Image

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

Published on 13 April, 2021
ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)
ആത്മഹത്യ ഒരിക്കലും ധീരമായ തീരുമാനമല്ല. മനസ്സ് കൈവിടുന്നതോടെയാകാം ഒരാൾ ജീവിതം അവസാനിപ്പിക്കുന്നത്. എന്തിനു വേണ്ടി അത് ചെയ്തു, പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുണ്ടോ എന്നു തുടങ്ങി അനേകം ചോദ്യങ്ങളാണ് ഏതൊരു വ്യക്തി ആത്മഹത്യ ചെയ്‌തെന്ന വാർത്ത കേൾക്കുമ്പോഴും സമൂഹം ചോദിക്കുന്നത്. 

കുടുംബത്തെക്കുറിച്ച് ഓർക്കാമായിരുന്നില്ലേ എന്ന് സഹതാപത്തിൽ പൊതിഞ്ഞ ഒരു വരിയും കൂടെ ചേർക്കും. ശരിയാണ്! ആത്മഹത്യ ചെയ്യുന്ന വ്യക്തിയുടെ മാനസിക സംഘർഷത്തോളം തന്നെ പ്രധാനമാണ്, അവർ അവശേഷിപ്പിക്കുന്ന ബന്ധങ്ങളുടെ കണ്ണികൾ ഒരായുഷ്കാലം പേറേണ്ടി വരുന്ന വിങ്ങൽ. 

കനെ നഷ്ടപ്പെട്ട മാതാപിതാക്കൾ, ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യ, അച്ഛനെ നഷ്ടപ്പെട്ട മകൾ, സഹോദരനെ നഷ്ടപ്പെട്ട സഹോദരി അങ്ങനെ കുടുംബാംഗം ആത്മഹത്യ ചെയ്തതിലൂടെ ശൂന്യത അനുഭവിക്കുന്നവരുടെ സങ്കടങ്ങൾക്ക് കാതോർക്കുന്നവരുണ്ടോ? ആത്മഹത്യ ചെയ്തവർ മരണത്തെ മുഖാമുഖം കാണുന്ന നേരം അനുഭവിച്ച പിടച്ചിൽ, അവരുടെ ഉറ്റവർക്ക് ശിഷ്ടകാലം അനുഭവിക്കേണ്ടി വരും.  ആ വിഭാഗത്തിന് മാനസികമായ പിൻബലം കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

ന്യൂജേഴ്‌സിയിൽ സൈക്യാട്രിക് അസോസിയേഷൻ മുൻ പ്രസിഡന്റ് വാസുദേവ് എൻ. മഖീജ സ്ഥാപിച്ച 'സംഹിൻ' (South Asian Mental Health Initiative & Network) എന്ന സംഘടനയുടെ ഭാഗമായി 'ജനനി' എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചിരിക്കുന്നത് ആ ഉദ്ദേശത്തോടെയാണ്. 

ജനനി സൂയിസൈഡ് ലോസ് സർവൈവർ സപ്പോർട്ട് ഗ്രൂപ്പിലെ ഓരോ അംഗത്തിനും പറയാനുള്ളത് അതിജീവനത്തിന്റെ കഥകളാണ്. പ്രിയപ്പെട്ടവർ തങ്ങളെ വിട്ട് മറ്റൊരു ലോകത്ത് പോയപ്പോൾ പകച്ചുനിന്നിടത്ത് നിന്ന്, എല്ലാം അവസാനിച്ചെന്ന തോന്നലിൽ നിന്ന്- ജീവിതത്തിൽ പിടിച്ചുകയറിയ അനുഭവം അവർ പങ്കു വയ്ക്കുമ്പോൾ അത് എല്ലാവരെയും പ്രചോദിപ്പിക്കും. നിസാര കാര്യങ്ങളിൽ തളരരുതെന്ന് പറയാതെ പറയും. ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കും. വിഷാദം ഒരു രോഗാവസ്ഥയാണെന്നും ചികിത്സ തേടണമെന്നുമുള്ള വലിയ പാഠം പഠിപ്പിക്കും.

ജനനി സൂയിസൈഡ് ലോസ് സർവൈവർ സപ്പോർട്ട് ഗ്രൂപ്പിലെ അംഗവും സംഹിൻ വോളന്റിയറുമായ  ശിഖാ സാധർ പങ്കുവച്ച അനുഭവകഥയും അത്തരത്തിൽ ഒന്നാണ്.

ഹൈസ്കൂൾ പഠനകാലം മുതൽ സ്നേഹിച്ച് വിവാഹം കഴിച്ചവരാണ് ശിഖയും രൺബീറും. 2016 ജൂലൈ 25 ന്  രൺബീർ ആത്മഹത്യ ചെയ്തു.  ലോകം മുഴുവൻ തകർന്നുവീണ ആ ദിവസം അവരുടെ കണ്മുന്നിൽ നിന്ന് ഒരുകാലവും മായില്ല. ശ്വാസംമുട്ടുന്ന അവസ്ഥ. എങ്ങനെ ജീവിതം ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകും ? രണ്ട് കുഞ്ഞുങ്ങളെ  എങ്ങനെ വളർത്തും? സാമ്പത്തിക ഭാരം. എല്ലാത്തരം ചോദ്യങ്ങളും തിരമാല പോലെ അർദ്ധബോധാവസ്ഥയിലും ഉയർന്നുപൊങ്ങിയ നാളുകൾ. 

ആ  നഷ്ടം പരിഹരിക്കാൻ കഴിയില്ലെന്ന് പതിയെ അവൾ തിരിച്ചറിഞ്ഞു.  രണ്ട് സാധ്യത  മാത്രമായിരുന്നു ശിഖയ്ക്കുമുന്നിൽ: കിടക്കയിൽ ചടഞ്ഞുകൂടി കിടന്ന്  വിഷാദത്തിലേക്ക് വഴുതിവീഴുക അല്ലെങ്കിൽ  ഓർമ്മയുടെ ശേഷിപ്പുകൾ താലോലിച്ച് കുട്ടികളെ നന്നായി പരിപാലിക്കുക. മക്കൾക്ക് വേണ്ടി അവൾ സാഹചര്യങ്ങളോട് പടപൊരുതാമെന്ന് തീരുമാനിച്ചു.

അച്ഛന്റെ മരണത്തെക്കുറിച്ച് എങ്ങനെ മകനോട് പറയണം എന്നതായിരുന്നു ആദ്യം നേരിട്ട വെല്ലുവിളി. ഡാഡിയുടേത് ആത്മഹത്യ ആയിരുന്നെന്ന് മറ്റൊരാൾ പറഞ്ഞറിയുന്നതിനേക്കാൾ നല്ലത് അമ്മയിലൂടെ അറിയുന്നതാകുമെന്ന് തോന്നിയ ശിഖ, അവന് മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തു.  അച്ഛൻ കുടുംബത്തെ ഒരുപാട് സ്നേഹിച്ചിരുന്നെന്നും വിഷാദരോഗമാണ് ജീവിതം അവസാനിപ്പിക്കാൻ ഇടയാക്കിയതെന്നും സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ  ഉദാഹരണങ്ങൾ ചേർത്ത് വിശദീകരിച്ചു. 

തുടർന്ന് മകന്റെ മനസ്സിൽ ഉയർന്ന 'കുഞ്ഞു കുഞ്ഞ് വലിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും' കഴിയുന്നത്ര മികച്ച രീതിയിൽ ക്ഷമയോടെ ഉത്തരം നൽകുകയും ചെയ്തു. അവൾക്ക് അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിക്കൊണ്ട് മാനസികമായി വളരാൻ ആ സംസാരം സഹായിച്ചെന്നും ശിഖ പറയുന്നു.

അതേസമയം, അച്ഛൻ മരിക്കുമ്പോൾ  4 വയസ്സ് മാത്രമായിരുന്ന  മകൾക്ക്, എന്താണ് സംഭവിച്ചതെന്ന് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല .ഇപ്പോൾ 7 വയസ്സായ അവൾ,  ക്ലാസ്സിൽ  തനിക്കൊഴികെ എല്ലാവര്‍ക്കും ഡാഡി ഉണ്ടല്ലോ എന്നൊക്കെ ചോദിക്കുമെന്നുള്ള അനുഭവം പങ്കുവച്ചപ്പോൾ കേട്ടിരുന്ന എല്ലാവരുടെയും മനസ്സ് നീറി.

ഇത്തരം നൂറ്  ചോദ്യങ്ങളാണ്  അവശേഷിക്കുന്ന കുടുംബാംഗങ്ങൾക്ക് ദൈനംദിനം നേരിടേണ്ടി വരുന്നത്.
ആത്മീയതയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ശിഖ ആവർത്തിച്ചു.

തങ്ങൾക്ക് മുന്നിലുള്ള ലോകം പ്രത്യാശയുടേതാണ്, നിരാശയുടേതല്ല എന്ന് മക്കളെ പഠിപ്പിക്കണമെന്ന വാശിയും ആ അമ്മയ്ക്കുണ്ട്. 

സമാനമായ  അവസ്ഥയിലൂടെ കടന്നുപോയ ആളുകൾക്ക് അവരുടെ കഥകൾ കേൾക്കാനും പങ്കിടാനും ഉറ്റവരുടെ ആത്മഹത്യയിലൂടെ ജീവിതത്തിലുണ്ടായ വിടവിനെ  അതിജീവിക്കാനും  സാധിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഓരോ അംഗങ്ങളും സംഘടനയുടെ ഭാഗമായിരിക്കുന്നത്. മരണത്തിലൂടെ ഇല്ലാതാകുന്നത് ഒരാളുടെ ജീവൻ മാത്രമാണെന്നും ബന്ധങ്ങളുടെ കണ്ണികൾ അവശേഷിക്കുമെന്നും അവർ ഓർമ്മപ്പെടുത്തുന്നു.

ഒറ്റപ്പെടൽ അനുഭവിക്കുന്നവരെ  സഹായിക്കുന്നതിനും  പിന്തുണയ്ക്കുന്നതിനും ഇങ്ങനൊരു കൂട്ടായ്മ ഏറെ ഗുണം ചെയ്യും. ശൂന്യതയുടെ ആഴം തൊട്ടറിഞ്ഞ ആളുകൾ എന്ന നിലയിൽ അവർക്ക് പരസ്പരം ചേർന്നുനിൽക്കുമ്പോൾ ഉണ്ടാകുന്ന ആശ്വാസം വളരെ വലുതാണ്. സ്വന്തം വേദന മനസ്സിലാക്കാൻ കഴിയുന്നവർ ചുറ്റുമുണ്ടെന്ന വിശ്വാസം പകരുന്ന കരുത്ത് ചെറുതല്ല. 

ജീവിതം അമൂല്യമാണെന്നും ആരുമത് സ്വയം അവസാനിപ്പിക്കരുതെന്നും മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയവരാണ് ഈ സംഘടനയിലെ ഓരോരുത്തരും.

ഓരോ നിമിഷത്തെയും  വിലമതിക്കുക. നിങ്ങളുടെ അവസാന നിമിഷമാണോ ഇതെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് ശിഖ ഓർമ്മപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക