Image

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

Published on 18 April, 2021
ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ
മുപ്പത് വര്‍ഷത്തിലേറെയായി ശ്രീ. ജോണ്‍ബ്രിട്ടാസിനെ അറിയുകയും നിരീക്ഷിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. ഒരു സാധാരണ പാര്‍ലമെന്റ് അംഗമായിരിക്കില്ല അദ്ദേഹം. ഒരു പാര്‍ലമെന്റ് അംഗത്തിന് എന്തൊക്കെ അവകാശങ്ങളുണ്ടോ, അതൊക്കെയും കേരളത്തിന് വേണ്ടിയും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് വേണ്ടിയും അദ്ദേഹം ഉപയോഗപ്പെടുത്തും. രാജ്യസഭയിലേക്ക് ഈ മാധ്യമപ്രവര്‍ത്തകനെ നോമിനേറ്റ് ചെയ്ത സിപിഐ(എം) നേതൃത്വവും അത് കണ്ടിട്ടുണ്ടാകും.

ദീര്‍ഘകാലം ലോകസഭയും രാജ്യസഭയും റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ച മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. മാധ്യമ പ്രവര്‍ത്തനത്തില്‍ അതൊരു വലിയ കാര്യമാണ്. ഇന്ത്യയുടെ തലസ്ഥാനത്ത് ജോലി ചെയ്യുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകന് ലഭിക്കുന്ന അനുഭവം അപാരമാണ്, സവിശേഷമാണ്. പ്രശ്‌നങ്ങളെ, സംഭവങ്ങളെ ദേശീയമായ കാഴ്ചപ്പാടില്‍ വീക്ഷിക്കാന്‍ കഴിയുമെന്നതാണ് അതില്‍ ഏറ്റവും പ്രധാനമെന്ന് തോന്നുന്നു. ദേശീയ നേതാക്കളുമായും ദേശീയ സ്ഥാപനങ്ങളുമായും ബന്ധപ്പെടാന്‍ ലഭിക്കുന്ന അവസരം രണ്ടാമതായേ വരുന്നുള്ളു. ദീര്‍ഘകാലം ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്നു ബ്രിട്ടാസ്.

ഇടതുപക്ഷ വിരുദ്ധ പത്രങ്ങള്‍ പാര്‍ട്ടിപത്രം എന്നാണ് പലപ്പോഴും ‘ദേശാഭിമാനി’യെ വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അതൊരു ചീത്തവിളിയാണോ? ദേശാഭിമാനി ഒരു പത്രമല്ല, അവിടെ ജോലിചെയ്യുന്നവര്‍ പത്രപ്രവര്‍ത്തകരുമല്ല എന്ന വിചാരമാണോ ഈ വിശേഷണത്തിന് അടിസ്ഥാനം? അതെന്തെങ്കിലുമാകട്ടെ. ദേശാഭിമാനിയിലെ ഡല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരും കഴിവില്‍ ആരുടെയും പിറകിലായിരുന്നില്ല. അര്‍പ്പണബോധത്തില്‍ എല്ലാവരുടെയും മുമ്പിലുമായിരുന്നു. നരിക്കുട്ടി മോഹനന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് – ഇവരൊക്കെ ഡല്‍ഹിയിലെ തലയെടുപ്പുള്ള പത്രപ്രവര്‍ത്തകരായിരുന്നു. ആ നിലയില്‍ തന്നെയാണ് ശ്രീ. ജോണ്‍ ബ്രിട്ടാസിന്റെയും സ്ഥാനം.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്താണ് ബ്രിട്ടാസിന്റെ സവിശേഷത? വലിപ്പച്ചെറുപ്പമില്ലാതെ ആളുകളുമായി അടുപ്പം സ്ഥാപിക്കാനുള്ള അസാധാരണമായ കഴിവ്, കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനും നല്ല മൂര്‍ഛയുള്ള ഭാഷയില്‍ നര്‍മം കലര്‍ത്തി അവതരിപ്പിക്കാനുമുള്ള കഴിവ് – ഇതാണ് ഞാന്‍ കണ്ട പ്രത്യേകതകള്‍. രാഷ്ട്രീയത്തിന്റെ വേലികള്‍ക്കപ്പുറത്തേക്ക് ബന്ധം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും ബ്രിട്ടാസിന് കഴിഞ്ഞു. ഈ ബന്ധങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തില്‍ എന്നും തുണയായി നിന്നു. മാധ്യമപ്രവര്‍ത്തനത്തോടൊപ്പം മാനേജ്‌മെന്റിന്റെ പാഠങ്ങളും അദ്ദേഹം പഠിച്ചെടുത്തു. കൈരളിയെ മലയാളത്തിലെ പ്രധാന ടിവി ചാനലുകളിലൊന്നായി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.

2020 ജൂലൈയില്‍ സ്വര്‍ണക്കടത്ത് അന്വേഷണം തുടങ്ങിയതില്‍ പിന്നെ മാധ്യമങ്ങള്‍ സംഘടിതമായും ആസൂത്രിതമായും സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുകയായിരുന്നു. അതിനുപയോഗിച്ച നുണകളിലേക്ക് അധികം പോകുന്നില്ല. ഓരോ ദിവസവും ഈ നുണകള്‍ പൊളിക്കുന്നതിനും സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കുന്നതിനും ദൃശ്യമാധ്യമമായി കൈരളിയേ ഉണ്ടായിരുന്നുള്ളൂ. ഈ ഘട്ടത്തില്‍ എഡിറ്ററും എംഡിയുമായ ബ്രിട്ടാസ് തന്നെ വാര്‍ത്താസംവാദങ്ങള്‍ അവതരിപ്പിക്കാന്‍ രംഗത്ത് വന്നു. ആ ഘട്ടത്തില്‍ കൈരളിയുടെ റേറ്റിംഗും വര്‍ദ്ധിച്ചു.

ബ്രിട്ടാസ് അവതാരകനാകുന്ന ചര്‍ച്ചയില്‍ (ന്യൂസ് ആന്റ് വ്യൂസ്) ഇടതുപക്ഷക്കാര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ഒരു പോലെ പരിഗണനയും അവസരവും സമയവും കിട്ടും. ഇടതുപക്ഷക്കാരല്ലാത്തവര്‍ക്ക് അല്പം പരിഗണന കൂടിയെങ്കിലേയുള്ളൂ. ഇതാണോ മറ്റു ചാനലുകളിലെ ചര്‍ച്ചയില്‍ നടക്കുന്നത്. സി.പി.ഐ എം പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കില്ല. അവതാരകയടക്കം ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ മുന്നോ നാലോ പേരുണ്ടാകും. അതു മാത്രമോ? സി.പി.ഐ എമ്മിന്റെ പ്രതിനിധികളെ ആക്ഷേപിക്കാനും അവഹേളിക്കാനും വരെ അവതാരകര്‍ തയാറായ എത്രയോ സന്ദര്‍ഭങ്ങള്‍ അടുത്ത കാലത്തുണ്ടായിട്ടുണ്ട്. ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ നിന്ന് സി.പി. ഐ. എം ഒരു ഘട്ടത്തില്‍ വിട്ടുനിന്നത് ഈ രീതി എല്ലാ പരിധിയും വിട്ടപ്പോഴായിരുന്നു.

എന്നാല്‍ ബ്രിട്ടാസിന്റെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്, ബിജെപി പ്രതിനിധികള്‍ക്ക് ഒരിക്കലും ഇത്തരം അനുഭവം ഉണ്ടായിക്കാണില്ല. ഏതു ചര്‍ച്ചയും നല്ല സൗഹൃദത്തില്‍, ഒരു പിരിമുറുക്കവും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചാതുര്യം ബ്രിട്ടാസിനുണ്ട്. ഇതൊന്നും സഹിക്കാന്‍ നമ്മുടെ പ്രമുഖ മാധ്യമങ്ങള്‍ക്കും അതിനെ നയിക്കുന്നവര്‍ക്കും കഴിഞ്ഞില്ല. ബ്രിട്ടാസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ശ്രമമുണ്ടായി. ഉയര്‍ന്നു പോകുന്ന സഹപ്രവര്‍ത്തകരോട് ഇത്രയധികം കൊതിക്കെറുവ് മറ്റൊരു രംഗത്തും കണ്ടെന്നുവരില്ല. അഭിമുഖങ്ങള്‍ പ്രേക്ഷകര്‍ കണ്ടിരിക്കണമെങ്കില്‍ എന്തൊക്കെ ചേരുവകള്‍ വേണമെന്ന് ബ്രിട്ടാസിന് നന്നായി അറിയാം. അഭിമുഖങ്ങളില്‍ പ്രത്യേക വഴി തന്നെ അദ്ദേഹം വെട്ടിത്തെളിച്ചിട്ടുണ്ട്.

നര്‍മ്മത്തിലൂടെയും വാക്‌സാമര്‍ത്ഥ്യത്തിലൂടെയും ആളുകളുടെ മനസ്സ് കീഴടക്കാനുള്ള ഈ കഴിവ് ബ്രിട്ടാസില്‍ ഞാന്‍ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. ഡല്‍ഹിയില്‍ ദേശാഭിമാനി ഓഫീസ് അന്നും ഇന്നും പ്രവര്‍ത്തിക്കുന്നത് പാര്‍ലമെന്റിന് വിളിപ്പാടകലെ റഫി മാര്‍ഗിലെ വിത്തല്‍ഭായ് പട്ടേല്‍ ഹൗസിലാണ്. വിപി ഹൗസിലെ 215-ാം നമ്പര്‍ മുറി. എംപിമാരുടെ ക്വാര്‍ട്ടേഴ്‌സാണ് വിപി ഹൗസ്. സിപിഐ(എം) എംപിക്ക് അനുവദിക്കുന്ന ഫ്‌ലാറ്റുകളിലൊന്ന് ദേശാഭിമാനിക്ക് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അനുവദിച്ചതാണ്. എംപി മാറിയാലും ഓഫീസ് മാറില്ല.

മറ്റൊരു എംപിയുടെ പേരിലേക്ക് അത് മാറ്റും. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മാത്രമല്ല, മറ്റു പാര്‍ട്ടിക്കാരും സാംസ്‌കാരികപ്രവര്‍ത്തകരും എല്ലാം ദേശാഭിമാനി സന്ദര്‍ശിക്കും. ആ ബന്ധം നരിക്കുട്ടി മോഹനന്റെ കാലം മുതലുള്ളതാണ്. ഡല്‍ഹി ഒട്ടും പരിചയമില്ലാത്ത മലയാളികള്‍ക്ക് പല സഹായങ്ങളും വേണ്ടിവരും. പലതും ദേശാഭിമാനി പ്രവര്‍ത്തകര്‍ തന്നെ ചെയ്തുകൊടുക്കും. പലതും എംപിമാര്‍ മുഖേന. ഇത്തരം അവസരങ്ങളില്‍ ആളുകളെ സഹായിക്കാനുള്ള മനസ്സും അതിനുള്ള കഴിവും ബ്രിട്ടാസിനുണ്ട്. കൂട്ടത്തില്‍ പറയട്ടെ, ബ്രിട്ടാസിന്റെ സഹായം കിട്ടിയവരില്‍ എംപിമാരുമുണ്ട്.

ഞാന്‍ ആദ്യം ഡല്‍ഹി സന്ദര്‍ശിക്കുന്നത് 1992ലാണ്. ബ്രിട്ടാസിന്റെ ക്ഷണം. ഞാനും ഭാര്യയും മകള്‍ നീതുവും ന്യൂഡല്‍ഹി സ്റ്റേഷനില്‍ വണ്ടി ഇറങ്ങുമ്പോള്‍ ബ്രിട്ടാസ് കാത്തുനില്‍പ്പുണ്ടായിരുന്നു. ഞാന്‍ ബ്രിട്ടാസിന്റെ ഹീറോ ഹോണ്ട ബൈക്കില്‍ കയറി. ഭാര്യയും മകളും ഓട്ടോറിക്ഷയില്‍. വി.പി ഹൗസിലെത്തിയപ്പോള്‍ താമസിക്കാന്‍ എ. വിജയരാഘവന്റെ മുറി റെഡിയായിരുന്നു. വിജയരാഘവന്‍ അന്ന് എംപി.

അടുത്തവര്‍ഷം (1993) ആദ്യമാണ് ഞാന്‍ ഡല്‍ഹിയില്‍ ദേശാഭിമാനി ലേഖകനായി ചെല്ലുന്നത്. പ്രഭാവര്‍മ്മ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ആ ഒഴിവിലാണ് എന്നെ നിയോഗിച്ചത്. എല്ലാം പരിചയപ്പെടുത്തിയത് ബ്രിട്ടാസ് തന്നെ. അക്രഡിറ്റേഷന്‍ ഇല്ലാതെ മന്ത്രാലയങ്ങളിലെങ്ങനെ നുഴഞ്ഞുകയറാമെന്ന സൂത്രവും പറഞ്ഞുതന്നു. അക്രഡിറ്റേഷന്‍ പെട്ടെന്ന് കിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ വെരിഫിക്കേഷന്‍ കഴിയണം. ടെലിപ്രിന്റര്‍ വഴിയാണ് അക്കാലത്ത് വാര്‍ത്തകള്‍ അയച്ചിരുന്നത്.

ടെലിപ്രിന്റര്‍ ഓപ്പറേറ്ററായി വാസുദേവന്‍. വാസു ഇന്ന് ഡല്‍ഹിയിലെ സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ്. വാര്‍ത്ത ശേഖരിച്ചു വന്നാല്‍ എഴുതി തയാറാക്കി വാസുവിനെ ഏല്പിക്കുകയാണ് എന്റെ ശീലം.എന്നാല്‍ ബ്രിട്ടാസ് എഴുതില്ല. വാസുവിന്റെ അടുത്തൊരു കസേരയില്‍ ചാരിയിരുന്നു പറഞ്ഞുകൊടുക്കും. നല്ല വേഗം. പെട്ടന്ന് ജോലി കഴിയും. എഴുതി തയ്യാറാക്കിയത് പോലെ തന്നെ. വാര്‍ത്തയ്ക്ക് പെട്ടെന്ന് ഒരു പുതിയ ആംഗിള്‍ കണ്ടുപിടിക്കാനും ബ്രിട്ടാസിന് പ്രത്യേക കഴിവുണ്ട്.

ഡല്‍ഹിയില്‍ ഞാന്‍ ചെല്ലുമ്പോള്‍ ബ്രിട്ടാസിന്റെ താമസം ഫിറോസ്ഷാ റോഡിലായിരുന്നു. അതും ഒരു എംപി ഭവനം തന്നെ. അതിലൊരു മുറി. പ്രഭാവര്‍മ്മ ഒഴിഞ്ഞപ്പോള്‍ വിപി ഹൗസിലെ 210-ാം നമ്പര്‍ മുറി എനിക്ക് കിട്ടി. ഓഫീസുള്ള അതേ നിലയില്‍ തന്നെ. നല്ല സൗകര്യം. കുടുംബം നാട്ടിലായതുകൊണ്ട് എനിക്ക് അത്രയും സൗകര്യം വേണ്ട. അതുകൊണ്ട് ബ്രിട്ടാസ് കൂടി 210 ലേക്ക് വന്നു. അങ്ങനെ ഒരു മുറിയില്‍ ഒന്നര വര്‍ഷത്തോളം. എത്ര വൈകിക്കിടന്നാലും ബ്രിട്ടാസ് രാവിലെ എഴുന്നേറ്റ് ബാഡ്മിന്റണ്‍ കളിക്കാന്‍ പോകും. തൊട്ടടുത്ത് യുഎന്‍ഐ ഓഫീസ് കോമ്പൗണ്ടില്‍ കോര്‍ട്ടുണ്ട്. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വി.കെ.മാധവന്‍കുട്ടി സ്ഥിരമായി അവിടെ വരുമായിരുന്നു.

എം.എ. ബേബി, വി. നാരായണസ്വാമി (മുന്‍ പുതുശ്ശേരി മുഖ്യമന്ത്രി) തുടങ്ങിയ പ്രമുഖരും കളിക്കാനുണ്ടാകും. ബേബി താമസിച്ചിരുന്നതും വിപി ഹൗസില്‍ തന്നെ. ജോലിയും കളിയും മാത്രമല്ല പഠനവുമുണ്ട്. വിപി ഹൗസില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ ജെഎന്‍യുവിലേക്ക് ടൂവീലറില്‍ പോകും. അവിടെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു ബ്രിട്ടാസ്.

ബ്രിട്ടാസിന്റെ കൂടെ ഡല്‍ഹിയില്‍ ജോലി ചെയ്തതും ഒന്നിച്ചു താമസിച്ചതും ജീവിതത്തിലെ വലിയ അനുഭവമായിട്ടാണ് ഞാന്‍ കാണുന്നത്. ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും ഞങ്ങള്‍ വിപി ഹൗസില്‍ പാചകം തുടങ്ങി. ഞാന്‍ ചെല്ലുന്നതിന് മുമ്പ്  ചായ ഉണ്ടാക്കുന്ന പതിവേ ഉണ്ടായിരുന്നുള്ളൂ. അതു മാറ്റി ഭക്ഷണം മുഴുവന്‍ ഉണ്ടാക്കാന്‍ തുടങ്ങി. പാചകത്തിലും ബ്രിട്ടാസ് വിദഗ്ധനാണെന്ന്പറയാനാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. നല്ല കൈപ്പുണ്യം. നോണ്‍ വെജിറ്റേറിയനാണ് ഗംഭീരം. മീന്‍ കറിയും മട്ടന്‍ കറിയും സൂപ്പര്‍. പ്രാതല്‍ ഉണ്ടാക്കുന്നത് ഞാനും വാസുവും ഏറ്റെടുത്തു. ഞങ്ങള്‍ക്ക് അതേ കഴിയൂ. രാവിലെ മിക്ക ദിവസവും ഉപ്പുമാവും പഴവും. ഉച്ചഭക്ഷണം ബ്രിട്ടാസിന്റെ ചുമതല. നേരത്തേ വാര്‍ത്ത ഡിക്‌റ്റേറ്റ് ചെയ്യുന്ന കാര്യം പറഞ്ഞില്ലേ. അതുപോലെ സ്പീഡാണ് പാചകത്തിനും. സാധനങ്ങള്‍ വാങ്ങുന്ന ചുമതല എനിക്കാണ്. ഗോള്‍ മാര്‍ക്കറ്റില്‍ ചെന്നാല്‍ നല്ല മീനും ഇറച്ചിയും കിട്ടും. എനിക്ക് മട്ടന്‍ ഇഷ്ടമായതുകൊണ്ട് മട്ടന്‍ ഇടയ്ക്കിടെ വാങ്ങും. പതുക്കെ കോഴിക്കറിയും മട്ടന്‍ കറിയും ഞാനും പഠിച്ചു. ഭക്ഷണ കാര്യത്തില്‍ ദേശാഭിമാനിക്കാരോട് മറ്റു പത്രക്കാര്‍ക്ക് അസൂയ തോന്നിയിട്ടുണ്ടാകും.

ഒറ്റപ്പാലത്തുനിന്ന് 1993 ല്‍ അട്ടിമറി വിജയം നേടി ലോകസഭയിലെത്തിയ എസ്. ശിവരാമനും വിപി ഹൗസിലായിരുന്നു താമസം. ഞങ്ങള്‍ താമസിക്കുന്നതിന്റെ തൊട്ടു മുകളിലെ നിലയില്‍. ശിവരാമന്‍ നല്ല ഭക്ഷണ പ്രിയനാണ്. മട്ടന്‍ ഉണ്ടാക്കിയാല്‍ ഞങ്ങള്‍ ശിവരാമനെയും വിളിക്കും. ‘ശിവരാമന്‍ വരും മട്ടന്‍ കൂടുതല്‍ വേണ്ടിവരും’ എന്ന് തമാശയായി ബ്രിട്ടാസ് പറയാറുണ്ട്. മായാതെ മനസ്സില്‍ നില്‍ക്കുന്ന അനുഭവങ്ങളാണ് അതെല്ലാം.

ഡല്‍ഹിയില്‍ നിന്നു തിരിച്ചുപോന്ന ശേഷവും ബ്രിട്ടാസുമായുള്ള വ്യക്തിബന്ധം അതേ നിലയില്‍ തുടര്‍ന്നു. സിപിഐ (എം) പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവരില്‍ ഞങ്ങള്‍ രണ്ടു പേര്‍ ഉണ്ടാകും. അങ്ങനെ നാലോ അഞ്ചോ പാര്‍ട്ടി കോണ്‍ഗ്രസ് ഒന്നിച്ച് കവര്‍ ചെയ്തിട്ടുണ്ട്.

പത്രപ്രവര്‍ത്തകനായി ലോകസഭയുടെയും രാജ്യസഭയുടെയും ഗ്യാലറിയിലിരുന്ന ബ്രിട്ടാസ് രാജ്യസഭയില്‍ എത്തുമ്പോള്‍ ഡല്‍ഹിയിലെ പഴയ സഹപ്രവര്‍ത്തകര്‍ വലിയ സന്തോഷത്തിലാണ്. ബ്രിട്ടാസിനെ എംപിയായി സ്വീകരിക്കാന്‍ അവര്‍ കാത്തിരിക്കുന്നു. ഇതിനിടയില്‍, മലയാള മനോരമയുടെ ബ്യൂറോ ചീഫും പിന്നീട് കോ- ഓര്‍ഡിനേറ്റിങ് എഡിറ്ററുമായിരുന്ന ഡി.വിജയമോഹന്റെ വേര്‍പാട് ബ്രിട്ടാസിനും നൊമ്പരമുണ്ടാക്കുന്നതാണ്.

ഞാന്‍ വിശ്വസിക്കുന്നത്, ഇപ്പോള്‍ മികച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ജോണ്‍ ബ്രിട്ടാസ് നാളെ അറിയപ്പെടാന്‍ പോകുന്നത് പ്രഗത്ഭ പാര്‍ലമെന്റേറിയന്‍ എന്ന നിലയിലായിരിക്കും.കേരളത്തിനും ഇടതുപക്ഷത്തിനും അത് വലിയ പിന്തുണയാകും. പ്രത്യേകിച്ച് ലോകസഭയിലും രാജ്യസഭയിലും ഇടതുപക്ഷത്തിന്റെ സാന്നിധ്യം നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക