Image

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

Published on 14 April, 2021
ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

കവിതാരചനാരംഗത്ത് മുൻഗാമികളും പിൻഗാമികളുമില്ലാത്തൊരു അത്ഭുത പ്രതിഭാസമാണ് വയലാർ രാമവർമ.വിപ്ളവത്തിന്റെ തീച്ചൂടും വിഷാദത്തിന്റെ തിരയൊലിയും പ്രണയത്തിന്റെ നീഹാരക്കുളിരും അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് തുല്യ ചാരുതയോടെ ഒഴുകിയിറങ്ങി .

പ്രകൃതിയും പ്രണയവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അനാദിമധ്യാന്തം ഒറ്റയുടലായും മനമായും വർത്തിക്കുന്ന അനശ്വരസത്യമായിരുന്നു .''പാരിജാതം തിരുമിഴി തുറന്നു ''എന്ന ഗാനത്തിന്റെ അനുപല്ലവി നോക്കുക ;''മൂടൽമഞ്ഞ്  മുലക്കച്ച കെട്ടിയ മുത്തണിക്കുന്നിൻ  താഴ്‌വരയിൽ ..''എന്ന വരികൾ ,മഞ്ഞ് മുക്കാലോളം പുണർന്നു നിൽക്കുന്ന ഒരു കുന്നിന്റെ ചിത്രവും നിത്യകാമുകിയുടെ ചിത്രവും ഒരേ സമയം നമ്മിലുണർത്തുന്നു .തൈമാസത്തെ ,തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തമിഴ്‌പ്പെണ്ണായിക്കാണാനും അവളുടെ അരഞ്ഞാണച്ചരടിൽ ആരെയും മയക്കുന്ന, അനംഗ മന്ത്രമുരുക്കഴിച്ച ഏലസ്സുണ്ടെന്നു സങ്കല്പിക്കാനും മറ്റാർക്കു കഴിയും   ?

[തങ്കത്തളികയിൽ പൊങ്കലുമായ് വന്ന ..]'ഗന്ധർവക്ഷേത്രം'എന്ന സിനിമക്ക് വേണ്ടി വയലാർ രചിച്ച പാട്ടിൽ നിന്നാണ് 'ഇന്ദ്രവല്ലരി'എന്നൊരു പൂച്ചെടിയുണ്ടെന്നും അതിനു മനത്തെയും മതിയെയും മയക്കുന്ന ഗന്ധമുണ്ടെന്നും നാമറിയുന്നത് .കൃഷ്ണഗോപികാപ്രണയത്തിന്റെ നിറവായി ,''ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദരഹേമന്തരാത്രി''എന്ന ഗാനം മലയാളിയിൽ മതിഭ്രമമായ്നിറഞ്ഞു .പരന്നൊഴുകുന്ന വെണ്ണിലാവിനെ ഒരു നിമിഷം കൊണ്ട് യമുനയാക്കിയും ഉണരുന്ന സർപ്പലതാസദനത്തെ ഒരു മാത്രകൊണ്ട് മധുരയാക്കിയും അദ്ദേഹത്തിന്റെ തൂലിക മായാജാലം തീർത്തു .മതിയാവുംവരെ ഈ തീരത്തെ  പ്രണയിക്കാനും ജീവിക്കാനും ആഹ്വാനം ചെയ്യാൻ അദ്ദേഹത്തിനല്ലാതെ മറ്റാർക്കാവും ??

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക