Image

വിവാദ പോസ്റ്ററുകള്‍ പുലിവാലായി; 51 കിലോയ്ക്ക് 500 രൂപ നല്‍കിയെന്ന്് ആക്രിക്കട ഉടമ

Published on 11 April, 2021
വിവാദ പോസ്റ്ററുകള്‍ പുലിവാലായി; 51 കിലോയ്ക്ക് 500 രൂപ നല്‍കിയെന്ന്് ആക്രിക്കട ഉടമ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചു നല്‍കിയ പോസ്റ്ററുകള്‍, കുറവന്‍കോണം കോണ്‍ഗ്രസ് മണ്ഡലം മുന്‍ ട്രഷറര്‍ വി.ബാലുവില്‍ നിന്നു വാങ്ങിയ ആക്രിക്കടക്കാരന്‍ വെട്ടിലായി.  51 കിലോ വരുന്ന പോസ്റ്ററുകള്‍ 500 രൂപയ്ക്ക് വാങ്ങിയ ആക്രിക്കട ഉടമ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മണികണ്ഠനു പോസ്റ്ററുകള്‍ മറിച്ചു വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

നന്തന്‍കോട് വൈഎംആര്‍ ജംക്ഷനിലെ കടയിലാണ് പോസ്റ്ററുകള്‍.  സംഭവം വിവാദമായതോടെ, പോസ്റ്ററുകളൊന്നു പോലും തല്‍ക്കാലം ആര്‍ക്കും വില്‍ക്കരുതെന്നാണ് മണികണ്ഠന് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പോസ്റ്റര്‍ വിറ്റ പരാതിയില്‍ അന്വേഷണം നടക്കുന്നതിനാലാണ് ഈ നിര്‍ദേശം നല്‍കിയതെന്നു പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍, പണം മടക്കി നല്‍കി പോസ്റ്ററുകള്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചെടുക്കുമോയെന്ന പ്രതീക്ഷയിലാണ് ഇയാള്‍.

പോസ്റ്റര്‍ വിവാദം ചൂടു പിടിച്ചതോടെ മണികണ്ഠന്റെ കടയും വാര്‍ത്തകളില്‍ ഇടം തേടി. പോസ്റ്ററുകള്‍ കാണാന്‍ പലരും ഇവിടെ എത്തുന്നുണ്ട്. 4 കെട്ടുകളുമായി വ്യാഴാഴ്ച രാവിലെ 10 ന് ബാലു കടയിലെത്തുകയും കടലാസാണെന്ന് പറഞ്ഞതായും മണികണ്ഠന്‍ പറഞ്ഞു.  "പൊട്ടിക്കാത്ത നിലയിലായിരുന്നു കെട്ടുകളെല്ലാം. ആകെ 51 കിലോയുണ്ടായിരുന്നു. കിലോയ്ക്ക് 10 രൂപ വച്ച് 500 രൂപയും അപ്പോള്‍ തന്നെ ബാലുവിന് നല്‍കി. പണം മടക്കി നല്‍കിയാല്‍ മുഴുവന്‍ പോസ്റ്ററുകളും തിരിച്ചു നല്‍കും'മണികണ്ഠന്‍ പറഞ്ഞു.

ആകെ 400 പോസ്റ്ററുകളാണ് ആക്രിക്കടയില്‍ വിറ്റതെന്നാണ് പ്രാഥമിക നിഗമനമെന്ന് സംഭവത്തെക്കുറിച്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയ ഡിസിസി വൈസ് പ്രസിഡന്റ് ഡി.അരവിന്ദാക്ഷന്‍ പറഞ്ഞു. ഒരെണ്ണത്തിന് 10 രൂപ ചെലവില്‍ അച്ചടിച്ച മള്‍ട്ടി കളര്‍ പോസ്റ്ററാണ്, കിലോയ്ക്ക് 10 രൂപയ്ക്ക്  ആക്രിക്കടയില്‍ വിറ്റത്. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ പോസ്റ്ററുകളാണ് വിറ്റതെന്നു കണ്ടെത്തിയതായും അരവിന്ദാക്ഷന്‍ അറിയിച്ചു.

പേരൂര്‍ക്കടയിലെ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നു  14 കെട്ട് പോസ്റ്ററുകളാണ് കുറവന്‍കോണം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അലങ്കരിക്കാനും പതിക്കാനുമായി അനുവദിച്ചത്.   14 കെട്ടുകളുള്ളതില്‍, 6 കെട്ടുകള്‍ നന്തന്‍കോട് വാര്‍ഡ് കമ്മിറ്റിക്ക് തിങ്കളാഴ്ച രാത്രി 8 മണിയോടെ കൈമാറി. ഇതില്‍ 2 കെട്ട് ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ ഭാഗത്തേക്കും ബാക്കി 4 കെട്ട് വി.ബാലുവിനും നല്‍കി.

പോളിങ് ബൂത്തിലേക്കുള്ള വഴിയില്‍, അന്നേ ദിവസം രാത്രി തന്നെ പോസ്റ്റര്‍ അലങ്കരിക്കാനാണ് ബാലുവിന് ലഭിച്ച നിര്‍ദേശം. അലങ്കരിച്ച ശേഷം ബാക്കി വന്ന പോസ്റ്ററുകള്‍ കെട്ടുകളാക്കി കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ സൂക്ഷിച്ചു. ഇതാണ് ഇയാള്‍ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം ആക്രിക്കടയില്‍ വിറ്റതെന്നാണ്  സംഭവം അന്വേഷിച്ച രണ്ടംഗ സമിതിയുടെ കണ്ടെത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക