Image

വൈ.എസ്. ശര്‍മിളാ റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപനം ജൂലായ് എട്ടിന്

Published on 11 April, 2021
വൈ.എസ്. ശര്‍മിളാ റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപനം ജൂലായ് എട്ടിന്
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ.എസ്. ശര്‍മിളാ റെഡ്ഡി തെലങ്കാനയിലുണ്ടാക്കുന്ന പുതിയ പാര്‍ട്ടിയുടെ പേര് ജൂലായ് എട്ടിനു പ്രഖ്യാപിക്കും. വൈ.എസ്.ആറിന്റെ ജന്മദിനമായ അന്ന് പാര്‍ട്ടിയുടെ പേര്, പതാക, ചിഹ്നം എന്നിവ പ്രഖ്യാപിക്കുമെന്ന് ശര്‍മിള വെള്ളിയാഴ്ച അറിയിച്ചു.

ഹൈദരാബാദില്‍നിന്ന് ഖമ്മത്തേക്കു നടത്തിയ കൂറ്റന്‍ കാര്‍ റാലിക്കുശേഷമുള്ള പൊതുസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ‘ശിവാജി’ സിനിമയിലെ രജനീകാന്തിന്റെ പ്രശസ്തമായ സംഭാഷണത്തിലൂടെ സ്വയം സിംഹത്തോട് ഉപമിച്ചായിരുന്നു ശര്‍മിളയുടെ പ്രസംഗം. തെലങ്കാന രാഷ്ട്രസമിതിയുടെയോ (ടി.ആര്‍.എസ്.) ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റേയോ നിര്‍ദേശപ്രകാരമല്ല പാര്‍ട്ടിയുണ്ടാക്കുന്നതെന്നും ഇവയ്‌ക്കെല്ലാം ബദലായി ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാവും തന്റേതെന്നും അവര്‍ പറഞ്ഞു.

2023ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പാര്‍ട്ടിയുമായി ശര്‍മിളയെത്തുന്നത്. ശര്‍മിളയുടെ നീക്കങ്ങളെക്കുറിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും സഹോദരനുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി പ്രതികരിച്ചിട്ടില്ല. മകള്‍ തെലങ്കാനയിലെ ജനങ്ങളെ സേവിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് ശര്‍മിളയുടെ അമ്മ വൈ.എസ്. വിജയലക്ഷ്മി പ്രതികരിച്ചു.

വൈ.എസ്.ആറിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന തെലങ്കാനയില്‍ ഭരണകക്ഷിയായ ടി.ആര്‍.എസിന് ശക്തമായ ബദലാവാനാണ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുന്നതിലൂടെ ശര്‍മിള ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 15ന് സംസ്ഥാനത്തെ 1.91 ലക്ഷം സര്‍ക്കാരുദ്യോഗങ്ങളിലെ ഒഴിവു നികത്തണമെന്നാവശ്യപ്പെട്ട് ശര്‍മിള മൂന്നു ദിവസം നിരാഹാരസമരം നടത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക