Image

ധാര്‍മികതയുടെ മൂടുപടമിടാനുളള ശ്രമം അപഹാസ്യം; മുഖ്യമന്ത്രിയും രാജിവെക്കണം-വി.മുരളീധരന്‍

Published on 13 April, 2021
ധാര്‍മികതയുടെ മൂടുപടമിടാനുളള ശ്രമം അപഹാസ്യം; മുഖ്യമന്ത്രിയും രാജിവെക്കണം-വി.മുരളീധരന്‍


തിരുവനന്തപുരം:രാജി പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയ ധാര്‍മികതയുടെ മൂടുപടമിടാനുളള കെ.ടി.ജലീലിന്റെ ശ്രമം അങ്ങേയറ്റം അപഹാസ്യമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സത്യപ്രതിജ്ഞാലംഘനം കെ.ടി.ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. അതിനാല്‍ ജലീല്‍ മാത്രം രാജിവെക്കുക എന്നുളളത് എന്ത് ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഈ കേസില്‍ സത്യപ്രതിജ്ഞാലംഘനം കെ.ടി.ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പടെ അംഗീകരിച്ചതിന് ശേഷമാണ് നിയമനം നടന്നത് എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ നിവൃത്തികേടുകൊണ്ട് കസേരയിലെ പിടിവിടുകയാണ് ചെയ്തത്. മാധ്യമവേട്ടയും ഇരവാദവും ഉയര്‍ത്തിയാണ് ജലീല്‍ ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നത്. 

മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനാണ് ബന്ധുനിയമനം പാടില്ലെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ലെന്ന പ്രസ്താവന എ.കെ.ബാലന്‍ നടത്തിയതെന്നും  അദ്ദേഹം ആരോപിച്ചു. 'മാര്‍ക്സിസ്റ്റ് നയരേഖ പറയുന്നത് സ്വജനപക്ഷപാതം അഴിമതിയാണെന്നാണ്. അത് ലംഘിച്ചയാളെ പിന്തുണച്ച് എ.കെ.ബാലന്‍ മുന്നോട്ടുവന്നത് ജലീലിനെ രക്ഷിക്കാനല്ല മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്.അതുകൊണ്ട് ജലീലിന്റെ രാജി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള ശ്രമമാണ്. ഇതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ തൃപ്തരാവില്ല. മുഖ്യമന്ത്രി രാജിവെച്ചാലേ ലോകായുക്ത നടത്തിയ പരാമര്‍ശത്തിന്റെ ശരിയായ അര്‍ഥത്തില്‍ പരിഹാരം ഉണ്ടാകൂ.' മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക