Image

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നത് പഠിക്കാൻ ബൈഡൻ കമ്മീഷനെ നിയമിച്ചു

Published on 11 April, 2021
സുപ്രീം കോടതി  ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നത് പഠിക്കാൻ ബൈഡൻ കമ്മീഷനെ നിയമിച്ചു
വാഷിംഗ്ടൺ, ഏപ്രിൽ 10: സുപ്രീം കോടതിയിൽ കൂടുതൽ ജഡ്ജിമാർ വേണോ എന്ന് തുടങ്ങി പരിഷ്കരണങ്ങൾ ആവശ്യമോ എന്നതിനെപ്പറ്റി വിശദമായി പഠിക്കാൻ കമ്മീഷനെ നിയമിക്കുന്ന  ഉത്തരവിൽ  പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടു.

മുൻ വൈറ്റ് ഹൗസ് കോൺസൽ ബോബ്  ബോയെർ, യേൽ ലോ സ്‌കൂൾ പ്രൊഫസറും മുൻ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറലുമായ  ക്രിസ്റ്റീന റോഡ്രിഗസ് എന്നിവരുടെ അദ്ധ്യക്ഷതയിൽ ആയിരിക്കും കമ്മീഷൻ. മറ്റംഗങ്ങളും നിയമ വിദഗ്ദ്ധരാണ് 

സുപ്രീം കോടതിയിൽ ഇപ്പോൾ ഒന്പത് ജഡ്ജിമാരാണുള്ളത്. കൺസർവെറ്റിവുകൾക്കാണ് ഭൂരിപക്ഷം. കഴിഞ്ഞ വർഷം  ലിബറൽ ആയ ജഡ്ജി റൂത്ത് ബാഡർ ഗിൻസ്ബർഗ് ഒഴിഞ്ഞപ്പോൾ കൺസർവേറ്റീവ്  ആയ  എമി കോണി ബാററ്റിനെ പ്രസിഡന്റ് ട്രംപ് തിരക്കിട്ട്  നിയമിച്ചിരുന്നു. തങ്ങൾ വിജയിച്ചാൽ ജഡ്ജിമാരുടെ എണ്ണം കൂട്ടി  കണ്സര്വേറ്റീവ് ഭൂരിപക്ഷം തെറിപ്പിക്കുമെന്ന് ഡമോക്രാറ്റിക് പാർട്ടി അന്നേ  സൂചന നൽകിയിരുന്നു.

സുപ്രീം കോടതിയിലെ  പരിഷ്കരണത്തെ അനുകൂലിച്ചും  പ്രതികൂലിച്ചുമുള്ള  വാദഗതികളുടെ നിജസ്ഥിതി യോഗ്യതകളുടെയും നിയമസാധുതയുടെയും അടിസ്ഥാനത്തിൽ  വിലയിരുത്തുകയും , പ്രത്യേക പരിഷ്കരണ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയുമാണ് കമ്മീഷന്റെ ചുമതല .

കമ്മീഷൻ 180 ദിവസത്തിനുള്ളിൽ ബൈഡന് റിപ്പോർട്ട് സമർപ്പിക്കണം.

ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതിനെ  റിപ്പബ്ലിക്കൻമാർ  ശക്തമായി എതിർക്കുന്നു.

ബെഞ്ചിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനെ പിന്തുണയ്ക്കുമോ എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം ബൈഡൻ നൽകിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക