Image

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 19 April, 2021
മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)
വീടിന്റെ പുറത്തു മേല്‍ക്കൂരയുടെ ഒരുവശത്തായി ഞാന്‍ ഏണി ചാരിവച്ചു. മേല്‍ക്കൂരയിലേക്കു കയറുകയാണ് ലക്ഷ്യം. ഏതാണ്ട് 20 അടിയില്‍ താഴെ മാത്രമേ ഉയരമുള്ളൂ. കഴിഞ്ഞ ഒരാഴ്ചയില്‍ ഇത് അഞ്ചു തവണ കയറിക്കഴിഞ്ഞു. ഞാന്‍ ഏണിയില്‍ കൂടി കയറുന്നതു നോക്കി അല്പം അകലെ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അവളുമായി കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ ഒരു യുദ്ധത്തിലായിരുന്നു. എന്റെ അത്രയും ആരോഗ്യമോ ബുദ്ധിയോ ശക്തിയോ പണമോ ഒന്നും അവള്‍ക്കില്ലായിരുന്നെങ്കിലും വിട്ടുകൊടുക്കാന്‍ അവള്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ എന്നെ അവള്‍ തോല്‍പിച്ചുകളഞ്ഞു. ഇന്ന് ഞാന്‍ അവള്‍ക്കു വേണ്ടിയാണ് ഈ ഏണിയില്‍ കൂടി കയറുന്നത്. മുകളിലെത്തിയ ഞാന്‍ തിരിഞ്ഞു നോക്കി. അവള്‍ എന്നെത്തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ ചിരിച്ചു. അവള്‍ ചിരിച്ചില്ലെന്നു മാത്രമല്ല അവളുടെ മുഖഭാവം ഗൗരവമായിത്തന്നെ ഇരുന്നു. ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു സൂക്ഷ്മം നോക്കിയിരിക്കുകയാണ്.
'എന്താണു പ്രദീപ്, പിന്നെയും പ്രശ്‌നമായോ?' അയല്‍ക്കാരന്‍ ഇറ്റാലിയന്‍ അങ്ങോട്ടു കയറി വന്നുകൊണ്ടു ചോദിച്ചു.

'ഏയ് കുഴപ്പമില്ല. ഞങ്ങള്‍ രമ്യതയിലായി.'

'അതു നന്നായി. ഞാന്‍ പറയട്ടെ. ഇവറ്റകള്‍ വരുന്നതു ഭാഗ്യത്തിന്റെ ലക്ഷണമായിട്ടാണ് പലരും വിശ്വസിക്കുന്നത്.'
ഞാന്‍ നെറ്റിചുളിച്ച് അയാളെ നോക്കി.

'ഇത് റോബിന്‍ ആണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ബ്രിട്ടീഷ്‌കാരാണ്. എങ്ങനെ ഇവിടെ വന്നു  എന്നറിയില്ല. ഏതായാലും അമേരിക്കയിലെ ഗാര്‍ഡനുകളില്‍ ഇവറ്റകളെ ഇപ്പോള്‍ കുറെ കാണാറുണ്ട്.'

ഞാന്‍ തിരിഞ്ഞു നോക്കി. റോബിന്‍ എന്നു പേരുള്ള അവള്‍ മരക്കൊമ്പില്‍നിന്നും താണു പറന്നു വന്ന് തറയില്‍ ഇരുന്നു.

ഞങ്ങള്‍ തമ്മിലുള്ള പരിചയം തുടങ്ങിയിട്ട് ഒരാഴ്ച്ചകഴിഞ്ഞതേയുള്ളൂ. വീടിന്റെ പിന്‍ഭാഗത്തുകൂടി വെളിയിലേക്കിറങ്ങുന്ന വാതിലിനു മുകളിലായി മേല്‍ക്കൂരയുടെ ഒരുവശത്തു വലിയ ഒരു ലൈറ്റുണ്ട്. അതിന്റെ ഫിക്‌സ്ചറിനു മുകളിലായി ഒരു കൂടു കൂട്ടുവാന്‍ ഈ റോബിന്‍ ഒരു ശ്രമം നടത്തി. പക്ഷികള്‍ കൂടുവച്ചാല്‍ പിന്നെ അതില്‍ മുട്ടയിടും. പിന്നെ കുഞ്ഞുങ്ങളെ വളര്‍ത്തും. എല്ലാവരുംകൂടി അവിടമെല്ലാം വൃത്തികേടാക്കും. അതു നമുക്കു പണിയാകുമെന്നു മനസ്സിലാക്കിയ ഞാന്‍ അന്ന് തന്നെ അതെല്ലാം അവിടെനിന്നും മാറ്റി. അടുത്തദിവസം വൈകിട്ടു നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു. തലേദിവസം ഞാന്‍ എടുത്തുകളഞ്ഞതിന്റെ ഇരട്ടി പുല്ലും ചെറിയ കമ്പുകളും വച്ചു കൂടുപണി പുരോഗമിക്കുന്നു. എനിക്ക് ദേഷ്യം വന്നു. ഉടനെത്തന്നെ ഏണി എടുത്തുവച്ചു മുകളില്‍ കയറി അതെല്ലാം എടുത്തുകളഞ്ഞു. ഇനിയും പക്ഷി ആ വഴി വരില്ലെന്നുറപ്പിച്ച ഞാന്‍ പിറ്റേദിവസം ശ്രദ്ധിച്ചതേയില്ല. എന്നാല്‍ അതിന്റെ അടുത്തദിവസം നോക്കിയാ ഞാന്‍ ഞെട്ടിപ്പോയി. കൂടുനിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. ചെറിയ കമ്പുകളും പുല്ലും വച്ചു നെയ്‌തെടുത്തിട്ട് അതിനു മുകളില്‍ ചെളിപുരട്ടി വാര്‍ത്തെടുത്തിരിക്കുന്നു! ഞാന്‍ ഒട്ടും താമസിച്ചില്ല. ഉടനെ മുകളില്‍ കയറി അതെല്ലാം വലിച്ചെടുത്തു താഴെയിട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ അടുത്ത മരക്കൊമ്പിലിരുന്ന് അവള്‍ എന്നെ സൂക്ഷിച്ചു നോക്കുന്നു. ചുണ്ടുമുതല്‍ താഴോട്ടു ചുവന്ന നിറം. മരക്കൊമ്പില്‍ ഒരു മനോഹരമായ പുഷ്പം പോലെ തോന്നി. ഞാന്‍ അവളെ അല്‍പനേരം നോക്കിനിന്നപ്പോള്‍ അത് ചുണ്ടനക്കി ഉച്ചത്തില്‍ ചിലച്ചു. അതിന്റെ കൂട് എടുത്തു കളഞ്ഞതിന്റെ പ്രതിഷേധമായിരിക്കാം.

'എന്റെ വീടിന്റെ കോണില്‍ അതിന്റെ കൂടു വേണ്ട. എന്തുതന്നെ ആയാലും അതനുവദിക്കുന്ന പ്രശ്‌നമില്ല.' സോഫയിലിരുന്ന് ഗ്ലാസ്സിലേക്ക് ഒരു ഡ്രിങ്ക് പകര്‍ന്നുകൊണ്ടു മനസ്സില്‍ പറഞ്ഞു. 

അല്പം കഴിഞ്ഞപ്പോള്‍  എന്തുകൊണ്ടോ  മനസ്സ് പുറകോട്ടു പാഞ്ഞു.
ഏതാണ്ട് നാലു പതിറ്റാണ്ടുകള്‍ മുന്‍പ് എനിക്ക് അഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അന്ന് എന്റെ ഇളയ സഹോദരനെ അമ്മ ഉദരത്തില്‍ വഹിക്കുകയാണ്. അച്ഛന്റെ ആകസ്മികമായ വേര്‍പാട് അമ്മയെ തളര്‍ത്തിക്കളഞ്ഞു. താമസിക്കുന്ന ഒരു ചെറിയ ഓലപ്പുരക്ക് ചുറ്റുമായി ആകെ മൂന്നു സെന്റ് സ്ഥലമാണ് സ്വന്തമായി ഉണ്ടായിരുന്നത്. അതിനു പുറകിലായി പണക്കാരനായ വക്കീല്‍ സാറാണ് 

താമസിച്ചിരുന്നത്. അയാളുടെ രണ്ടുനില വീടിനു മുന്‍പിലായി ഞങ്ങളുടെ വീടിരിക്കുന്നത് അയാള്‍ക്ക് നാണക്കേടാണത്രെ. അത് വിലയ്ക്ക് നല്‍കാന്‍ അയാള്‍ അമ്മയെ വളരെ നിര്‍ബന്ധിച്ചു. 'അമ്മ വഴങ്ങിയില്ല. പിന്നീട് ഭീഷണിയായി. രാത്രിയില്‍ അയാള്‍ ഞങ്ങളുടെ വീട് കത്തിച്ചേക്കുമെന്നറിഞ്ഞു രാത്രി മുഴുവന്‍ ഉറങ്ങാതെ അമ്മ മകന് കാവലിരുന്നു. 

'എനിക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്. ഇത് എന്റെ അച്ഛന്‍ എനിക്ക് തന്നതാണ്. എന്ത് വന്നാലും ഇതു ഞാന്‍ വിട്ടുകൊടുക്കില്ല.' 
മഴയത്തു വീട് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയപ്പോള്‍ എവിടെനിന്നോ ഓല കൊണ്ടുവന്ന് വീടിനുമുകളില്‍ തിരുകിവച്ചു മകന് നനയാതെ സുരക്ഷയൊരുക്കി. ഇളയവനെയും അമ്മ ആ വീട്ടിലാണ് പ്രസവിച്ചു വളര്‍ത്തിയത്. 

ഇന്ന് ആ ചുവന്ന പക്ഷിയും ഒടുവില്‍ പറഞ്ഞത് അതായിരിക്കില്ലേ? അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമില്ലേ?
നിശ്ചയദാര്‍ഢ്യമുള്ള മാതൃത്വത്തെ ആര്‍ക്കും വെല്ലുവിളിച്ചു തോല്‍പ്പിക്കാനാവില്ല. കവിള്‍ നനഞ്ഞപ്പോഴാണ് കണ്ണു നിറഞ്ഞെന്നു മനസ്സിലായത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗ്ലാസിലെ ഡ്രിങ്ക് അവിടെത്തന്നെയിരുന്നു. 

റോബിനുമായുള്ള യുദ്ധത്തില്‍ ഞാന്‍ ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു. അങ്ങനെയാണ് അടുത്ത ദിവസം വീണ്ടും ഈ ഏണിയില്‍ കയറിയത്. 
ആ ലൈറ്റ് ഫിക്‌സ്ചറിനു മുകളില്‍ ഞാന്‍ അവള്‍ക്കുവേണ്ടി ഒരുകൂടുണ്ടാക്കി. ഇതെല്ലം നോക്കിയാണ് അവള്‍ മരക്കൊമ്പില്‍ ഇരുന്നത്. ഞാന്‍ കൂടിന്റെ പണി തുടര്‍ന്നു. നൂല്‍കമ്പിവളച്ചു കൂടിന്റെ ആകൃതിയിലാക്കിയിട്ട് അതില്‍ പുല്ലു നിരത്തി ഭംഗിയാക്കി വച്ചു. അല്പം കഴിഞ്ഞിട്ട് ആ ചുവന്ന പുഷ്പം താഴെ ഇറങ്ങി അല്‍പനേരം തറയില്‍ ഇരുന്നിട്ട് എന്തൊക്കെയോ ചിലച്ചുകൊണ്ട് പറന്നുപോയി. 
അടുത്ത ദിവസം ഞാന്‍ നോക്കി. അവള്‍ വന്നില്ല. രണ്ടുദിവസം കഴിഞ്ഞു. കൂട്ടില്‍ മുട്ട ഉണ്ടാകുമോ? വീണ്ടും ഏണി വച്ചു മുകളില്‍ കയറി നോക്കി. ഒന്നുമില്ല! പല ദിവസങ്ങള്‍ കടന്നു പോയെങ്കിലും ആ മരക്കൊമ്പില്‍ പിന്നെ ചുവന്ന പൂവ് വിരിഞ്ഞില്ല. ഞാന്‍ അടുത്തുള്ള മരങ്ങളിലൊക്കെ നോക്കി. എങ്ങും കൂടു കണ്ടില്ല. അമ്മയും കുഞ്ഞുങ്ങളും കൂടി പാടുന്ന മധുരഗാനം കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചെങ്കിലും കേള്‍ക്കാനായില്ല. പിന്നെ റോബിനെ കണ്ടിട്ടേയില്ല. അപ്പോഴാണ് അയല്‍ക്കാരന്‍ പറഞ്ഞത്, 'നിങ്ങള്‍ അതിനെ പിടിക്കാനുള്ള കൂടാണ് വച്ചിരിക്കുന്നതെന്നു കരുതിയായിരിക്കും അത് വരാത്തത്.'
ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ട. ഞാന്‍ പണിതുവച്ച കൂടു ഞാന്‍ തന്നെ എടുത്തു മാറ്റി.
എന്നും ഞാന്‍ നോക്കിയിരിക്കും. ഒരു നാള്‍ അവള്‍വരുമോ? ആ മരക്കൊമ്പില്‍ ചുവന്ന പൂവ് ഇനിയും വിരിയുമോ?.


മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക