-->

kazhchapadu

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

വര: ദേവി

Published

on

പെരുഞ്ചല്ലൂർ  ഗ്രാമത്തിന്റെ മണ്ണിൽ   നഗ്നമായ പാദം പതിഞ്ഞപ്പോൾ ചേക്കൂട്ടിയുടെ ഉള്ളമൊന്ന് പിടഞ്ഞു. 
 
"പെറ്റ തള്ളേനെ വെള്ളത്തി തള്ളിയിട്ട് കൊന്നോനാ ഇവൻ! ദായിച്ച വെള്ളം പോലും ആരും കൊടുത്തോകരുത്". വല്യമ്മോന്റ ഗാംഭീര്യമുള്ള സ്വരം ചുറ്റിലും അലയടിക്കുന്നതു പോലെ.
 
" ഇല്ലായില്ലാ.. ഞാനെന്റെ അമ്മേനെ കൊന്നിറ്റില്ലാ...? ഞാനെന്റെ അമ്മേനെ കൊന്നിറ്റില്ലാ.. ?" ന്ന് വിലപിക്കുന്ന ഒരു പന്ത്രണ്ട് വയസുകാരന്റെ മുഖവും, വീർത്ത വയറോടെ വെള്ളത്തിൽ നിന്നും പൊങ്ങി വരുന്ന അമ്മയുടെ മുഖവും ചേക്കൂട്ടിയുടെ മനസിൽ തെളിഞ്ഞു.
 
വർഷങ്ങളുടെ നീണ്ട ഇടവേളകൾ ഗ്രാമത്തിനു മീതെയും വർണ്ണാഭ വിതറിയിരുന്നു.പന്ത്രാണ്ടാമത്തെ വയസിൽ നാടും, വീടും വീട്ട് ഓടിപ്പോയതാണ്. ഇരുപത്തിരണ്ടു കൊല്ലം കടന്നു പോയതറിഞ്ഞീല . എങ്ങോട്ടെന്നറിയാത്ത യാത്രയായിരുന്നു. കള്ളവണ്ടികൾ കയറി ഏതൊക്കെയോ  നാടുകളിലെത്തി, അവസാനം മദിരാശിയിലുമെത്തി. അഭിമാനം ആർക്കു മുന്നിലും പണയപ്പെടുത്തിയില്ല, തെണ്ടിയോ, ഇരന്നോ ഭക്ഷണം വാങ്ങിയില്ല. ഹോട്ടലുകളിലെ എച്ചിലുകളെടുത്തും, എച്ചിൽപാത്രങ്ങൾ കഴുകിയും അങ്ങനെയങ്ങനെ എങ്ങനെയൊക്കെയോ വളർന്നു. അപ്പൊഴൊക്കെ മനസിൽ ഒരു ലക്ഷ്യം ഊതിപ്പെരുക്കി വളർത്തി കൊണ്ടുവരികയായിരുന്നു. തണ്ടും തടിയുംളള ആണൊരുത്തനായിട്ട് ഈ നാട്ടിൽ തന്നെ വീണ്ടും തിരിച്ചെത്തണംന്ന്. ആരോടും പകരം ചോയിക്കാനൊന്നും അല്ല. ബാല്യത്തിലെ കഷ്ടതകളെയെല്ലാം അതിജീവിച്ച് ശേഖരൻ കുട്ടി ഇന്നും ജീവനോടെയുണ്ടെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ. 
 
ചിന്തകളെ കീറി മുറിച്ചു കൊണ്ട്  ടാറിടാത്ത മൺപാതയിലൂടെ ഒരു ജീപ്പ് പൊടിപറത്തിക്കൊണ്ട് കടന്ന് പോയി. പച്ച പരിഷ്ക്കാരത്തിന്റെ പുതുമുകുളങ്ങൾ തന്റെ നാട്ടിൻ പുറത്തും നാമ്പിട്ടതിൽ തെല്ലും അത്ഭുതം തോന്നിയില്ല. മദിരാശി പട്ടണത്തിന്റെ വീർപ്പുമുട്ടലുകളിലൊക്കെ അത്ഭുതങ്ങളൊക്കെ ഇഴചേർന്നലിഞ്ഞു പോയിരിക്കുന്നു.
 
അമ്മ വീടായ എമ്പ്രാടത്തേക്ക് പാദങ്ങൾ അറിയാതെ നീങ്ങി തുടങ്ങി. കുളവും, കാവും പിന്നിടുമ്പോൾ ബാല്യം വീണ്ടും മനസിൽ തളിരിട്ടു. കാവിലെ ചെമ്പകം മുഴുവനായും പൂത്തിരിപ്പുണ്ട് ഓ.. പൂരമാവാറായി അതാണ് ചെമ്പക പൂക്കളെല്ലാം പൂത്തിരിക്കുന്നത്. താഴെ വീണ പൂവിൽ നിന്നുമൊരെണ്ണമെടുത്ത് മണപ്പിച്ച് നോക്കുമ്പോൾ പിറകിൽ നിന്നുമാരോ വിളിച്ചു ചോദിച്ചു.
 
 "ആരാത്'' ...?
 
ശബ്ദം കേട്ടാണ് നോക്കിയത്. കുറച്ച് പ്രായം ചെന്ന ഒരു സ്ത്രീ തലയിൽ കനക്കനെ വിറക് കെട്ടും കൊണ്ട്, കാവിന് തൊട്ടപ്പുറത്ത് കശുമാവിൻ തോട്ടമാണ്. വിശപ്പ് അതിക്രമിക്കുമ്പോൾ പലപ്പോഴും മാന്തോട്ടത്തിലേക്കോടും, കുരങ്ങൻമാരോട് അടി കൂടി കശുമാങ്ങകൾ സ്വന്തമാക്കും, വിപണിയിൽ നിരത്തി വച്ചിരിക്കുന്ന പേരറിയാത്ത പല പഴക്കൂട്ടങ്ങളെക്കാളും, എത്രയോ സ്വാദിഷ്ടമായിരുന്നു കശുമാങ്ങകൾ ഇത്തിരി ചവർപ്പുളള അതിന്റെ നീരുറ്റി കുടിച്ച് ചണ്ടി ചവച്ചിറക്കി ,കൈകൾ കീറിയ ട്രൗസറിൽ അമർത്തി തുടച്ച് , കാവിനുള്ളിലെ ഇലഞ്ഞിമരച്ചോട്ടിൽ വന്നൊരു കിടപ്പാണ്. കൂട്ടിന് വല്ല്യമ്മോന്റെ ഇളയ മകൻ കുമാരനും ഒണ്ടാവും. സുഖശീതളമായ ഉറക്കൊക്കെ കയിഞ്ഞ് വീടണയുമ്പോൾ, കയ്യിൽ പേര വടിയും വീശി കൊണ്ട് അമ്മോനുണ്ടാവും മുറ്റത്ത്, ചോദ്യവും പറച്ചിലുമൊന്നും ഇല്ല, വടിയുടെ പ്രഹരം മുഴുവൻ ഏറ്റുവാങ്ങാൻ തന്റെ ദേഹം റെഡിയായിട്ടുണ്ടാവും. എല്ലാം കണ്ട് മറുത്തൊന്നും പറയാതെ വടക്കെ മുറ്റത്തെ മൂലയിൽ നിന്ന് നെല്ല് കുത്തുന്ന അമ്മയുടെ സങ്കടത്തോടെയുള്ള ദീർഘനിശ്വാസം ഉയർന്നു കേക്കാം.
 
 
വീട് വിട്ട് പോകുമ്പോൾ മനസിലുള്ള കുറച്ച് മുഖങ്ങൾ, അവരൊക്കെ ഇന്നും ഉണ്ടാവുമെന്ന് ഒരുറപ്പും ഇല്ല. അല്ലേലും എങ്ങനെ മനസിലാവാനാണ് വർഷം എത്രയോ ആയിരിക്കുന്നു. ആർക്കൊക്കെ എന്തൊക്കെ മാറ്റങ്ങളാവും വന്നിട്ടുണ്ടാവുക.
 
കേട്ടില്ലെന്ന് കര്തിയാവണം വീണ്ടുമവർ ചോദ്യം ആവർത്തിച്ചു.
 
"ആരാത്..? ഈ നാട്ടിലിതുവരെ കണ്ടിറ്റില്ലല്ലാ..?"
 
"ഞാൻ...ഞാൻ...ഉത്തരം പറയാൻ എന്തു കൊണ്ടോ പറ്റാത്തതു പോലെ..?"
 
വിറകിൻ കെട്ട് ,പാതയുടെ ഓരത്തേക്കായ് ഇട്ട് മുഖത്തെ വിയർപ്പുതുള്ളികൾ കയ്യിലുള്ള തോർത്തുകൊണ്ട് ഒപ്പിയെടുത്ത് കൊണ്ട്  അവരവന്റെ അരികിലേക്ക് ചെന്നു. 
 
"ഏടെയാ ... പോണ്ടേ..? 
 
ഏടെയോ കണ്ട പോല്ണ്ടല്ലാ..?"
 
"എമ്പ്രാടത്ത് "
 
സ്വരത്തിൽ വിറ പടർന്നതു പോലെ അവനു തന്നെ തോന്നി.
 
"എമ്പ്രാടത്തോ.. !"
 
അവരുടെ സ്വരത്തിൽ ആശ്ചര്യവും, വിനയവും ചേർന്നതു പോലെ..
 
 "ആഹ്"
 
അമ്മേന്റെ പേര്... ?
 
പെണ്ണുമ്പിള്ള വിടാനുള്ള ഭാവമില്ലെന്നവന് മനസിലായി.
 
"കാർത്തിക "
 
"നാണു അങ്ങുന്നിന്റെ ഒട പെറന്നോള് കാർത്തി കൊച്ചിന്റെ മോനാണോ ..,?  അമ്മ പൊയ്യേല് ചാടി ചത്തേന്റെ ദെണ്ണത്തില് ഓടിപ്പോയതല്ലേ... അങ്ങുന്ന് മരിച്ചേരെങ്കിലും കുഞ്ഞ് വരുംന്ന് കര്തി.. ? അല്ലേലും ന്തിനാ വരണത് അത്രക്കങ്ങ് സ്വൈര്യം കെടുത്തിറ്റില്ലേ അമ്മേനേം, മോനേം, 
 
പേയിളകിയാ ചത്തേ... ! ദെവസോം, പൊലച്ചക്ക് നടക്കാനെറങ്ങും, അതിലൊരൂസം തെരുവ് പട്ടി ഓടിച്ചിറ്റ് കടിച്ചു. അതിന് പേയുണ്ടായിരുന്നേ...''  വർത്താനത്തിനിടയിൽ മടിക്കുത്തിൽ നിന്നും വെറ്റിലയെടുത്ത് ചുണ്ണാമ്പും തേച്ച് വായിലിട്ടു.
 
"അങ്ങേർക്ക് അത്രയ്ക്കൊന്നും കിട്ടിയാ പോരായ്ര്ന്ന് , കാർത്തി കൊച്ചിന്റെ ശാപാ.. സൊഖയില്ലാത്ത ആ കൊച്ചിനെ അത്രയ്ക്കങ്ങട് ദ്രോയിച്ചിറ്റിണ്ട് ". 
 
അമ്മോന് അങ്ങനെ സംഭവിച്ചതിൽ അവനൊരു മനസ്താപവും തോന്നിയില്ല
 
ആ സംസാരം തുടരുന്നതിനോട് താൽപ്പര്യം ഇല്ലാതെ, അവരെ മറികടന്ന് മുന്നോട്ട് നടക്കാനൊരുങ്ങി..
 
"കുഞ്ഞ് വരുന്ന കാര്യം വീട്ടിലറിയോ... ?" ഇല്ലെന്ന് തലയാട്ടലിലൂടെ ചേക്കുട്ടി വ്യക്തമാക്കി.
 
"എന്നാ നിക്ക്  ഞാങ്കൂടെ വെരാം''
 
മുറുക്കി ചവച്ച വെറ്റിലയുടെ നീര് രണ്ടു വിരൽ ചുണ്ടോട് ചേർത്ത് പുറത്തേക്ക് നീട്ടി തുപ്പി കളഞ്ഞ് അവരും അവന്റെ കൂടെ കൂടി. ഒരു കണക്കിന് അവരും ഒപ്പം വന്നത് നന്നായെന്ന് അവന് തോന്നി.
 
നടക്കുന്നതിനിടയിൽ നോൺ സ്റ്റോപ്പില്ലാതെയവർ സംസാരിച്ചുകൊണ്ടേയിരുന്നു. 
 
കുഞ്ഞിന്റെ പേര് എന്തായിനും,
 
"ശേഖരൻ "
 
"വിളിപ്പേര് അങ്ങനല്ലല്ല..? വേറെന്തോ ആയ് ര്ന്നല്ലാ.. "
 
"ആഹ്, ചേക്കൂട്ടി "
 
"കുഞ്ഞ് ഇത്രേം നാള് എവടെയായിരുന്നു..?"
 
 "മദിരാശി'' 
 
"ഓഹ് അത് വല്ല്യയൊരു പട്ടണല്ലേ..?" 
 
"ങും "
 
''കുഞ്ഞ് പെണ്ണ് കെട്ടീല ല്ലേ..?"
 
''ഇല്ല "
 
"എന്തേ ..?
 
അവ്ടെയെല്ലാം പരിഷ്ക്കാരി പെണ്ണുങ്ങൾ ഇണ്ടാവുല്ലോ...ല്ലേ... ?" 
 
ന്ന് പറഞ്ഞ് ശരീരം മൊത്തം ഇളക്കി കൊണ്ടവർ കുലുങ്ങി ചിരിച്ചു. 
 
അവരുടെ വർത്തമാനങ്ങൾ ഇത്തിരി അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും,വർഷങ്ങൾക്ക് ശേഷം എമ്പ്രാടത്ത് തറവാട്ടിലേക്ക് തനിച്ച് പോകുമ്പോഴുള്ള സങ്കോചം മനസു നിറയെ ഉണ്ടായിരുന്നു. അതിന് അവര് കൂടി ഒപ്പം പോന്നതിന് ഉള്ളിൽ കാവിലമ്മയ്ക്ക് ഒരായിരം നന്ദി പറഞ്ഞു.
 
ഇടവഴിയിലേക്ക് തലകുമ്പിട്ടു നിൽക്കുന്ന തൈല പുല്ലുകളെ വകഞ്ഞു മാറ്റി മുന്നേറുന്ന  അവരുടെ കൂടെ  ഡ്രസുകളും, കുറച്ചു പുസ്തകങ്ങളും അടങ്ങിയ തോൾ ബാഗ് ഒന്നൂടെ ചുമലിലേക്ക് വലിച്ചിട്ട് നഗ്നപാദനായി അവനും  നടന്നു.
 
"കുഞ്ഞെന്താ..? ചെരിപ്പിടാത്തത്.."
 
"ചെറുപ്പത്തിലേ ഇട്ടില്ല പിന്നെ വളർന്നപ്പോ ആ ശീലം മാറിയതും ഇല്ല. "
 
"കുഞ്ഞിന്റെയൊരു കാര്യം."
 
വായിലൂറി വരുന്ന വെറ്റില നീര് ഇടക്കിടെ ഇടവഴിയിലേക്ക് നീട്ടിതുപ്പിക്കൊണ്ട് പലതുമവർ പറഞ്ഞു കൊണ്ടേയിരുന്നു.
 
വീടടുക്കും തോറും ഹൃദയം വലിഞ്ഞു മുറുകുന്നതവനറിഞ്ഞു.
 
വേലിക്കരികിൽ നട്ട ചെമ്പരത്തിയിൽ നിറയെ പൂക്കളും, മൊട്ടും സ്ഥാനം പിടിച്ചിട്ടുണ്ട്. ആളനക്കം കൊണ്ട് പൂവിൽ  നിന്ന് തേൻ നുകരുകയായിരുന്ന തേൻകിളി ചിറകടിച്ച് പറന്നു പോയി. പൂക്കൾക്കിടയിലൂടെ കണ്ടു, വർഷമേറെയായിട്ടും ഇപ്പൊഴും തലയുയർത്തി പിടിച്ചു നിൽക്കുന്ന "എമ്പ്രാടത്ത് തറവാട് ! ''
 
ഇടവഴിയിൽ നിന്നും വീട്ടിലേക്ക് ചെറിയൊരു കയറ്റമാണ്. ആ കയറ്റത്തിന്റെ കാഠിന്യം കുറയ്ക്കാനെന്നോണം കരിങ്കല്ലുകൊണ്ട് പടിക്കെട്ട് കെട്ടിയിട്ടുണ്ട്. അതൊക്കെ ഇപ്പൊ വന്നതാണെന്ന് തോന്നുന്നു.
 
പത്തെഴുപത് വയസുള്ള ആ സ്ത്രീ കരിങ്കൽകെട്ടുകൾ ഓടിക്കയറുന്നത് ഇത്തിരി വിസ്മയത്തോടെ ചേക്കൂട്ടി നോക്കി, ഇത്ര നേരം ഒപ്പം ഉണ്ടായിട്ടും, ഒരിക്കൽപ്പോലും അവരുടെ പേര് ചോദിച്ചില്ലല്ലോന്നോർത്തപ്പോൾ അവന് അവനോട് തന്നെ അവജ്ഞതോന്നി.
 
"കുഞ്ഞെന്താ അവ്ടെ തന്നെ നിന്ന് കളഞ്ഞത്..
 
കേറിപ്പോര് ".
 
പടിക്കെട്ടിൽ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു അവനപ്പോഴും. അവരപ്പോഴേക്കും മുറ്റത്തെത്തിയിരുന്നു. .
 
''കമലേടത്തിയേ... കൂയ്.. ഇവടെ ആരും ഇല്ലേ..?''
 
പുറത്ത് ആരെയും കാണാത്തതു കൊണ്ടവർ  ഉറക്കെ വിളിച്ചു ചോദിച്ചു.
 
ശ്വാസഗതികൾ ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നവന് തോന്നി.  
 
"എന്തോന്നാന്ന് ചിരുതേ...?
 
നീയിങ്ങനെ കൂക്കിവിളിക്കുന്നത് " എന്ന് ചോദിച്ചു കൊണ്ട് അഴിഞ്ഞ മുടി ഒന്നൂടെ കൊടഞ്ഞിട്ട് മുകളിലോട്ട് വാരിക്കെട്ടി പുറത്തേക്ക് വരുന്ന ആ സ്ത്രീയെ അവനൊന്ന് നോക്കി ,ചിരുതാന്ന് പറഞ്ഞവർ അടക്കത്തിൽ അവനോട് ചോയിച്ചു.. ?
 
"അതാരാണെന്ന് കുഞ്ഞിന് മനസിലായ... 
 
അതാണ് ഇവ്ടത്തെ വല്ല്യങ്ങുന്നിന്റെ ഭാര്യ. അതായത് കുഞ്ഞിന്റെ വല്ല്യമ്മായി ''.
 
അവരുടെ മുഖം മനസിലോർക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഓർമ്മകൾക്കു മുമ്പിലെല്ലാം പേര വടിയും കൊണ്ട് നിൽക്കുന്ന വല്ല്യമ്മോന്റെ മുഖം തെളിഞ്ഞു.
 
 "ആരാ ചിരുതേയിത്...? നെന്റെ ബന്ധുക്കാരനാണോ..?"
 
 അല്പം അപരിചിതത്വത്തോടെ കമലമ്മ അവനെ നോക്കി.
 
 "കമലേടത്തിക്ക് ആളെ പിടി കിട്ടീലല്ലേ..?
 
ഇത് ഇവടത്തെ കുഞ്ഞല്ലേ..!
 
ശേഖരൻ കുട്ടി , കാർത്തി കൊച്ചിന്റെ, കുഞ്ഞിലേ നാടുവിട്ട..."
 
മുഴുമിപ്പിക്കുന്നതിനു മുന്നേ കമലമ്മ മുറ്റത്തേക്കോടിയിറങ്ങി വന്നു. അവന്റെ രണ്ട് കൈത്തണ്ടകളിലും പിടിച്ച് മുഖത്തോട്ടുറ്റു നോക്കി, രണ്ടു കൺകളിലും നീർ പൊടിയുന്നത് അവൻ കണ്ടു.
 
"മോനേ... ചേകൂ..!"
 
വാത്സല്യത്തോടെയുള്ള ആ വിളി ഉള്ളിന്റെയുള്ളിൽ ഓളങ്ങൾ തീർത്തു. 
 
അമ്മോനെ പോലെയായിരുന്നില്ല, അമ്മായി.കുമാരനെ ചേർത്ത് നിർത്തുമ്പോലെ, തന്നെയും ആ നെഞ്ചോട് ചേർത്തിട്ടുണ്ട്. 
 
ഇടക്കിടെ തലയ്ക്ക് ചൂടുകേറി മാനസിക വിഭ്രാന്തിയോടെ ഇറങ്ങി നടക്കുന്ന തന്റെ അമ്മയെ ആങ്ങളമാരെല്ലാം ചേർന്ന് പത്തായപുരയിൽ പൂട്ടിയിടുമ്പോൾ, ആരും കാണാതെ അമ്മയെ വെച്ചുവിളമ്പിയൂട്ടുന്ന അമ്മായി. 
 
തന്റെ അമ്മയ്ക്ക് സമം, ഇവിടെ തനിക്കാരോടെങ്കിലും ,കടപ്പാട് ഉണ്ടെങ്കിൽ ഇവരോട് മാത്രം. 
 
കുഴിയൻ പിഞ്ഞാണത്തിൽ, കറിയൊന്നും ഇല്ലാതെ പഴഞ്ചോറും കാന്താരിയും, ഞെരടി വാരിവലിച്ച് അകത്താക്കുമ്പോൾ ഒറയൊഴിച്ചു വെച്ച പുളിയില്ലാത്ത തൈരും ആ കഞ്ഞിയുടെ കൂടെ സ്നേഹത്തോടെയവർ വിളമ്പിയിട്ടുണ്ട്. അന്ന് കഴിച്ച പഴങ്കഞ്ഞിയുടെ ഗുണമാണ് ശേഖരന്റെ ഇന്നത്തെ തടി.
 
"മോനേ... ചേകൂ..?"
 
ആ വിളിയിൽ മനസിലെ ഭാരം തെല്ലൊന്നയഞ്ഞതുപോലെ, അവനും എല്ലാം മറന്ന് ആ സ്നേഹമയിയുടെ കരവലയത്തിലൊതുങ്ങി.
 
അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ടിട്ടാവണം,  ചിരുത പറഞ്ഞു, "കമലേട്ത്തിയെ ഞാൻ പോണ് ട്ടാ,
 
നിങ്ങ അമ്മായീം മരുമോനും കൂടെ വിശേശങ്ങള് പങ്കുവെക്ക്. അന്റെ വെറകും കെട്ട് ആ വയിക്ക് ചാടീ റ്റാന്നേ, വന്നത്. വല്ലോരും കൊണ്ട് പോന്നേനും മുന്നേ അവ്ടെ എത്തണം". 
 
ചേകൂനെ കണ്ട സന്തോഷത്തില് ചിരുത പറയുന്നതൊന്നും അമ്മായിയുടെ കാതിനെ സ്പർശിക്കുന്നില്ലെന്ന് തോന്നി. അവർ വേറേതോ ലോകത്തായിരുന്നു.
 
തൊട്ടും, തലോടിയും, ഇടക്കിടെ മൂക്കുപിഴിഞ്ഞും, ആപാദചൂഡം കമലമ്മ അവനെ വിലയിരുത്തുകയായിരുന്നു.
 
പെട്ടെന്നെന്തോ ഓർത്തതുപോലെ, 
 
"ന്റെ കുഞ്ഞ് വന്നിട്ടൊത്തിരി നേരായല്ലാ.? പൈക്കുന്നുണ്ടാവും, അമ്മായി കഞ്ഞി എട്ക്കാം ". 
 
അപ്പോ മാത്രമാണ് അവനും സമയത്തെ കുറിച്ച് ബോധവാനായത്. 
 
വിശപ്പൊക്കെ എപ്പൊഴോ കെട്ടുപോയിരുന്നു. പഴങ്കഞ്ഞിയുടെയും തൈരിന്റെയും രുചി നാവിലോട്ട് വന്നപ്പോൾ എവിടെയോ ഒളിച്ച വിശപ്പും തിരികെ എത്തി.
 
തുളസിത്തറയിൽ വെച്ച ഓട്ടു കിണ്ടിയിൽ നിന്നും വെള്ളമെടുത്ത് നഗ്നമായ പാദവും, മുഖവും, കഴുത്തും കഴുകി ,ഇറയത്തേക്ക് കയറി.
 
അപ്പോഴേക്കും കമലമ്മ ഒരു തോർത്തെടുത്ത് കൈകളിൽ കൊടുത്തു. മുഖമമർത്തി തുടയ്ക്കുമ്പോൾ കണ്ണുകളിൽ നീർ പൊടിഞ്ഞു.
 
തോർത്ത് തിരികെ നൽകുമ്പോൾ കണ്ടു, കരിങ്കൽകെട്ടുകൾ കയറി വരുന്ന വെളുത്ത കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരനെ,  അപരിചിതനായൊരാളെ ഇറയത്ത് കണ്ടതുകൊണ്ടാവാം, അവന്റെ നടത്തം പാതി വഴി നിന്നു. 
 
ചേകൂന്റെ നോട്ടം കണ്ടാവണം ,കമലമ്മയും മുറ്റത്തേക്ക് നോക്കിയത്,
 
"ന്താടാ, കുമാരാ അവടെ തന്നെ നിന്നേ.., നെനക്കിത് ആരാന്ന് മനസിലായാ..?" മനസിലായില്ലെങ്കിലും, അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
 
കുമാരാ.. ന്ന അമ്മായിയുടെ വിളിയിൽ നിന്നുമാണ് അതവന്റെ മച്ചുനനാണെന്നെവന് മനസിലായത്.
 
"കുമ്മാ ''... 
 
വർദ്ധിച്ച സന്തോഷത്തോടെയുള്ള ചേകൂന്റെ വിളിയിൽ നിന്നും, കുമാരനും ആളെ മനസിലായി .
 
കാരണം അവനെ അങ്ങനെ വിളിക്കുന്നത് ചേകു മാത്രമായിരുന്നു.
 
"ചേകൂട്ടേ ട്ടാ..!"
 
അമ്മോന്റെ കൈയ്യിലെ തഴമ്പിന്റെ മൂർച്ച പലപ്പോഴും അറിയേണ്ടിവന്നത് ഇവൻ കാരണാണ്. 
 
പക്ഷേ, അവനോടൊരിക്കലും നീരസം തോന്നീട്ടില്ല. തന്റെ തലേവിധി അങ്ങനെ ആയേന് മറ്റുള്ളോരെ പഴിച്ചിറ്റ് എന്ത് കാര്യം.
 
ഒരു കുതിപ്പിനവൻ ചേകൂന്റെയരികിലെത്തി, പൂണ്ടsക്കം കെട്ടിപിടിച്ച് ഏറെ സമയം അങ്ങനതന്നെ നിന്നു, ആ നിൽപ്പ് കണ്ട് അമ്മായി മൂക്കത്ത് വിരൽ ചേർത്തു,
 
 "അല്ല ചെർക്കാ നീയതിനെയൊന്ന് വിട്ടേ..?
 
അയിന് വെശ്ക്ക്ന്ന് ണ്ടാവും".
 
"എത്ര കാലം കയിഞ്ഞാണമ്മേ ചേകൂട്ടേട്ടനെയൊന്ന് കാണുന്നത് ".
 
"ഉം..ഉം.. ശരി  ഇനി നെന്റെ ചേകൂട്ടേട്ടൻ എവടെയും പോന്നില്ല അല്ലേ ചേകൂ.. "
 
ഒരു ചെറു ചിരിയോടെ അമ്മായിയുടെ ആ ചോദ്യത്തിന് പെട്ടെന്നൊരുത്തരം വന്നില്ല. അല്ലെങ്കിലും നിനച്ചിരിക്കാതെ പുറപ്പെട്ടതാണ്, തിരിച്ച് പോക്ക് അയിനെ പറ്റി ചിന്തിച്ചിട്ടേയില്ല.
 
വിശപ്പിനെക്കാളും പ്രധാനം കുളിയാണെന്ന് തോന്നി. മദിരാശിയിലെ അഴുക്ക് ചാലുകളിൽ നിന്നുമുള്ള ഗന്ധത്തിനെ ഇവിടത്തെ കുളത്തിൽ കഴുകി കളയണമെന്നൊരു തോന്നൽ.
 
"ഏട്ടനെന്താ  ആലോയിക്കണത്?" അവന്റെ നിൽപ്പുകണ്ട് കുമാരൻ ചോയിച്ചു.
 
"കുമ്മാ എനക്കൊന്ന് കുളിക്കണംന്ന് ണ്ട്.
 
നമ്മക്ക് കുളം വരെയൊന്ന് പോയാലോ..?"
 
"അല്ല കുട്ട്യേ നെനക്ക് വെശക്കുന്നും ല്ലേ ..? കൊളത്തിപ്പോയിട്ട് എപ്പം വരാനാ ? വൈന്നേരാങ്ങാൻ പോയ്ക്കോ" 
 
 ''ഇല്ലമ്മായി എനക്കൊന്ന് മുങ്ങി കുളിക്കണം അത് കയിഞ്ഞ് ഊണ് ".
 
അപ്പോഴേക്കും കുമാരൻ ലുങ്കിയും, തോർത്തുമായി എത്തി.    
 
ഓടി വിളയാട് പാപ്പാ...നീ ഒയ്ന്തിരിക്കെളാഹാദ്‌ പാപ്പാ...
 
കൂടി വിളയാട് പാപ്പാ...കുളന്തൈ വയ്യാതൈ പാപ്പാ....
 
ഓടി വിളയാട് പാപ്പാ...നീ ഒയ്ന്തിരിക്കെളാഹാദ്‌ പാപ്പാ...
 
എന്ന തമിഴ് പാട്ടിന്റെ വരികളും മൂളി
 
വലതു കൈ കൊണ്ട് മുകളിലേക്ക് തോർത്തും ചുഴറ്റി, ഇടതു കൈയാൽ കുമാരനെയും ചേർത്ത് കുളത്തിലേക്ക് പോകുന്ന അവരെ സാകൂതം നോക്കി നിൽക്കുകയായിരുന്നു കമലമ്മ.
 
പോകുന്ന വഴിയെ പല വിശേഷങ്ങളും ചോയിച്ചും പറഞ്ഞു മായിരുന്നു അവരുടെ യാത്ര.
 
"രൈരു അമ്മോനും, നാണു അമ്മോനും, പപ്പി ചിറ്റയുമൊക്കെ എവിടെയാ...?"
 
ബന്ധങ്ങളെ കുറിച്ച് അറിയാനുള്ള ദാഹം ചേക്കൂട്ടിയുടെ സ്വരത്തിൽ ഉണ്ടായിരുന്നു .
 
ഓർമ്മയിൽ തെളിഞ്ഞതും, മുതിർന്നവർവഴി കേട്ട പഴയ കാര്യങ്ങളും ഓരോന്നായി, കുമാരന്റെ വായിൽ നിന്നും ചേക്കുട്ടിയുടെ കാതിൽ വന്നു പതിച്ചു കൊണ്ടിരുന്നു.
 
"കാർത്തി അപ്പച്ചി മരിച്ച് രണ്ടൂസം കയിഞ്ഞപ്പോ തന്നെ രൈരു പാപ്പൻ തെക്കേ തൊടീലെ മൂവാണ്ടന്റെ കൊമ്പില് തൂങ്ങി .കാരണൊന്നും അറീല, അപ്പച്ചി പോയ ദെണ്ണത്തിലാ ചത്തേന്ന് എല്ലാരും പറേന്നു കേട്ടു; നേര് ന്താന്ന് ,ആർക്കറിയാം".
 
"നേര് "!
 
ആ വാക്ക് കേട്ടപ്പോൾ ചേക്കൂട്ടിയുടെ വായിൽ പുളിരസമുള്ള തുപ്പൽ തികട്ടി വന്നു, അവനത് പുറത്തേക്ക് നീട്ടി തുപ്പി.
 
വഴിയരികിൽ നിന്നും പേരറിയാത്ത ഏതോ ഇല നുള്ളി വായിലേക്കിട്ട് ചവച്ച് നീരിറക്കി.
 
തലയിൽ ചൂടു കേറി പത്തായപ്പുരയിൽ ബോധമില്ലാതിരിക്കുന്ന അമ്മയെ , അന്തിക്കള്ളിന്റെ ഗന്ധത്തോടെ പാതിരാവിൽ പ്രാപിക്കാനെത്തുന്ന ഒറ്റത്തടിയായ രൈരു അമ്മോന്റെ ക്രൂരമായ മുഖം മനസിൽ തെളിഞ്ഞു.
 
മനസിൽ അയാളോടായിരുന്നു പക, സ്വന്തം പെങ്ങളെ എങ്ങനെ ! ഇങ്ങനെയൊക്കെ കാണാൻ കഴിയുന്നുവെന്ന്.
 
കൊല്ലണമെന്ന് പലവട്ടം മന കണക്കുകൂട്ടി .പക്ഷെ ആൾബലം കൊണ്ടും , ശരീരബലം കൊണ്ടും താൻ അശക്തനായിരുന്നു. എല്ലാം കൈവന്നപ്പോൾ ശിക്ഷ ഏറ്റുവാങ്ങേണ്ടയാൾ തോൽപ്പിച്ച് വിടവാങ്ങിയിരിക്കുന്നു.
 
തലയിലെ ലാവ തണുത്തുറഞ്ഞ് സാധാരണ രീതിയിലേക്ക് വരുമ്പോഴേക്കും അമ്മയുടെ ഉദരത്തിൽ മറ്റൊരു പാപക്കറ പുരണ്ടു തുടങ്ങിയിരുന്നു. 
 
നിർത്താതെയുള്ള ഓക്കാനത്തിൽ നിന്നും പെണ്ണിന് വയറ്റിലുണ്ടെന്ന മാരിത്തള്ളയുടെ പ്രഖ്യാപനത്തിൽ എമ്പ്രാടത്ത് തറവാട് കുലുങ്ങി.!
 
ഞാലിക്ക് തിരുകി വെച്ച  പേര വടി കൊണ്ട് മൂത്തമ്മോൻ തലങ്ങും വിലങ്ങും അമ്മയുടെ ശരീരത്തിൽ നിണപ്പാടുകൾ തീർത്തു!
 
അസഭ്യവാക്കുകൾ കൊണ്ട് ഉത്തരവാദിയാരെന്ന് തിരഞ്ഞു.
 
' പാവം 'ആരെ ചൂണ്ടിക്കാണിക്കാൻ ഓർമ്മക്കേടിന്റെ ചിലന്തിവലയിൽ നിന്നും മോചനം നേടാൻ കഴിഞ്ഞെങ്കിലല്ലേ ?'
 
അമ്മോനെ കുറ്റം പറയാനും പറ്റില്ല ,
 
"തറവാട്ടിലെ ഏക പെൺതരി!" കുലത്തിനും, അന്തസിനും നിരക്കാത്ത വിധത്തിൽ കാലി ചെറുമനിൽ ആദ്യമൊരു കുഞ്ഞ് പിറന്നപ്പോൾ, അതിന്റെ ഉത്തരവാദിയെ കൈയേൽപ്പിക്കാതെ പെങ്ങളെ  , പത്തായപ്പുരയിൽ പൂട്ടിയിട്ട് ശിക്ഷ നടപ്പാക്കി. 
 
 "നാട്ടിൽ കാലുകുത്തിയാ.. വെട്ടിക്കളയും!" എന്ന മൂത്തോരുടെ ഭീഷണി പുറത്ത് ചെറുമൻ എങ്ങടോ, നാടും വിട്ടു.
 
അച്ഛന്റെയും, അമ്മയുടെയും വാൽസല്യം നുകരാതെ, ചേക്കൂട്ടി അമ്മോൻമാരുടെ ശിക്ഷണത്തിൽ വളർന്നു. വീണ്ടും പിഴച്ചു പോയ പെങ്ങളെ എന്തു ചെയ്യും. ഇനിയവളൊരിക്കലും, പുറം ലോകം കാണണ്ട, ഉത്തരവാദിയാരെന്നറിയാതെ വളരുന്ന ഭ്രൂണവും പൊറത്തോട്ട് വരണ്ട. മൂത്തോരുടെ കല്പനയിൽ മാരിത്തള്ള വീണ്ടും വന്നു. പച്ചമരുന്നിൽ ഗർഭമലസാനുള്ള കൂട്ട് തയ്യാറാക്കി. ബലം പിടിച്ച് വായിലേക്ക് മരുന്ന് കമിഴ്ത്തുമ്പോഴും ,എന്താണ് സംഭവിച്ചതെന്ന് ആ പാവത്തിന് അറിയില്ലായിരുന്നു.
 
അന്നാദ്യമായി ചേക്കൂട്ടിയുടെ ഉള്ളിൽ ഭയം മാറി ധൈര്യം ഫണം വിടർത്തി, മൂത്തോരുടെ വെത്തിലപ്പെട്ടിയിൽ നിന്നും ആരും കാണാതെ, പത്തായപ്പുരയുടെ താക്കോൽ കൈക്കലാക്കി.
 
മരുന്നിന്റെ ആലസ്യത്തിൽ പാതി മയക്കത്തിലുള്ള അമ്മയുടെ കൈയും പിടിച്ച് ഇടവഴിയിലേക്കിറങ്ങുമ്പോൾ , ഉള്ളിൽ ഒരേയൊരു ചിന്ത മാത്രം. രക്ഷപ്പെടണം എങ്ങോട്ടെങ്കിലും, ആരുടെയും തല്ലും, ചീത്തയും കൊള്ളാതെ, ദൂരെ എവിടേക്കെങ്കിലും..., പോകണം അതു മാത്രമായിരുന്നു മനസിൽ .
 
ഇടവഴി പിന്നിട്ട് കുളക്കടവിൽ എത്തിയപ്പോഴേക്കും, അമ്മയാകെ തളർന്നു പോയി. ഉള്ളിൽ ലയിച്ചിറങ്ങുന്ന പച്ചമരുന്നിന്റെ ശക്തിയിൽ ''ഉദരത്തിനുള്ളിലെ ബീജം " രക്ത തുള്ളികളായി ,പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു. അതിന്റെ ക്ഷീണത്തിലാവണം ,കാലുകൾ കുഴഞ്ഞ് ബാലൻസ് തെറ്റി അമ്മയുടെ ദേഹം കുളത്തിലേക്ക് പതിച്ചു.
 
രക്ഷപ്പെടുത്താൻ കാവിലമ്മയോട് കേണപേക്ഷിച്ചു. കണ്ണും, കാതും ഇല്ലാത്ത ആ കൽപ്രതിമ എല്ലാത്തിനും മൂകസാക്ഷിയായി നിന്നതല്ലാതെ.! ഒരത്ഭുതവും സംഭവിച്ചില്ല.
 
പിറ്റേന്ന് നേരം വെളുത്തപ്പോൾ ആദ്യം കുളക്കടവിലെത്തിയ മൂത്തോരു തന്നെയായിരുന്നു, പെണ്ണിന്റെ ചത്തുവീർത്ത ശരീരം ആദ്യം കണ്ടത്. പടവിന്റെ ഓരത്ത് കരഞ്ഞ് തീർത്ത മുഖവുമായിരിക്കുന്ന ചേക്കൂട്ടിയേയും.
 
 "പെറ്റ തള്ളേനെ വെള്ളത്തി തള്ളിയിട്ട്കൊന്നിട്ടിരിക്കുന്നു, കാലി ചെർമന്റെ മോൻ "
 
മൂത്തോര് വിധിയെഴ്തി എല്ലാരുമത് വിശ്വസിച്ചു.
 
 നിഷേധിച്ചെങ്കിലും ആര് കേൾക്കാൻ! എല്ലാത്തിനും, സാക്ഷി കാവിലമ്മ മാത്രം. അന്നു തന്നെ  കിട്ടിയ വണ്ടിക്ക് കേറി നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ യാത്രയായി.
 
കുളക്കടവിലെ പടവുകളിലൊന്നിലിരുന്ന് കുഞ്ഞുരുളൻ കല്ലുകൾ എടുത്തെറിഞ്ഞ് വെള്ളത്തിൽ  ഓളം തീർക്കുന്നതും നോക്കിയിരിക്കുന്ന ചേക്കുട്ടിയെ കുമാരൻ ശ്രദ്ധിച്ചു.ആളീ ലോകത്തേ അല്ലെന്ന് തോന്നി.
 
" ചേകൂട്ടേ ട്ടാ..''
 
ഒന്നൂടെ ഉറക്കെ വിളിച്ചപ്പോഴാണ് അവൻ വിളി കേട്ടത്.
 
ഒരു ഞെട്ടലോടെ കുമാരനെ നോക്കി ,
 
"അല്ല പ്പാ.., നിങ്ങയിതെന്താ ആലോയിക്കുന്നത് ? കുളിക്കുന്നില്ലേ..?"
 
 "ആഹ്  കുളിക്കണം"
 
"എന്നാ പെട്ടെന്നാകട്ടെ ,വെശക്കുന്നില്ലേ..?''
 
''ഊം"
 
ഒന്നു മൂളി പടവിൽ നിന്നും എഴുന്നേറ്റു.
 
ഉടുത്ത ഡ്രസ് മാറി തോർത്ത് ചുറ്റി, രണ്ട് കയ്യും വീശി വെള്ളത്തിലേക്ക് നോക്കി നിന്നു.അവിടെ അമ്മയുടെ ദൈന്യമാർന്ന മുഖം. നേരിയ പച്ച നിറം മാറി അവിടമാകെ ചുവപ്പു രാശി പടർന്നിരിക്കുന്നു. അവിടെ അമ്മ തന്നെ വിളിക്കുന്നതു പോലെ, പുഞ്ചിരിയുളള മുഖം ആദ്യമായി കാണുകയാണ് , വിഷമതകളെല്ലാം മാറ്റി മാടി, മാടി അമ്മ വിളിക്കുന്നു.
 
"കുമ്മാ ; ഞാൻ ചാടാൻ പോവാണ് . വർഷം കുറെയായില്ലേ, കുളത്തിൽ കുളിച്ചിട്ട്. ഞാനൊന്ന് മുങ്ങാംകുഴിയിട്ട് നോക്കട്ടെ, നീ എണ്ണിക്കോ എത്ര സമയം ശ്വാസം പിടിച്ച് നിൽക്കാൻ പറ്റ്വോന്ന് നോക്കാലോ.?"
 
"അത് വേണോ.?" കുമാരന്റെ സ്വരത്തിൽ സംശയം.
 
"നീന്തലും, ഡ്രൈവിങ്ങും ഒരിക്കെ പഠിച്ചാ മറക്കൂലാന്നാ.. "
 
"ആണോ..?"
 
"ആ  നീ എണ്ണാൻ തയ്യാറായിക്കോ..?''
അതും പറഞ്ഞ് കൈകൾ ആഞ്ഞുവീശി. ചേക്കുട്ടി വെള്ളത്തിലേക്ക് ,അമ്മയുടെ മടിത്തട്ട് ലക്ഷ്യമാക്കി എടുത്തു ചാടി.
 
കുളത്തിന്റെ കയത്തിൽ അമ്മയുടെ മടിയിൽ കിടന്ന് ,ചേക്കൂട്ടി വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണെന്നറിയാതെ.,
പടവുകളിലിരുന്ന് കുമാരൻ അപ്പൊഴും എണ്ണുകയായിരുന്നു... ഒന്ന്, രണ്ട്, മൂന്ന്.... പതിനഞ്ച്..."
 
--------------------
രമ്യ രതീഷ് 
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്തുള്ള തലക്കുളത്ത് ജനിച്ചു. ഇപ്പോൾ കുടുംബസമേതം കൂനം സ്കൂളിനടുത്ത് താമസിക്കുന്നു. അച്ഛൻ : കെ.സി ഗോവിന്ദൻ; അമ്മ : ഇ പി രമണി
 
കൂനം എ എൽ പി സ്കൂളിലും, ചുഴലി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം . കമ്പിൽ മഹാത്മാ കോളേജിൽ പ്രൈവറ്റായി ബിരുദ പഠനം . ഇപ്പോൾ കൂനം എ എൽ പി സ്കൂളിൽ ഐടി ടീച്ചറായി ജോലി ചെയ്യുന്നു.
ഇരുപത് കഥകൾ അടങ്ങിയ കഥാസമാഹാരം "പ്രേയസി " 2021 ൽ പായൽ ബുക്സ് കണ്ണൂർ പ്രസിദ്ധീകരിച്ചു.
 
ഭർത്താവ് : രതീഷ് പി.പി മാങ്ങാട്
മക്കൾ: അയന, അനയ]

Facebook Comments

Comments

 1. Sathar MP

  2021-04-20 14:55:25

  super 10/10 മാർക്ക്

 2. Aardra

  2021-04-20 13:36:54

  അടിപൊളി 10 ൽ 10

 3. Ragesh Kavinmoola

  2021-04-20 12:23:58

  Excellent

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

റിനുവിന്റെ സ്വപ്നം (ജ്യോതിലക്ഷ്മിനമ്പ്യാർ, കഥാമത്സരം -108)

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

View More