള്‍കാഴ്ച ഇല്ലാത്തത് ചിത്രത്തിന്‍റെ  മാറ്റ് കുറക്കുന്നു .പക്ഷെ മറ്റു പല നസ്രാണി ചിത്രങ്ങളേക്കാള്‍  സാര്‍വലൌകികതയുള്ള ചിത്രമാണിത് 
സാങ്കേതികമായ മിഴിവ്  അസാധാരണമായ ക്യാമറ .വ്യത്യസ്തമായ  ഇത്തരം പ്രമേയങ്ങള്‍ നമ്മെ ചിന്തിപ്പിക്കും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക