-->

kazhchapadu

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

 വര -ദേവി  

Published

on

“എന്തിനെണേ ആ കുഞ്ഞി ഇങ്ങനെ വെയ്രം കൊടുക്ക്ന്നത് ?"

"കുഞ്ഞിക്ക് കുളുത്ത് വേണ്ടോലും .... ഓൾക്കിപ്പോ ദോശ കിട്ടണംന്ന്. ഞാനേട പോയിട്ടാന്ന്  ദോശ ഇണ്ടാക്കണ്ട്? ഒരൊറ്റ മണി പച്ചരിയില്ല ഈട ...! "

മകന്റെ കുട്ടിയാണ്. വാശി പിടിച്ചാൽ പിന്നെ ആരെന്തു പറഞ്ഞാലും രക്ഷയില്ല. കുട്ടികളല്ലേ അവർക്കറിയില്ലല്ലോ ലോകം മുഴുവൻ ഒരു മഹാ രോഗത്തെ പേടിച്ച് അകത്തിരിക്കുന്ന കാര്യം. രാവിലെ ദോശയും ഇഡ്ഡലിയും ഒക്കെ കഴിച്ചു ശീലിച്ച കുട്ടി കഞ്ഞിയും പുഴുക്കും ഒക്കെ എത്ര ദിവസം കഴിക്കും?

രാമ പെരുവണ്ണാൻ പറമ്പിലേക്ക് ഇറങ്ങി ഉച്ചക്കത്തെ കഞ്ഞിക്ക്ചക്ക കൊണ്ട് ഒരു മൊളീശം വെക്കാൻ പറയാം. കുഞ്ഞിക്ക് അതും പറ്റില്ല. ആ സമയത്ത് ഒരു കരച്ചിൽ കൂടി കേൾക്കേണ്ടിവരും.എൻറെ ദൈവേ.... എന്നാണ് ഈ അറുതി ഒന്ന് തീരുക? മുന്നോട്ട് ചിന്തിക്കുമ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇപ്പോൾ സർക്കാർ തന്ന അരിയും കുറച്ച് സാധനങ്ങളും ഉണ്ട് . അത് തീർന്നാൽ എന്ത് ചെയ്യും ?

ഓരോ വർഷവും കാത്തിരിക്കുന്നത് ഈ തെയ്യക്കാലത്തിനു വേണ്ടിയാണ്. തുലാം പത്തിന് തുടങ്ങി ഇടവപ്പാതിയിൽ അവസാനിക്കുന്ന തെയ്യക്കാലം ആണ് ഓരോ കോലക്കാരന്റെയും പ്രതീക്ഷ. ഒരു വർഷക്കാലത്തേക്ക് ജീവിക്കാൻ അഞ്ച് മാസത്തെ വരുമാനം..... അത് മതിയായിരുന്നു. പക്ഷേ ഈ വർഷം എല്ലാ പ്രതീക്ഷകളെയും പുതിയ മഹാമാരി കതകടച്ച് അകത്താക്കി. കാറമേൽ കാവിലെ പെരുങ്കളിയാട്ടത്തിനുള്ള  ഒരുക്കങ്ങൾ തുടങ്ങിയ സമയത്താണ്ആ മഹാവിപത്ത് നാട്ടിലെത്തിയത്. അതോടെ എല്ലാ ഒരുക്കങ്ങളും അവസാനിപ്പിച്ചു. വരച്ചു വെക്കലും അടയാളം നൽകലും കഴിഞ്ഞു വ്രതത്തിൽ ഇരുന്നതാണ്. വ്രതം പാതിയിൽ അവസാനിപ്പിച്ചു  തിരിച്ചു വരുമ്പോൾ ദൈവകോപം ഉണ്ടാവാതിരിക്കാൻ മുച്ചിലോട്ടമ്മയെ മനമുരുകി വിളിച്ചു. നെഞ്ചു പിളരുന്ന വേദനയോടെ തിരിച്ചുപോരുമ്പോൾ കണ്ണിൽ പൊടിഞ്ഞ കണ്ണുനീര് കൂടെയുള്ളവർ കാണാതിരിക്കാൻ പാടുപെട്ടു.

പ്ലാവിൽ ഇനി മൂന്നാല് ചക്ക കൂടിയേ ഉള്ളൂ. ഇതും കൂടി കഴിഞ്ഞാൽ ഇനി വയർ ഒന്നുകൂടി മുറുക്കി ഉടുക്കേണ്ടി വരും. മൂത്തത് ഒന്നു നോക്കി പറിച്ചെടുത്തു തിരികെ നടന്നു.

"കാർത്ത്യായനീ ... നീ ഇതെടുത്ത് ഒരു മെളീശം വെക്ക്. ഒരു നേരം അങ്ങനെ കയ്ച്ചിലാവും. അല്ലാ കണ്ണൻ ഓട്ത്തുണേ? ഇന്ന് ഓനെ കണ്ടിറ്റേ ഇല്ലല്ലാ..."

"ഓൻ വെളി വരുമ്പേ എറങ്ങീതാന്ന് .... ഏടയാന്ന്പ്പാ പോയിനീ ? ഇങ്ങനെ എറങ്ങി നടക്കാനൊന്നും പാടില്ലോലും . പിന്നെയീ ചെക്കൻ ഏട്ത്തേക്കാന്ന്പ്പാ ഈ ചാട്ന്ന് ?"

" എത്രയാന്ന്വെച്ചിട്ടാന്നെണേ വീട്ടില് കുത്തിയിരിക്കുന്നത് ? തെയ്യം കെട്ടീട്ടൊന്നും ഇനിയുള്ള കാലം കയ്ച്ചിലാവില്ലാന്ന് ഓന് തോന്നീറ്റ്ണ്ടാവും. വേറെ പണി വല്ലതും കണ്ടുപിടിക്കണംന്ന് ഓളോട് പറയുന്ന കേട്ടിനി . "

"അയ്ന് ഏട്ന്നിപ്പോ പണി? ഓരോ തെയ്യക്കാലം കയ്യുമ്പഴും കിട്ടുന്നതെല്ലാം ഇങ്ങനെ ചെലവാക്കി തീർക്കാണ്ട് എന്തെങ്കിലും കൊറച്ച് മീതി വെക്കണംന്ന് ഞാൻ പറയുന്നത് നിങ്ങ രണ്ടാളും കേട്ടിനാ? ഇപ്പം എന്തായി? ആ കുഞ്ഞീന്റെ വെയ്രം കൊടുക്കല് കേക്കുമ്പഴാന്ന് നെഞ്ഞ് കീറുന്നത്....."

കാർത്ത്യായനി ഉടുത്ത മുണ്ടു കൊണ്ട് മൂക്കുചീറ്റി.

"നീയൊന്ന് നിർത്തെണേ... ദൈവങ്ങൾക്ക് പോലും ഇപ്പോ ഗതിയില്ലാണ്ടായി. പിന്നാ കോലക്കാരൻ ....! "

രാമപെരുവണ്ണാൻ പടിഞ്ഞാറ്റയിൽ കടന്നു തലപ്പാളിയും ചൂടകവും ചിലമ്പും പറ്റുമ്പാടകവും ചിറകുടുപ്പും കാണി മുണ്ടും കടകവും ഒക്കെ പുറത്തെടുത്തു .ദൈവങ്ങൾ അനുഗ്രഹിച്ചാൽ അടുത്ത തുലാത്തിൽ വീണ്ടും തെയ്യം കെട്ടാം . അതു വരെ തുടച്ചു മിനുക്കിയും വെയിലു കൊള്ളിച്ചും സൂക്ഷിച്ചു വെക്കണം.

തലപ്പാളിയും ചെന്നിമലരും തലയിൽ  അണിഞ്ഞ്, മുഖത്ത് കുറ്റി ശംഖും പ്രാക്കും എഴുതി, അരിമ്പു മാലയും ഏഴിയരവും മാറിലണിഞ്ഞ്, ചുവന്ന ചെത്തി മാല ചാർത്തിയ വട്ടത്തിരുമുടി തലയിൽ വച്ച് സർവ്വാഭരണ വിഭൂഷിതയായി ചുവന്ന പട്ടുടുത്ത് ഒരു നവവധുവിനെ പോലെ ഒരുങ്ങിയിറങ്ങുന്ന മുച്ചിലോട്ടമ്മയെ രാമ പെരുവണ്ണാൻ ഉണർവിലും സ്വപ്നം കണ്ടു. പെരുംകളിയാട്ടം സ്വപ്നംകണ്ടു കഴിച്ചു കൂട്ടിയ ദിവസങ്ങൾ ദൂരെ മാറി നിന്ന് കൊഞ്ഞനം കുത്തുന്നു. ഉരിയാട്ടു കേൾക്കാൻ കാത്തു നിൽക്കുന്ന ജനസഹസ്രങ്ങൾ പകരം ശൂന്യമായി തീർന്ന തെയ്യാട്ടക്കാവുകൾ .... ഇങ്ങനെ ഒരു കാലം തന്റെ ഓർമ്മയിലേ ഇല്ല. 45 വർഷങ്ങളായി തെയ്യം കെട്ടുന്നു. ഒരിക്കൽ പോലും ഇങ്ങനെ ദാരിദ്ര്യം അനുഭവിച്ചിട്ടില്ല. ഓരോ കളിയാട്ടം കഴിയുമ്പോഴും മടിക്കുത്തിൽ മഞ്ഞൾ പുരണ്ട നോട്ടുകൾ നിറയും. സമ്പാദിച്ച് വെക്കാൻ ഒന്നും തോന്നിയിട്ടില്ല. ദൈവങ്ങൾക്ക് എന്തിനാണ് സമ്പാദ്യം എന്ന് കാർത്ത്യായനിയോട്  കളിപറഞ്ഞു. കാവുകൾ ഉള്ളടത്തോളം, ദൈവങ്ങൾ ഉള്ളിടത്തോളം പട്ടിണി ഉണ്ടാവില്ലെന്ന് ഉറച്ചു വിശ്വസിച്ചു.  ആ വിശ്വാസത്തിന്റെ അടിത്തറയാണ് ഇപ്പോൾ ഇളകി തുടങ്ങിയത് .അടയാളം തന്നപ്പോൾ നൽകിയ ദക്ഷിണ ക്ഷേത്രത്തിൽ തന്നെ തിരിച്ചേൽപ്പിച്ചു. കെട്ടാത്ത കോലത്തിനു ദക്ഷിണ വേണ്ട . കൈയിലുള്ളതെല്ലാം തീർന്നു. ഇനിയങ്ങോട്ട് എങ്ങനെ ? ഒരു മഹാ രോഗത്തിന് ലോകത്തെ  എങ്ങനെയൊക്കെ മാറ്റാൻ കഴിയുമെന്ന് ഇതോടെ എല്ലാവരും പഠിച്ചു.

" ഗുണം വരണം പൈതങ്ങളേ .... ഗുണം വരണം ! "

ഉള്ളിൽ മഞ്ഞളും അരിയും വാരിയെറിഞ്ഞ് അനുഗ്രഹം ചൊരിഞ്ഞ് തെയ്യക്കോലങ്ങൾ ഉറഞ്ഞു തുള്ളി.

“ തന്തയ്ക്കും തറവാടിനും മേലാക്കത്തിനും മേൽഗൃഹത്തിനും ഗുണം വരണേ ..... ഗുണം വരണം !”

ലോകത്തിനു മുഴുവൻ അനുഗ്രഹം ചൊരിഞ്ഞ് പുതിയ ഭഗവതി ഉറഞ്ഞാടുന്നു.വസൂരി രോഗം മാറ്റാൻ ശിവഭഗവാൻ സൃഷ്ടിച്ചവൾ .കോഴിയും കുരുതിയും തന്നു ദാഹം തീർത്താൽ ഈ പുതിയ രോഗത്തെയും മാറ്റി തരുമോ ഭഗവതീ.......? അതോ ഈ കോവിഡിനെ ഇല്ലാതാക്കാൻ ഇനി ഒരു ദൈവം കൂടി അവതരിക്കേണ്ടി വരുമോ? വിത്തും വിളയും കാക്കാൻ, കാലികളെ കാക്കാൻ , നാടിനെയും നാട്ടാരെയും കാക്കാൻ, രോഗങ്ങൾ മാറ്റാൻ .... അങ്ങനെ എന്തിനും ഏതിനും കൂടെയുള്ള മുപ്പത്തിമുക്കോടി ദൈവങ്ങൾക്കും ഒരു കുഞ്ഞു വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നോ? ഞങ്ങൾ ഇനി എന്തു ചെയ്യും ദൈവേ.....? രാമ പെരുവണ്ണാന്റെ കാലുകൾ  കനലിൽ ചവിട്ടിയാൽ എന്നപോലെ പൊള്ളി .നെഞ്ചിൽ തീപ്പന്തങ്ങൾ ആളി ...!

പടിഞ്ഞാറ്റയുടെ മൂലയിൽ മഞ്ഞൾപ്പൊടിയും മനയോലയും ചായില്യവും അനാഥമായി കിടന്നു. കയ്യിൽ ബാക്കിയുണ്ടായിരുന്ന പണം കൊടുത്തു കോഴിക്കോട് പോയി വാങ്ങിക്കൊണ്ടുവന്നതാണ്. എല്ലാം വെറുതെയായി .....! മനയോല ചാലിച്ച് വിശപ്പകറ്റാൻ പറ്റില്ലല്ലോ ....!

" അച്ഛാ ....." - കണ്ണനാണ്.

“ നീ ഏടയാ പോയത് ? പൊറത്തൊന്നും എറങ്ങി നടന്നൂടാന്ന് അറിയില്ലേ നിനക്ക്? "

" ഇവിടെയിങ്ങനെ മേലോട്ട് നോക്കിയിരുന്നാ എന്തേലും ഗുണമുണ്ടോ? അച്ഛൻ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേക്കണം. ഇനി ഈ കൊല്ലം ഏടെയും കളിയാട്ടം ഉണ്ടാവില്ല. അടുത്ത തുലാം വരെ നമ്മൾ എങ്ങനെ ജീവിക്കും?"

"ഞാനും അത് തന്നാ ചിന്തിക്കുന്നത് ... "

"അച്ഛാ ഇനി ഒരു വഴിയെ നമ്മുടെ മുമ്പിലുള്ളൂ. തെയ്യം ഒരു കലയാണ് . ഇനി അതിനെ അങ്ങനെ കാണാൻ പഠിക്കണം. "

"നീയെന്ത്ന്നാ പറഞ്ഞ് വര്ന്നത്  ?"

“അതായത് ഒരു കലാരൂപമെന്ന നിലയിൽ വിദേശികളുടെ മുൻപിലൊക്കെ കെട്ടിയാടിയാൽ മാത്രമേ നമുക്ക് ഇനി  രക്ഷപ്പെടാൻ പറ്റൂ. അടുത്ത തെയ്യക്കാലം വരെ പട്ടിണി കിടക്കാതിരിക്കാൻ വേറെ വഴിയൊന്നുമില്ല. ആചാരങ്ങളെയും കെട്ടിപ്പിടിച്ചിരുന്നാൽ ജീവിക്കാൻ വേറെ വഴിയൊന്നും ഇല്ലെന്ന് അച്ഛൻ മനസ്സിലാക്കണം. കൊച്ചിയിൽ ജോലിയുള്ള സുമേഷിനെ ഞാൻ കണ്ടിരുന്നു. അവിടെ വിദേശ ടൂറിസ്റ്റുകളുടെ ഇടയിലൊക്കെ ഇത്തരം കലാരൂപങ്ങൾക്ക് നല്ല ഡിമാൻഡാണ്. "

"എന്റെ ദൈവേ...." - രാമപ്പെരുവണ്ണാന് തൊണ്ടയിടറി.

“നീയെന്ത്ന്നാടാ ഈ പറയുന്നത്? നമ്മളെ ദൈവങ്ങളെ വിക്കാനോ ? ഇല്ല...! പട്ടിണി കിടന്ന് ചത്താലും ഞാനത് ചെയ്യില്ല. "

“എന്നാ പട്ടിണി കിടന്ന് ചത്തോ...! പക്ഷേ എന്നെക്കൊണ്ട് കയ്യൂല....എന്റെ കുഞ്ഞിപൈയ്ച്ചിറ്റ്വെയ്രം കൊടുക്കുന്നത് കേട്ടു നിക്കാൻ കയ്യില്ലെനിക്ക് ...! പലചരക്കു കടയിൽ നിന്ന് കുറച്ചു സാധനം കടം ചോദിച്ചപ്പോ ദൈവങ്ങക്കും വിശക്കുമോ എന്ന് ചോയ്ച്ച് ആ ദാസൻ എന്റെ തൊലിയുരിച്ചു. എനക്ക് കയ്യൂല ഇനി ഇങ്ങനെ നാണം കെടാൻ ...! "

ഉറഞ്ഞുതുള്ളി കണ്ണൻ പുറത്തേക്ക് പോകുന്നത് നെഞ്ചിടിപ്പോടെ രാമൻ പെരുവണ്ണാൻ നോക്കിയിരുന്നു. അയാളുടെ ഉള്ളിൽ ഒരു മേലേരി കത്തിപ്പടർന്നു. കനൽക്കട്ടകളുടെ ചൂടിൽ ഉരുകി തളർന്ന് അയാൾ താഴേക്കിരുന്നു. വാളും ചിലമ്പും കുലുക്കി തെയ്യങ്ങൾ അയാൾക്ക് നേരെ പാഞ്ഞടുത്തു. വാളു കൊണ്ട് അയാളുടെ നെഞ്ചിൽ ആഞ്ഞു വെട്ടി . പന്തം കൊണ്ട് കുത്തി . മുന്നിൽ ഭക്തിയോടെ തൊഴുതു നിന്ന ജനങ്ങൾ അയാളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.

*  "വില്ലാപുരത്ത് കോട്ടപ്പടിക്ക് തീ  കൊടുത്തു

നാലുഭാഗം ഭൂതത്താന്മാർ  കാവൽ 

നാലുഭാഗം തീ കൊടുത്തു നടുവിൽ പീഠമിട്ടു

നൃത്തമാടി അട്ടഹാസം മൂന്നല്ലോ വിളി കൊടുത്താരേ ....."

പള്ളിയറയ്ക്കു മുന്നിലെ അട്ടഹാസവും ചിലമ്പൊച്ചയും കേട്ടാണ് അയൽക്കാർ പുറത്തിറങ്ങിയത്. പള്ളിയറക്കു മുന്നിൽ ഒടയിൽ നാലു ഭാഗത്തും പന്തം കൊളുത്തി രാമൻ പെരുവണ്ണാൻ പുതിയ ഭഗവതിയായി ഉറഞ്ഞാടുന്നു.

“ തന്തയ്ക്കും തറവാടിനും മേലാക്കത്തിനും .മേൽഗൃഹത്തിനും ഗുണം വരണേ ..... ഗുണം വരണം ...ഓ..ഹോയ് ! "

" നാട്ടുപുതിയവൾ നിങ്ങളെ കാത്തു രക്ഷിക്കും പൈതങ്ങളേ :- വയലത്തൂർ കാലിയാർ തിരുമുടി നല്ലച്ഛൻ കനിഞ്ഞു തന്നോരു വിത്തും വിളയും നിങ്ങൾക്ക് വേണ്ടി ഞാൻ കാത്തുസൂക്ഷിക്കും പൈതങ്ങളേ ...."

"എന്റെ ദൈവേ.... ഇത് എന്ത്ന്നാ നിങ്ങ കാണിക്കുന്നത് ?" - കാർത്ത്യായനി നിലവിളിച്ചു.

"സദാ സ്വയം കത്തിയെരിയുന്നുണ്ടെങ്കിലും എന്നും പുതിയവളായി വന്ന് അനുഗ്രഹിച്ചു പോന്നിട്ടില്ലേ ? മേലിലും അങ്ങനെ തന്നെ ചെയ്യുന്നുണ്ട്. "

ഉരിയാട്ട് കേട്ട് കൂടുതൽ കത്തിയെരിഞ്ഞ പന്തങ്ങളുടെ ചൂടിൽ ഉടുത്ത കുരുത്തോലകൾ കരിഞ്ഞു.

 "എത്ര സ്വയം കത്തിയെരിഞ്ഞാലും ഞാൻ എന്നും പുതിയവളാണ്.....!" പുതിയ ഭഗവതി അലറി .

അപ്പോൾ അടച്ചിട്ട കാവുകളിലും കഴകങ്ങളിലും, പൊയ്മുഖങ്ങൾക്കു മുകളിൽ സർജിക്കൽ മാസ്ക് കെട്ടിയ ദൈവങ്ങൾ അനാഥരായി ഉഴറി നടന്നു......!!!
-------------------------------------
* പുതിയ ഭഗവതിയുടെ തോറ്റം പാട്ടിൽ നിന്ന്.
*പുതിയ ഭഗവതി വസൂരി രോഗം മാറ്റാൻ അവതരിച്ച ഭദ്രകാളിയാണെന്നാണ് വിശ്വാസം.
----------------------
ജിഷ കെ റാം.

കണ്ടംകോവിൽ കുഞ്ഞിരാമന്റെയും ചിന്നമ്മയുടെയും മകൾ. കണ്ണൂർ സ്വദേശിനി . ഇപ്പോൾ എറണാകുളം ജില്ലയിൽ താമസിക്കുന്നു. മലയാള സാഹിത്യത്തിൽ  കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദവും, എംജി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ബിഎഡും നേടി. കോലഞ്ചേരി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്കൂളിൽ മലയാളം അധ്യാപിക 

Facebook Comments

Comments

 1. Dilshith Girish

  2021-04-16 17:05:46

  നല്ല കഥ. ഹൃദയത്തിൽ തൊട്ട കഥ.

 2. സമകാലിക ജീവിതനുഭവങ്ങളുടെ നേർക്കഴ്ച.ധന്യതയുടെ തെയ്യാട്ടവും , പെരുങ്കളിയാട്ടവും, ശൂന്യമായ തെയ്യാട്ടക്കാവുകളും,ദാരിദ്ര്യം അനുഭവിക്കുന്ന, അതിജീവനത്തിന്റെ മനോഹരമായ ആവിഷ്ക്കാരം, ലളിതവും, ദാർശിനികമൂല്യവും,നന്മയും, സ്വപ്നവും. ഇഴചേർന്ന് പ്രത്യാശയുടെ വെളിച്ചം നൽകുന്ന കഥ. കഥയിൽ തെളിയുന്ന മാനുഷിക ഭാവങ്ങൾ, ഒരു മഹാമാരി സൃഷ്‌ടിച്ച അവസ്ഥാവിശേഷം ജീവിത സ്പർശിയായി അടയാളപ്പെടുത്തുന്ന സ്വാഭാവികാവിഷ്ക്കാരത്തിനു പ്രാധാന്യം നൽകുന്നു ഈ കഥ മനോഹരമായി ആവിഷ്കരിച്ച ജിഷ. കെ. റാം. ടീച്ചർക്ക് അഭിനന്ദനങ്ങൾ👌👌 🙏🙏🌹🌹❤❤

 3. Devananda S. Pillai

  2021-04-14 15:53:13

  വളരെ അർഥവത്തായ, നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെ വളരെ നന്നായി വിവരിച്ചിട്ടുള്ള, നമുക്ക് അറിയാവുന്ന ആരുടെയോ കോവിഡ് കാല ജീവിതവുമായി അടുത്ത ബന്ധമുണ്ട്. ഈ കഥക്ക് ഒരു 'ലൈഫ്' ഉണ്ട്. ഈ കഥയുടെ പ്രമേയത്തിലേയും അവതരണത്തിലേയും വ്യത്യസ്തത മൂലം ഈ കഥ മുഴുവൻ മാർക്കും വാങ്ങാൻ അർഹതയുള്ളതുതന്നെയാണ്. അതിനാൽ ഈ കഥയ്ക്കും ഈ കഥ എഴുതിയ ജിഷ ടീച്ചർക്കും ഞാൻ കൊടുക്കുന്ന മാർക്ക് -10/10...

 4. RAJU THOMAS

  2021-04-14 12:56:04

  Very good, indeed! And brave! Besides, the technical terms pertaining to the art form presented are exact. ഈ കഥാമത്സരം പൊലിക്കുന്നുണ്ട്. എല്ലാ കഥകളും വളരെ നല്ലത്--ഒന്നിനൊന്ന് മെ ച്ചം. അതുകൊണ്ടുതന്നെ മാർക്കിടുന്നത് ദുഷ്‌കരമായിരിക്കും. എന്നാൽ, ഇതിനുമുമ്പുവന്ന കഥകളിലെല്ലാംതന്നെ തെറ്റുകളുണ്ട്. ഭാഷ എഴുതുന്നിൽ നിഷ്‌കർഷ പാലിക്കണം. [ഉദാ: എവിടാണ് 'ഉ' 'സംവൃത'മാകുന്നത്, അക്ഷരം ഇരട്ടിക്കേണ്ടത്, വാക്കുകൾ അകന്നോ കൂടിച്ചേർന്നോ? അതുപോലെ, ... എന്ന English Ellipsis-നു പകരം നാലും അഞ്ചും കുത്തുകൾ, രണ്ടും മൂന്നും !/?.] പക്ഷേ, തെറ്റ് അറിയാൻ ഭാഷ അറിയണം. ഇനി അതൊക്കെ പഠിച്ചെ ടുക്കാൻ പ്രയാസമായിരിക്കെ, വല്ലപ്പോഴുമെങ്കിലും മാതൃഭൂമി, മനോരമ ആദിയായ ദിനപ്പത്രങ്ങളിലെ വാർത്തകളോ മുഖപ്രസംഗങ്ങളോ വായിക്കുക. അല്ലാതെ, പുരസ്കാരങ്ങളുടെ ബലത്തിൽ, വായിച്ചുവളരാൻ ശ്രമിക്കുന്നവരുടെ മലയാളം വികൃതമാക്കരുത്.

 5. Athul

  2021-04-14 10:46:47

  Nice story

 6. REKHA JAIMON

  2021-04-14 10:36:21

  വളരെ മികച്ച കഥ..... കണ്ണും ഹൃദയവും നിറച്ചു. 10/10 മാർക്കും അർഹിക്കുന്നു.

 7. Subash Babu

  2021-04-14 10:34:42

  Super story 10/10

 8. Jaison

  2021-04-14 08:57:30

  ഒരു കാലഘട്ടത്തിന്റെ കഥ.. തികച്ചും സാധാരണക്കാരുടെ അവസ്ഥയുടെ നേർ രേഖ.. ഒരു തെയ്യ കുടുംബത്തിന്റെ മാത്രം അല്ല.. ഒരു മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന അനേകരുടെ കഥ.. ഇതു കഥ അല്ല.. ജീവിതം തന്നെ.. നന്നായി വരച്ചു കാട്ടിയിരിക്കുന്നു ജിഷ.. അഭിനന്ദനങ്ങൾ...

 9. Maneesha NS

  2021-04-14 08:08:49

  Nice story 👌👌10/10

 10. ORU READER BOY 🔥

  2021-04-14 07:11:16

  Superb story

 11. MTNV

  2021-04-13 15:22:13

  This is blasphemy to write God is an orphan. God Almighty is the maker & keeper of everything in this Universe. He turned the sky blue in honour of his Holy Mother's blue garment. He hung the stars for her to look at them and enjoy. Those who trust in God & His Mother will be always safe. Shame on those who imitate me. If you keep doing it, I will quit and will never come back

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

View More