Image

അമേരിക്കന്‍ ചുവപ്പുനാട (ഒരു അനുഭവ കഥ: തോമസ് കൂവള്ളൂര്‍)

Published on 13 April, 2021
അമേരിക്കന്‍ ചുവപ്പുനാട (ഒരു അനുഭവ കഥ: തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഏറ്റവും വലിയ ശാപം അധികാരവര്‍ഗ്ഗത്തിന്റെ ചുവപ്പുനാടയാണ്. സാധാരണക്കാരെ സംബന്ധിച്ചടത്തോളം അധികാരവര്‍ഗത്തിന്റെ ചുവപ്പുനാടയ്ക്ക് ഇരയാവുക എന്നത് അവരുടെ ആയുസ് വെട്ടിച്ചുരുക്കുന്നതിന് തുല്യമാണ്. കോവിഡ് 19 എന്ന മഹാമാരിയുടെ വരവോടെ അധികാരത്തിന്റെ ചുവപ്പുനാട ശരിക്കും അനുഭവപ്പെട്ടുതുടങ്ങി എന്ന് അനുഭവസ്ഥരായ പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇത്രയും എഴുതിയപ്പോള്‍ വായനക്കാര്‍ക്ക് ചുവപ്പുനാട എന്താണെന്നും ആരാണ് അതിന് ഉത്തരവാദികളായ അധികാരവര്‍ഗ്ഗമെന്നും തോന്നിയേക്കാം. അമേരിക്ക ജനാധിപത്യ രാജ്യമാണെന്നും അവിടെ അധികാരവര്‍ഗ്ഗത്തിന് യാതൊരു സ്വാധീനവുമില്ലെന്ന് വാദിക്കുന്നവരും കണ്ടേക്കാം.  ഈ രണ്ട് പദപ്രയോഗങ്ങളെപ്പറ്റിയും കൂടുതല്‍ അറിയേണ്ടവര്‍ക്ക് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നൂറുകണക്കിന് ഉദാഹരണങ്ങള്‍ യുട്യൂബിലൂടെ കാണാനും സാധിക്കും.

ഇനി എന്താണ് സംഭവിച്ചതെന്നു പറയട്ടെ. അമേരിക്കയില്‍ സ്വന്തമായി വീടുള്ളവര്‍ക്ക് പ്രോപ്പര്‍ട്ടി ടാക്‌സ് കൊടുക്കണം. ഇക്കഴിഞ്ഞ ഒമ്പതാം തീയതി ഞാന്‍ താമസിക്കുന്ന വീടിന്റെ കൗണ്ടി പ്രോപ്പര്‍ട്ടി ടാക്‌സ് കൊടുക്കേണ്ട അവസാന ദിവസമായിരുന്നതിനാല്‍ ഏതാനും ദിവസം മുമ്പേ ഓണ്‍ലൈനിലൂടെ പണമടച്ച് സ്വസ്ഥമാകാമല്ലോ എന്നു ഞാന്‍ കരുതി. കോവിഡ് 19 തുടങ്ങുന്നതിനു മുമ്പ് ഞാന്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ യോങ്കേഴ്‌സിന്റെ സിറ്റി ഹാളില്‍ നേരിട്ടുകൊണ്ടുപോയി ടാക്‌സ് കളക്ടര്‍മാരുടെ കയ്യില്‍ ചെക്ക് കൊടുത്ത് രസീത് വാങ്ങുകയായിരുന്നു പതിവ്. കോവിഡ് വന്നശേഷം ഒന്നു രണ്ടു തവണ ക്രെഡിറ്റ് കാര്‍ഡ് വഴി കൊടുത്തപ്പോള്‍ അതിന് ലോകത്തിലെങ്ങുമില്ലാത്ത ഫീസ്- 100 ഡോളര്‍. അതായത് ഏഴായിരത്തി മുന്നൂറ് രൂപയോളം ചാര്‍ജ് ചെയ്തതായി കണ്ടു. റിട്ടയര്‍മെന്റില്‍ വരുമാനമെല്ലാം നിലച്ച് കുഴിയിലേക്ക് കാല്‍നീട്ടിയിരിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് 100 ഡോളര്‍ വലിയൊരു തുകയാണ്.

ഇത്തവണ ക്രെഡിറ്റ് കാര്‍ഡ് കൊടുക്കാതെ ഓണ്‍ലൈനിലൂടെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്നും കൊടുക്കാമെന്ന് തീരുമാനിച്ചു. ഒരു സീനിയര്‍ സിറ്റിസണ്‍ ആയ ഞാന്‍ ഓണ്‍ലൈന്‍ പരിപാടി നടത്താന്‍ അത്ര എക്‌സ്‌പേര്‍ട്ട് അല്ലെന്നു പറഞ്ഞുകൊള്ളട്ടെ. അതിനാല്‍ വളരെ സൂക്ഷിച്ച് എന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും സിറ്റിയുടെ അക്കൗണ്ടിലേക്ക് തുക മാറ്റി. ചെറിയ തുകയൊന്നുമല്ല പ്രോപ്പര്‍ട്ടി ടാക്‌സ് എന്നോര്‍ക്കണം. ലോകത്ത് ഇത്രയും ടാക്‌സ് ഈടാക്കുന്ന ഒരു രാജ്യം വേറേ ഉണ്ടോ എന്നു തോന്നുന്നില്ല. എന്റെ ഒരു തവണത്തെ ടാക്‌സ് 1250 ഡോളര്‍. ഇനിയും പല തവണ കൊടുക്കണം.

തുക ബാങ്ക് അക്കൗണ്ടില്‍ നിന്നും മാറ്റി കുറെ നേരം നോക്കിയിട്ടും അതു കിട്ടിയതായി ഇമെയിലിലൂടെ രസീത് വന്നു കണ്ടില്ല. അതുകൊണ്ട് ഒരു തവണ കൂടി പരീക്ഷിച്ചു. രസീതും കിട്ടി. രണ്ടു ദിവസം കഴിഞ്ഞ് ബാങ്ക് അക്കൗണ്ട് ചെക്ക് ചെയ്തപ്പോള്‍ ചങ്കിടിച്ചുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. രണ്ടു തവണയും പണം ബാങ്കില്‍ നിന്നു പോയി. എന്റെ ബാങ്ക് അക്കൗണ്ട് കാലിയായി എന്നതാണ് സത്യം.

ഇത്തരത്തിലുള്ള ഒരു സംഭവം സാധാരണക്കാര്‍ക്ക് ഉണ്ടാകാതിരിക്കട്ടെ എന്നു ഞാനാശിക്കുന്നു. ഉടന്‍തന്നെ ഞാന്‍ സിറ്റി ഓഫ് യോങ്കേഴ്‌സിലെ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത അധികാരി പറയുന്നു ആറു മാസം നോക്കിയിരിക്കണമെന്ന്. എന്റെ സമചിത്തത വെടിയാതെ ഞാന്‍ പറഞ്ഞു എനിക്കത്രയും കാലം നോക്കിയിരിക്കാന്‍ പറ്റില്ല. എത്രയും വേഗം എന്റെ പണം തിരികെ തരാനുള്ള നടപടി യജമാനന്‍ ചെയ്യണം. അപ്പോള്‍ പറഞ്ഞു. സിറ്റിയുടെ ഉദ്യോഗസ്ഥന്മാരല്ല പണം കൈകാര്യം ചെയ്യുന്നത് ഇടനിലക്കാരായ ഏജന്‍സിയാണെന്ന്. എന്നു തന്നെയല്ല കൗണ്ടി ടാക്‌സാണിത്. അത് കൗണ്ടിയില്‍ ചെന്നശേഷം അന്വേഷണവും കഴിഞ്ഞ് ഏറ്റവും വലിയ യജമാനന്റെ അനുവാദവും ലഭിച്ചെങ്കില്‍ മാത്രമേ തുക എനിക്ക് കിട്ടാനുണ്ടെങ്കില്‍ അനുവദിച്ചുകിട്ടുകയുള്ളൂ എന്ന് പറഞ്ഞു.

ഇത്രയും കാര്യം അധികാരിയുടെ വായില്‍ നിന്നും കേട്ടപ്പോള്‍ സംഗതി പന്തിയല്ലെന്ന് എനിക്കു തോന്നി. സിറ്റിയുടെ ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ഫോണ്‍ ബന്ധിപ്പിച്ചുതരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. നിയമ വിദഗ്ധന്‍ പറഞ്ഞു ഇത് സിറ്റിയുടെ ടാക്‌സ് അല്ല, കൗണ്ടി ടാക്‌സാണ്. അതിനാല്‍ ഞാന്‍ താമസിക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിളിക്കാന്‍ പറഞ്ഞു. അവിടെ വിളിച്ചപ്പോള്‍ ഒരു സ്ത്രീയാണ് ഫോണ്‍ എടുത്തത്. യജമാനന്‍ സ്ഥലത്തില്ലെന്നും പിറ്റെ ദിവസം എന്നെ വിളിക്കുമെന്നും പറഞ്ഞു.

പിറ്റെ ദിവസം കൗണ്ടിയില്‍ രാവിലെ 9 മണിക്കുതന്നെ വിളിച്ചപ്പോള്‍ മറ്റൊരുത്തിയാണ് എടുത്തത്. അവള്‍ പറഞ്ഞു പരാതിയുണ്ടെങ്കില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷനിലാണ് പരാതിപ്പെടേണ്ടത്. ഞാന്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തരാന്‍ പറഞ്ഞെങ്കിലും അവള്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അവിടെ ആളില്ല. അല്പം സ്വരമുയര്‍ത്തി ഞാന്‍ സംഭവം ചുരുക്കിപ്പറഞ്ഞു. എന്റെ ഫോണ്‍ നമ്പരും കൊടുത്തു. ഏതായാലും ഒരുത്തന്‍ തിരികെ വിളിച്ചു എനിക്ക് മെസേജ് ഇട്ടു. ഞാന്‍ തിരിച്ചുവിളിക്കുമ്പോള്‍ അയാളില്ല. അങ്ങനെ നാലഞ്ചു തവണ ഞാന്‍ മെസേജ് ഇട്ടു. ഫോണ്‍ എടുക്കുന്നില്ല. കുറെ കഴിയുമ്പോള്‍ അജ്ഞാതമായ ഏതോ ഫോണില്‍ നിന്നും എനിക്ക് മെസേജ് ഇടും. ഞാന്‍ തിരിച്ചുവിളിക്കും. അയാളില്ല. അപ്പോള്‍ എനിക്ക് തോന്നി കക്ഷി ഫ്‌ളോറിഡയിലെങ്ങാനും വെക്കേഷന് പോയതായിരിക്കാം. അതുകൊണ്ടാണ് നമ്പരില്ലാത്ത ഫോണില്‍ നിന്നും വിളിക്കുന്നത്. ഒടുവില്‍ അയാളെ കിട്ടി. അയാള്‍ പറഞ്ഞു. രക്ഷയില്ല. പണം വാങ്ങിയിരിക്കുന്നത് ഏജന്‍സിയാണ്. അതും സിറ്റിയുടെ പേരില്‍. സിറ്റിയെത്തന്നെ വിളിക്കുക- അവര്‍ പറയുന്നത് കേള്‍ക്കുക.

ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ ഒരു സാധാരണക്കാരനായ എനിക്കുണ്ടായ വികാര വിക്ഷോഭങ്ങള്‍ വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. ഇതാണ് അമേരിക്കന്‍ അധികാരവര്‍ഗ്ഗത്തിന്റെ ചുവപ്പുനാട. ഇന്നു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചുവപ്പുനാട നിലനില്‍ക്കുന്ന രാജ്യം അമേരിക്കയാണ് എന്നുള്ളതാണ് സത്യം. യോങ്കേഴ്‌സ് എന്ന സിറ്റി ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ആണെങ്കിലും സ്ഥിരം ജീവനക്കാരായ, തത്വദീക്ഷയില്ലാത്ത, വിവരംകെട്ട അധികാരവര്‍ഗ്ഗമാണ്. അവരുടെ ചുവപ്പുനാടയ്ക്ക് അറുതിവരുത്തണമെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ മേയര്‍, സിറ്റി കൗണ്‍സില്‍ എന്നിവര്‍ക്ക് പരാതി കൊടുത്തെങ്കില്‍ മാത്രമേ ഇത്തരക്കാരുടെ മേല്‍ക്കോയ്മയ്ക്ക് അറുതി വരുത്താന്‍ പറ്റുകയുള്ളൂ എന്നു നേരത്തെ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു.

സിറ്റിക്ക് ടാക്‌സ് പറയുന്ന ദിവസം കൊടുത്തില്ലെങ്കില്‍, ഒരു ദിവസം താമസിച്ചാല്‍ 15 ശതമാനം പലിശ വച്ച് ഈടാക്കും. അതേസമയം സാധാരണക്കാരന്റെ പണം ഉദ്യോഗസ്ഥവര്‍ഗ്ഗത്തിന്റെ കൈയ്യില്‍ കിട്ടിയാല്‍ അവര്‍ക്ക് തോന്നുമ്പോള്‍ തരും. ഇതാണ് ചുവപ്പുനാട.

എന്റെ പണം കൃത്യമായ സമയത്ത് കിട്ടിയില്ലെങ്കില്‍ ഞാന്‍ കൊടുത്തിരിക്കുന്ന ചെക്കുകളെല്ലാം     ബൗണ്‍സായി പോകുമെന്നും, എത്രയും വേഗം അത് തിരികെ പിടിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്നും, മേല്‍പ്പറഞ്ഞ മനസാക്ഷിയില്ലാത്ത അധികാര വര്‍ഗ്ഗത്തിന്റെ പിറകെപോയിട്ട് കാര്യമില്ലെന്നും ഞാന്‍ മനസിലാക്കി. കൈയില്‍ കാശ് കിട്ടിയവന്‍ തരുകയില്ലെന്നും അവന്റെ പിറകെ പോയിട്ട് കാര്യമില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഉടനെ, രണ്ടാം ദിവസം വൈകിട്ട് തന്നെ എന്റെ ബാങ്കിന്റെ ഉത്തരവാദിത്വപ്പെട്ട അധികാരിയുമായി ബന്ധപ്പെട്ട് പരാതി നല്‍കി. ഞാന്‍ ഒരു സീനിയര്‍ സിറ്റിസണ്‍ ആണെന്നും, സിറ്റിയില്‍ നിന്നോ, കൗണ്ടിയില്‍ നിന്നോ പണം കിട്ടിവരണമെങ്കില്‍ ആറുമാസം നോക്കിയിരിക്കേണ്ടിവരുമെന്നും പരാതി നല്‍കി. ആ ഉദ്യോഗസ്ഥ പറഞ്ഞു ധൈര്യമായിരിക്കുക- രണ്ട് ദിവസത്തിനുള്ളില്‍ പണം തിരികെ കിട്ടിയിരിക്കും. എന്നു തന്നെയല്ല ഞാന്‍ പറഞ്ഞ നിമിഷം തന്നെ തുക എന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതായിരിക്കും.

ഇത്രയും കേട്ടപ്പോള്‍ എനിക്ക് ആശ്വാസമായി. എങ്കിലും സിറ്റി ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരിക്കല്‍ക്കൂടി വിളിച്ച്, പണം കിട്ടിയ വിവരം പറയാതെ തന്നെ, ഒരു പരാതി ഫയല്‍ ചെയ്തു. എനിക്ക് പറയാവുന്ന രീതിയില്‍ മാന്യമായ ഒരു താക്കീതും കൊടുത്തു. സിറ്റി തുടര്‍ന്നുപോരുന്ന നയം തെറ്റാണെന്നും  ഇതിനു മാറ്റം വരുത്താന്‍ പോരാടുമെന്നും ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു. ഒടുവിലാണറിയുന്നത് രണ്ടുലക്ഷം പേര്‍ താമസിക്കുന്ന യോങ്കേഴ്‌സ് സിറ്റിയില്‍ 400-ഓളം പ്രൈവറ്റ് ഏജന്‍സികളുണ്ടെന്ന്. ഈ ഏജന്‍സികളെ, അതായത് മധ്യവര്‍ത്തികളെ ഒഴിവാക്കിയെങ്കില്‍ മാത്രമേ സാധാരണക്കാര്‍ക്ക് ടാക്‌സ് ഇളവ് വരുകയുള്ളൂ. അതിനായി പോരാടണമെങ്കില്‍ സാധാരണക്കാരും സിറ്റിയുടെ ഭരണത്തില്‍ പങ്കാളികളായേ മതിയാവൂ. എന്നാല്‍പറ്റുംവിധം അതിനായി പോരാടാനും ഞാന്‍ തീരുമാനിച്ചു.

-തോമസ് കൂവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക