Image

യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

Published on 11 April, 2021
യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

കൊച്ചി: വ്യവസായി എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍  കൊച്ചി കുമ്പളം ടോള്‍ പ്ലാസക്ക് സമീപത്തെ ചതുപ്പ് നിലത്തിൽ  ഇടിച്ചിറക്കി. യാത്രക്കാരും പൈലറ്റും സുരക്ഷിതരാണ്. സാങ്കേതിക തകരാറാണ് കാരണം


യൂസഫലിക്കൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യയും ഉണ്ടായിരുന്നു. ആകെ 7 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. യൂസഫലിയെയും ഭാര്യ ഷാജിറയെയും കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.


കടവന്ത്രയില്‍ നിന്നും ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ പോകവെയാണ് അപകടം.  ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യൂസഫലിയെയും ഒപ്പമുണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചത്.


ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഹെലിക്കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്.


മുട്ടിനൊപ്പം വെള്ളം നിറഞ്ഞ് നില്‍ക്കുന്ന ചതുപ്പു നിലത്തേക്ക് ഇടിച്ചിറങ്ങിയതും സമീപത്തുള്ള മതിലില്‍ ലീഫ് തട്ടാതിരുന്നതും തീപിടിത്തം ഉള്‍പ്പടെയുള്ള വന്‍ ദുരന്തമാണ്  ഒഴിവായത് 


ഹെലികോപ്റ്റര്‍ മുകളില്‍ നിന്നു ഇടിച്ചു വീഴുകയായിരുന്നു എന്നാണ് സമീപവാസികളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. ചെളിക്കുഴിയിലേക്ക് ഇറങ്ങിയത് യാത്രക്കാര്‍ക്ക് കാര്യമായ പരുക്കുണ്ടാകുന്നതും ഒഴിവാക്കി.


കോപ്റ്ററില്‍ നിന്ന് പുറത്തെത്തിച്ചപ്പോള്‍ ചെറുതായി നടുവേദന അനുഭവപ്പെടുന്നതായി എം. എ. യൂസഫലി പറഞ്ഞിരുന്നു. 


 പൈലറ്റിന്റെ മനസാന്നിധ്യമാണ് വന്‍ദുരന്തം ഇല്ലാതാക്കാന്‍ സഹായിച്ചത്. നാട്ടികയില്‍ പതിവായി ഹെലികോപ്റ്ററില്‍ വന്നു പോകുന്നയാളാണു യൂസഫലി.

യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക