Image

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

Published on 17 April, 2021
 ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)
വൺ, ടു, ത്രീ...
മണിയാശാൻ്റെ പ്രശസ്ത വാക്കുകളാണെങ്കിലും മറ നീക്കി സത്യങ്ങൾ പുറത്തു വരുമ്പോൾ  എണ്ണിപ്പോകയാണ്.
ദാ, വരുന്നു , തുണിയുടുക്കാത്ത സത്യങ്ങൾ..ചാരം മൂടിക്കിടക്കുന്ന അടുപ്പുകൾ കെട്ടടങ്ങിയെന്ന് നമ്മൾ ഒരിക്കലും ധരിക്കരുത് .അവ
ചാരത്തിനള്ളിൽ ജ്വലിച്ചു കിടക്കുകയാണ്. ചാരം വാരുന്ന കൈകളെ പൊള്ളിച്ച്
അത് കാട്ടുതീ പോലെ പടരും.
അഭയയുടെ കൊലപാതകം.
28 വർഷത്തിനു ശേഷം സത്യം കോടതി കണ്ടെത്തി.
അടുത്തത് ഐഎസ്ആർഒ ചാരക്കേസ്..
നമ്പി നാരായണൻ എന്ന ദേശീയ കീർത്തിയുള്ള ശാസ്ത്രജ്ഞൻ്റെ ജീവിതത്തെ അധികാരപ്രമത്തയുടെ ബൂട്ട്സുകൊണ്ട് ഞെരിച്ച് അരച്ചു തേച്ചത് നാം കണ്ടതാണ്. എല്ലാം അതോടെ അവസാനിച്ചെന്ന് ആശ്വസിച്ചവർ ഒട്ടേറെപ്പേരുണ്ട്.പ്രതിക്കൂട്ടിൽ  രാഷ്ട്രീയ നേതാക്കളും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്ന് അന്നേ ആരോപണം ഉയർന്നിട്ടും എല്ലാം കെട്ടടങ്ങി. നെഞ്ചുവിരിച്ചു നിന്ന് പ്രശംസകളും പ്രമോഷനുകളും ഏറ്റുവാങ്ങി റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ മുട്ടിപ്പോൾ ഇടിച്ചു തുടങ്ങി.

ജീവിതം എന്നത് എന്തു വലിയ പാഠപുസ്തമാണെന്ന് നാം ഒരിക്കൽക്കൂടി മനസ്സിലാക്കുകയാണ്. ന്യൂട്ടൻ്റെ ആ പഴയ  തിയറിയുണ്ടല്ലോ , അതാണിപ്പോൾ ഓർമ വരുന്നത്.
Every  action has an equal and opposite reaction !.

2000 വർഷം മുമ്പ് ഒരു സത്യത്തെ കൊന്ന് കുഴിച്ചുമൂടി കല്ലറ കൂറ്റൻ കല്ലുകൊണ്ട് അടച്ച് റോമാ ഗവണ്മെൻ്റിൻ്റെ സീലും ചാർത്തിയതാണ്. മൂന്നാം നാൾ
കല്ലറയെ പൊളിച്ച് സത്യം പുറത്തു വന്ന് എല്ലാവരെയും നോക്കി  പുഞ്ചിരി
പൊഴിച്ചു. നമ്പി നാരായണൻ്റെ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞു പോയത് രണ്ടര പതിറ്റാണ്ടാണ്. 24 വർഷങ്ങൾ !.

1994-ലായിരുന്നു ഐഎസ്ആർഒ ചാരക്കേസ് രൂപം കൊണ്ടത്. നമ്പി നാരായണൻ നേരിട്ട പോലീസ് പീഡനത്തെക്കുറിച്ച് തുടരന്വേഷണത്തിന്
സിബിഐക്ക്  ഇപ്പോൾ സുപ്രിം കോടതിയുടെ നിർദ്ദേശം. വിരമിച്ച മൂന്നു പ്രമുഖ
പോലീസുകാരാണ് ആരോപണ വിധേയർ.മുൻ ഡിജിപി സിബി മാത്യൂസ്, മുൻ എസ് പിമാരായ എസ്.വിജയൻ, കെ.കെ ജോഷ്വാ എന്നിവർ. ആരോപണ വിധേയരായ ഇവർക്കെതിരെ നടപടി വേണ്ടെന്ന ഹെെക്കോടതി ഉത്തരവിനെതിരെ നമ്പി നാരായണൻ 2015-ൽ നൽകിയ ഹർജിയാണ് സുപ്രിം കോടതി പരിഗണിച്ചത്.

അടിസ്ഥാനമില്ലാത്ത ഒരു കേസിൽ ക്രിമിനൽ നിയമം പ്രയോഗിച്ച് നമ്പി നാരായണനെകസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിലൂടെ അദ്ദേഹത്തിൻ്റെ അടിസ്ഥാന മനുഷ്യാവകാശങ്ങളാണ് ലംഘിക്കപ്പെട്ടത്. സ്വാതന്ത്ര്യവും അന്തസ്സും ലംഘിക്കപ്പെട്ടു. എല്ലാവരാലും വെറുക്കപ്പെട്ടവനായി. അളവറ്റ അവഹേളനം
നേരിട്ടു. ഭരണഘടനയുടെ 21-ാം വകുപ്പിൻ്റെ ലംഘനമാണുണ്ടായത്. 53 -ാം വയസ്സിലാണ് നമ്പി നാരായണന് ക്രൂശീകരണം ഏറ്റുവാങ്ങേണ്ടി വന്നത്. കരിയറിൽ ഗിരിശൃംഖങ്ങൾ കാത്തിരിക്കുന്ന വേളയിൽ. 1994 നവംബർ 30 നായിരുന്നു അറസ്റ്റ്. രാജ്യത്തിൻ്റെ ശാസ്ത്ര രഹസ്യം മറ്റൊരു രാജ്യത്തിന് ചോർത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്.
           
വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിസ കാലാവധി നീട്ടി കിട്ടാൻ ശ്രമിച്ച മാലി സ്വദേശി മറിയം റഷീദ ഹോട്ടലിൽ കഴിയവേ അറസ്റ്റിലാവുന്നു.
ഹോട്ടലിൽ കഴിയുന്ന വേളയിൽ നമ്പി നാരായണനെ മറിയം റഷീദ ഫോൺ ചെയ്തെന്നും ഇത് രാജ്യതാൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ കാണണമെന്നുമായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിൻ്റെ വിലയിരുത്തൽ. ചാരക്കേസിൻ്റെ പിറവി ഇവിടെ തുടങ്ങുന്നു. നമ്പി നാരായണെന്ന സമർത്ഥനായ ശാസ്ത്രജ്ഞൻ്റെ ജീവിതത്തെ  പച്ചയ്ക്ക് കുഴിച്ചുമൂടിയത് ആരൊക്കെയാണ്. എന്തിനായിരുന്നു ആ മഹാപാതകം ?. രക്തക്കറ വീണു കുതിർന്ന ആ കൈകൾ ആരുടെയൊക്കെയാണ് .? വൈകാതെ പുറത്തു വരട്ടെ, ആ മഹാസത്യങ്ങൾ. നമ്മൾക്ക് കാത്തിരിക്കാം.

ഒരു സിനിമാക്കഥയുടെ തിരക്കഥ മെനയും പോലെ അണിയറയിൽ നടന്ന ഗൂഢാലോചന ലോകം അറിയട്ടെ.നിരപരാധികൾക്കു വേണ്ടി ,പണം വാങ്ങാതെ വാദിക്കാൻ ഒരു ശക്തിയുണ്ട് ഭൂമിയിൽ.ആ ശക്തി എല്ലാ തെളിവുകളും ശേഖരിച്ചു വച്ചിട്ടുമുണ്ട്. രസകരമായ ഒരു വചനം ബൈബിളിലുണ്ട്. അതിങ്ങനെ.. 'ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും
എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു
ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.
[സഭാപ്രസംഗി 5:8]

ഭൂമിയിലെ കോടതിക്കു മീതെ അത്യുന്നതൻ്റെ കോടതിയുണ്ട്. അവിടെവാദിക്കുവേണ്ടി ന്യായപാലനം ചെയ്യാൻ സദാ ജാഗരിക്കുന്ന ഈശ്വരനുണ്ട്..
കുഞ്ഞിരാമൻ വക്കീലിനെപ്പോലെ, വാളൂരാനെപ്പോലെ പ്രശസ്തരായ  അഭിഭാഷകർഭൂമിയിൽ പ്രതികൾക്കായി വാദിച്ച്  രക്ഷിക്കും. പക്ഷേ അത്യുന്നതൻ അതിനു മീതെ പുഞ്ചിരി പൊഴിക്കയാണ്.

എല്ലാറ്റിനും ഒടുവിൽ നയാപൈസാ പ്രതിഫലം വാങ്ങാതെ, കടുകിട തെറ്റാത്ത ഒരു
വിധി പുറപ്പെടുവിക്കുമ്പോൾ രക്ഷിക്കാൻ ശക്തരായി ആരുമുണ്ടാവില്ല. രണ്ടര പതിറ്റാണ്ടുകളായി  നമ്പി നാരായണൻ്റെ കണ്ണുകളിൽ നിന്നൊഴുകിയത്
കണ്ണീരല്ല രക്തമാണ്.

അദേഹത്തിൻ്റെ കരിയറും, ജീവിതവും തകർത്ത നടപടികൾ. മാതൃരാജ്യത്തെ ഒറ്റിക്കൊടുത്ത ചാരൻ എന്ന വിളിപ്പേര്, രാജ്യത്തിൻ്റെ വിലപ്പെട്ട
രഹസ്യരേഖകൾ കൈമാറിയെന്ന നുണപ്രചരണം,മാലിക്കാരികളെ ചേർത്തുള്ള അപവാദങ്ങൾ..

ഇലയും പൂവും ചേർത്ത് അതിവിദഗ്ധമായി പൂക്കാരൻ മാലകെട്ടും പോലെ.. അല്ല  ,
സിമൻറു ചാന്തു ചേർത്ത് ഇഷ്ടിക നിരയൊപ്പിച്ച് കെട്ടിപ്പടുക്കും പോലെഅതിസമർത്ഥമായി കെട്ടിപ്പൊക്കിയ ഉരുക്കു കോട്ടയാണ് പൊളിഞ്ഞു വീണത്. എല്ലാം അസത്യത്തിൻ്റെ മണൽച്ചിറയിൽ കെട്ടിപ്പൊക്കിയ വൻ മാളികയായിരുന്നല്ലോ.
നമ്പി നാരായണനുമുണ്ടായിരുന്നു ഒരു കുടുംബം എന്നത് തൽപ്പരകക്ഷികൾ ഓർമിച്ച
യില്ല.. ഭാര്യ, കുട്ടികൾ, ബന്ധുക്കൾ.. രാജ്യദ്രോഹിയെന്ന വിളിപ്പേരുചാർത്തി തുറുങ്കിലടയ്ക്കപ്പെട്ട ദിനരാത്രങ്ങളിൽ ആ മികവുറ്റ ശാസ്ത്രജ്ഞൻ്റെ മനസ്സിലെന്തെന്തു ചിന്തകളായിരിക്കും കയറിയിറങ്ങിപ്പോയിട്ടുണ്ടാവുക. നഷ്ടങ്ങളുടെ നീണ്ട പട്ടിക നെഞ്ചിലടുക്കിപ്പിടിച്ച് ഒറ്റയ്ക്ക് പിന്നിട്ട ഉറക്കമറ്റ രാവുകൾ. സർക്കാരിൻ്റെ  50 ലക്ഷം രൂപയ്ക്കു നികത്താനാവുന്ന നഷ്ട പരിഹാരമാണോ അത്.

എന്തിനായിരുന്നു ഈ കൊടും ചതി ?.ആർക്കു വേണ്ടി ഗൂഢാലോചന നടത്തി ?കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ഇത്തരം ചരടുവലികൾ നടത്തുമ്പോൾ
ശാപത്തിൻ്റെ വലിയൊരു ആസ്തി തങ്ങളുടെ അക്കൗണ്ടിൽ ചേർക്കപ്പെടുകയാണെന്ന സത്യം മറന്നു പോകുന്നു.

കോൺഗ്രസിനുള്ളിലെ ചേരിപ്പോരുകളാണ് വിവാദങ്ങൾക്കു പിന്നിലെന്ന ആരോപണമുണ്ടായെങ്കിലും അന്ന് അതാരും ശ്രദ്ധിച്ചില്ല. പക്ഷേ, പിന്നാലെ
കെ.കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. എ.കെ ആൻ്റണി
മുഖ്യമന്ത്രിയായി. ചാരക്കേസ് വരുന്നതിനു മുമ്പുതന്നെ കെ.കരുണാകരനെ
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാൻ ആവശ്യപ്പെട്ട് കോൺഗ്രസ്സിൽ ഗ്രൂപ്പ് യുദ്ധം മുറുകി തുടങ്ങിയിരുന്നു.

എ, ഐ ഗ്രൂപ്പുകളുടെ പോർമുഖത്ത് ചാവേറായത് ആരൊക്കെയാണ്..? കരുണാകരൻ,നമ്പി നാരായണൻ..
" ഇതിൽ ചാരമൊന്നുമില്ല, ആകെ ഒരു ചാരമേയുള്ളൂ. അത് വ്യഭിചാരമാണ് " എന്ന
കരുണാകരൻ്റെ  ചാരക്കേസ് വിശേഷിപ്പിക്കൽ പ്രസിദ്ധമാണ് !.ഒരു ലോകപ്രശസ്ത ശാസ്ത്രജ്ഞനെപ്പോലും ഇരുണ്ടു വെളുത്തപ്പോൾ ചാരനാക്കി
മാറ്റാവുന്ന സ്ഥിതിയാണ് കേരളത്തിലെന്നത് നമ്മളെ അമ്പരപ്പിക്കും.ഡോ.വിക്രം സാരാഭായി പോലും സമർത്ഥൻ എന്നു വിളിച്ച നമ്പി നാരായണനെ'തന്തയില്ലാത്തവൻ' എന്നു വിളിച്ചായിരുന്നു മൃഗീയമായ ചോദ്യം ചെയ്യൽ. ഒന്നര
മണിക്കൂർ ഒരേ നിൽപ്പിൽ നിർത്തി. 36 മണിക്കൂർ വെള്ളം കിട്ടാതെ ദാഹിച്ച്
പരവശനായി.മൂക്കിൽ നിന്ന് ചോരയൊഴുകി തൊണ്ടയിലെത്തി. കഴുത്തിന് ഞെക്കി
ശ്വാസം മുട്ടിച്ച് മൂന്നാം മുറകൾ. നീണ്ട മണിക്കൂറിലെ ചോദ്യം ചെയ്യലിനിടെ
നമ്പി നാരായണൻ ഇരുന്ന കസേര ചവിട്ടിത്തെറിപ്പിച്ച് ഒരു ഉന്നത പോലീസ്
ഉദ്യോഗസ്ഥൻ ആക്രോശിച്ചു, "ഇന്ത്യയെ വിറ്റ ചാരന് ഈ രാജ്യത്ത് കസേരയും
വെള്ളവുമില്ല.. ". മർദ്ദനമുറകൾക്കൊടുവിൽ തീർത്തും അവശനായ
നമ്പി നാരായണനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
 
ഇതെല്ലാം തൻ്റെ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥത്തിൽ ', അദ്ദേഹം മറയില്ലാതെ കുറിച്ചിട്ടുള്ളത് കണ്ണീരോടെയും ഞെട്ടലോടെയും മാത്രമേ നമ്മൾക്ക്
വായിക്കാനാവൂ.

അതേ, ഇന്നാട്ടിൽ ഉത്തമ പൗരനിൽ നിന്ന് ചാരനിലേക്ക്  ഒരു വിരൽ ദൂരം മാത്രം.
ചില രാഷ്ട്രീയക്കാരും ഒന്നു രണ്ടു പോലീസുകാരും വിചാരിച്ചാൽ അത് എളുപ്പം
നടക്കാവുന്നതേയുള്ളൂ. പക്ഷേ കൊഴിഞ്ഞു പോയ കാലവും കിട്ടാതെ പോയ നീതിയും
തിരികെ തരുന്ന നിയതിയുടെ ഒരു നിയമം ശേഷിപ്പുണ്ടെന്ന് നമ്പി നാരായണൻ്റെ
ജീവിതം നമ്മെ ഓർമപ്പെടുത്തുന്നു.
പക്ഷേ ,
യാതനാപർവ്വങ്ങൾക്കൊടുവിൽ, 77-ാം വയസ്സിൽ അദ്ദേഹത്തിൻ്റെ മുഖം നമ്മെ
ദു:ഖിപ്പിക്കുന്നു.ഈ മനുഷ്യൻ  വേട്ടയാടപ്പെട്ടില്ലെങ്കിൽ എ.പി.ജെ അബ്ദുൾ
കലാമിനെപ്പോലെ  ഭാരതരത്ന പുരസ്കാരം വരെ കിട്ടാൻ അർഹതയുള്ളവനായിരുന്നില്ലേ ?നമ്പി നാരായണൻ്റെ അഗ്നി ചിറകുകളെ അരിഞ്ഞുകളഞ്ഞത് ആരൊക്കെയാണ് ?.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക